ADVERTISEMENT

‘‘പ്രിയപ്പെട്ടവരെ നിങ്ങൾ എല്ലാവരും പേന ഉപയോഗിക്കുന്നവരാണല്ലോ ? പ്ലാസ്റ്റിക് പേനകൾക്ക് പകരം ഈ വിത്തടങ്ങിയ പേപ്പർ പേനകൾ ഉപയോഗിക്കാൻ നിങ്ങൾ തയാറായാൽ അത് പ്രകൃതിക്ക് ഗുണമാവും. ഒപ്പം ഞാനുൾപ്പടെയുള്ള ഭിന്നശേഷിക്കാരായ കുറച്ചുപേർക്ക് വരുമാന മാര്‍ഗവും’’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലെ ഈ വാക്കുകളിലുണ്ട് ഇ.ആർ അശ്വിൻ ആരാണെന്ന്. അയാളുടെ ഉൾക്കാഴ്ചയുടെ പ്രകാശം പരക്കുന്നത് മറ്റുളളവരിലേക്കും പ്രകൃതിയിലേക്കും കൂടിയാണ്. 

കണ്ണുകളിലെ ഇരുട്ടിന് അശ്വിന്റെ ജീവിതത്തെ തടഞ്ഞു നിർത്താനായില്ല. പൊളിറ്റിക്കിൽ സയൻസിൻ ബിരുദാനന്തരബിരുദം നേടി ഇപ്പോൾ ജോലിയെന്ന സ്വപ്നത്തോടെ മത്സരപരീക്ഷകൾക്ക് തയാറെടുക്കുകയാണ് അശ്വിൻ. ഇതിന്റെ ഭാഗമായുള്ള പഠനത്തിനും മറ്റു ചെലവുകൾക്കുമായി വരുമാനം കണ്ടെത്താനുള്ള വഴി ആലോചിച്ചപ്പോഴാണ് പേപ്പർ പേനകൾ മുമ്പിൽ തെളിഞ്ഞത്. ശരീരം തളർന്ന ചില സുഹൃത്തുക്കൾ പേപ്പര്‍ പേന ഉണ്ടാക്കുന്നുണ്ട്. അതിന്റെ വിപണനം കൂടുതൽ കാര്യക്ഷമമാക്കാനായിരുന്നു തീരുമാനം. ‘‘എനിക്ക് കാഴ്ചയില്ലെന്നേ ഉള്ളൂ. പക്ഷേ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും. എന്നാൽ ശരീരം തളര്‍ന്നവരുടെ കാര്യം കഷ്ടമാണ്. ജീവിതച്ചെലവിനെല്ലാം അവർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ട് അവർക്കും കൂടി വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അവർ പേന ഉണ്ടാക്കുന്നുണ്ടെങ്കിലും പരിമിതികൾ കാരണം ഒരുപാട് പേരിലേക്ക് എത്തിക്കാനാവുന്നില്ല. ആ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്’’– അശ്വിൻ പറഞ്ഞു.

പേനയുടെ റീഫിൽ ഒഴിച്ച് ബാക്കിയെല്ലാം പേപ്പറാണ്. ഒരു വിത്തും പേനയിലുണ്ട്. ഉപയോഗശേഷം പേന വലിച്ചെറിയുമ്പോൾ ഒരു വൃക്ഷം മുളയ്ക്കാനുള്ള സാധ്യത അവശേഷിക്കുന്നു. ഇന്ത്യയിലെവിടേയ്ക്കും പേന അയച്ചു കൊടുക്കും. പത്തു രൂപയാണ് ഒരു പേനയുടെ വില. കുറഞ്ഞത് 25 എണ്ണമെങ്കിലും ഓഡർ ചെയ്യണമെന്നു മാത്രമാണ് ആവശ്യം. അല്ലെങ്കിൽ പോസ്റ്റൽ ചാർജ് കഴിഞ്ഞ് കാര്യമായി ഒന്നും കിട്ടില്ല. ആവശ്യമെങ്കിൽ വിദേശത്തേയ്ക്കും അയച്ചു നൽകാമെന്ന് അശ്വിൻ പറയുന്നു.

പേനയുടെ പ്രചാരണത്തിന് സമൂഹമാധ്യമങ്ങളാണ് അശ്വിൻ ഉപയോഗിക്കുന്നത്. ടോപ് ബാക് സംവിധാത്തിലൂടെയാണ് മൊബൈൽ ഉപയോഗിക്കുന്നത്. വാർത്തകളും മറ്റുള്ള വായനയും ഇങ്ങനെ തന്നെ നടക്കുന്നു. 

ജോലി നേടിയാലും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്നാണ് അശ്വിന്റെ ആഗ്രഹം. വിദ്യാഭ്യാസമുൾപ്പടെ പല മേഖലകളിലും ഭിന്നശേഷിക്കാർ പിന്തള്ളപ്പെട്ടു പോകുന്നു. ഭിന്നശേഷിക്കാർക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങൾ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇപ്പോഴുമില്ല. ഇതെല്ലാം മുഖ്യധാരയിലേക്ക് എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഈ സാഹചര്യം മാറാനുള്ള പ്രവർത്തനങ്ങളാണ് മനസ്സിലുള്ളതെന്ന് അശ്വിൻ പറയുന്നു. 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് അശ്വിന്‍. അച്ഛൻ രമേഷ് കർഷകനാണ്. അമ്മ ഷൈലജ വീട്ടമ്മയും.  ഫോൺ : 91 8547921107

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com