ADVERTISEMENT

കേരളം ഏറെ ആഘോഷിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാലിപ്പോൾ ഇരുവരും പിരിഞ്ഞുവെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. യഥാർഥത്തിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്.

നിവേദിന്റെ വാക്കുകൾ : പല തരത്തിലുള്ള വാർത്തകളാണ് വരുന്നത്. അതിൽ പകുതിയും സത്യമല്ല. ഞാൻ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേർപിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ ഞാനൊരിക്കലും റഹീമിനെ കുറ്റപ്പെടുത്തുകയോ റഹീം എന്റെ ജീവിതം നശിപ്പിച്ചെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞങ്ങൾ വിവാഹിതരായത്. 10 ദിവസം ബെംഗളൂരുവിൽ ഒരുമിച്ച് ജീവിച്ചു. അതിനുശേഷം റഹീം യുഎഇലേക്ക് മടങ്ങി. ഞാൻ ബെംഗളൂരുവിലും. പിന്നീട് കഴിഞ്ഞ വർഷം നവംബർ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു. പക്ഷേ അതിനു ശേഷം ഒരു നാലു മാസക്കാലത്തോളം റഹീം എന്നെ വിളിക്കാതെയായി. ഒരു കോൺടാക്ടും ഇല്ല. ഞാൻ തകർന്നു എന്നത് സത്യമാണ്. മാനസികമായി സമ്മർദം അനുഭവിച്ചു.

നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള്‍ ചേർന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. ആദ്യം വിഷമം തോന്നി. പിന്നെ ഞാൻ അത് ഉൾക്കൊണ്ടു. കാരണം റഹീം അത് എന്നോട് തുറന്നു പറഞ്ഞല്ലോ. എന്നോട് മറച്ചുവച്ച് വഞ്ചിച്ചില്ലല്ലോ. ഇപ്പോൾ ഞാനിത് തുറന്നു പറയാൻ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്പോൾ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്പോൾ അത് എന്നെ കൂടുതൽ വിഷമത്തിലാക്കും. തുറന്നു പറഞ്ഞാൻ പേരുദോഷം ഉണ്ടാകുെമന്ന് ഒന്നും ചിന്തിക്കുന്നില്ല. ഞാനും റഹീമും പിരിഞ്ഞു എന്ന് തന്നെ ഇപ്പോൾ പറയുന്നു.

nived-rahim-1

എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാൻ കാരണമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഐവിഎഫ് വഴി കുട്ടിയെ വേണമെന്ന ആഗ്രഹം ഞാൻ റഹീമിനോട് പറഞ്ഞിരുന്നു. അതിന് എന്റെ സുഹൃത്ത് വാടകഗർഭധാരണത്തിനായി മുന്നോട്ട് വരികയും ചെയ്തു. പക്ഷേ റഹീം അന്ന് പറഞ്ഞത് ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നാണ്. അതെനിക്ക് വിഷമമുണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ ഞങ്ങൾ പിരിഞ്ഞത് അതുകാരണമല്ല. ഒരു ദാമ്പത്യ ബന്ധം ഇനി സാധ്യമല്ല എന്നതാണ് കാരണം. റഹീം അത് എന്നോട് തുറന്നു പറഞ്ഞു.

റഹീം ഇപ്പോൾ യുഎഇയിലാണ്. എനിക്ക് റഹീമിനോടോ തിരിച്ചോ യാതൊരു ശത്രുതയുമില്ല. എനിക്കുറപ്പുണ്ട്. റഹീമിന് ഒരു അത്യാവശ്യം വന്നാൽ ആദ്യം എന്നെയാകും വിളിക്കുക എന്ന്. ഞാനിപ്പോൾ ബെംഗളൂരുവിലാണ്. ഈ സംഭവം ഏറെ വേദനിപ്പിച്ചത് എന്റെ അച്ഛനെയും അമ്മയെയുമാണ്. കാരണം അവർ കൊച്ചിയിലാണ്. എല്ലാവരും അവരോട് ഇതേക്കുറിച്ച് ചോദിക്കും. ആദ്യം ഞങ്ങളുടെ ബന്ധത്തെ എതിർത്തെങ്കിലും പിന്നീട് അവർ അത് സ്വീകരിച്ചതാണ്. രണ്ടു വീട്ടുകാരും. എന്തായാലും ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാൻ എന്നും ഒരു ഗേ ആയിരിക്കും, അതിൽ മാറ്റമില്ല. പിന്നെ പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരോട്.. 'ഡേറ്റിങ്ങിലാണ്. കൂടുതൽ പറയാനായിട്ടില്ല’ എന്നാണ് മറുപടി. ഇല്ലാത്ത വാർത്തകൾ വളച്ചൊടിച്ച തലക്കെട്ടുകളോടെ കൊടുക്കരുതെന്നും നിവേദ് അഭ്യർഥിക്കുന്നു. 

English Summary : Gay Couple Rahim and Nived Separated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com