ADVERTISEMENT

ദേശീയ പുരസ്കാരം നേടിയ ഒരു ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചൊരു പെൺകുട്ടി. പിന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി സീരിയലുകളിലും ഹാസ്യപരിപാടികളിലും നിറഞ്ഞു നിന്നു. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന, കാമ്പുള്ള ക്യാരക്ടർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അനു ജോസഫ് തന്റെ പേരിനൊപ്പം വ്ലോഗർ എന്ന വിശേഷണം കൂടി കൂട്ടിച്ചേർത്തത് അടുത്തിടെയാണ്. സൈബർ ആക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താരം കരിയറിലെയും വ്യക്തിജീവിതത്തിലെയും പുതിയ വിശേഷങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.

∙ അഭിനേത്രിയായിട്ട് 17 വർഷം. ക്യാരക്ടർ റോളുകളും ഹാസ്യവും തന്മയത്വത്തോടെ കൈകാര്യം ചെയ്ത് ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചു. തുടക്കകാലവുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും വന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

2003 ലാണ് അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തിൽ ഇൻഡസ്ട്രിയിൽ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷൻ എന്ന കാര്യത്തിനെക്കുറിച്ചൊന്നും ആ സമയത്തൊരു ഉറപ്പില്ലല്ലോ. എന്താണ് നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്നതിനെപ്പറ്റിയൊന്നും നമുക്ക് ഒരു ധാരണയുമില്ലല്ലോ. കരിയറിന്റെ തുടക്കകാലത്ത് അങ്ങനെയുള്ള ചെറിയ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ  കരിയർ ഇതു തന്നെയാണെന്നുറപ്പിച്ചു. തുടക്കകാലവുമായി തട്ടിച്ചു നോക്കുമ്പോൾ ജോലിയെ ഗൗരവത്തോടെ കാണാൻ തുടങ്ങി എന്നതു തന്നെയാണ് വലിയൊരു മാറ്റം. തുടക്കകാലത്തൊക്കെ പ്രായത്തിന്റെ പക്വതക്കുറവുകൊണ്ട് കുഞ്ഞുകാര്യങ്ങളിലൊക്കെ കോംപ്രമൈസ് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഇൻഡസ്ട്രിയെപ്പറ്റിയും കരിയറിനെപ്പറ്റിയും അതിനോടു സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റിയും കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഇത്രയും വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഇങ്ങനെയുള്ള മാറ്റങ്ങളാണ് കരിയറിലും വ്യക്തി ജീവിതത്തിലും വന്നിട്ടുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

∙ നടി, നർത്തകി, അവതാരക എന്നിങ്ങനെ ഏറെയുണ്ട് വിശേഷണങ്ങൾ. 2020ൽ വ്ലോഗറുമായി. വ്ലോഗിങ് അനുഭവങ്ങളെക്കുറിച്ച്?

വ്ലോഗിങ്ങിനെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ രണ്ടു ചാനൽ ചെയ്യുന്നുണ്ട്. ഒന്ന് ഒഫിഷ്യൽ ചാനലും രണ്ട് പൂച്ചകളെക്കുറിച്ചുള്ള ചാനലും. ഒഫിഷ്യൽ ചാനലിൽ ബ്യൂട്ടിടിപ്സ്, പാചകം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് കൂടുതൽ ചെയ്യുന്നത്. അതുകണ്ടിട്ട് പ്രേക്ഷകർ ഫീഡ്ബാക്കുകൾ നൽകുമ്പോൾ സന്തോഷം തോന്നാറുണ്ട്. പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നതിനേക്കാളോ സീരിയലിൽ അഭിനയിക്കുന്നതിനേക്കാളോ കൂടുതൽ ആളുകളുമായി അടുക്കാനും ഞാനെന്താണെന്ന് അവർക്കറിയാനും എനിക്കിങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ അവരുമായി പങ്കുവയ്ക്കാനും ഒരു സ്പേസ് കിട്ടിയതും അവരുടെ സ്നേഹം ഒരുപാടടുത്തു നിന്നെന്ന പോലെ അനുഭവിച്ചറിയാൻ കഴിഞ്ഞതും വ്ലോഗിങ്ങിലൂടെയാണെന്നാണ് എനിക്കു തോന്നുന്നത്. തികച്ചും അപരിചിതരായ ആളുകൾ ഈ വ്ലോഗിങ്ങിലൂടെ നമ്മളെ അടുത്തറിയുന്നതും ഒരു കുടുംബാംഗത്തെപ്പോലെ സ്നേഹിക്കുന്നതും എവിടെച്ചെന്നാലും സ്നേഹത്തോടെ കുശലപ്രശ്നങ്ങൾ നടത്തുന്നതുമൊക്കെ ഏറെ സന്തോഷം നൽകുന്നുണ്ട്.

anu-joseph-1

∙ പാചകം, ബ്യൂട്ടിടിപ്സ് വിഡിയോകൾ തുടങ്ങിയവയാണല്ലോ യുട്യൂബ് ചാനലിൽ കൂടുതലുള്ളത്. നൃത്ത വിഡിയോകൾ, ‌ട്രാവൽ വ്ലോഗ് ഒക്കെ പ്രതീക്ഷിക്കാമോ?...

അനു ജോസഫ് ഒഫിഷ്യൽ എന്ന പേജിൽ ബ്യൂട്ടി ടിപ്സ്, പാചകം എന്നിവയും രണ്ടാമത്തെ ചാനലിൽ പൂച്ചകളെക്കുറിച്ചുമാണ് കണ്ടന്റ്. രണ്ട് എക്സ്ട്രീമുകളിലുള്ള കാര്യങ്ങളാണ് രണ്ട് ചാനലുകളിലും അപ്‌ലോഡ് ചെയ്യുന്നത്. ഞാനൊരു പെറ്റ്ലവറാണ്. ഇപ്പോൾ 12 പൂച്ചകളുണ്ടെനിക്ക്. ഇതെല്ലാം വളരെ യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. ഇനി ഏതൊക്കെ തരത്തിലുള്ള കണ്ടന്റുകൾ തുടർന്നു ചെയ്യണം എന്നതിനെപ്പറ്റി ഒരു പദ്ധതിയും ഇപ്പോൾ മനസ്സിലില്ല. വരുന്നതു പോലെ കാര്യങ്ങളെ സ്വീകരിക്കുകയാണ് പതിവ്. അപ്പോൾ മനസ്സിൽ തോന്നുന്ന വിഷയങ്ങളെക്കുറിച്ച് കണ്ടന്റുകൾ തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന രീതിയിൽത്തന്നെ മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ തീരുമാനം.

∙ അനുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് നീണ്ട ഇടതൂർന്ന മുടിയാണ്. കേശസംരക്ഷണവുമായി ബന്ധപ്പെട്ട യുട്യൂബ് വിഡിയോ ഏറെയാളുകൾ കണ്ടുകഴിഞ്ഞു. പാരമ്പര്യമായി ലഭിച്ചതാണോ മുടിയഴക്? ഷൂട്ടിങ് തിരക്കിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എങ്ങനെയാണ് സമയം കണ്ടെത്തുന്നത്?.

ശരിയായ രീതിയിലുള്ള കേശസംരക്ഷണത്തെക്കുറിച്ചും ചർമസംരക്ഷണത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ആ വിഡിയോസിലൂടെ പങ്കുവച്ചിട്ടുണ്ട്. എനിക്ക് നല്ല ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് ഒഫിഷ്യൽ ചാനലിലൂടെ പങ്കുവയ്ക്കുന്നത്. ഞാൻ ചെയ്തുനോക്കി നന്നായി എന്നു തോന്നുന്ന ബ്യൂട്ടി ടിപ്സുകൾ മാത്രമേ പങ്കുവയ്ക്കാറുള്ളൂ.

‌∙ പൊതുരംഗത്തുള്ള സ്ത്രീകളെപ്പറ്റി വ്യാജവാർത്തകൾ ചമയ്ക്കുന്നവരോടും സൈബർ ബുള്ളിയിങ്ങിനോടും അനു ശക്തമായിത്തന്നെ പ്രതികരിക്കാറുണ്ട്. ബോൾഡ്നസ് സ്വഭാവത്തിന്റെ ഭാഗമാണോ? അതോ അനീതി കാണുമ്പോൾ പ്രതികരിക്കാൻ നിർബന്ധിതയാകുന്നതാണോ?

