ADVERTISEMENT

മോഹം തോന്നുന്നിടത്തേക്കെല്ലാം ബൈക്കിൽ യാത്ര പോവുക.... മടുക്കുവോളം കൂട്ടുകാരൊത്ത് വോളിബോൾ കളിക്കുക... നാട്ടിലെ കുളത്തിൽ ആവോളം മുങ്ങിക്കുളിക്കുക... ഒന്നരവർഷം മുൻപു വരെ മനു ബാബു ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ അതെല്ലാം ഏതൊരു ചെറുപ്പക്കാരനും ചെയ്യുന്നതു പോലെയായിരുന്നു. എന്നാൽ, 2019 മെയ് 5നു ശേഷം കാര്യങ്ങൾ മാറി. ഒരു റോഡപകടം എല്ലാം മാറ്റി മറിച്ചു. അപകടത്തെത്തുടർന്ന് മനുവിന്റെ വലതുകാൽ മുട്ടിനു മുകളിൽ നിന്നു മുറിച്ചു കളയേണ്ടി വന്നു. ആശുപത്രിയും വീടുമായി കഴിഞ്ഞിരുന്ന ദിവസങ്ങളിലൊന്നിൽ അവരെത്തി... മനുവിന്റെ കൂട്ടുകാർ. അവൻ കിടന്നിരുന്ന മുറി വെള്ള പൂശി വൃത്തിയാക്കി. കയ്യെത്തും ദൂരത്ത് ലൈറ്റിന്റെയും ഫാനിന്റെയും സ്വിച്ചുകൾ ഒരുക്കി. മനു കിടപ്പിലായതോടെ ബേക്കറിയിൽ ജോലിക്കു പോകാനാവാതെ രാപകൽ അവനൊപ്പം നിൽക്കുകയായിരുന്ന അമ്മ മായയോട് അവർ പറഞ്ഞു, ‘മായമ്മ ധൈര്യമായി ജോലിക്കു പോയ്ക്കോ! ഞങ്ങൾ നോക്കിക്കോളാം മനുവിനെ!’ 

അതൊരു വെറും വാക്കായിരുന്നില്ല. അന്നു മുതൽ ഇന്നു വരെ മനുവിന്റെയും കുടുംബത്തിന്റെയും ഏതാവശ്യത്തിനും മുൻപന്തിയിൽ അവരുണ്ട്. അപകടത്തിലുണ്ടായ മുറിവുണങ്ങി വാക്കറിന്റെ സഹായത്തോടെ എണീറ്റു നടക്കാറായപ്പോൾ, മനു കുന്നിനു മുകളിലുള്ള വീട്ടിൽ നിന്നു കൂട്ടുകാർക്കൊപ്പം താഴേക്കിറങ്ങി. അവർക്കൊപ്പം ഒറ്റ കാൽ വച്ച് സൈക്കിളോടിച്ചു. പിന്നെ ബൈക്ക് ഓടിക്കാനായി ശ്രമം. കൂളായി അതും സാധിച്ചെടുത്തു. പണ്ടത്തെപ്പോലെ കുളത്തിലേക്കിറങ്ങി നീന്തി... കൂട്ടുകാർക്കൊപ്പം ഫുട്ബോളും വോളിബോളും കളിച്ചു. യാത്രകൾ പോയി. എല്ലാ കാര്യങ്ങൾക്കും കട്ടയ്ക്ക് കൂട്ടുകാരുണ്ടായിരുന്നു. തോൽക്കാൻ മനസ്സില്ലെന്ന് മനുവും, ചങ്കായ കൂട്ടുകാരനെ തോൽക്കാൻ വിടില്ലെന്ന് കൂട്ടുകാരും ഉറപ്പിച്ചപ്പോൾ, ഈ ചെറുപ്പക്കാരുടെ മുൻപിൽ വിധി പോലും മുട്ടുമടക്കി. ജീവിതം കീഴ്മേൽ മറിച്ച അപകടത്തെക്കുറിച്ചും അതിലൂടെ നഷ്ടമാകുമായിരുന്ന പലതിനെയും തരിച്ചുപിടിച്ചതിനെക്കുറിച്ചും മനു ബാബു മനസ്സു തുറക്കുന്നു. 

