ഒരു തരി പൊന്നില്ലാതെ മകളുടെ നിക്കാഹ്; കരുത്തായത് ജീവിതാനുഭവങ്ങൾ ; ബാപ്പ പറയുന്നു

HIGHLIGHTS
  • 3000 രൂപയുടെ വെള്ളി ആഭരണങ്ങളാണ് ഷിഫ നിക്കാഹിന് ധരിച്ചത്
  • ഈ തീരുമാനം ഷാഫി ആലുങ്ങൽ ഒറ്റ ദിവസം കൊണ്ടെടുത്തതല്ല
fathers-opens-the-reason-for-gold-free-marriage-of-daughter
(ഇടത്) ഷിഫ, (വലത്) ഷാഫി ആലുങ്ങലും ഭാര്യ സുൽഫത്തും
SHARE

‘‘എന്റെ മകളുടെ വിവാഹത്തിന് ഒരു തരി സ്വർണം നൽകാൻ ഉദ്ദേശിക്കുന്നില്ല. പിതാവ് എന്ന നിലയിൽ അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും പകര്‍ന്നു നല്‍കാനേ ശ്രദ്ധിച്ചിട്ടുള്ളൂ’’– മുവായിരം രൂപയുടെ വെള്ളി ആഭരണങ്ങൾ അണിയിച്ച് മകളുടെ നിക്കാഹ് നടത്തിയ മലപ്പുറം ജില്ലയിലെ പാലേമാട് സ്വദേശി ഷാഫി ആലുങ്ങൽ തന്റെ മൂത്ത മകള്‍ ഷിഫയുടെ വിവാഹവിശേഷം അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലെ വരികളാണിത്. ഈ പിതാവിന്റെ നിലപാടിന് വലിയ പിന്തുണയാണു ലഭിച്ചത്. നാട്ടുനടപ്പുകളും കീഴ്‌വഴക്കങ്ങളും പരിഗണിക്കാതെയുള്ള ഈ ധീരമായ തീരുമാനം ഷാഫി ആലുങ്ങൽ ഒരു ദിവസം കൊണ്ടെടുത്തതല്ല. ജീവിതം പകർന്നു നൽകിയ അനുഭവങ്ങളും അതിലൂടെ ലഭിച്ച പാഠങ്ങളുമാണ് മകളുടെ വിവാഹം ഇങ്ങനെ നടത്താൻ അദ്ദേഹത്തിന് പ്രചോദനമായത്. അതേക്കുറിച്ച് കെ.എസ്.ഇ.ബി യുടെ നിലമ്പൂർ ആഢ്യൻപാറ പവർ ഹൗസിൽ സബ് എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷാഫി ആലുങ്ങൽ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

‘‘മകളുടെ വിവാഹത്തിന് സ്വർണം നൽകുക എന്നതൊരു നാട്ടുനടപ്പാണ്. സാമ്പത്തികശേഷിയുള്ളവർക്ക് അവരുടെ ആഢ്യത്വം കാണിക്കാന്‍ ഇതുവഴി സാധിക്കുന്നു. സമൂഹത്തെ കാണിക്കാനും അഭിമാനം സംരക്ഷിക്കാനും മറ്റുള്ളവരുടെ ഒപ്പമെത്താനും സാമ്പത്തിക ശേഷി ഇല്ലാത്തവരും ഇത് ചെയ്യേണ്ടി വരുന്നു. സ്വർണം കുറഞ്ഞു പോയാൽ മകൾക്ക് ഭർതൃവീട്ടിൽ എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ, അവളെ രണ്ടാം തരക്കാരിയായി കാണുമോ എന്ന ഭയമാണ് ആളുകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള പൊതു ചിന്തകളിലാണ് നമ്മൾ ഈ ആധുനിക കാലഘട്ടത്തിലും ജീവിക്കുന്നത്. കിടപ്പാടം വിറ്റും ലോണെടുത്തും വലിയ പലിശയ്ക്ക് കടം വാങ്ങിയും എങ്ങനെയെങ്കിലുമൊക്കെ പരമാവധി സ്വര്‍ണം നൽകി വിവാഹം നടത്തേണ്ട അവസ്ഥ. ആ മാതാപിതാക്കളുടെ പിന്നീടുള്ള ജീവിതം എങ്ങനെയാകും ? ഈ കടമെല്ലാം വീട്ടാനായി അവസാനകാലം വരെ ജോലിയെടുക്കുകയും ടെൻഷനടിച്ച് ഓടി നടക്കുകയും ചിലപ്പോഴൊക്കെ കിടപ്പാടം തന്നെ വിൽക്കേണ്ടി വരികയും ചെയ്യുന്ന ദുരവസ്ഥയുണ്ടാക്കുന്നു. ഇനി സ്ത്രീധനത്തിന്റെ പേരിൽ പെൺമക്കൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ‍‍കേരളത്തിലെ ഗാർഹിക സ്ത്രീ പീഡനങ്ങളിലെ പ്രധാന വില്ലൻ ഇന്നും സ്ത്രീധനം തന്നെയല്ലേ ? അതായത് സ്ത്രീധനം നിരോധിച്ചശേഷവും വലിയാരു പ്രശ്നമായിത്തന്നെ അത് സമൂഹത്തിൽ നിലനില്‍ക്കുന്നു.

shifa-wedding-1
(ഇടത്) വരൻ അബ്ദുൾ ബാസിത്ത് ഷിഫയ്ക്കൊപ്പം, (വലത്) ഷിഫയുടെ നിക്കാഹിന് വാങ്ങിയ വെള്ളി ആഭരണങ്ങൾ

മൂന്നു സഹോദരിമാരെ വിവാഹം ചെയ്തയയ്ക്കേണ്ട ബാധ്യത സഹോദരിമാരേക്കാൾ ഇളയവനായ എന്റെ തലയിൽ ചെറുപ്പത്തിലേ വന്നുപെട്ടു. എന്റെ അളിയന്മാർ ആരും സ്വർണം ചോദിച്ചില്ല. പക്ഷേ സ്വർണം നൽകാതെ വിവാഹം നടത്തുന്നത് മോശമാണ് എന്ന ചിന്തയാണല്ലോ നിലനിൽക്കുന്നത്. നാട്ടുനടപ്പ് പാലിക്കാൻ മാതാവിന്റെ മരണശേഷം ഓഹരി കിട്ടിയ ആകെയുള്ള 25 സെന്റ് സ്ഥലം 25000 രൂപക്ക് വിറ്റാണ് ഒരു സഹോദരിക്ക് അഞ്ചു പവൻ സ്വർണം നൽകിയത്. ഗൾഫിലും നാട്ടിലുമുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മറ്റൊരു സഹോദരിയുടെ വിവാഹം നടത്തിയത്. അതൊരു വലിയ പാഠമായിരുന്നു. എന്നെ സഹായിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പക്ഷേ, ഇങ്ങനെ സഹായിക്കാൻ ആരുമില്ലാത്തവരുടെയും സാമ്പത്തിക സ്ഥിതി മോശമായവരുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. എന്തെല്ലാം മാനസിക സംഘർഷങ്ങളിലൂടെയും പ്രയാസത്തിലൂടെയായിരിക്കും അവർക്ക് കടന്നു പോകേണ്ടി വരുന്നത്? ഇത്തരം ചിന്തകളാണ് ഇരുപത് വർഷം മുൻപ് തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. 

ഞാൻ വിവാഹിതനായ സന്ദർഭത്തിലും സത്രീധനം പണമായോ ആഭരണമായോ വേണ്ടെന്ന് എന്റെ ഭാര്യ വീട്ടുകാരോട് തീർത്തു പറയാനും പരമാവധി പ്രാവർത്തികമാക്കാനും സാധിച്ചു. അന്ന് താമസിക്കാൻ ഒരു വീടുപോലും എനിക്കും സഹോദരിമാർക്കും സ്വന്തമായി  ഉണ്ടായിരുന്നില്ല. സമ്പത്തിന് ഏറ്റവും ആവശ്യവും താല്പര്യവും ഉണ്ടായിരിക്കെ തന്നെ അന്യായമായി മറ്റുള്ളവരുടെ സമ്പത്ത് ആഗ്രഹിക്കാതിരിക്കാൻ നമ്മുടെയും നമ്മുടെ മക്കളുടേയും മനസ്സിനെ പാകപ്പെടുത്തി എടുക്കണം. അപ്പോഴാണ് അഴിമതിയും ദൂർത്തുമൊക്കെ ഒരു പരിധിവരെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാവൂ. അനന്തരാവകാശമായി അര സെന്റ് ഭൂമി പോലും ലഭിച്ചിട്ടില്ലാത്ത ഞാൻ സ്വന്തമായി ജോലി ചെയ്താണ് എട്ട് സെന്റ് വസ്തുവിൽ ഒരു വീടുണ്ടാക്കിയത്. എന്റെ ശമ്പളമല്ലാതെ അന്യന്റെ ഒരു രൂപ പോലും ജോലിക്കിടയിൽ  കൈക്കൂലിയായി വാങ്ങിച്ചത് എന്റെ ഭക്ഷണത്തിലോ സമ്പാദ്യത്തിലോ ഉൾപ്പെട്ടിട്ടില്ല എന്ന് ആത്മാഭിമാനത്തോടെ എനിക്ക് പറയാനാകും. 

മകളുടെ വിവാഹം ഇങ്ങനെയാകണം എന്ന തീരുമാനത്തിന് എല്ലാവരുടെയും അംഗീകാരം ഉണ്ടായിരുന്നോ? മക്കളും ഭാര്യയുമൊക്കെ സമ്മതിച്ചിരുന്നോ?

എന്റെ മക്കളുടെ വിവാഹം ഇങ്ങനെ നടത്തുമെന്ന് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ലെന്ന് ഞാൻ പറഞ്ഞുവല്ലോ. എത്രയോ വർഷങ്ങളായി ഞാൻ എന്നെയും എന്റെ കുടുംബത്തേയും അതിനുവേണ്ടി പാകപ്പെടുത്തുകയായിരുന്നു. ഭാര്യയും മൂന്നു പെൺമക്കളും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. മക്കൾക്ക് സ്വർണത്തിനോട് ഭ്രമമില്ലാതെ വളർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക്  ഭൗതികവും ആത്മീയവുമായ മികച്ച വിദ്യാഭ്യാസം നൽകി സംസ്കാര സമ്പന്നരാക്കി വളർത്തുക എന്നതിനാണ് പ്രാധാന്യം നൽകിയത്. അതുകൊണ്ട് മക്കൾക്കോ ഭാര്യയ്ക്കോ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. മൂത്തമകൾ ഷിഫയ്ക്കു വിവാഹാലോചന വന്നപ്പോൾ വരന്റെ മാതാപിതാക്കളോട് ഞാൻ ഇക്കാര്യം പറഞ്ഞു. അവർ പൂർണ മനസ്സോടെ സമ്മതിച്ചു. എന്റെ മകൾ ഷിഫയും അരീക്കോട്ടുകാരൻ അബ്ദുൽ ബാസിത്തും ഒക്ടോബർ 25ന് വിവാഹിതരായി. എല്ലാവരുടെയും സമ്മതവും പിന്തുണയും ഉണ്ടായിരുന്നു. എന്തെങ്കിലും കൊടുക്കണ്ടേ എന്നു ചോദിച്ച ഏതാനും പേരുണ്ട്. പൂർണ്ണമായും ശരിയെന്ന് എനിക്ക് ഉറപ്പുള്ള ഒരു പ്രതിജ്ഞയാണിത്. അതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങളെ ഗൗരവമായി എടുത്തില്ല.

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും സ്ത്രീധനം ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ടെന്ന് താങ്കൾ പറയുന്നു. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാനാകുമെന്നാണ് കരുതുന്നത് ?

പുരുഷന്‍ സ്ത്രീധനം വേണ്ടെന്നു പറഞ്ഞതുകൊണ്ടു മാത്രം മാറ്റം ഉണ്ടാകില്ല. വലിയ സ്ത്രീധനം കൊടുത്ത് മകൾക്ക് വരന്റെ വീട്ടിൽ സ്ഥാനം നേടിക്കൊടുക്കാമെന്നോ സ്വർണം കൊടുത്തില്ലെങ്കിൽ സമൂഹം എന്തു പറയുമെന്നോ ഉള്ള ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. തനിക്ക് ഒന്നും വേണ്ട എന്നു പറയാനുള്ള ആർജ്ജവം പെൺമക്കൾ കാണിക്കുകയും വേണം. അങ്ങനെ എല്ലാവരും ഒന്നിച്ചു നിന്നാൽ വലിയൊരു മാറ്റം സാധ്യമാകും. 

എന്റെ മക്കൾക്കു വേണ്ടിയാണ് ഞാനും ഭാര്യയും അധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും. എന്നാൽ പൊന്നും പണവും നൽകി ഒരു കച്ചവടം പോലെയല്ല എന്റെ മകളുടെ വിവാഹം നടത്തേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. എന്റെ മകൾക്ക് ഏതൊരു ബുദ്ധിമുട്ട് വരുമ്പോഴും സഹായിക്കാൻ മുൻപന്തിയിൽ ഞാനുണ്ടാകും. അതുപോലെ ഞാൻ ബുദ്ധിമുട്ടിലാകുമ്പോൾ എന്നെ സഹായിക്കാനുള്ള ബാധ്യത അവർക്ക് തിരിച്ചുമുണ്ട്. ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ജീവിതം മുന്നോട്ടു പോകേണ്ടത്. പരമമായ സ്നേഹത്തിലും പ്രേമത്തിലും പ്രണയത്തിലും മരണം വരെ സമാധന പൂർണ്ണമായ ജീവിതം ആണിനും പെണ്ണിനും ലഭിക്കാനാണ് പരിശുദ്ധവും പരിപാവനവുമായ വൈവാഹിക ജീവിതം എന്നു ഞാൻ വിശ്വസിക്കുന്നു. അതിന്റെ ആദ്യ ചവിട്ടു പടിയായ വിവാഹ ചടങ്ങിനെ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭാരമാക്കി മാറ്റുന്നത് സ്ത്രീധനവും ആർഭാടവും പൊങ്ങച്ചവും നാട്ടാചാരങ്ങളുമല്ലാതെ മറ്റെന്താണ് ?

ലോകത്ത് ഏറ്റവും മൂല്യമുള്ളത് മനുഷ്യനാകണം. മൂല്യമുള്ള ഒരു വസ്തു  നമ്മൾ മറ്റൊരാൾക്ക്‌ കൈമാറുബോൾ സാധാരണ ഗതിയിൽ  ഇങ്ങോട്ട് പണം ലഭിക്കാറാണ് പതിവ്. എന്നാൽ സ്ത്രീയുടെ വിഷയത്തിൽ മാത്രം മറ്റൊരു പുരുഷന്റെ ഭാര്യയായി മാറുമ്പോൾ വലിയ തോതിലുള്ള സമ്പത്ത് അങ്ങോട്ട് നൽകേണ്ടി വരുന്നത് എത്രമാത്രം വിരോധാഭാസമാണ്.

shifa-wedding-2

മക്കളുടെ വിവാഹവാർത്തയ്ക്ക് ലഭിച്ച പ്രതികരണം എങ്ങനെയായിരുന്നു ?

മകളുടെ സ്ത്രീധനരഹിത വിവാഹ വാർത്തക്ക് വളരെ നല്ല പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് ആശംസയും പ്രാർത്ഥനയും അറിയിച്ച് ഒരുപാട് സന്ദേശങ്ങൾ കിട്ടി. സ്ത്രീധന പ്രശ്നം മൂലം വിവാഹം നടക്കാത്തവര്‍ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും കരയുകയായിരുന്നു. എത്ര ജീവിതങ്ങളെ ഈ പ്രശ്നം തകർത്തെറിഞ്ഞിട്ടുണ്ടെന്ന് അപ്പോൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പ്രവാസികളും സാധാരണക്കാരുമൊക്കെ പലപ്പോഴും തങ്ങളുടെ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത് തങ്ങളുടെ പെൺമക്കളുടെ വിവാഹം നാട്ടുനടപ്പും നാട്ടാചാരങ്ങളും പ്രകാരം നടത്താനാണ്. 

