ADVERTISEMENT

സമ്പന്നതയുടെ നടുവിൽനിന്ന് ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക്. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി അവിടെനിന്നും ജീവിതം തിരികെ പിടിച്ച പോരാട്ട കഥ പറയുകയാണ് സിൽവി തോമസ് ജോർജ് എന്ന് ലണ്ടൻ മലയാളി. അച്ഛന്റെ ബിസിനസ് തകരുന്നതോടെയാണ് സുഖങ്ങളിലും സൗകര്യങ്ങളിലും മുന്നേറിയിരുന്ന ജീവിതം വാടക വീട്ടിലേക്ക് എത്തുന്നത്. ദുരിതത്തിന്റെ നാളുകളിൽനിന്ന് ലണ്ടനിലേക്കെത്തിയപ്പോൾ അവിടെയും കാത്തിരുന്നത് പട്ടിണിയും പ്രതിസന്ധികളും കാത്തിരുന്നു. പക്ഷേ, സിൽവിയുടെ പോരാട്ടം ഇന്ന് നഷ്ടപ്പെട്ടതെല്ലാം അയാൾക്ക് തിരികെ നൽകിയിരിക്കുന്നു. ലണ്ടനിൽ വെയിറ്റർ ആയി വന്ന് ഇപ്പോൾ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യുന്നു.

ജീവിതത്തിൽ തോറ്റുപോയി എന്നു കരുതന്നവർക്കായാണ് സിൽവി തന്റെ ജീവിത കഥ ഒരു ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ പങ്കുവച്ചത്. ഈ കുറിപ്പ് ഒരു ആത്മഹത്യയെങ്കിലും ഒഴിവാക്കുമെന്ന പ്രതീക്ഷയോടെ. സിൽവി തോമസ് ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം;

‘‘ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റുപോയി എന്ന് കരുതുന്നവർക്കായി. ഈ കുറിപ്പിലൂടെ ഇനി ഒരു ആത്മഹത്യ ഒഴിവാക്കാൻ പറ്റുമെങ്കിൽ, നിങ്ങൾക്ക് ഇത് പ്രചോദനമാകുമെന്ന് കരുതുന്നു എങ്കിൽ മുഴുവനും വായിക്കുക.

ടാറ്റയും ബിർളയും അംബാനിയും ഒന്നും ആകാൻ എനിക്ക് സാധിച്ചില്ല. എന്നാലും ഞാൻ എന്റെ ജീവിതത്തിൽ സന്തോഷവാനാണ്. പത്താം ക്ലാസിൽ എത്തുന്നതു വരെയും സ്കൂളിൽ തന്നെ ഏറ്റവും മിടുക്കനായ ഒരു കുട്ടി. അവിടെ നിന്ന് അങ്ങോട്ട് ഉഴപ്പാൻ തുടങ്ങി. ജീവിതത്തിൽ സുഖങ്ങളും സൗകര്യങ്ങളും കൂടുതൽ ഉണ്ടായത് കൊണ്ടാകാം കുറച്ച് അലമ്പി തന്നെ ജീവിച്ചു. പത്താം ക്ലാസ് കഷ്ടി ജയിച്ചു. പ്ലസ്ടു അതുപോലെതന്നെ. ആ സമയത്ത് വീട്ടിൽ കാർ, ബൈക്ക്, സ്കൂട്ടർ അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു.

ബെംഗളൂരുവില്‍ ഹോട്ടൽ മാനേജ്മെന്റിന് ചേർന്നപ്പോൾ വീട്ടിലുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും അപ്പ ഞങ്ങളെ അറിയിച്ചിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അപ്പ അയക്കുന്ന പൈസ തികയാതെ വന്നപ്പോൾ കോഫി കോഫി ഡേ, മലയാളി റസ്റ്ററന്റ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ പാർട്‌ടൈം ആയി ജോലി ചെയ്തു.

എന്റെ പഠനം, അനിയത്തിയുടെ നഴ്സിങ് പഠനം, ചേച്ചിയുടെ കല്യാണം, ഒരേ സമയത്ത് രണ്ടു കച്ചവടം ഇതെല്ലാം ഞങ്ങൾ അറിയാതെ അപ്പ നടത്തി കൊണ്ടുപോയി. പിന്നീടൊരിക്കൽ ഓരോന്നായി അപ്പ വിൽക്കുവാൻ തുടങ്ങിയപ്പോൾ ആണ് ഞങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ് എന്ന് എനിക്കു മനസ്സിലായത്. അനിയത്തിയുടെ അവസാനത്തെ വർഷത്തെ പഠന ഫീസ് അടയ്ക്കുവാൻ പല പലിശക്കാരന്റെ മുൻപിലും ഞാനും അപ്പയും ഒരുപോലെ പോയി കൈനീട്ടി. സാമ്പത്തികമായി തകർന്നു നിൽക്കുന്ന അപ്പയ്ക്ക് ആര് കാശു കൊടുക്കാൻ. അന്നത്തെ ഇരുപത് വയസ്സുകാരൻ രണ്ടുംകൽപ്പിച്ച് ഒരു പലിശക്കാരനോട് പറഞ്ഞു, ‘ചേട്ടാ അപ്പ തന്നില്ലെങ്കിൽ ഞാൻ തന്നോളാം. അനിയത്തിയുടെ അവസാന വർഷമാണ്, അവളുടെ പടിപ്പു മുടക്കാൻ പറ്റത്തില്ല.’ ‘നീ പോയിട്ട് വാ ഞാൻ നോക്കാം’ എന്ന് എന്നോട് പറഞ്ഞു. പുള്ളി ബൈക്കുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ എങ്ങും പോകാതെ മണിക്കൂറുകളോളം ആ ചേട്ടൻ വരുന്നത് വരെയും അവിടെ കാത്തു നിന്നു. 

അപ്പയും ആയിട്ടുള്ള സുഹൃത്ത് ബന്ധത്തിന്റെ പുറത്താണോ അതോ എന്നെ വിശ്വസിച്ച് ആണോ എന്നറിയത്തില്ല, അനിയത്തിക്ക് ഫീസ് അടയ്ക്കുവാനുള്ള മുഴുവൻ കാശും അന്നു ഞങ്ങൾക്ക് തന്നു. ഇന്നും ഞാൻ അദ്ദേഹത്തെ ദൈവത്തെ പോലെ കാണുന്നു. നേരിട്ട് കാണുമ്പോൾ ഒക്കെ ഈ കഥ ഓർമ്മിപ്പിക്കാറും ഉണ്ട്. അതിനിടയിൽ ഉണ്ടായിരുന്ന റബർ തോട്ടം, കാർ, താമസിച്ചിരുന്ന വീട് ഇവയെല്ലാം അപ്പയുടെ അഭിമാനം നിലനിർത്താനായി വിൽക്കേണ്ടിവന്നു. കിട്ടിയ കാശുകൊണ്ട് നാടുവിടാനോ ആളുകളെ പറ്റിക്കാനോ എന്റെ അപ്പാ തയ്യാറല്ലായിരുന്നു. കൊടുക്കുവാനുള്ള എല്ലാവർക്കും പലിശ ഉൾപ്പെടെ, ഒരു രൂപ വ്യത്യാസമില്ലാതെ അപ്പ കൊടുത്തു തീർത്തു. അപ്പയുടെ ജാതകത്തിൽ എഴുതിയപോലെ വാടക വീടുകളിൽ നിന്നു വാടക വീടുകളിലേക്ക് ഒരു ഓട്ടമായിരുന്നു.

അങ്ങനെ ഹോട്ടൽ മാനേജ്മെന്റ് പാസായ നിൽക്കുന്ന സമയത്ത് ദൈവദൂതനെപ്പോലെ ഒരു അയൽവാസി വന്ന് അപ്പയോടു പറഞ്ഞു, ‘മകനെ ലണ്ടൻ വിടാൻ താല്പര്യമുണ്ടോ? ഒരു ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ’. ആ സമയത്ത് ബോംബെയിൽ ജോലിക്കുവേണ്ടി നിൽക്കുന്ന എനിക്കറിയാമായിരുന്നു ഇത് വെറും തട്ടിപ്പ് ആയിരിക്കുമെന്ന്. അഞ്ചും ആറും ലക്ഷം രൂപ കൊടുത്തിട്ട് ലണ്ടന് പോകാൻ ആളുകൾ വെയിറ്റ് ചെയ്ത നിൽക്കുകയായിരുന്നു. അന്നേരം അപ്പയുടെ സുഹൃത്തു ആയ ചേട്ടൻ പറഞ്ഞു വിസ അടിച്ച് കയ്യിൽ കിട്ടി കഴിഞ്ഞിട്ട് പൈസ കൊടുത്താൽ മതിയെന്ന്. പക്ഷേ ലണ്ടന് പോകാൻ ഒരു ലക്ഷം രൂപ പിന്നെ ബാങ്ക് ബാലൻസ് ഇതെല്ലാം കാണിക്കണം. കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത സമയത്ത് ഒരു ലക്ഷം എവിടെനിന്ന് ഒപ്പിക്കാൻ? അപ്പയ്ക്ക് ചെറുപ്പംമുതൽ കൂടെ ഉണ്ടായിരുന്നതും ഏറ്റവും ആത്മാർത്ഥമായ സുഹൃത്ത് എന്ന് അപ്പ എപ്പോഴും പറയുന്നതും ആയ ചേട്ടൻ പറഞ്ഞു, നീ വേണമെങ്കിൽ സ്ഥലം ഈട് വെച്ച് ലോണെടുത്തോ! ആ പൈസ അപ്പയുടെ പേരിൽ ഡിപ്പോസിറ്റ് ആയി ഇട്ട്, ബാങ്ക് ബാലൻസ് കാണിച്ച് അവനെ ലണ്ടന് വിട്ടോളാൻ. അവൻ അവിടെ ചെന്ന് ജോലിയെല്ലാം ശരിയായി കഴിഞ്ഞ എടുത്തു കൊടുത്താൽ മതിയെന്ന്. നമ്മൾ വീണ്ടും ദൈവത്തെ കണ്ടു. അങ്ങനെ നമ്മൾ എല്ലാവരുടെയും അനുഗ്രഹം കൊണ്ട് ലണ്ടനിലെത്തി.

അവിടുന്നങ്ങോട്ട് ആദ്യം മേടിച്ച് പലിശക്കാരൻ ചേട്ടന്റെ പൈസ, സ്വന്തം പുരയിടം സുഹൃത്ത് ബന്ധത്തിന്റെ പേരിൽ മാത്രം പണയം വെക്കുവാൻ തന്ന ചേട്ടന്റെ പൈസ. അങ്ങനെ ഇരുപത്തിയൊന്നാം വയസ്സിൽ 6 ലക്ഷം രൂപയുടെ കടബാധ്യതയുമായി ഞാൻ ലണ്ടനിൽ വന്നിറങ്ങി. ആദ്യവർഷം തന്നെ വന്ന ഹോട്ടലിൽ കിട്ടിയ സമയങ്ങളിലെല്ലാം ജോലി ചെയ്തു. ഒരു ആഴ്ചയിൽ 40 മണിക്കൂർ ജോലി, രണ്ടു ദിവസം അവധി എന്നായിരുന്നു ഇവിടുത്തെ കോൺട്രാക്ട്. പക്ഷേ ഞാൻ ആഴ്ചയിൽ 80, 90 മണിക്കൂറുകൾ ജോലി ചെയ്ത്, ഓവർടൈം ചെയ്ത്, ഗവൺമെന്റിന് കൂടുതൽ ടാക്സും അടച്ച്, നാട്ടിലേക്ക് പൈസ അയച്ചു കൊണ്ടിരുന്നു. വന്ന് അഞ്ചാറു മാസത്തിനുള്ളിൽ തന്നെ എല്ലാ കടങ്ങളും വീട്ടി തീർത്തു. അപ്പയുടെ സുഹൃത്തിന്റെ സ്ഥലം പണയം വെച്ചതിൽ മുഴുവൻ കാശും ബാങ്കിൽനിന്ന് പിൻവലിക്കാത്തത് കാരണം കുറച്ച് പണം അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. ഇതിനിടയിൽ ഉണ്ടായിരുന്ന സിഗരറ്റ് വലി, മദ്യപാനം എന്നിങ്ങനെയുള്ള ദുസ്വഭാവങ്ങൾ തീർത്തും ഒഴിവാക്കി. സ്വന്തം കാശ് ധൂർത്തടിക്കാൻ ഒട്ടും മനസ്സ് അനുവദിച്ചില്ല.

