ADVERTISEMENT

കായികതാരമായി നേട്ടങ്ങൾ കൊയ്യുക, പിന്നീട് ടിവി സീരിസുകളിലും സിനിമകളിലും സാന്നിധ്യമാകുക. മൂന്നു വിവാഹങ്ങൾ, അതിൽ ആറു മക്കൾ. 100 മില്യന്‍ ഡോളറിന്റെ ആസ്തി. 66–ാം വയസ്സിൽ മനസ്സുകൊണ്ട് ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്യുക. സംഭവബഹുലമെന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്നതാണ് വില്യം ബ്രൂസ് ജെന്നർ എന്ന കെയ്‌റ്റ്‌ലിൻ ജെന്നറിന്റെ ജീവിതം. ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തയായ ട്രാൻസ്ജെൻഡർ ആരാണെന്നു ചോദിച്ചാൽ ഉത്തരം കെയ്റ്റലിൻ ജെന്നർ എന്നാണ്. താനൊരു സ്ത്രീയായി ജീവിക്കാൻ പോകുന്നു എന്ന കെയ്റ്റലിന്റെ പ്രഖ്യാപനം ആളുകളിൽ അത്രയേറെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ആ തീരുമാനം വർഷങ്ങളോളം സമൂഹത്തിൽ അലകൾ സൃഷ്ടിച്ചിട്ടുണ്ട്. ബ്രൂസ് ജെന്നറിൽനിന്ന് കെയ്റ്റ്ലിൻ ജനിച്ച കഥ: 

1949 ഒക്ടോബറിൽ ന്യൂയോർക്കിലായിരുന്നു ബ്രൂസിന്റെ ജനനം. സ്പോർട്സ് ആയിരുന്നു അവന്റെ ജീവിതത്തിലെ ലഹരി. ആദ്യം ഫുട്ബോളിനോടായിരുന്നു പ്രണയം. എന്നാൽ കാൽമുട്ടിനേറ്റ പരുക്കും തുടർന്നുണ്ടായ ശസ്ത്രക്രിയയും ഫുട്ബോൾ ഉപേക്ഷിക്കാൻ ബ്രൂസിനെ നിർബന്ധിതനാക്കി. എന്നാൽ ഡെക്കാത്‌ലൺ കരിയറിന് ഇതോടെ തുടക്കമായി. ആറു വർഷം നീണ്ട ഡെക്കാത്‌ലൺ കരിയറിൽ വിജയകിരീടങ്ങൾ ചൂടി. 1976 സമ്മർ ഒളിംപിക്സിൽ ലോക റെക്കോർഡ് നേടിയായിരുന്നു വിജയം. ഇതോടെ ബ്രൂസിന് അമേരിക്കയിൽ ഹീറോ പരിവേഷം ലഭിച്ചു. ലോകത്തെ ഏറ്റവും മികച്ച കായികതാരം എന്നും പൗരുഷത്തിന്റെ പ്രതീകം എന്നുമായിരുന്നു അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 

jenner-2

കായികലോകം വിട്ടപ്പോഴും ബ്രൂസിനെ തേടി നിരവധി അവസരങ്ങൾ വന്നു. വമ്പൻ ബ്രാൻഡുകൾ അയാളെ അവരുടെ മോഡലും വക്താവും ആക്കാൻ മത്സരിച്ചു. ഇതോടൊപ്പം ടെലിവിഷനിലെ നിറസാന്നിധ്യമായും ബ്രൂസ് മാറി. അക്കാലത്തെ അമേരിക്കൻ പെൺകുട്ടികളുടെ സ്വപ്ന നായകന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 

1972 ൽ ആയിരുന്നു ആദ്യ വിവാഹം. ക്രിസ്റ്റി സ്കോട്ട് ആയിരുന്നു ഭാര്യ. ഈ ബന്ധത്തിൽ ബർട്ട് എന്ന മകനും കസാന്ദ്ര എന്ന മകളുമാണുള്ളത്. 1981 ൽ ക്രിസ്റ്റിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചു. ആ വർഷംതന്നെ നടി ലിൻഡ തോംപ്സണെ വിവാഹം ചെയ്തു. 5 വർഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്സ്. ബ്രാൻഡൻ, സാം എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഈ ബന്ധത്തിലുള്ളത്.

bruce-caitlyn-jenner

ഇതിനുശേഷമാണ് ക്രിസ് ഹോങ്സ്റ്റൺ ബ്രൂസിന്റെ ജീവിതത്തിലേക്കു വരുന്നത്. അമേരിക്കയിലെ അറ്റോർണിയും ബിസിനസുകാരനുമായ റോബർട്ട് കർദാഷിയാനുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചാണ് ക്രിസ് ബ്രൂസിന്റെ ജീവിത സഖിയായത്. ഇവർക്ക് കെൻഡൽ, കെയ്‌ൽ എന്നീ രണ്ടു പെൺമക്കളാണുള്ളത്. കർദാഷിയാൻ–ജെന്നർ കുടുംബം എന്ന പേരിൽ ടെലിവിഷൻ ലോകത്ത് ഇവർ താരങ്ങളാകുകയും ചെയ്തു. എന്നാൽ 2013 ൽ വേർപിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയ ക്രിസ്–ബ്രൂസ് ദമ്പതികൾ 2015 ൽ വിവാഹമോചിതരായി. അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കാരണമായി പറഞ്ഞത്.

അഭിനയത്തിനൊപ്പം സംവിധാനം, നിർമാണം, തിരക്കഥ എന്നിങ്ങനെ പല മേഖലകളിലും ബ്രൂസ് കൈവച്ചു. ഇതെല്ലാം വിജയമാകുകയും ചെയ്തു. ബ്രൂസിന്റെ കൂടി കഠിനാധ്വാനത്തിന്റെ ഫലമായാണ് അമേരിക്കൻ ടെലിവിഷന്‍ ലോകത്തെ ശക്തമായ സാന്നിധ്യമായി കർദാഷിയാൻ കുടുംബം വളർന്നത്. ഇതു കൂടാതെ വേറെയും ബിസിനസ്സുകളിൽ  ബ്രൂസ് വെന്നിക്കൊടി പാറിച്ചു. 

jenner-5
Image Credits : Tinseltown / Shutterstock.com

അവൻ അവളാകുന്നു

2015 ലാണ്, ഇനിയൊരു പെണ്ണായി ജീവിക്കാൻ പോകുന്നുവെന്ന കാര്യം ബ്രൂസ് വെളിപ്പെടുത്തിയത്. ‘ഇത്രയും നാൾ ഞാൻ എന്നോടുതന്നെയും, ഈ ലോകത്തോടും നുണ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇനി അതില്ല. ഞാൻ സ്വതന്ത്രയായി. ഈ ഫോട്ടോഷൂട്ട് എല്ലാം മാറ്റിമറിക്കുമെന്നുറപ്പാണ്...’ ലോകോത്തര ഫാഷൻ മാഗസിനായ വാനിറ്റി ഫെയറിന്റെ കവർപേജിൽ വെളുത്ത വൺ പീസ് ഡ്രസ് ധരിച്ച് നിൽക്കുന്ന ബ്രൂസിന്റെ ഫോട്ടോ വന്നു. ‘ഇനിയെന്നെ കെയ്റ്റ്ലിൻ എന്നു വിളിക്കുക’ എന്ന വാക്കുകളോടെയായിരുന്നു കവർചിത്രം  പ്രസിദ്ധീകരിച്ചത്. അതുമാത്രം മതിയായിരുന്നു അയാളുടെ ജീവിതം മാറ്റിമറിക്കാൻ. 

jenner-4

അറുപത്തിയഞ്ചാം വയസ്സിലെ ആ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഞെട്ടിയവർ, ആ ധൈര്യത്തിന് ആശംസ അറിയിച്ചവർ, പിന്തുണച്ചവർ, വിമർശിച്ചവർ... എത്രയോ പേർക്ക് ബ്രൂസ് ഒരു സ്വാധീനമായി മാറി. 

ട്വിറ്ററിൽ കെയ്റ്റ്ലിൻ ജെന്നർ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നാലു മണിക്കൂറിനകം ലഭിച്ചത് 10 ലക്ഷം ഫോളോവർമാരെ. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്വിറ്റർ റെക്കോർഡാണ് കെയ്റ്റ്ലിൻ തകർത്തത്. ഒബാമയ്ക്ക് അഞ്ചുമണിക്കൂറെടുത്താണ് ഫോളോവർമാർ 10 ലക്ഷമായത്. പെണ്ണായി മാറിയതിലുള്ള സന്തോഷം പങ്കുവച്ച് കെയ്റ്റ്ലിൻ നടത്തിയ ആദ്യട്വീറ്റിനു മറുപടി പറയാൻ ഒബാമയുമുണ്ടായിരുന്നു. ‘ഈ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. എൽജിബിടി അവകാശപ്പോരാട്ടങ്ങളിൽ കെയ്റ്റ്ലിന്റെ കഥയ്ക്കും നിർണായകസ്ഥാനമുണ്ടാകും’ എന്നായിരുന്നു ഒബാമയുടെ ട്വീറ്റ്. 

jenner-1

ഹോളിവുഡ്–ഫാഷൻ–സംഗീത മേഖലയിലെ സെലിബ്രിറ്റികളും ബ്രൂസിന്റെ‍ തീരുമാനത്തെ വാനോളം പുകഴ്ത്തി. ഇതൊരു ധീരമായ നടപടിയാണെന്നു മാത്രമല്ല നിങ്ങൾ വളരെ സുന്ദരിയായിരിക്കുന്നുവെന്നും എഴുതി അവരെല്ലാം. ലേഡി ഗാഗ, നടിമാരായ ഡെമി മൂർ, എമ്മ റോബർട്സ്, കെറി വാഷിങ്ടൻ തുടങ്ങിയവർക്കൊപ്പം മക്കളും ബ്രൂസിന് പരിപൂർണ പിന്തുണയുമായെത്തിയിരുന്നു. 

‘ബ്രൂസിന് എല്ലാ ദിവസവും നുണ പറഞ്ഞുകൊണ്ട് ജീവിക്കണമായിരുന്നു. ദിവസം മുഴുവനും ഒരു രഹസ്യവും പേറിയായിരുന്നു അയാളുടെ ജീവിതം. എന്നാൽ കെയ്റ്റിലിന് യാതൊരു രഹസ്യങ്ങളുമില്ല. അതുകൊണ്ടുതന്നെ ബ്രൂസിനേക്കാളും നല്ലവളായിരിക്കും കെയ്റ്റ്ലിൻ..’ വാനിറ്റി ഫെയർ അഭിമുഖത്തിൽ കെയ്റ്റ്ലിൻ പറയുന്നു. ശസ്ത്രക്രിയകളിലൂടെ ബ്രൂസ് സ്ത്രീയായി മാറി. കെയ്റ്റ്ലിൻ എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. 

jenner-3

കെയ്റ്റ്ലിന്റെ ആദ്യകാല അഭിമുഖങ്ങൾ അമേരിക്കയിൽ പുതിയ റേറ്റിങ് റെക്കോർഡുകൾ കുറിച്ചു. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, അവരെ അപമാനിക്കുന്ന തരത്തിലുളള ഹാസ്യപരിപാടികൾക്കെതിരെയുള്ള നിലപാട്, സ്വർവഗാനുരാഗം തുടങ്ങിയ വിഷയങ്ങൾക്ക് സമൂഹത്തിൽ വലിയ പ്രാധാന്യം ലഭിക്കാൻ കെയ്റ്റ്ലിൻ കാരണമായി. ധാരാളം അവാർഡുകളും ഇക്കാലയളവിൽ കെയ്റ്റ്ലിനെ തേടിയെത്തി. 2016 ടൈം മാസികയുടെ ‘ലോകത്തെ സ്വാധീനിച്ച 100 പേർ’ പട്ടികയിൽ ഒരാൾ കെയ്റ്റ്ലിൻ ആയിരുന്നു. ഇതോടൊപ്പം കെയ്റ്റ്ലിന്റെ ചില പരാമർശങ്ങൾ വിവാദങ്ങൾക്കു കാരണമാകുകയും ചെയ്തു.

ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തിയുള്ള ട്രാൻസ്ജെൻഡർ എന്നറിയപ്പെടുന്നത് കെയ്റ്റ്ലിനാണ്. ധീരതയുടെ പ്രതീകമായാണ് കെയ്റ്റ്ലിനെ ലോകം വിലയിരുത്തിയത്. 2015 ൽ, മനക്കരുത്തിനുള്ള ആർതർ ആഷ് അവാർഡ് വാങ്ങുന്ന വേളയിൽ നടത്തിയ പ്രസംഗത്തിൽ കെയ്റ്റ്ലിൻ പറഞ്ഞതിങ്ങനെ, ‘ഞാൻ കഠിനമായി പരിശീലിച്ചിരുന്നു, കഠിനമായി മത്സരിച്ചിരുന്നു, അതുകൊണ്ടാണ് ജനങ്ങൾ എന്നെ ബഹുമാനിക്കുന്നത്. എന്നാൽ ഈ രൂപമാറ്റം എനിക്കും എന്നെപ്പോലെ മറ്റു പലർക്കും ചിന്തിക്കാവുന്നതിനേക്കാൾ കഠിനമാണ്. ഇക്കാരണത്താൽ മാത്രം ട്രാൻസ് വ്യക്തികൾ നിർണായകമായ ചിലത് അർഹിക്കുന്നു, അവർ നിങ്ങളുടെ ബഹുമാനം അർഹിക്കുന്നു’’... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com