സുഹൃത്ത് അനാരോഗ്യകരമായ ബന്ധത്തിലാണെന്ന് സംശയമുണ്ടോ? കൈവിടാതെ ചേർത്തുപിടിക്കാം

HIGHLIGHTS
  • പോസിറ്റീവ് ആയി മാത്രം സംസാരിക്കാം, ക്ഷമയോടെ കേൾക്കാം
  • അവരുടെ പ്രശ്നങ്ങൾ നിങ്ങളുടേതും കൂടിയാണെന്ന് ഓർമിപ്പിക്കാം
how-to-help-friend-going-through-unhealthy-relationship
Image Credits : ANN PATCHANAN / Shutterstock.com
SHARE

അതിർവരമ്പുകളില്ലാത്ത സൗഹൃദമെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ടെങ്കിലും ചിലർ ചില രഹസ്യങ്ങൾ ഏറ്റവുമടുത്ത സുഹൃത്തുക്കളോടു പോലും തുറന്നു പറയാറില്ല. മിക്കവാറും ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ ബന്ധങ്ങളിൽ കുടുങ്ങുമ്പോഴായിരിക്കും അങ്ങനെ ചെയ്യുക. ഇനി സുഹൃത്ത് അതേക്കുറിച്ച് നേരിട്ടു പറയാൻ തയാറാകുന്നില്ലെങ്കിൽക്കൂടി സൗഹൃദത്തിന്റെ അതിർ വരമ്പ് ലംഘിക്കാതെ അവരെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാം.

∙ വലിയ ‘ഡെക്കറേഷൻ’ ഒന്നും വേണ്ട, തുറന്നു സംസാരിക്കാം

സുഹൃത്ത് ഒരു പ്രശ്നത്തിലാണെന്നു തനിക്ക് മനസ്സിലായെന്നും സഹായിക്കാൻ തയാറാണെന്നും അവരോട് തുറന്നു പറയാം. സസ്പെൻസ് കളിച്ച് തന്റെ മനസ്സിലുള്ളത് മറ്റേയാൾ കണ്ടുപിടിക്കട്ടെ എന്ന മട്ടിലുള്ള നാടകീയതയ്ക്കൊന്നും പോകാതിരിക്കുകയാണ് നല്ലത്. നീ ഒരു പ്രശ്നത്തിലാണെന്നു ഞാൻ അറിഞ്ഞു നമുക്കിത് ഒരുമിച്ചു നേരിടാം എന്ന ഒറ്റവാചകത്തിലൂടെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കണം.

∙ വലിച്ചു നീട്ടണ്ടാ, ചുരുക്കിപ്പറയാം

ടെൻഷനടിച്ച് ജീവൻ കൈയിൽപിടിച്ചു നിൽക്കുന്ന സുഹൃത്തിന്റെയടുത്തേക്ക് ദയവായി സാരോപദേശ കഥകളുമായി പോകരുത്. ഒറ്റയടിക്ക് ഒരുപാടു കാര്യങ്ങൾ ഒരുമിച്ചു കേൾക്കാനുള്ള മാനസീകാവസ്ഥയിലായിരിക്കില്ല അവർ. പറയാനുള്ള കാര്യങ്ങൾ വലിച്ചു നീട്ടാതെ വളരെ ചുരുക്കിപ്പറഞ്ഞ് അവരുടെ മനസ്സിന് സമാധാനമേകണം.

∙ പോസിറ്റീവ് ആയി മാത്രം സംസാരിക്കാം, ക്ഷമയോടെ കേൾക്കാം

മാനസികസമ്മർദ്ദം താങ്ങാനാകാതെ തകർന്നു നിൽക്കുന്ന സുഹൃത്തിനോട് ഒരിക്കലും കയർത്തു സംസാരിക്കരുത്. അതവർക്ക് താങ്ങാനാകില്ല. പകരം ക്ഷമയോടെ അവർക്കു പറയാനുള്ളതു കേൾക്കണം. നിങ്ങളും സമാനമായ അനുഭവത്തിലൂടെ കടന്നു പോയവരാണെങ്കിൽ ആ സമയത്ത് നിങ്ങൾ സ്വീകരിച്ച പോസിറ്റീവ് നിലപാടുകളെന്തൊക്കെയാണെന്ന് ഉദാഹരണ സഹിതം പറഞ്ഞു കൊടുക്കാം.

∙ അവരുടെ പ്രശ്നങ്ങൾ നിങ്ങളുടേതും കൂടിയാണെന്ന് ഓർമിപ്പിക്കാം

നിനക്കൊരു പ്രശ്നം വന്നാൽ അത് എന്റേതും കൂടിയല്ലേ എന്ന് അവരോടു പറയാം. സന്തോഷങ്ങളിൽ മാത്രമല്ല മോശം സമയത്തും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകാം. അത് നിങ്ങളുമായുള്ള ആത്മബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനുള്ള സാഹചര്യമൊരുക്കും.

∙ ഈ സമയവും കടന്നു പോകും

ഇതിലും വലിയ പ്രശ്നങ്ങളെ ധൈര്യപൂർവം നേരിട്ട നിനക്ക് ഇതിനെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുക. എല്ലാ മനുഷ്യർക്കും തെറ്റുപറ്റാറുണ്ടെന്നും അതിനെക്കുറിച്ചോർത്തു വിഷമിക്കാതെ, തെറ്റുകൾ തിരുത്തി, അതാവർത്തിക്കാതെ ധൈര്യമായി മുന്നോട്ടു പോകണമെന്നും അവരോടു പറയുക.

∙ അവരെ ജഡ്ജ് ചെയ്യരുത്

നിങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് അവർ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ തയാറായതെന്ന കാര്യം മനസ്സിൽ വയ്ക്കണം. അവരുടെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അവരെ ജഡ്ജ് ചെയ്യരുത്. അത് അവർക്ക് നിങ്ങളിലുള്ള വിശ്വാസം തകർക്കും.

∙ ദേഷ്യപ്പെട്ടാലും വെറുക്കരുത്

എന്റെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാൻ വരരുത് എന്ന മട്ടിൽ സുഹൃത്തുക്കൾ ചിലപ്പോൾ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദയവായി അവരെ തെറ്റിദ്ധരിക്കരുത്. അവർ പൊട്ടിത്തെറിക്കുന്നത് നിങ്ങളോടുള്ള ദേഷ്യം കാരണമല്ല. ആ വിഷമഘട്ടത്തിൽ അവർ ഉള്ളിലുള്ള സങ്കടങ്ങളെ തുറന്നുവിട്ടത് അങ്ങനെയാണെന്നു കരുതിയാൽ മതി.

∙ അവർ മനസ്സു തുറക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാം

നിങ്ങൾ സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ സുഹൃത്ത് ഒഴിഞ്ഞു മാറുകയാണോ? വിഷമിക്കേണ്ട. അവർക്ക് വിശ്വാസം വരുന്ന ഒരു ഘട്ടത്തിൽ അവർ നിങ്ങളോടെല്ലാം തുറന്നു പറയും. ഇല്ലെങ്കിൽ മർമ പ്രധാന കാര്യങ്ങളെങ്കിലും പങ്കുവയ്ക്കാൻ തയാറാകും. എല്ലാം തുറന്നു പറയാൻ അവരുടെ മനസ്സ് തയാറാകുന്നതുവരെ കാത്തിരിക്കണമെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA