ADVERTISEMENT

‘ഞാൻ ജില്ലിന്റെ ഭർത്താവാണ്’–. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ തന്റെ വിജയ പ്രഖ്യാപന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സ്വയം പരിചയപ്പെടുത്തിയതിങ്ങനെയാണ്. രാഷ്ട്രീയ ജീവിതത്തിൽ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും ഒരു കുടുംബനാഥനായി മാത്രം തന്നെ പരിചയപ്പെടുത്താൻ ബൈഡൻ തെല്ലും മടികാണിച്ചില്ല. യഥാർഥ പ്രണയം ജീവിതത്തിൽ ഒരിക്കലേ സംഭവിക്കൂവെന്ന വാദം ചിലപ്പോൾ തെറ്റാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോ ബൈഡന്റെ ജീവിതം. ബൈഡന്റെ രണ്ടാം പ്രണയമാണ് ഡോ. ജിൽ ബൈഡൻ. വ്യക്തിജീവിതത്തിൽ ദുരന്തങ്ങളുടെ ആഘാതമേറ്റു തകർന്നു നിന്ന ബൈഡനെ ജീവിതത്തിലേക്കും കരിയറിലേക്കും മടക്കിക്കൊണ്ടുവരാൻ ദൈവമയച്ച മാലാഖ.

അകാലത്തിൽ പൊലിഞ്ഞ പ്രണയം, തകർന്ന ഹൃദയം

കോളജ് കാലത്ത് ഹൃദയം കവർന്ന നെയ്‌ലിയയായിരുന്നു ജോ ബൈഡന്റെ ആദ്യപ്രണയം. 1966 ലാണ് സിറാക്യൂസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന നെയ്‌ലിയ ഹണ്ടറെ ബൈഡൻ വിവാഹം കഴിച്ചത്. ബ്യൂ, ഹണ്ട്, നവോമി എന്നിങ്ങനെ മൂന്നു മക്കളുമുണ്ടായി. 1972 ൽ ബൈഡൻ സെനറ്റിലേക്കു വിജയിച്ച് ഏതാനും ആഴ്ച കഴിഞ്ഞപ്പോഴായിരുന്നു ആ ദുരന്തം. ഡെലവറിൽ നെയ്‍ലിയയും മക്കളും ക്രിസ്മസ് ഷോപ്പിങ്ങിനു പോകുന്നതിനിടെ അവരുടെ കാറിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറി. നെയ്‌ലിയയും മകൾ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടും സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

joe-jill-biden-2
1987 ല്‍ ചിക്കാഗോയിലെ യൂണിറ്റി ഡിന്നറിൽ പങ്കെടുക്കുന്ന ജോ ബൈഡനും ജിൽ ബൈഡനും. Image Credits : mark reinstein/ Shutterstock.com

ദുരന്തത്തിൽ തകർന്നുപോയ ബൈഡൻ മക്കളെ ശുശ്രൂഷിക്കാനായി സെനറ്റ് അംഗത്വം രാജിവയ്ക്കാനൊരുങ്ങി. പാർട്ടി നേതൃത്വമാണ് അതിൽനിന്നു പിന്തിരിപ്പിച്ചത്. മക്കൾക്കൊപ്പമുണ്ടാകാൻ വേണ്ടി ബൈഡൻ ദിവസവും ഡെലവർ –വാഷിങ്ടൻ ഡിസി ട്രെയിൻ യാത്ര പതിവാക്കി. ദിവസവും മൂന്നു മണിക്കൂർ യാത്ര. സെനറ്റ് അംഗമായിരുന്ന 36 വർഷവും ഇതു തുടർന്നിരുന്നു. പ്രിയ ഭാര്യയെയും മകളെയും നഷ്ടമായ ദുരന്തത്തിനു ശേഷം ബൈഡന്റെ സ്വഭാവംതന്നെ മാറി. നിസാര കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്ന, ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ട ആളായി അദ്ദേഹം. ജോലിയിലുള്ള ശ്രദ്ധ പോലും കുറ‍ഞ്ഞു. ‘ദൈവം എന്റെ ജീവിതത്തിൽ ഭയാനകമായൊരു ചതി നടത്തിയെന്ന് ഞാൻ കരുതി’ – ദുരന്തത്തെപ്പറ്റി പിൽക്കാലത്ത് ബൈഡൻ എഴുതി.

ജിൽ വരുന്നു, ബൈഡൻ കുടുംബത്തിലേക്ക്

ഡെലവർ സർവകലാശാലയിലെ വിദ്യാർഥിനി ജിൽ ട്രേസി ജേക്കബ്സിനെ ബൈഡനു പരിചയപ്പെടുത്തിയത് സഹോദരൻ ഫ്രാങ്ക് ബൈഡനായിരുന്നു. 1975 ലായിരുന്നു അത്; നെയ്‌ലിയയും മകളും മരിച്ച് മൂന്നു വർഷത്തിനു ശേഷം. ജിൽ അപ്പോഴേക്കും ആദ്യ ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞിരുന്നു. കോളജിലെ ഫുട്ബോൾ താരമായിരുന്ന സ്റ്റീവൻസണെ 1970 ലാണ് ജിൽ വിവാഹം കഴിച്ചത്. 74 ൽ അവർ പിരിയുകയും ചെയ്തു. വിവാഹമോചന നടപടികൾ നടക്കുന്നതിനിടെയാണ് ജിൽ ബൈഡനെ കണ്ടുമുട്ടുന്നത്.

joe-jill-biden-5
Image Credits : Everett Collection / Shutterstock.com

ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോൾ, ഇയാൾ ശരിയാവില്ലെന്നാണ് തോന്നിയതെന്ന് ജിൽ പറഞ്ഞിട്ടുണ്ട്. ‘ഞാൻ അതുവരെ ഡേറ്റ് ചെയ്തത് ജീൻസും ടീഷർട്ടുമിട്ട ചെറുപ്പക്കാരുമായായിരുന്നു. പക്ഷേ ഒരു സ്പോ‍ർട് കോട്ടും ലോഫേഴ്സും ധരിച്ചെത്തിയ ബൈഡനെ കണ്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത്, ദൈവമേ, ഇതു ശരിയാവാൻ പോകുന്നില്ല, പത്തു ലക്ഷം വർഷമെടുത്താലും! എന്നായിരുന്നു. എന്നെക്കാൾ ഒൻപതു വയസ്സു മുതിർന്നതായിരുന്നു അദ്ദേഹം’ – 2016 ൽ വോഗ് മാഗസിനു നൽകിയ ഒരഭിമുഖത്തിൽ ജിൽ പറഞ്ഞു. ‘ഞങ്ങൾ ഒരു സിനിമയ്ക്കു പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്നൈറ്റ് പറഞ്ഞു. ഞാൻ മുകളിലത്തെ മുറിയിലെത്തി എന്റെ അമ്മയെ വിളിച്ചു; രാത്രി ഒരു മണിക്ക്. എന്നിട്ടു പറഞ്ഞു: അമ്മേ, ഒടുവിൽ ഞാനൊരു ജന്റിൽമാനെ കണ്ടുമുട്ടി!’

പതിയെപ്പതിയെ ജിൽ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും അടുത്തു. അക്കാലത്ത് ജില്ലിന്റെ സാന്നിധ്യത്തിൽ തനിക്ക് തന്റെ കുടുംബത്തെ തിരികെ ലഭിച്ചെന്നു തോന്നിയതായി ബൈഡൻ ‘പ്രോമിസസ് ടു കീപ്പ്’ എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണ് ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ചിന്തിക്കുന്നത്. തന്റെ മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്ന് ബൈഡൻ ഓർമക്കുറിപ്പിൽ പറയുന്നു. ഒരു ദിവസം ബൈഡൻ ഷേവ് ചെയ്യുമ്പോൾ ബ്യൂവും ഹണ്ടറും അടുത്തെത്തി. ഹണ്ടറാണ് പറഞ്ഞുതുടങ്ങിയത്: ‘നമുക്കു വിവാഹം കഴിക്കാമെന്നാണ് ബ്യൂ കരുതുന്നത്’. 

കാര്യം ബ്യൂ കുറച്ചുകൂടി വിശദമാക്കി: ‘ഞങ്ങൾ കരുതുന്നത് നമുക്കു ജില്ലിനെ വിവാഹം കഴിക്കാമെന്നാണ്. എന്തു പറയുന്നു ഡാഡ്?’

joe-jill-biden-3
Image Credits : NumenaStudios / Shutterstock.com

‘അതൊരു നല്ല ഐഡിയയാണ്’ എന്നായിരുന്നു തന്റെ മറുപടിയെന്ന് ബൈഡൻ എഴുതുന്നു. 

പക്ഷേ അപ്പോഴൊന്നും ജിൽ ഒരു വിവാഹത്തിന് ഒരുക്കമായിരുന്നില്ലെന്നും അഞ്ചു പ്രാവശ്യം താൻ ജില്ലിനോട് വിവാഹാഭ്യർഥന നടത്തിയിരുന്നെന്നും ബൈഡൻ ഓർക്കുന്നു. അതു തന്റെ മക്കളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരുന്നുവെന്ന് ബൈഡന് അറിയാമായിരുന്നു. തന്നേക്കാൾ തന്റെ മക്കളെ അവർ സ്നേഹിച്ചിരുന്നെന്നും ഈ വിവാഹം വർക്കൗട്ട് ആകുമോ എന്ന് ജില്ലിന് ഭയമുണ്ടായിരുന്നെന്നും ഒരിക്കൽ അമ്മയെ നഷ്്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് താൻ കാരണം ഒരിക്കൽക്കൂടി അത്തരമൊരു മോശം അനുഭവം വരരുതെന്ന് ജിൽ ആഗ്രഹിച്ചിരുന്നുവെന്നും ബൈഡൻ പറയുന്നു. ഒടുവിൽ അഞ്ചാം വട്ടം ബൈഡൻ നടത്തിയ വിവാഹാഭ്യർഥനയാണ് ജിൽ സ്വീകരിച്ചത്.