അഭിനയമേഖലയിൽ വന്നതു കൊണ്ടല്ല അത്തരം അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചത്. ജോലി ചെയ്യുന്നത് ഏതു മേഖലയിൽ ആയിരുന്നാലും നമ്മളെക്കുറിച്ച് സത്യമല്ലാത്ത വാർത്ത ആരെങ്കിലും പ്രചരിപ്പിച്ചാൽ അത് ശരിയല്ല എന്ന രീതിയിൽത്തന്നെ നമ്മൾ പ്രതികരിക്കണം. അത്തരം ആരോപണങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെക്കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം വാർത്തകളോട് ശക്തമായി പ്രതികരിച്ചിട്ടുള്ളതും. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചൊന്നും പൊതുവേ സംസാരിക്കാൻ പോകാറില്ല. എന്റെ വ്യക്തിജീവിതത്തെയോ കരിയറിനെയോ മോശമായി ബാധിക്കുന്ന വ്യാജ വാർത്തകളും സൈബർ ആക്രമണങ്ങളും ഉണ്ടായപ്പോൾ ഞാനതിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട്. 

നമ്മൾ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ നമ്മുടെ പേരിൽ പ്രചരിപ്പിക്കപ്പെടുക, ഒരിക്കൽ എന്റെ മരണവാർത്ത പ്രചരിപ്പിക്കപ്പെട്ടപ്പോൾ അടുത്ത പ്രാവശ്യം മറ്റൊരു രീതിയിലുള്ള വ്യാജവാർത്തയാണ് വന്നത്. ചിലപ്പോൾ പ്രതികരിക്കണ്ട എന്നു തോന്നിയാലും ചിലയാളുകൾ ആവശ്യമില്ലാതെ നമ്മുടെ പേരു വച്ച് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കും. അങ്ങനെയല്ലെന്ന് തെളിയിക്കാൻ പറ്റുമോ എന്ന ധാർഷ്ട്യത്തോടെ പെരുമാറുമ്പോൾ എനിക്കോ എന്റെ കുടുംബാംഗങ്ങൾക്കോ  ഇത്തരം കാര്യങ്ങളെ വിശാലമനസ്കതയോടെ സമീപിക്കാനാവില്ല. അതെങ്ങയെങ്കിലും ആകട്ടെ എന്നു കരുതി വിട്ടുകളയാൻ ഒരുക്കവുമല്ല. കാരണം പ്രതികരിക്കുമ്പോൾ മാത്രമേ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ. പ്രതികരിക്കാതിരിക്കുമ്പോൾ, ഇവരെക്കുറിച്ച് എന്തും പറയാം പ്രചരിപ്പിക്കാം എന്നൊരു സന്ദേശം അത്തരമാളുകൾക്ക് ലഭിക്കാനിടയുണ്ട്. അത്രയും സഹികെട്ടപ്പോഴാണ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയത്. പ്രതികരിക്കുന്നത് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ആദ്യം അവഗണിച്ചെങ്കിലും വ്യാജവാർത്തകൾ ആവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചത്. പ്രതികരണം എന്നതുകൊണ്ട് ഉദ്ദേശിച്ചത് വ്യക്തികളോടുള്ള സംഘട്ടനമല്ല. നിയമത്തിന്റെ പാതയിലൂടെ അതിനെ നേരിടാനാണ് ശ്രമിച്ചത്. സൈബർ ആക്രമണത്തെക്കുറിച്ച് കേസ് കൊടുക്കുകയും അതിന്റെ അന്വേഷണവുമായി സഹകരിച്ച് മുന്നോട്ടു പോകുകയുമാണ് ചെയ്തത്.

∙ കുട്ടിക്കാലം മുതൽ ഒപ്പമുള്ള നൃത്തത്തെ അഭിനയത്തിന്റെ തിരക്കിൽ കൈവിട്ടോ? പ്രാക്ടീസ് ചെയ്യാനൊക്കെ സമയം കിട്ടാറുണ്ടോ?

പ്രോഗ്രാമുകൾ വരുമ്പോഴാണ് പ്രാക്ടീസ് ഒക്കെയായി നൃത്തത്തിനു വേണ്ടി കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. അല്ലാത്തപ്പോൾ നൃത്തപരിശീലനത്തിനായി സമയം മാറ്റിവയ്ക്കാൻ സാധിക്കാറില്ല. ഇടയ്ക്ക് നൃത്തപരിശീലനം തുടരാൻ ശ്രമിച്ചിരുന്നു പക്ഷേ അതും ഇടയ്ക്കുവച്ചു നിന്നു. വീണ്ടും തുടങ്ങണമെന്നുണ്ട്. അഭിനയം, വ്ലോഗിങ് അങ്ങനെ പല കാര്യങ്ങളുമായി തിരക്കിലാകുമ്പോൾ നൃത്തപരിശീലനത്തിനു വേണ്ടത്ര സമയം ലഭിക്കാറില്ല.

∙ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്സ്

ടെക്സ്റ്റൈൽസ് രംഗത്ത് എനിക്ക് ചെറിയൊരു മുൻപരിചയമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് എനിക്കൊരു ബൊട്ടീക് ഉണ്ടായിരുന്നു. കോസ്റ്റ്യൂംസ് ഒക്കെ തിരഞ്ഞെടുക്കുന്നതിൽ ഒരു അഭിരുചിയുണ്ടെന്നാണ് എന്റെ വിശ്വാസം. ചെയ്യുന്ന ക്യാരക്ടർ, അല്ലെങ്കിൽ ഏത് പ്ലാറ്റ്ഫോമിലാണ് പെർഫോം ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കോസ്റ്റ്യൂംസ് തിരഞ്ഞെടുക്കുന്നത്. ചില കഥാപാത്രങ്ങൾക്ക് ചില വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാറുണ്ട്. വൾഗാരിറ്റിയില്ലാതെ എനിക്കു കംഫർട്ടബിളാകുന്ന കോസ്റ്റ്യൂമുകളും സ്റ്റൈലും ആണ് ഞാൻ പിന്തുടരുന്നത്.

anu-joseph-2

∙ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത അഭിനന്ദനത്തെക്കുറിച്ച്, അല്ലെങ്കിൽ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു അനുഭവത്തെക്കുറിച്ച്?

നല്ല അനുഭവങ്ങളാണ് കൂടുതലും. സങ്കടപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടില്ല എന്നല്ല. ഒരു തമിഴ് സീരിയൽ ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവം വല്ലാതെ വിഷമമുണ്ടാക്കി. തമിഴിൽ അഭിനയിക്കാൻ അത്ര താൽപര്യമില്ലാതിരുന്നിട്ടു കൂടി നിർമാണക്കമ്പനിയുടെ നിർബന്ധം കൊണ്ടാണ് പോയത്. പ്രോജക്ട് ഓകെയാണ്, ടിക്കറ്റ് ബുക്ക് ചെയ്തോളൂ എന്നും പറഞ്ഞിരുന്നു. പുറപ്പെടുന്നതിനു മുമ്പാണ് മറ്റൊരു ആർട്ടിസ്റ്റ് എന്നെ വിളിച്ച് ആ കഥാപാത്രം മലയാളത്തിലെ മറ്റൊരു ആർട്ടിസ്റ്റ് ചെയ്തു എന്നു പറഞ്ഞത്. അണിയറ പ്രവർത്തകരോടു ചോദിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാലാണ് കാസ്റ്റിങ് മാറ്റിയത് എന്നു പറഞ്ഞു. അതെന്നെ നേരത്തേ അറിയിക്കാതിരുന്നതിനെപ്പറ്റി വിഷമം തോന്നി. ഇൻഡസ്ട്രിയിൽ വന്ന ശേഷമുള്ള എല്ലാ നല്ല അനുഭവങ്ങളെയും ബോണസായിട്ടാണ് ‍ഞാൻ കാണുന്നത്.

∙ പ്രിയപ്പെട്ട പൂച്ചകളെക്കുറിച്ച്?

