ADVERTISEMENT

തന്റെ ഓമന വളർത്തുനായയെ കൊന്നതിന് പ്രതികാരം ചെയ്യാനിറങ്ങിയ ജോൺ വിക്ക്. ബോക്‌സ് ഓഫിസിൽ വൻ വിജയമായ ആ പ്രതികാരകഥ മൂന്നു ഭാഗങ്ങൾ വരെ എത്തി നിൽക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ഒരു മുഖമുണ്ട്, ജോൺ വിക്ക് ആയി സ്ക്രീനിൽ നിറഞ്ഞാടിയ കിയാനു റീവ്സിന്റേത്. കറുത്ത കോട്ടിട്ട്, യാതൊരു ഭാവഭേദങ്ങളുമില്ലാതെ വില്ലൻമാരെ ഇല്ലാതാക്കുന്ന കിയാനു സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാറാണ്. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുന്ന, മെട്രോയിലും ബസിലും സഞ്ചരിച്ച് സാധാരണക്കാരനെ പോലെ ജീവിക്കുന്നയാളാണ് കിയാനു. ജീവിതത്തിൽ അനുഭവിച്ച വേദനകളാണ് കിയാനു റീവ്സിനെ ജീവിതത്തിൽ ഹീറോയാക്കുന്നത്. ആ ജീവിത കഥ ഇങ്ങനെ....

കൂട്ടുകാരില്ലാത്ത ബാല്യം

പട്രീഷ്യ ടെയ്‌ലറുടെയും സാമുവൽ റീവ്സിന്റെയും മകനായി ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലാണ് കിയാനു റീവ്സിന്റെ ജനനം. ഇംഗ്ലണ്ട് സ്വദേശിയായ പട്രീഷ്യ ഫാഷൻ ഡിസൈനിങ് ജോലിയുടെ ഭാഗമായി ബെയ്റൂട്ടിലെത്തിയപ്പോഴാണ് അമേരിക്കൻ വംശജനായ സാമുവലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ കിയാനു ജനിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോള്‍ സാമുവൽ അവരെ ഉപേക്ഷിച്ചു പോയി. തുടർന്ന് അമ്മയോടൊപ്പം പല സ്ഥലങ്ങളിലായിട്ടായിരുന്നു കിയാനുവിന്റെ ബാല്യം. ആദ്യം ഓസ്ട്രേലിയയിലേക്കും പിന്നീട് ന്യൂയോർക്കിലേക്കും അവിടെനിന്ന് കാനഡയിലേക്കും പോയി. അതിനാൽ കിയാനുവിന് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം കിയാനുവിനെ പഠനത്തിൽ പിന്നോട്ടടിച്ചു.

keanu-reeves

എന്നാൽ പഠനത്തിൽ മികച്ചു നിൽക്കാൻ സാധിക്കാത്തതിന്റെ വിഷമം കിയാനു തീർത്തത് കളത്തിലായിരുന്നു. കാനഡയുടെ ദേശീയ വിനോദമായ ഐസ് ഹോക്കിയിൽ സ്കൂൾ ടീമിലെ മികച്ച ഗോൾകീപ്പറായി മാറാൻ കിയാനുവിന് അധിക സമയം വേണ്ടിവന്നില്ല. എന്നാൽ കളിക്കിടെ ഉണ്ടായ ഒരു അപകടം കിയാനുവിന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചു. അപകടത്തിനു ശേഷം ഐസ് ഹോക്കി കളിക്കാൻ സാധിക്കാതെ വന്നത് കിയാനുവിനെ നാടകങ്ങളിലേക്ക് അടുപ്പിച്ചു. സംവിധായകനായ രണ്ടാനച്ഛന്റെ സഹായിയായി നിന്നപ്പോഴും നാടകങ്ങളിൽ അഭിനയിച്ചപ്പോഴും തന്റെ വഴി എതെന്ന് കിയാനു ഉറപ്പിച്ചിരുന്നു. ആ ആഗ്രഹവും നെഞ്ചിലേറ്റിയാണ് കിയാനു കാനഡയിൽ നിന്ന് ലൊസാഞ്ചലസിലേക്കു പറന്നത്.

ബാസ്സ് ഗിറ്റാറിസ്റ്റിൽനിന്നു നടനിലേക്ക്

അമേരിക്കയിലെത്തിയ കിയാനു ബ്രോഡ്‌വേ നാടകങ്ങളിൽ അഭിനയിക്കുന്നതോടൊപ്പം മ്യൂസിക് ബാൻഡുകളിൽ ബാസ്സ് ഗിറ്റാറിസ്റ്റായും  പ്രവര്‍ത്തിച്ചു. ടെലിവിഷൻ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്നതിനിടെ 1986 ലാണ് ആദ്യ സിനിമയായ ‘യങ് ബ്ലഡ്’ സംഭവിക്കുന്നത്. അതിനു ശേഷം വന്ന ‘ബിൽ ആൻഡ് ടെഡ്സ് എക്സലന്റ് അഡ്വഞ്ചർ’ എന്ന സയൻസ് ഫിക്‌ഷൻ കോമഡി സിനിമയാണ് നടൻ എന്ന രീതിയിൽ ബ്രേക്ക് നൽകിയത്. എഫ്ബിഐ ഏജന്റായി വന്ന ‘പോയിന്റ് ബ്രേക്ക്’ ആക്‌ഷൻ ഹീറോ എന്ന ടൈറ്റിൽ കിയാനുവിന് ചാർത്തികൊടുത്തു. ബസ്സിൽ വച്ച ബോംബ് പൊട്ടാതിരിക്കാൻ നിർത്താതെ ബസ്സോടിക്കുന്ന ജാക്ക് ട്രവേൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായി കിയാനു അഭിനയിച്ച സ്പീഡ് ലോകം മുഴുവൻ ആരാധകരെ നേടിക്കൊടുത്തു. തുടർന്നു വന്ന മാട്രിക്സ് ചരിത്രവിജയമായപ്പോൾ നിയോ എന്ന കഥാപാത്രമായി കിയാനു ലോകം മുഴുവൻ അറിയപ്പെട്ടു.

ദുരന്തങ്ങൾ വേട്ടയാടിയ ജീവിതം

കുട്ടിക്കാലം മുതലേ ദുരിതപൂർണമായ ജീവിതമായിരുന്നു കിയാനുവിന്റേത്. തുടര്‍ച്ചയായി പ്രതിസന്ധികൾ വേട്ടയാടിക്കൊണ്ടിരുന്നു. അധികം കൂട്ടുകാർ ഇല്ലാത്ത കിയാനുവിന്റെ ജീവിതത്തിലേക്ക് ആശ്വാസമായി കടന്നുവന്ന വ്യക്തിയായിരുന്നു നടൻ കൂടിയായ റിവർ ഫീനിക്സ്. എന്നാൽ ഫീനിക്സിന്റെ മരണം കിയാനുവിന് വലിയ ആഘാതമായി. അതിനുശേഷമായിരുന്നു പ്രണയിനിയായി ജെന്നിഫർ കടന്നുവന്നത്. കിയാനുവിന്റെയും ജെന്നിഫറിന്റെയും കുട്ടി പ്രസവത്തിനു മുൻപേ മരിച്ചത് രണ്ടു പേരെയും തകർത്തുകളഞ്ഞു. അത് അവരുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്തുകയും അവർ അകലുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം ജെന്നിഫർ കാറപകടത്തിൽ മരിച്ചത് കിയാനുവിനെ ഡിപ്രഷനിലേക്ക് തള്ളി വിട്ടു. ജെന്നിഫറിനെ ഒരുപാട് സ്നേഹിച്ചിരുന്ന കിയാനുവിന് അതിനുശേഷം മറ്റൊരു ബന്ധത്തിലേക്കും പോകാൻ കഴിഞ്ഞില്ല. അത്രയേറെ ദുരന്തങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടും കിയാനു അതിനെയെല്ലാം മറികടന്ന് മുന്നോട്ട് കുതിച്ച് ലോകത്തെ ഞെട്ടിച്ചു. 

keanu-reeves-river-phenix
സുഹൃത്ത് റിവർ ഫീനിക്സിനൊപ്പം കിയാനു

350 മില്യൻ യുഎസ് ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നിട്ടും കുറച്ച് വർഷം മുമ്പു വരെ വാടക വീടുകളിലായിരുന്നു കിയാനു താമസിച്ചിരുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ സഞ്ചരിക്കാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അത്രയേറെ പാഠങ്ങൾ ജീവിതം കിയാനുവിനു നൽകിയിരുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യത്തിനു വേണ്ടി  ചെലവഴിച്ചു. കാൻസറിന്റെ പിടിയിലായ തന്റെ സഹോദരിയുടെ ബുദ്ധിമുട്ടുകൾ കണ്ട കിയാനു ഒരു പ്രൈവറ്റ് കാൻസർ ട്രീറ്റ്മെന്റ് ഫൗണ്ടേഷനും തുടക്കമിട്ടു. സാധാരണ മനുഷ്യരുടെ വേദനകൾ മനസ്സിലാക്കാനും ഒരു സാധാരണക്കാരനെക്കാൾ ലളിതമായി ജീവിക്കാനും സാധിക്കുന്നതാണ് കിയാനുവിനെ ജീവിതത്തിൽ സൂപ്പർതാരമാക്കുന്നത്.

വിവാദങ്ങളിൽനിന്നും പാപ്പരാസികളിൽനിന്നും അകന്നായിരുന്നു എന്നു അദ്ദേഹത്തിന്റെ ജീവിതം. ബൈക്കുകളോടുള്ള കമ്പം മൂലം ഒരു മോട്ടർ സൈക്കിൾ കമ്പനി നടത്തുന്നുണ്ട്. പഴയ ടൈപ്പ്റൈറ്ററുകളുടെ വലിയൊരു ശേഖരവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

അഭിനയിക്കാൻ നടന്നിരുന്ന ആദ്യകാലങ്ങളിൽ തന്റെ പേര് മാറ്റാൻ ഏജന്റ് നിർബന്ധിച്ചിരുന്നതായി കിയാനു പറയുന്നുണ്ട്. എന്നാൽ അതേ പേര് വച്ചു തന്നെ മൂന്നു ദശകത്തോളമായി 97 ഓളം സിനിമകളിൽ കിയാനു അഭിനയിക്കുകയും ‘മാൻ ഓഫ് തായ്ചി’ എന്നൊരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു എന്നതാണ് രസകരമായ വസ്തുത. 

ബൂഗിമാൻ

2014ൽ ജോൺ വിക്ക് പുറത്തിറങ്ങിയതോടെ യുവാക്കൾക്കിടയിൽ കിയാനുവിന്റെ ജനപ്രീതി വലിയതോതിൽ വർദ്ധിച്ചു. യുഎസ് ബോക്സ് ഓഫിസിലെ നിരവധി റെക്കോർഡുകൾ ജോൺ വിക്കിനുമുന്നിൽ തകർന്നു വീണു. ശേഷം വന്ന ജോൺ വിക്കിന്റെ രണ്ടും മൂന്നും ഭാഗങ്ങളും പണംവാരിപ്പടങ്ങളായി. മാട്രിക്സിന്റെയും ജോൺ വിക്കിന്റെയും നാലാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

keanu-reeves-with-mother
(ഇടത്) അമ്മ പട്രീഷ്യയ്‌ക്കൊപ്പം, (വലത്) പ്രണയിനി ജെന്നിഫറിനൊപ്പം

56 വയസ്സിനിടയ്ക്ക് എത്രയോ പ്രതിസന്ധികൾ നേരിട്ടു. അതിൽ പലതും അത്രയേറെ കഠിനമായിരുന്നു  എന്നിട്ടും 30 വർഷമായി സിനിമാലോകത്ത് കിയാനു നിറഞ്ഞു നിൽക്കുന്നു. അടുത്തിടെ ഒരു പരിപാടിയിൽ സ്റ്റീഫൻ കോൾബെൻഡ് എന്ന അവതാരകൻ കിയാനുവിനോട് ചോദിച്ചു, മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ? തന്റെ സ്വതസിദ്ധമായ ശൈലിയിൽ കിയാനു പറഞ്ഞു, നാം മരിച്ചു കഴിഞ്ഞാൽ നമ്മളെ സ്നേഹിക്കുന്നവർ തീർച്ചയായും നമ്മളെ മിസ്സ് ചെയ്യും എന്ന്. വലിയൊരു കയ്യടിയോടെയാണ് സദസ്സ് ആ ഉത്തരം സ്വീകരിച്ചത്. ജീവിതത്തിൽ അത്രയേറെ നഷ്ടങ്ങൾ സംഭവിച്ച്, പ്രതിസന്ധികൾ നേരിട്ട് അതിനെയെല്ലാം മറികടന്ന ഒരാൾക്കു മാത്രമേ ഹൃദയത്തിൽ തൊടുന്ന ആ മറുപടി പറയാനാകൂ. അതാണ് കിയാനു റീവ്സ്.

English Summary : John Wick Actor Keanu Reeves lifestory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com