1977 ജൂൺ 17 ന് രണ്ട് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു. 1981 ൽ ജോ–ജിൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു. ബൈഡന്റെ ആദ്യ ബന്ധത്തിലെ മക്കൾ പുന്നാരപ്പെങ്ങൾക്ക് ആഷ്‌ലി എന്ന പേരു നൽകി. പിന്നെയങ്ങോട്ട് ബൈഡന്റെ ജീവിതത്തിലും കരിയറിലും പ്രണയവും പിന്തുണയുമായി ജിൽ ഒപ്പമുണ്ട്. 

ലോകം ശ്രദ്ധിച്ച കരുതൽ

പരസ്പരപൂരകമായൊരു ബന്ധമാണ് ബൈഡൻ ദമ്പതിമാരുടേത്. വലിയൊരു ദുരന്തത്തിനു ശേഷം തനിച്ചായ ജോ ബൈഡന്റെയും മക്കളുടെയും ജീവിതത്തിലേക്കു വന്ന ജിൽ പിന്നീട് ആ കുടുംബത്തിന്റെ നെടുന്തൂണായെന്നു പറയാം. ബൈഡന്റെ രാഷ്ട്രീയ ജീവിതത്തിൽ ജിൽ നൽകുന്ന പിന്തുണ വലുതാണ്. തിരഞ്ഞെടുപ്പുകളിലടക്കം ബൈഡനു കരുത്തായി ജിൽ ഉണ്ടായിരുന്നു. കാൻസർ ബാധിതനായി ബ്യൂ ബൈഡൻ മരിച്ചപ്പോഴും ബൈഡനെ താങ്ങിനിർത്തിയത് ജില്ലാണ്. തിര‍ഞ്ഞെടുപ്പു റാലികളിൽ ബൈഡനു നേരേ പ്രതിഷേധക്കാർ പാഞ്ഞടുത്ത പല അവസരങ്ങളിലും അവരെ പ്രതിരോധിച്ചത് ജില്ലാണ്. മാഞ്ചസ്റ്ററിൽ ബൈഡൻ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്കു കയറിയ പ്രതിഷേധക്കാരെ ജിൽ തടഞ്ഞ് മടക്കിയയക്കുന്ന വിഡിയോയും സൂപ്പർ ട്യൂസ്ഡേ റാലിക്കിടെ പ്രതിഷേധത്തിനൊരുങ്ങിയ രണ്ടുപേരെ തടയുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

joe-jill-biden-4
2019 മേയിൽ കൊളംബിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോ ബൈഡനും ജിൽ ബൈഡനും. Image Credits : Crush Rush / Shutterstock.com

ബൈഡന്റെ തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടെ മക്കളുടെ കാര്യങ്ങളടക്കം ശ്രദ്ധിച്ചത് ജില്ലാണ്. അതേസമയം, തനിക്കിഷ്ടപ്പെട്ട അധ്യാപനജോലിക്കും അവർ സമയം കണ്ടെത്തി. വിദ്യാഭ്യാസത്തിലും ഇംഗ്ലിഷിലും മാസ്റ്റേഴ്സ് ബിരുദമുള്ള ജിൽ ബൈഡൻ 2007 ലാണ് ഡോക്ടറേറ്റ് എടുത്തത്. നോർത്തേൺ വിർജീനിയയിലെ കമ്യൂണിറ്റി കോളജിലെ ഇംഗ്ലിഷ് പ്രഫസറായിരുന്ന ജിൽ, ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോഴും അധ്യാപനം തുടർന്നു. ഭാര്യയുടെ കരിയറിൽ ജോ ബൈഡനും കരുതലും പിന്തുണയും നൽകുന്നുണ്ട്. ജില്ലിന്റെ അധ്യാപകവൃത്തിയിൽ അഭിമാനമുണ്ടെന്ന് പലവട്ടം ബൈഡൻ പറഞ്ഞിട്ടുമുണ്ട്. പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലെ വിജയ പ്രഖ്യാപന വേളയിൽ ജോ ബൈഡൻ പറഞ്ഞത് ഇങ്ങനെയാണ്: ‘അമേരിക്കയിലെ അധ്യാപകർക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. നിങ്ങളുടെ സ്വന്തം ഒരാളും ഇതാ വൈറ്റ് ഹൗസിലെത്തിയിരിക്കുന്നു. ജില്ലിനെയോർത്ത് ഞാനും അഭിമാനിക്കുന്നു’

English Summary : Dr. Jill Biden and President-Elect Joe Biden's Enduring Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com