ബംഗാൾ ക്യാറ്റ്സ് കേരള എന്നൊരു യുട്യൂബ് ചാനലുണ്ട്. ഏഷ്യൻ ലെപ്പേർഡ് ക്യാറ്റും അമേരിക്കൻ ഡൊമസ്റ്റിക് ക്യാറ്റ്സും ക്രോസ്ബ്രീഡ് ചെയ്തതാണ് ബംഗാൾ ക്യാറ്റ്സ്. പുലികളുടേതുപോലെയുള്ള പുള്ളികളുള്ള പൂച്ചകളാണിവ. സ്പോട്ട്സ്, റോസറ്റ്, ക്ലൗഡഡ് റോസറ്റ് തുടങ്ങിയ ഇനങ്ങളുണ്ട്. പൂച്ചക്കുട്ടികളടക്കം എന്റെ പക്കൽ 12 പേരുണ്ട്. ഇപ്പോൾ അവരെ ചുറ്റിപ്പറ്റിയാണ് എന്റെ ജീവിതം.  അവരെന്നെ ഒരിക്കലും ശല്യം ചെയ്യാറില്ല. ഭയങ്കര അഡ്ജസ്റ്റബിളാണ് എന്റെ പിളേളര്. ഞാൻ പ്രോഗ്രാമിനും മറ്റും പോകുമ്പോൾ അവരുടെ കാര്യങ്ങളൊക്കെ നോക്കാൻ ആളുകളുണ്ട്.

∙ പുതിയ പ്രോജക്ടുകൾ?

ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. അനൗൺസ് ചെയ്തിട്ടില്ല. രണ്ട് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്, രണ്ട് യുട്യൂബ് ചാനലുകളുമായി ബന്ധപ്പെട്ട ജോലികളുണ്ട്. അങ്ങനെ അത്യാവശ്യം തിരക്കുകളുമായി മുന്നോട്ടു പോകുന്നു.

∙ വ്യക്തി ജീവിതത്തിലും കരിയറിലുമുള്ള ഭാവി പദ്ധതികളെന്തൊക്കെയാണ്?

നേരത്തേ സൂചിപ്പിച്ചതു പോലെ, ജീവിതത്തിൽ ഒരു കാര്യവും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളോടൊത്തു പോകുന്ന ഒരാളാണ്. പ്ലാൻ ചെയ്യുന്ന കാര്യങ്ങളൊന്നും ജീവിതത്തിൽ നടക്കണമെന്നില്ലല്ലോ. വരുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് മുന്നോട്ടു പോകുക എന്നതാണ് എന്റെ രീതി. എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള നിയോഗവുമായിട്ടായിരിക്കും ദൈവം ഈ ഭൂമിയിലേക്ക് നമ്മളെ അയച്ചത്. ആ കാര്യങ്ങൾ നമ്മുടെ മുന്നിലേക്കെത്തുമ്പോൾ അതിലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നല്ലതുനോക്കി തിരഞ്ഞെടുത്ത് മുന്നോട്ടു പോകുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം.

നടിയാകണം എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. മാതാപിതാക്കളുടെ പിന്തുണയും ഗുരുക്കന്മാരുടെ ആശീർവാദവും സുഹൃത്തുക്കളുടെ സഹായവും ദൈവാനുഗ്രഹവും കൊണ്ട് അത് സാധിച്ചു. ഇന്നത്തെ അവസ്ഥയിലെത്താൻ പ്രത്യക്ഷമായും പരോക്ഷമായും ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽനിന്ന്, ഒരു ഗ്രാമത്തിൽനിന്ന് എത്തിയിട്ടും ഇന്ന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയത് ഇവരുടെയെല്ലാം പ്രാർഥനയും സഹായവും അനുഗ്രഹവുംകൊണ്ടാണ്. പ്രത്യേകിച്ച് അച്ഛനമ്മമാരുടെയും സുഹൃത്തുക്കളുടേയും പിന്തുണ. അതുകൊണ്ടുതന്നെ, ഇനിയെന്ത് ചെയ്യണം എന്നതിനെപ്പറ്റി പ്ലാനിങ്ങൊന്നും നടത്തിയിട്ടില്ല. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം നടത്തും എന്നു മാത്രമേയുള്ളൂ. അതിന്റെ അർഥം ഒന്നും ചെയ്യാതെ വെറുതെയിരിക്കുമെന്നല്ല. വെറുതെയിരിക്കാൻ എനിക്ക് തീരെയിഷ്ടമല്ല. എന്നാൽ ഒരുപാട് സമയം എൻഗേജ്ഡ് ആയിരിക്കാനുമിഷ്ടമില്ല. ജീവിച്ചുകൊണ്ട് ജോലിചെയ്യുക എന്നതാണ് എന്റെ പോളിസി.

English Summary : Actress Anu Joseph Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com