ജീവിതം വഴി തിരിച്ചുവിട്ട അപകടം

ഒരു ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയിൽ മുണ്ടക്കയം ചോറ്റി ഭാഗത്ത് വച്ചാണ് അപകടം നടന്നത്. ഏതോ വിവാഹ പാർട്ടി കഴിഞ്ഞുവരുന്ന ഒരു ടീമായിരുന്നു കാറിൽ. അവർ അമിതവേഗത്തിലായിരുന്നു. വണ്ടിയിൽ വന്നിടിച്ചിട്ടും നിറുത്താതെ അവർ പോയി. കൂട്ടുകാർ കൂടെ ഉണ്ടായിരുന്നതുകൊണ്ട് വേഗം ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, കാൽ‍ മുറിക്കേണ്ടി വന്നു. കാറിലുണ്ടായിരുന്നവർ പിന്നീട് പൊലീസിൽ കീഴടങ്ങി. അപകടം നടന്ന് ഇത്ര നാളായിട്ടും അവർ തിരിഞ്ഞു നോക്കിയിട്ടില്ല. കേസ് നടക്കുന്നുണ്ട്. 

manu-babu-1

ചേർത്തു പിടിച്ചത് കൂട്ടുകാർ

കൂട്ടുകാർ അന്നും ഇന്നും എന്റെ കൂടെയുണ്ട്. പണ്ടത്തെക്കാളുമേറെ അവർ ഇപ്പോൾ എന്റെ കൂടെയുണ്ട്. എനിക്കെന്ത് ആവശ്യമുണ്ടെങ്കിലും അവർ എത്തും. എനിക്ക് ഒറ്റയ്ക്ക് എങ്ങോട്ടും പോകാൻ പറ്റില്ലല്ലോ. വീട്ടുമുറ്റത്ത് നിന്ന് ഒരു വിസിലടിക്കുകയോ വാട്ട്സാപ്പിൽ ഒരു മെസജ് ഇടുകയോ ചെയ്യേണ്ട താമസം അവർ ഓടിയെത്തും. എന്റെ ഒരു കാല് പോയെങ്കിലും നൂറു കാലുകൾ എനുക്കുള്ള പോലെയാണ് അവർ. അവരാണ് ആദ്യമായി എന്റെ വിഡിയോ ടിക്ടോക്കിലിട്ടത്. അപകടം നടന്നിട്ട് ഒരു വർഷം ആയതിന്റെ ഭാഗമായി ഒരു ഫോട്ടോ എടുക്കാൻ വേണ്ടി എന്നെ അവൻമാരുടെ ഒരാളുടെ ടെറസിലേക്ക് കേറ്റി. ഒരു ഏണി വച്ചിട്ട്, കേറിക്കോളാൻ പറയുകയായിരുന്നു. ‘ഞങ്ങൾ പിടിച്ചിട്ടുണ്ട്, കേറിക്കോ’ എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ കേറി. അത് അവർ വിഡിയോ എടുത്തു. അതാണ് ആദ്യം പോസ്റ്റ് ചെയ്ത വിഡിയോ. അത് വൈറലായി. അങ്ങനെയാണ് ഒരുപാടു പേർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. 

വിഡിയോ പരീക്ഷണങ്ങൾ

ആദ്യ വിഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോൾ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാൻ തോന്നി. കൂട്ടുകാരുടെ സഹായത്തോടെ വിഡിയോകൾ ചെയ്യാൻ തുടങ്ങിയത് അങ്ങനെയാണ്. ഞാൻ കളിക്കുന്നത്, നീന്തുന്നത്, വണ്ടി ഓടിക്കുന്നത്... അങ്ങനെ ഓരോന്നും അവർ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. ഇത് ചെയ്യാൻ പറ്റുമോ എന്നല്ല അവർ ചോദിക്കുക, നീയിത് ചെയ്യണം... അതെന്താ നിനക്ക് ചെയ്യാൻ പറ്റാത്തേ എന്നതാണ് കൂട്ടുകാരുടെ രീതി. എല്ലാത്തിനും കട്ടയ്ക്ക് അവന്മാരുണ്ട്. വിഡിയോ എടുക്കാനും അതിനുള്ള ആശയങ്ങൾ കണ്ടെത്താനും എഡിറ്റ് ചെയ്യാനുമെല്ലാം. 

manu-babu

വേണം സുമനസ്സുകളുടെ സഹായം

സിസിടിവി ഇൻസ്റ്റലേഷൻ ആണ് പഠിച്ചത്. ഒരു കട തുടങ്ങാൻ വേണ്ടി ലോണിന്റെ കാര്യങ്ങൾ ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. അതോടെ ആ പരിപാടി മുടങ്ങി. പഠിച്ച കാര്യം ഇനി ചെയ്യാൻ കഴിയില്ല. ഇരുന്ന് ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമാണ് നോക്കുന്നത്. ടൈപ്പിങ് പഠിക്കുന്നുണ്ട്. പി.എസ്.സി പരിശീലനവും കൂടെക്കൊണ്ടു പോകുന്നു. ലോക്ഡൗൺ ആയപ്പോൾ ആ ക്ലാസുകളെല്ലാം മുടങ്ങി. അതോടെ കൂടുതൽ വിഡിയോകൾ ചെയ്യാൻ തുടങ്ങി. കൃത്രിമമായി കാൽ വയ്ക്കുന്നതിന് തിരുവനന്തപുരത്തുള്ള ഓട്ടോബോക്ക് ആർട്ടിഫിഷ്യൽ ലിംപ് സെന്ററിൽ (Ottobock Artificial Limb Centre, Thiruvananthapuram) പോയിരുന്നു. അവർ പറഞ്ഞത്, പേരിനൊരു കൃത്രിമകാൽ വച്ചിട്ട് കാര്യമില്ലല്ലോ, ഉപകാരപ്രദമായ ഒന്ന് വേണ്ടെ എന്നാണ്. അതിനു നല്ല പണം ചെലവാകും. അവരുടെ പരിമിതികൾക്കുള്ളിൽ ചില ഇളവുകൾ തരാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കതിനുള്ള സാമ്പത്തികസ്ഥിതി ഇല്ല. അത്രയും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാനും കൂട്ടുകാരും.   

manu-babu-inspirational-life-story

കൂട്ടുകാർക്കുമുണ്ട് പറയാനേറെ

അപകടത്തോടെ മനു ആകെ ഡൗൺ ആയിപ്പോകുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, അവൻ അതിജീവിച്ച് തിരിച്ചെത്തി. വേറൊരു മനുവായിട്ടാണ് അവൻ വന്നത്. അതു തന്നെ ഞങ്ങൾക്ക് വലിയ സന്തോഷമായി. ഇതുപോലെ അവൻ ആക്ടീവ് ആകുമെന്ന് ഓർത്തതല്ല. ഉള്ളതു പറഞ്ഞാൽ, പണ്ടത്തെക്കാളും മനു ഇപ്പോഴാണ് ആക്ടീവ്. അവൻ ആദ്യം ഇറങ്ങി വരും. പിന്നെ, പുറകിൽ ഞങ്ങളും. അവൻ നിരവധി പേർക്ക് പ്രചോദനമാണ്. അവൻ പ്രത്യേകിച്ചൊന്നും ചെയ്യണ്ട. അവൻ ചെയ്യുന്നതെല്ലാം മോട്ടിവേഷൻ നൽകുന്ന കാര്യങ്ങളാണ്.  

English Summary : Manu Babu inspirational life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com