ADVERTISEMENT

ഒരുവാക്കു പോലും പറയാതെ അവൻ അല്ലെങ്കിൽ അവൾ എന്റെ ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോയി എന്നു ചിലർ പറയുന്നതു കേട്ടിട്ടില്ലേ?. എങ്കിൽ ഉറപ്പിച്ചോളൂ, അവർ ഗോസ്റ്റിങ് റിലേഷൻഷിപ്പിന്റെ ഇരകളാണ്. വളരെ അടുപ്പമുള്ള രണ്ടു വ്യക്തികളിലൊരാൾ പെട്ടെന്നൊരു ദിവസം മറ്റേ ആളുമായുള്ള സകലബന്ധവും യാതൊരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിക്കുന്നതിനെയാണ് ഗോസ്റ്റിങ് റിലേഷൻഷിപ് എന്നു പറയുന്നത്.

ഒരു വിശദീകരണവും നൽകാതെയാവും അവർ ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷരാകുന്നത്. പ്രണയത്തിൽ മാത്രമല്ല സൗഹൃദങ്ങളിലും ഇത്തരത്തിലുള്ള അപ്രത്യക്ഷമാകാൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് കൂടുതലായും സംഭവിക്കുന്നത് ഡേറ്റിങ് സൈറ്റ് പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ്.

ഈ ഗോസ്റ്റിങ്ങിനു പിന്നിൽ എന്തെങ്കിലും കാരണങ്ങളുണ്ടോ? ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.

1. പങ്കാളിയോട് അല്ലെങ്കിൽ സുഹൃത്തിനോട് ബന്ധം തുടരാൻ ഒട്ടും താൽപര്യമില്ലാതിരിക്കുകയും അതേസമയം അവരോട് ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഭയം തോന്നുകയും ചെയ്യുമ്പോഴാണ് ആളുകൾ ഗോസ്റ്റിങ് രീതി പിന്തുടരുന്നത്. സത്യം തുറന്നു പറയാതെ തന്നെ അവരുമായുള്ള എല്ലാ ബന്ധങ്ങളും എന്നന്നേക്കുമായി അവസാനിപ്പിക്കുന്ന രീതിയാണിത്. എതിർപ്പ് പ്രകടിപ്പിക്കാൻ ധൈര്യമില്ലാതെ പങ്കാളിയെ അല്ലെങ്കിൽ സുഹൃത്തിനെ ഒഴിവാക്കുന്ന രീതി എന്നു പറയാം.

2. ഓൺലൈൻ ഡേറ്റിങ് സൈറ്റുകവിലും മറ്റും ഒരുപാടു പേരെ പരിചയപ്പെടാൻ അവസരം കിട്ടുമ്പോഴും ചിലർ നിലവിലുള്ള പങ്കാളിയെ ഇത്തരത്തിൽ അവഗണിക്കാറുണ്ട്. അത്തരം ബന്ധങ്ങളിൽ ഭാവിയെക്കുറിച്ചൊന്നും വലിയ ആശങ്കകൾ പരസ്പരം വച്ചു പുലർത്താത്തതിനാൽ ഗോസ്റ്റിങ് വളരെ സ്വാഭാവികമാണ്. ഒരു മെയിൽ ഐഡിയിൽ കൂടിയൊക്കെയുള്ള പരിചയമേ പരസ്പരം ഉള്ളൂ എന്നതുകൊണ്ടു തന്നെ ബന്ധം വിച്ഛേദിക്കാൻ വളരെ എളുപ്പമാണ്.

ഗോസ്റ്റിങ്ങിന് ഇരയാകുന്നവർക്ക് സംഭവിക്കുന്നത്?

ഒരു മുന്നറിയിപ്പും കൂടാതെ പങ്കാളി പെട്ടെന്നു വിട്ടുപോകുമ്പോഴുള്ള വിഷാദത്തിൽ നിന്ന് കരകയറാൻ ഇവർ ദിവസങ്ങളെടുക്കും. പങ്കാളി പെട്ടെന്നു പിന്മാറുമ്പോൾ ഒരു വിശദീകരണം ലഭിക്കാനുള്ള അർഹത പോലും തനിക്ക് ഇല്ലായിരുന്നോ എന്ന സങ്കടമാകും മറ്റെന്തിനേക്കാളും അവരെ വേട്ടയാടുക. ആ മാനസികാഘാതത്തിൽനിന്ന് കരകയറാൻ ഒരുപാടു സമയം വേണ്ടി വന്നേക്കാം.

ഗോസ്റ്റിങ് ചെയ്യുന്നവർ അനുഭവിക്കുന്നത്

ഇരകളെ മാത്രമല്ല ഗോസ്റ്റിങ് മോശമായി ബാധിക്കുന്നത്. ഗോസ്റ്റിങ് ചെയ്യുന്നവരെക്കൂടിയാണ്. മറ്റുള്ളവരുമായി കാര്യങ്ങൾ കൃത്യമായി ആശയവിനിമയം ചെയ്യാൻ സാധിക്കാത്തവരാണ് സാധാരണയായി ഗോസ്റ്റിങ് ചെയ്യാൻ താൽപര്യപ്പെടുന്നത്. അത്തരക്കാർക്ക് ജീവിതത്തിൽ ദീർഘകാല ബന്ധങ്ങൾ കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പരുക്കൻ  യാഥാർഥ്യങ്ങളിൽ നിന്നും എതിർപ്പുകളിൽ നിന്നും രക്ഷപ്പെടാൻ അവർ സ്വീകരിക്കുന്ന എളുപ്പമാർഗമാണ് ഈ ഗോസ്റ്റിങ്.

English Summary : What is ghosting in a relationship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com