ആ സമയത്താണ് ഉപരിപഠനം നടത്തുവാൻ തീരുമാനിച്ചത്. പിന്നീട് കഷ്ടപ്പെട്ടുണ്ടാക്കിയ തുക മുഴുവനും പഠിക്കുവാനായി ചെലവഴിച്ചു. നമ്മുടെ കഷ്ടകാലം എന്ന് പറയാമല്ലോ, പഠിച്ച തീർന്ന് എല്ലാം കഴിയാറായപ്പോൾ കോളജ് മാനേജ്മെന്റ് പാപ്പരത്വം പ്രഖ്യാപിച്ചു. പഠിച്ച എല്ലാ കുട്ടികളുടെയും പണമായി അവർ മുങ്ങി എന്ന് ഒറ്റവാക്കിൽ പറയാം. പിന്നീടങ്ങോട്ട് വീണ്ടും കഷ്ടപ്പാട്. സ്റ്റുഡന്റ് വിസയുടെ നൂലാമാലകൾ കാരണം 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ പറ്റത്തുള്ളൂ എന്ന് ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടൽ മാനേജ്മെന്റ് പറഞ്ഞു. എന്നാലും നമ്മൾ ഒരുപാട് കഷ്ടപ്പെട്ടത് അവർക്ക് അറിയാവുന്നതുകൊണ്ട് താമസം ഫ്രീ ആക്കി തന്നു. ആ സമയത്ത് കുറച്ച് പൈസ കൊടുത്ത വിസ എക്സ്റ്റന്ഷനു വേണ്ടി ശ്രമിച്ചു. അന്ന് വീണ്ടും ദൈവദൂതനെപ്പോലെ വേറെ ഒരാൾ പണം തന്നു സഹായിച്ചു. ആ സമയത്ത് ശരിക്കും പട്ടിണി എന്താണെന്ന് ഞാൻ അറിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന മലയാളി ചേട്ടൻമാർ തരുന്ന ഒരു നേരത്തെ ഭക്ഷണം ആയിരുന്നു ഒരു ആറു മുതൽ എട്ടു മാസം വരെ എന്റെ ഭക്ഷണം. നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ലല്ലോ. എല്ലാവർക്കും ഉള്ള സ്വപ്നം പോലെ വീട്, അനിയത്തിയുടെ കല്യാണം ഈ രണ്ട് കടമ്പകൾ വീണ്ടും മുൻപിൽ ബാക്കി ആയിരുന്നു.

silvi-thomas-2

ദൈവത്തിന്റെ കാരുണ്യം എന്ന് പറയട്ടെ വിസ നീട്ടി കിട്ടി. ഇതിനിടയിൽ അനിയത്തി സൗദിക്ക് പോയായിരുന്നു. ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് എന്ന് അറിഞ്ഞ അവൾ കുറച്ച് പണം അയച്ചു തന്നു സഹായിച്ചു. പിന്നീട് ജോലി ചെയ്ത് ഹോട്ടലിൽ നിന്നും വർക്ക് പെർമിറ്റ് തന്നു. രാവും പകലും അവർക്കുവേണ്ടി പട്ടിയെ പോലെ ജോലി ചെയ്യുന്ന നമ്മൾക്ക് വർക്ക് പെർമിറ്റ് തരുന്നത് ലാഭമാണ് എന്ന് അവർക്ക് അറിയാമായിരുന്നു. പിന്നീടുള്ള അഞ്ചു വർഷം ശരിക്കും അങ്ങോട്ട് കഷ്ടപ്പെട്ടു. അപ്പയും അമ്മയും ചിട്ടി പിടിച്ചതും അനിയത്തി തന്ന് സഹായിച്ചതും എല്ലാം കൂടെ കൂട്ടി കുറച്ച് സ്ഥലം വാങ്ങി. കുറച്ച് ബാങ്ക് ലോണും, ഒരുപാട് കഷ്ടപ്പെട്ട് നാട്ടിലേക്ക് അയച്ച പണവും കൊണ്ട് നല്ല ഒരു വീട് തന്നെ അങ്ങ് പണിതു. വീടുപണി തീരുന്നത് 2013ൽ. ഇനി കുറച്ചു കൂടി ലോൺ അടച്ചു തീർക്കുവാൻ ഉള്ളൂ. അനിയത്തി സ്വന്തമായി പണിയെടുത്ത് കുറച്ച് പൈസ സ്വരൂപിച്ചു വെച്ചത് കാരണം അവളുടെ കല്യാണം അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ നടന്നു പോയി.

ഈ സമയത്ത് നമ്മളറിയാതെ നമ്മൾക്കും വിവാഹപ്രായം കൂടി വരികയായിരുന്നു. പല ആലോചനകൾ വന്നെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. അങ്ങനെ ഇരിക്കുകയാണ് നമ്മുടെ ഭാര്യയുടെ ആലോചന വരുന്നത്. സ്വന്തമായി കഷ്ടപ്പെട്ട് കാശുണ്ടാക്കി വീടുവച്ച് ഒരാൾക്ക് മാത്രമേ മകളെ കെട്ടിച്ചു കൊടുക്കുകയുള്ളൂ എന്ന വാശിയിലായിരുന്നു അമ്മായിഅപ്പൻ. അങ്ങനെയാണ് ആ നറുക്ക് നമ്മൾക്ക് വീണത്. ഞങ്ങൾക്ക് രണ്ടുപേർക്കും വ്യത്യസ്ത സ്വഭാവം ആയതിനാൽ വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്തു പോകുന്നു. സന്തോഷകരമായ ഒരു കുടുംബം രണ്ട് കുഞ്ഞു കുട്ടികൾ ഇതിൽ കൂടുതൽ എന്താണ് ഒരു മനുഷ്യന് വേണ്ടത്. നമ്മൾ കഷ്ടപ്പെടാൻ തയ്യാറാണോ? ദൈവം നമ്മൾക്ക് എല്ലാം അറിഞ്ഞ് തരും. നമ്മൾ ഇപ്പോഴും പഠിച്ച് ജോലി തന്നെ ചെയ്യുന്നു. യുകെയിൽ വെറും വെയിറ്റർ ആയി വന്ന് ഇപ്പോൾ ഓപ്പറേഷൻസ് മാനേജർ ആയി ജോലി നോക്കുന്നു.

silvi-thomas-3

ജീവിതം ഒന്നേ ഒള്ളു ഇന്നും അത് സന്തോഷത്തോടെ ജീവിക്കണം എന്നും ആണ് എന്റെ ആഗ്രഹം. ആ ആഗ്രഹങ്ങൾക്ക് ഒട്ടും തടസ്സം നിൽക്കാത്ത സന്തോഷമായ ഒരു കുടുംബവും എനിക്ക് ഇപ്പോഴും ഉണ്ട്. കൂടെ ചെറുപ്പം മുതൽ കളിച്ചു വളർന്ന ഒരുപിടി കൂട്ടുകാരും.’’

English Summary : Silvi Thomas george inspirational life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com