ADVERTISEMENT

ഒരു പെൺകുട്ടിയോട് ഉള്ളിന്റെയുള്ളിൽ ഇഷ്ടമുണ്ട്. പക്ഷേ അവളുടെ മുഖത്തു നോക്കി അതു തുറന്നു പറയാനുള്ള ധൈര്യമില്ല. പല ചെറുപ്പക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്. ഉൾവലിഞ്ഞ, നാണ പ്രകൃതമുള്ളവർക്ക് ആത്മവിശ്വാസത്തോടെ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കുറവാണ്. ഒറ്റരാത്രികൊണ്ട് ആത്മവിശ്വാസം കൂട്ടാൻ സാധിക്കും എന്ന അന്ധവിശ്വാസമൊന്നും വേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും  ക്രമേണ ആത്മവിശ്വാസം വർധിപ്പിക്കാൻ സാധിക്കും.

1. അപരിചിതരായ ആളുകളെ പരിചയപ്പെടാം

പൊതുവേ നാണക്കാരായവർക്ക് പുതിയ ആളുകളെ പരിചയപ്പെടാനും പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാക്കിയെടുക്കാനും മടിയായിരിക്കും. ആദ്യം ആ ശീലം മാറ്റണം. പരിചയമില്ലാത്ത ആളുകളെ അങ്ങോട്ടു ചെന്നു പരിചയപ്പെടണം. കംഫർട്ട് സോണിനു പുറത്തുള്ള ആളുകളുമായി ഇടപഴകി ശീലിക്കാനാണിത്. ഈ ശീലം പതുക്കെ ആത്മവിശ്വാസം വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കും. പൊതുസ്ഥലങ്ങളിൽ വച്ച് മുൻപരിചയമില്ലാത്ത ആളുകളുമായി ആശയവിനിമയം നടത്താനുള്ള സാഹചര്യങ്ങളുണ്ടാക്കിയെടുക്കണം.

ഉദാഹരണത്തിന്, ഭക്ഷണശാലയിലോ കടകളിലോ പോകുമ്പോൾ അവിടെയുള്ള സ്റ്റാഫുമായി സംസാരിക്കാൻ ശ്രമിക്കാം. ഏതെങ്കിലും വിഭവത്തെക്കുറിച്ചോ ഉൽപന്നങ്ങളെക്കുറിച്ചോ അവരോട് സംസാരിക്കാം. നല്ല വിഭവങ്ങൾ വിളമ്പിയതിന് ഭക്ഷണം വിളമ്പിയ ആൾക്ക് നന്ദി പറയാം. അങ്ങനെ അപരിചിതരോട് സംസാരിക്കാനുള്ള മടി പതിെയ മാറ്റിയെടുക്കാം. ആ മടി മാറിയാൽ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് യാതൊരു പരിഭ്രമവുമില്ലാതെ സംസാരിക്കാൻ സാധിക്കും.

2. ഇപഴകാൻ പഠിക്കാം

അപരിചിതരോട് സംസാരിച്ചു തുടങ്ങിയാൽത്തന്നെ സോഷ്യൽ സ്കിൽ സ്വായത്തമാക്കുന്നതിന്റെ ആദ്യ കടമ്പ കടന്നു. ഇനി ചുറ്റുമുള്ളവരോട് കാര്യമാത്രപ്രസക്തിയുള്ള കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കാം. ഇഷ്ടപ്പെട്ട പെൺകുട്ടിയോട് മാത്രമല്ല അടുപ്പമുള്ള ആരോടും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ശ്രമിക്കാം. പൊതുവായ ഇഷ്ടങ്ങളുള്ള ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നതും നല്ലതാണ്. 

ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പറയാനുള്ള കാര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചെവികൊടുക്കാൻ മറക്കരുത്. ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നിയാൽ മടിച്ചു നിൽക്കാതെ രണ്ടാമതൊന്ന് ചിന്തിക്കാതെ സംസാരിക്കണം. മടികൂടാതെ സംസാരിച്ചു തുടങ്ങിയാൽ സോഷ്യൽ ഇൻട്രാക്‌ഷൻ സ്കിൽ നിങ്ങൾ സ്വായത്തമാക്കി എന്നാണ് അർഥം.

3. കണ്ണിൽ നോക്കി സംസാരിക്കാം, അർഥമുള്ള കാര്യങ്ങൾ

ആരോടും മടികൂടാതെ ആശയവിനിമയം നടത്താൻ കഴിയുന്ന വിധം സോഷ്യൽ സ്കിൽ നേടിയെടുത്താൽ, പ്രണയിക്കുന്ന പെൺകുട്ടിയെ മീറ്റ് ചെയ്യാൻ തയാറെടുക്കാം. ഭക്ഷണശാല, കോഫി ഷോപ് തുടങ്ങിയ പൊതുവിടങ്ങൾ അതിനായി തിരഞ്ഞെടുക്കാം. ശരീരഭാഷയിൽ നല്ല ശ്രദ്ധവേണം. ആളുകളുടെ ശ്രദ്ധ ആദ്യം പതിയുന്നത് ശരീരഭാഷയിലായിരിക്കും.

പ്രിയപ്പട്ടവരോടായാലും മറ്റുള്ളവരോടായാലും കണ്ണിൽനോക്കി സംസാരിക്കാൻ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കണ്ണിൽനോക്കി സംസാരിക്കുമ്പോൾ അവർക്കും നിങ്ങളെ കേൾക്കാൻ താൽപര്യം തോന്നും. കണ്ണുകളിൽ നോക്കുക എന്നതിന്റെ അർഥം അപ്പുറത്തു നിൽക്കുന്നവരെ തുറിച്ചു നോക്കുക എന്നല്ല എന്ന കാര്യം മനസ്സിൽ വയ്ക്കണം.

ഇഷ്ടപ്പെട്ട പെൺകുട്ടിയോട് സംസാരിക്കുമ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധവേണം. നിങ്ങളോടു സംസാരിക്കുമ്പോൾ അവർ കംഫർട്ടബിൾ ആണോയെന്ന് ഉറപ്പു വരുത്തണം. സംസാരം ഇടയ്ക്കു വച്ചു നിർത്തി പോകാൻ തോന്നാത്ത വിധം സംസാരത്തിന്റെ രസച്ചരടു മുറിയാതിരിക്കാനും ശ്രദ്ധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com