സ്വർണവും പണവും നേരിട്ട് വാങ്ങുന്നത് മാത്രമല്ല സ്ത്രീധനം. അതൊരു മനോഭാവ പ്രശ്നം കൂടിയാണ്. നല്ല ധനാഢ്യരായ മാതാപിതാക്കളുടെ സമ്പത്ത് അവരുടെ കാലശേഷം തനിക്ക് ലഭിക്കുമല്ലോ എന്ന് മനസ്സിലുറപ്പിച്ച് ധനികന്റെ വീട്ടിലെ ഒരു പെണ്ണിനെ വിവാഹമന്വേഷിക്കുന്നവനും സ്ത്രീധമോഹി തന്നെ. ചിലർ സമ്മാനം എന്ന പേരിലാണ് സ്ത്രീധനം നൽകുക. സമ്മാനം നൽകുന്നത് തെറ്റല്ല. പക്ഷേ, പല സമ്മാനങ്ങളും നിർബന്ധമായി നൽകേണ്ടി വരുന്നവയാണ്. യാദൃച്ഛികമായി ചില സന്ദർഭങ്ങളിൽ വിവാഹമോചനം സംഭവിക്കുമ്പോഴാണ് എല്ലാ സമ്മാനങ്ങളും സ്ത്രീധനമായി കോടതിയിലും നിയമത്തിന്റെ മുൻപിലും എത്തുന്നത്. 

ചിലരുടെ സംശയം ഞാൻ പിശുക്കനായതുകൊണ്ടാണോ മക്കൾക്ക് സ്വർണം കൊടുക്കാത്തതെന്നാണ്. ഇതൊന്നും മറുപടി അർഹിക്കുന്നില്ലെന്നാണ് ‍ഞാൻ കരുതുന്നത്. എന്റെ രണ്ട് ആൺമക്കളുടെയും വിവാഹവും ഇങ്ങനെ തന്നെയായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അതങ്ങിനെ തന്നെ നടത്തുകയും ചെയ്യും. ആഭരണമോ പണമോ ഒന്നും കൈമാറാതെ രണ്ട് മനുഷ്യരും അവരുടെ കുടുംബങ്ങളും ഒന്നാകുന്ന ചടങ്ങ്. വളരെ ലളിതമായ ഒന്ന്. അതും എന്റെ പ്രതിജ്ഞയുടെ ഭാഗമാണ്.

സമൂഹത്തോട് എന്താണു പറയാനുള്ളത് ?

സ്ത്രീധനം നിരോധിച്ചിട്ടും പല പേരുകളിൽ പല രൂപത്തിൽ അതിന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എത്രയോ കുടുംബങ്ങളെ അത് വലിയ പ്രതിസന്ധിയിൽ ആക്കുന്നുമുണ്ട്. ഈ അവസ്ഥ മാറണം. സമൂഹത്തിലെ ഉന്നതരായ രാഷ്ട്രീയ–മത–സാംസ്കാരിക നേതാക്കളാണ് ഈ മാറ്റത്തിന് മുന്നില്‍ നിൽക്കേണ്ടത്. അവർ വിചാരിച്ചാൽ ഒരുപാട് പേർക്ക് മാതൃകയാകാൻ സാധിക്കും. ഞാൻ ചെയ്ത കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതുകൊണ്ട് ആളുകൾ അറിഞ്ഞു എന്നു മാത്രം. എന്നാൽ സമൂഹത്തിൽ വളരെയധികം ബഹുമാനിക്കപ്പെടുന്നരും സ്വാധീനമുള്ളവരും ഇത് മാതൃക ആക്കുകയാണെങ്കിൽ ഒരുപാട് പേരിലേക്ക് വളരെ പെട്ടെന്ന് ഈ സന്ദേശം നമുക്ക് കൈമാറാനാകും. 

വിലപേശി നടത്തേണ്ട  ഒന്നല്ല തന്റെ വിവാഹമെന്ന് പെൺകുട്ടികൾക്ക് ഉറപ്പിച്ചു പറയാൻ സാധിക്കണം. പൊന്നോ പണമോ അല്ല വിദ്യാഭ്യാസമാണ് മാതാപിതാക്കളില്‍ നിന്ന് നേടിയെടുക്കേണ്ടത്. എന്റെ വിദ്യാഭ്യാസം, സ്വഭാവം എന്നിങ്ങനെയുള്ള ഘടകങ്ങൾ ആകണം വിവാഹത്തിന് മാനദണ്ഡമെന്ന് ആലോചനകളുമായി വരുന്നവരോട് പെൺകുട്ടികൾക്ക് പറയാനാകണം. സ്വർണത്തിന്റെയോ പണത്തിന്റെയോ അളവാകരുത് നമ്മുടെ ജീവിതത്തിന്റെ ആധാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA