പുതിയ ജീവിതം തുടങ്ങിയാലും പഴയ പങ്കാളിയോട് സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റുണ്ടോ?

HIGHLIGHTS
  • പഴയ പങ്കാളിയെയും ഇപ്പോഴുള്ള പങ്കാളിയെയും താരതമ്യം ചെയ്യരുത്
  • ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭൂതകാലത്തെ അനുഭവങ്ങളെക്കുറിച്ച് സൂചന നൽകാം
reasons-why-you-should-not-bring-up-your-ex-with-your-new-partner
Image Credits : Antonio Guillem / Shutterstock.com
SHARE

മുൻഭാര്യയുമായും അവരുടെ ഇപ്പോഴത്തെ പങ്കാളിയുമായും താൻ അടുത്ത സൗഹൃദം പുലർത്തുന്നുണ്ടെന്നു പറയുന്ന ഒരു കഥാപാത്രത്തെ മോഹൻലാൽ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. രഘുനന്ദൻ എന്ന കഥാപാത്രത്തിന്റെ അമിത മദ്യപാനാസക്തിയും അതുമൂലമുള്ള പ്രശ്നങ്ങളും കാരണമാണ് ഭാര്യ അയാളിൽ നിന്ന് വിവാഹമോചനം നേടിയതും മകനുമായി പോയതും. ചിത്രത്തിലെ ഒരു നിർണായക മുഹൂർത്തത്തിൽ, ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളി അലക്സിക്ക് ഗുരുതരമായ ഒരു രോഗമുണ്ടെന്ന് രഘുനന്ദൻ അറിയുമ്പോൾ അയാളെ സമാധാനിപ്പിക്കാനായി അലക്സി പറയുന്ന ഒരു ഡയലോഗുണ്ട്. തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഭാര്യയും മകനും തനിച്ചാവരുതെന്ന്. അവർ രഘുനന്ദന്റെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് താൻ കരുതുന്നില്ലെന്നും അങ്ങനെ സംഭവിച്ചാൽ അതിൽ താൻ സന്തോഷിക്കുകയേയുള്ളൂവെന്നും അലക്സി പറയുന്നുണ്ട്.

ജീവിതത്തിൽ ഇനി ഇയാൾ കൂടെ വേണ്ട എന്നു തീരുമാനിച്ചുറപ്പിച്ച് മറ്റൊരു ബന്ധത്തിൽ അഭയം തേടുമ്പോൾ, പഴയബന്ധം പാടേ അറുത്തു മുറിച്ചു കളയണോ അതോ പഴയ പങ്കാളിയുമായി സൗഹൃദം തുടരണോ എന്നൊക്കെ പലർക്കുമുണ്ടാകുന്ന സംശയമാണ്. അതൊക്കെ തികച്ചും വ്യക്തിപരമാണെന്നിരിക്കെത്തന്നെ, പഴയ ബന്ധത്തെ അധികം പ്രോത്സാഹിപ്പിക്കണ്ട എന്ന നിലപാടു സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് റിലേഷൻഷിപ്സ് വിദഗ്ധർ പറയുന്നത്.

മനസ്സിനെ ഒരുപാട് മുറിവേൽപിച്ച സംഭവങ്ങൾ ഭൂതകാലത്തിൽ ഉണ്ടാവാം. അതിനെക്കുറിച്ച് ഓർക്കുന്നതും പഴയ ആളുകളുമായി സൗഹൃദം പുലർത്താൻ ശ്രമിക്കുന്നതും തീർച്ചയായും സ്വസ്ഥത കെടുത്തും.

1. സംസാരിക്കാം, പൊതുവായ ഇഷ്ടങ്ങളെക്കുറിച്ച്

നിങ്ങളുടെ മാനസികാവസ്ഥ നന്നായി മനസ്സിലാക്കി നിങ്ങളുമായി പുതിയൊരു ജീവിതം ആരംഭിക്കാനൊരുങ്ങുന്ന പങ്കാളിയോട് ഭൂതകാലത്തിലെ മുറിവുകളെക്കുറിച്ച് ആദ്യമേ സംസാരിക്കരുത്. നിങ്ങളുടെ പൊതു താൽപര്യങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കി ആ വ്യക്തിയെ നന്നായി അടുത്തറിയാൻ ശ്രമിക്കുക.

2. താരതമ്യം ചെയ്യരുത്

പഴയ പങ്കാളിയെയും ഇപ്പോഴുള്ള പങ്കാളിയെയും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്. ഭൂതകാലത്തിലെ മോശം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ബോധപൂർവം എടുക്കാം. പക്ഷേ നിങ്ങൾ പഴയ ആളുമായി താരതമ്യം ചെയ്യുന്നുണ്ടെന്ന് ഒപ്പമുള്ള പങ്കാളിക്ക് തോന്നിയാൽ അവർ നിങ്ങൾക്ക് ഓകെ അല്ല എന്ന തോന്നൽ അവർക്കുണ്ടാകാം.

3. പഴയ ബന്ധത്തിന്റെ കെട്ടുവിട്ടിട്ടില്ല

പുതിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയെങ്കിലും പഴയ പങ്കാളിയെക്കുറിച്ച് എപ്പോഴും ഓർക്കുന്നതും സംസാരിക്കുന്നതും ഇപ്പോഴുള്ള പങ്കാളിയുടെ മനസ്സിൽ അലോസരമുണ്ടാക്കും. പുതിയ ജീവിതത്തിലും പഴയ കാര്യങ്ങൾ ഓർത്തിരുന്നാൽ നിങ്ങൾ അതിൽനിന്നു പൂർണരായി മുക്തരായിട്ടില്ലെന്നും അവർക്കു തോന്നാം.

4. പഴങ്കഥകൾ ആവർത്തിക്കല്ലേ

പഴയ ബന്ധത്തിൽനിന്ന് പൂർണമായും മോചനം നേടി മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്തിയാൽ, ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ പഴങ്കഥകളുടെ കെട്ടഴിക്കരുത്. ആദ്യ ഇംപ്രഷൻ തന്നെ നശിപ്പിക്കാൻ അതൊരു കാരണമായിക്കൂടെന്നില്ല.

5. അപക്വമായി പെരുമാറല്ലേ

പങ്കാളിയുമായി നന്നായി അടുത്ത് പുതിയൊരു ജീവിതം ആരംഭിക്കാമെന്ന ഘട്ടമെത്തിയാൽ, പഴയ ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭൂതകാലത്തെ അനുഭവങ്ങളെക്കുറിച്ച് സൂചന നൽകാം. പങ്കാളി വിശദമായി ചോദിക്കുന്നതുവരെ എല്ലാക്കാര്യങ്ങളും വിശദീകരിച്ച് പറയണമെന്നില്ല. ചെറിയ കാര്യങ്ങൾ പോലും വലുതാക്കി പറയുന്നത് നിങ്ങളുടെ അപക്വതയായി അവർ വിലയിരുത്താനുള്ള സാധ്യതയുണ്ട്.

ഒരിക്കൽ ഉപേക്ഷിച്ച ജീവിതത്തെയും പങ്കാളിയേയും പുതിയ ജീവിതത്തിലേക്ക് ക്ഷണിക്കാതിരിക്കുന്നതു തന്നെയാണ് ഉചിതം. ആരോഗ്യകരമായ സൗഹൃദം എന്നൊക്കെ തുടക്കത്തിൽ തോന്നിയേക്കാമെങ്കിലും ഏതെങ്കിലുമൊരു ഘട്ടത്തിൽ അതൊരു ബാധ്യതയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA