ADVERTISEMENT

‘ഇടയ്‌ക്കൊരു വഴക്കുണ്ടായില്ലെങ്കിൽ കുടുംബജീവിതത്തിന് അത്ര ശക്തിയുണ്ടാവില്ല’, റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട ഒരു പഠനത്തിലെ കണ്ടുപിടിത്തമാണിത്. തർക്കങ്ങളും അതു കഴിഞ്ഞു വരുന്ന ഇണക്കങ്ങളുമൊക്കെയാണ് ബന്ധങ്ങളെ കൂടുതല്‍ ഇഴയടുപ്പമുള്ളതായി മാറ്റുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പറയാനും പങ്കാളിയുടെ ചിന്തകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും ഇത്തരം സാഹചര്യങ്ങള്‍ അവസരമൊരുക്കുമെന്നും പഠനം പറയുന്നു. 

എന്നാൽ വഴക്കും വാഗ്വാദവുമൊക്കെ ആരോഗ്യകരമായിരിക്കണം എന്നതും വളരെ പ്രധാനമാണ്. കുത്തിനോവിക്കാനും തോന്നുന്നതെല്ലാം വിളിച്ചു പറയാനും ശാരീരികമായ ആക്രമിക്കാനുമുള്ള അവസരമാണ് നിങ്ങൾക്ക് തർക്കങ്ങൾ എങ്കിൽ ബന്ധങ്ങൾ തകരുന്നതിലേക്കാണ് കാര്യങ്ങൾ എത്തുക. പങ്കാളിക്ക് ആഘാതമുണ്ടാക്കാത്ത തരത്തില്‍ ക്രിയാത്മകമായ തര്‍ക്കമായിരിക്കണം നടക്കേണ്ടത്. അതിന് താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വഴക്കിന്റെ സമയം പ്രധാനം

രാത്രി ജോലി കഴിഞ്ഞ് വിശന്ന് വലഞ്ഞ് ക്ഷീണിച്ചു വരുന്ന പങ്കാളിയോട് വഴക്കിടാന്‍ നില്‍ക്കരുത്. ആ സമയത്ത് ക്രിയാത്മകമായി ഒന്നും പ്രതീക്ഷിക്കണ്ട. അവധി ദിവസങ്ങളോ, ശാന്തമായിരിക്കുന്ന സമയത്തോ വിയോജിപ്പുള്ള കാര്യങ്ങളിൽ തർക്കിക്കാം.

വികാരങ്ങളെ നിയന്ത്രിക്കണം

തര്‍ക്കിക്കുന്ന സമയത്ത് വികാരാധീനരായി ഓരോന്ന് കാട്ടിക്കൂട്ടരുത്. എതിര്‍പ്പുകൾ പറയുക എന്നാൽ അലമുറയിടലും സാധനങ്ങൾ തല്ലിപ്പൊട്ടിക്കലുമല്ല. വഴക്കിടുമ്പോൾ ശബ്ദമുയർത്തുന്നത് പങ്കാളി കേൾക്കാനാകണം, അല്ലാതെ ലോകം മുഴുവൻ കേൾക്കാനും അതിലൂടെ അവരെ അപമാനിക്കാനുമല്ല ശ്രമിക്കേണ്ടത്. വികാരങ്ങളെ ഊതിപ്പെരുപ്പിക്കുന്നതിനു പകരം അവയ്ക്കു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. 

വാക്കുകളെ ‘സൂക്ഷിക്കൂ’

തൊടുത്ത അമ്പും പറഞ്ഞ വാക്കുമെല്ലാം ഒരു പോലെയാണെന്ന് പറയാറുണ്ട്. വാക്കുകളുണ്ടാക്കുന്ന മുറിവ് അത്രയെളുപ്പം ഉണങ്ങിയെന്ന് വരില്ല. അതിനാല്‍ വളരെ സൂക്ഷിച്ച് മാത്രം വാക്കുകള്‍ തിരഞ്ഞെടുക്കുക. പുച്ഛവും അല്‍പ്പത്തരവും നിന്ദയുമെല്ലാം സംസാരത്തില്‍ നിന്ന് ഒഴിവാക്കുക. തര്‍ക്കത്തിനുള്ള കാരണങ്ങളില്‍ മാത്രം ഊന്നി നിന്ന്, നിങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നു, ഇത്തരത്തിലുള്ള വികാരം നിങ്ങളിലുണ്ടാകുന്നു എന്ന രീതിയിൽ സംസാരിക്കുക. 

കഴിഞ്ഞത് ‘ഇനി വേണ്ട’

ഇപ്പോഴത്തെ പ്രശ്നം മുൻനിർത്തി മാത്രം തർക്കിക്കുക. അതിനിടയിലേക്ക് പഴയ കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, പഴയ കാര്യങ്ങളിൽ ഊന്നുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.

തോൽവിയും ജയവുമില്ല

തര്‍ക്കങ്ങള്‍ ആര് ശരി, ആര് തെറ്റ് എന്ന് കണ്ടെത്താനുള്ളതല്ല. കാഴ്ചപ്പാടുകളുടെ വ്യത്യാസത്തിലാണ് തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നത് തന്നെ. അതിനാല്‍ തന്നെ ഒരാള്‍ ജയിക്കുകയും മറ്റൊരാള്‍ തോല്‍ക്കുകയും ചെയ്യുന്നതല്ല അവയുടെ പരിഹാരം. രണ്ടു പേര്‍ക്കും അവരുടെ പൊരുത്തക്കേടുകള്‍ മാറ്റി വച്ച് പരസ്പര സമ്മതമുള്ള ഒരു തീരുമാനത്തിലെത്താനാണ് സാധിക്കേണ്ടത്.

തർക്കിച്ച് കൂടുതൽ അടുക്കാം

ആരോഗ്യകരമായ സംവാദങ്ങള്‍ ആത്മാര്‍ത്ഥതയും വിശ്വാസവും ആശയവിനിമയവും വളര്‍ത്തും. പ്രഷര്‍ കുക്കറില്‍ നിന്ന് കാറ്റ് പോകുന്നത് പോലെ നിങ്ങളുടെ നെഗറ്റീവ് ചിന്തകള്‍ കളയാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ പങ്കാളിയെ കൂടുതലായി അറിയാനും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ഇതിലൂടെ അവരുമായി കൂടുതൽ അടുക്കാനും സാധിക്കും.

പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരുന്നാല്‍

വഴക്കിനൊന്നും നില്‍ക്കാതെ പ്രശ്‌നങ്ങള്‍ അടക്കി വച്ചാല്‍ ഒരു ദിവസം അത് പൊട്ടിത്തെറിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം കുടുംബജീവിതത്തില്‍ ഉണ്ടായാല്‍ അതിനെ അഭിമുഖീകരിക്കുന്നതു തന്നെയാണ് ക്രിയാത്മകമായ വഴി. പ്രശ്‌നങ്ങളെ അവഗണിച്ചാല്‍ അവ ആവർത്തിക്കുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും.

English Summary : Arguments make relationship strong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com