ADVERTISEMENT

മോഡലാകാൻ ആഗ്രഹിച്ച്, ഒടുവിൽ അഭിനയലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ടു സീരിയലുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു. നൂബിന്റെ വിശേഷങ്ങളിലൂടെ...

അഭിനയത്തിലേക്കുള്ള എൻട്രി

അഭിനയരംഗത്ത് എത്തുമെന്നോ, രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് മോഡലിങ് വളരെ ഇഷ്ടമായിരുന്നു. അതിനാൽ ഒരു മോഡൽ ആകാൻ ആഗ്രഹിക്കുകയും അവസരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ജോലി കിട്ടി വിദേശത്തേക്ക് പോയി. അപ്പോൾ കരുതി ഇനി ഇതായിരിക്കും എന്റെ ജീവിതമെന്ന്. എന്നാൽ വിധി മറിച്ചായിരുന്നു. ഞാൻ നാട്ടിൽ തിരിച്ചെത്തിയ സമയത്താണ് ഒരു സീരിയലിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഞാൻ ആ കഥാപാത്രം ചെയ്തത്. എന്നാൽ അതൊരു നല്ല തുടക്കമായി എന്നു പറയാം. തുടർന്ന് വേറെയും അവസരങ്ങൾ എന്നെ തേടി വന്നു. മോഡലിങ് എന്ന ആഗ്രഹം മനസ്സിൽ ഇപ്പോഴും ഉള്ളതിനാൽ കഥാപാത്രങ്ങളെ വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. അതാണ് കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രം. ഭാഗ്യവശാൽ പ്രതീഷിനെ പ്രേക്ഷകർ ഏറ്റെടുത്തു.

noobin-johny-1

പ്രതീഷും നൂബിനും തമ്മിൽ സാമ്യമുണ്ടോ ?

സാമ്യമുണ്ടോ എന്നു ചോദിച്ചാൽ എന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകൾ തീർച്ചയായും സാമ്യമുണ്ടെന്ന് പറയും. കാരണം സംഗീതം ഇഷ്ടപ്പെടുന്ന, അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന, എന്നാൽ മുൻകോപിയായ ഒരു വ്യക്തിയാണ് കഥാപാത്രം. ഞാനും എന്റെ ജീവിതത്തിൽ അങ്ങനെ തന്നെയാണ്. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി. വീട്ടിൽ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ് അമ്മയോടാണ്. അഭിനയത്തിലായാലും മോഡലിങ്ങിൽ ആയാലും എന്റെ ഏറ്റവും മികച്ച വിമർശകരിൽ ഒരാളാണ് അമ്മ. പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുകയും ചെയ്യുന്നതാണ് എന്റെയും സ്വഭാവം. ഒരുപക്ഷേ സ്വഭാവത്തിലെ ഈ സാമ്യം കൊണ്ടാവണം എനിക്ക് പ്രതീഷ് എന്ന കഥാപാത്രത്തെ അനായാസം അവതരിപ്പിക്കാൻ ആകുന്നത്.

ഫിറ്റ്നസ് 

തീർച്ചയായും. ഇപ്പോൾ കോൺഷ്യസ് ആയില്ലെങ്കിൽ പിന്നെ എപ്പോൾ ആകാനാണ്?. ഞാൻ അത്യാവശ്യം നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. കഴിവതും വർക്ക്ഔട്ട് മുടക്കാറില്ല. നാട്ടിൽ ആയിരുന്നപ്പോൾ ജോഗിങ്ങിന് പോകാന്‍ ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. എനിക്ക് ഓപ്പൺ എയറിൽ വർക്ക്ഔട്ട് ചെയ്യുന്നതാണ് കൂടുതലിഷ്ടം. എന്നാൽ ലോക്ഡൗൺ വന്നതോടെ പണി പാളി. വർക്ക്ഔട്ട് വീട്ടിലും റൂമിലും മറ്റുമായി ഒതുങ്ങി. 

noobin-johny-4

ഞാൻ ആഹാരപ്രിയനാണ്. എന്നു കരുതി ശരീരം കേടാക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കില്ല. ഒരു ദിവസം ഓവർ ആയി കഴിച്ചെന്നു തോന്നിയാൽ അടുത്ത ദിവസം നന്നായി ഭക്ഷണം കുറയ്ക്കും. കൂടുതൽ വര്‍ക്കൗട്ടും ചെയ്യും. സെറ്റിൽ മീര വാസുദേവ് ചേച്ചി ഫിറ്റ്നസ്, ഡയറ്റ് സംബന്ധമായി നിരവധി കാര്യങ്ങൾ പറഞ്ഞു തരും.  

സൗഹൃദം , പ്രണയം 

തീർച്ചയായും സൗഹൃദവും പ്രണയവും ജീവിതത്തിലുണ്ട്. നാലു വർഷമായുള്ള പ്രണയമാണ്. പിന്നെ സൗഹൃദത്തെപ്പറ്റി പറഞ്ഞാൽ ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് പോകാൻ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സഹായകമാകാറുണ്ട്. എന്റെ ചെറുപ്പം മുതലുള്ള സുഹൃത്തായ ബിനുവിനെയാണ്‌ എടുത്തു പറയേണ്ടത്. എന്റെ ഏറ്റവും മികച്ച വിമർശകൻ കക്ഷി ആണ്. വിമർശനം മാത്രമല്ല അവസരങ്ങൾ കണ്ടെത്തി നൽകാനും എല്ലാ കാര്യങ്ങൾക്കും കട്ടയ്ക്ക് ഒപ്പം നിൽക്കാനും അവനുണ്ട്.

സെറ്റിലെ ജീവിതം 

വീട് വിട്ട് നിൽക്കുന്നു എന്നതിന്റെ യാതൊരു ഫീലും സെറ്റിൽ എത്തിയാൽ ഉണ്ടാകില്ല. ഫുൾ അടിച്ചു പൊളിയാണ്. സംവിധായകൻ മുതൽ കൂടെ അഭിനയിക്കുന്ന ഓരോ വ്യക്തികളും മികച്ച പിന്തുണയാണ് നൽകുന്നത്. എടുത്ത് പറയേണ്ടത് കെകെ എന്ന് ഞാൻ വിളിക്കുന്ന, സീരിയലിൽ അച്ഛനായി അഭിനയിക്കുന്ന കെ.കെ മേനോന്റെ കാര്യമാണ്. വളരെ വൈബ്രന്റ് ആയ ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സീരിയലിൽ കാണിക്കുന്ന വില്ലത്തരത്തിന്റെ നേരെ എതിരാണ് യഥാർഥ ജീവിതത്തിലെ കെകെ. ഞങ്ങൾ ഒരുമിച്ച് അടുത്തിടെ ഒരു ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്തിരുന്നു.

noobin-johny-2

വീട്ടിൽ നിന്നുമുള്ള പിന്തുണ

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ്. ഇടുക്കി ജില്ലയിലെ രാജാക്കാട് ആണ് വീട്. ഏറെ സന്തോഷത്തോടെ കഴിയുന്ന ഒരു കൊച്ചു കുടുംബം. എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അമ്മയും അച്ഛനും പൂർണ പിന്തുണയാണ് നൽകുന്നത്. അതാണ് എന്റെ കരുത്തും.

ഭാവി പദ്ധതികൾ 

സീരിയലുകളിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് പ്രതീഷ്. സിനിമയിൽ  അവസരം ലഭിച്ചിട്ടുണ്ട്. കൊറോണ മൂലം ഷൂട്ടിങ് മാറ്റിവച്ചു. ഇല്ലെങ്കിൽ ഇപ്പോൾ സിനിമയിൽ അഭിനയിച്ചു തുടങ്ങിയേനെ. 

English Summary : Actor Noobin Johny Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com