‘വെള്ളത്തുണി പുതപ്പിച്ച് ചെറു പുഞ്ചിരിയോടെ ശബരി, സ്നേഹിതാ വിട’ ; വേദന പങ്കുവച്ച് കിഷോർ സത്യ

kishor-satya-on-serial-actor-sabarinaths-death
കിഷോർ സത്യ, ശബരീനാഥ്
SHARE

സീരിയിൽ താരം ശബരീനാഥിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടൻ കിഷോർ സത്യ. അപ്രതീക്ഷിതമായി തേടിയെത്തിയ ഫോൺകോളിനെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ കാത്തിരുന്ന ശബരിയുടെ മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലും വേദനയുമാണ് കിഷോർ സമൂഹമാധ്യമത്തിൽ കുറിച്ചത്.

കിഷോർ സത്യയുടെ കുറിപ്പ് വായിക്കാം; 

ഇന്നലെ രാത്രി  9 മണിയോടെ  ദിനേശേട്ടൻ (ദിനേശ് പണിക്കർ)ഫോൺ വിളിച്ചു പറഞ്ഞു. സാജൻ(സാജൻ സൂര്യ) ഇപ്പോൾ വിളിച്ചു. ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ശബരി  കുഴഞ്ഞുവീണു SUT ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്. സാജൻ കരയുകയായിരുന്നുവെന്നും ദിനേശേട്ടൻ പറഞ്ഞു.

ഞാൻ സാജനെ വിളിച്ചു. കരച്ചിൽ മാത്രമായിരുന്നു മറുപടി. ‘കരയരുത്, ഞാൻ ഇപ്പൊ ആശുപത്രിയിലേക്ക് വരാം’ എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞ്ഞു.

പെട്ടെന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാജനെ വിളിച്ചപ്പോൾ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാൻ പോയ്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നൽകി. എമർജൻസിയിൽ മുന്നു നാല് ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നിൽക്കുന്നയാൾ ശബരിയുടെ സഹോദരൻ ആണെന്നു പറഞ്ഞു. 

ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. വീടിനടുത്തുള്ള കോർട്ടിൽ കളിക്കുകയായിരുന്നു. പെട്ടന്ന് ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക്  മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്നു പറഞ്ഞു. ആശുപത്രിയിൽ എത്തിയല്ലോ എന്ന ആശ്വാസത്തിൽ ഇപ്പോൾ  എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് ‘ശബരി പോയി’ എന്നായിരുന്നു  മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങിനിന്നു. 

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ  ഇതിലൊക്കെ  ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാൾക്ക് കാർഡിയക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി. 

പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവൻ, അനീഷ് രവി, ഷോബി തിലകൻ, അഷ്‌റഫ് പേഴുംമൂട്, ഉമ നായർ ടെലിവിഷൻ രംഗത്തെ മറ്റ് സാങ്കേതിക പ്രവർത്തകർ അങ്ങനെ നിരവധി പേർ, അവിശ്വനീയമായ  ഈ വാർത്തയുടെ  നിജസ്ഥിതി  അറിയാൻ  നിരവധി  ഫോൺ കോളുകൾ... കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, സുമേഷ് ശരൺ, ഇബ്രാഹിംകുട്ടി, ഡോ.ഷാജു, ഗണേഷ് ഓലിക്കര  നിരവധി  മാധ്യമ പ്രവർത്തകർ അങ്ങനെ പലരും....ഞങ്ങളിൽ  പലരുടെയും ഫോണിന്  വിശ്രമമില്ലാതായി. 

ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്. അല്ലെങ്കിൽ 50 വയസ്സു പോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിടപറയുമോ. മനസ്സിൽ  ശബരിയുടെ പ്രിയതമയുടെയും കുട്ടികളുടെയും ചിത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരുന്നു. ഒപ്പം ശബരിയുടെ പ്രിയമിത്രം സാജന്റെയും... 

ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടൻ(ദിനേശ് പണിക്കർ)ഫോൺ വിളിച്ചു പറഞ്ഞു. സാജൻ(സാജൻ സൂര്യ) ഇപ്പോൾ വിളിച്ചു ഷട്ടിൽ...

Posted by Kishor Satya on Thursday, 17 September 2020

അല്പം കഴിഞ്ഞ് സാജൻ വീണ്ടുമെത്തി. അപ്പോഴേക്കും സാജൻ സമനില വീണ്ടെടുത്തിരുന്നു. യഥാർഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം. ആശുപത്രിയിൽ എത്തിയിട്ട് ഞാൻ ശബരിയെ കണ്ടിരുന്നില്ല. അല്ലെങ്കിൽ  അതൊന്നും  മനസ്സിൽ തോന്നിയില്ല  എന്നു പറയുന്നതാവും ശരി. ശബരിയെ  മോർച്ചറിയിലേക്ക് മാറ്റുന്നതിനു മുൻപാണെന്നു തോന്നുന്നു കാണണമെങ്കിൽ ഇപ്പോൾ കണ്ടോളു എന്ന് ആരോ വന്നു പറഞ്ഞു. ആശുപത്രിയിലെ  ഇടനാഴിയിൽ വെള്ളത്തുണിയിൽ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറിൽ ഉറങ്ങികിടക്കുന്നു...... 

സ്നേഹിതാ....ഭൂമിയിലെ  സന്ദർശനം  അവസാനിപ്പിച്ചു നിങ്ങൾ  മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു....പക്ഷെ  ഈ സത്യം തിരിച്ചറിയാൻ  നിങ്ങളുടെ പ്രിയതമയ്ക്കും കുഞ്ഞുങ്ങൾക്കും എങ്ങനെ സാധിക്കും.... അഥവാ  അവർക്കത്തിനു  എത്രകാലമെടുക്കും..... അറിയില്ല......  

അതിന് അവർക്ക് മനശക്തി കിട്ടട്ടെ  എന്നു പ്രാർത്ഥിക്കുക മാത്രമല്ലേ നമ്മളെക്കൊണ്ട് പറ്റൂ..... ശബരി,  സുഹൃത്തേ.... വിട....

English Summary : Kishore Satya on actor Sabarinath' death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA