ADVERTISEMENT

ഒരു നേരം മാത്രം ഭക്ഷണം കഴിക്കാൻ വകയുണ്ടായിരുന്ന, 14 ാം വയസ്സിൽ വീട് നഷ്ടപ്പെട്ട് റോഡിലേക്കിറങ്ങേണ്ടിവന്ന, ചെയ്ത ജോലികളിലെല്ലാം പരാജയം മാത്രം നേരിടേണ്ടി വന്ന ഡ്വെയിൻ ജോൺസൺ എന്ന അമേരിക്കക്കാരനെ ഒരു പക്ഷേ അധികമാരും അറിയാൻ വഴിയില്ല. എന്നാൽ റസ്‍ലിങ് ലോകത്തെ അടക്കിഭരിച്ച, ഹോളിവുഡ് ചിത്രങ്ങളിലെ ആ‌ക്‌ഷൻ ഹീറോ ‘ദ് റോക്ക്’ എന്ന ഡ്വെയിൻ ജോൺസണെ അറിയാത്തവർ ഉണ്ടാകില്ല. തോൽവിയുടെ പടുകുഴിയിലേക്ക് പലതവണ ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും പരിശ്രമിച്ച് തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിച്ച ഡ്വെയ്നിന്റെ ജീവിതകഥ മോട്ടിവേഷൻ ക്ലാസുകളിലെ ട്രേഡ് മാർക്ക് സ്റ്റോറിയാണ്.

ചോരയിൽ ചേർന്ന റസ്‌ലിങ്

പാരമ്പര്യമായി റസലിങ്ങിൽ മികവുതെളിയിച്ച കുടുംബമായിരുന്നു ഡ്വെയിനിന്റേത്. അച്ഛൻ റോക്കി ജോൺസന്റെ റസ്‌ലിങ് മത്സരങ്ങൾ കണ്ടാണ് ഡ്വെയിൻ വളർന്നത്. എന്നാൽ ഒരു പ്രഫഷനൽ റസ്‌ലർ ആയിരുന്നിട്ടും സാമ്പത്തികനേട്ടമുണ്ടാക്കാനോ കുടുംബത്തെ സംരക്ഷിക്കാനോ അച്ഛന് സാധിക്കാതിരുന്നതിൽ കുഞ്ഞു ഡ്വെയിനിന് കടുത്ത നിരാശയും അമർഷവുമുണ്ടായിരുന്നു. ഈ അമർഷം, റസ്‌ലിങ്ങിനോടുള്ള വിരോധമായി മാറി. അമ്മ അറ്റ ജോൺസണും മകനെ ഒരു റസ്‌ലറായി വളർത്താൻ താൽപര്യമുണ്ടായിരുന്നില്ല. റഗ്ബിയിൽ താൽപര്യമുണ്ടായിരുന്ന ഡ്വെയിൻ, കുട്ടിക്കാലം മുതൽ അതിനുപിറകേയായിരുന്നു. സ്കൂൾ തലം മുതൽ റഗ്ബിയിൽ സജീവമായിരുന്ന ഡ്വെയിൻ തന്റെ കരിയർ റഗ്ബിയിൽ തന്നെ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 

the-rock-3
Image Credits : Tinseltown / Shutterstock.com

പടിയിറക്കം

തന്റെ റഗ്ബി സ്വപ്നങ്ങളിൽ മതിമറന്നു ജീവിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് 14ാം വയസ്സിൽ ഡ്വെയിനിന് വീടുവിട്ടിറങ്ങേണ്ടി വരുന്നത്. ഒരു ദിവസം വീട്ടിലെത്തിയപ്പോൾ കണ്ട, ‘ ദൈവമേ, ഞങ്ങൾ എങ്ങോട്ടുപോകും’ എന്നലറിക്കരയുന്ന അമ്മയുടെ മുഖം ഡ്വെയിൻ ഇന്നും ഓർക്കുന്നു. സാമ്പത്തികമായി കുടുംബം തകർന്നത് കൂടുതൽ അപകടകരമായ വഴിയിലൂടെ സഞ്ചരിക്കാൻ ഡ്വെയിനെ പ്രേരിപ്പിച്ചു. വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്ന സംഘത്തിലെ കണ്ണിയായി ആ കൗമാരക്കാരൻ. തുടർന്ന് പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. ഇങ്ങനെ വഴിവിട്ട ചിന്തയും പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഡ്വെയിനിന് ഒരു ഉൾവിളി ഉണ്ടാകുന്നത്. അതോടെ തെറ്റു ചെയ്യുന്നതിൽനിന്നും സ്വന്തം കൈകളെ നിയന്ത്രിക്കണമെന്ന തീരുമാനത്തിലേക്ക് ഡ്വെയിൻ എത്തി.

വഴിത്തിരിവ്

ഒരു റസ്‌ലർ കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ വയസ്സിൽ കവിഞ്ഞ പൊക്കവും വണ്ണവും ഡ്വെയിനിന് ഉണ്ടായിരുന്നു. ഈ ശരീരപ്രകൃതം സ്കൂളിൽ ഒരു ഗൂണ്ടാ ഇമേജും സമ്മാനിച്ചു. അതാസ്വദിച്ചിരുന്ന ഡ്വെയിൻ ചില്ലറ വില്ലത്തരങ്ങളെല്ലാം കാണിച്ചു സ്കൂൾ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് ഒരു ദിവസം യാദൃച്ഛികമായി ഒരു സംഭവം ഉണ്ടാകുന്നത്. സ്കൂളിലെ ‘ഗൂണ്ട’യായതിനാൽ തന്നെ ടീച്ചർമാരുടെ ശുചിമുറിയാണ് ഡ്വെയിൻ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം ടീച്ചർമാരുടെ ബാത്ത്റൂമിൽ നിന്നു കൈകഴുകിക്കൊണ്ടിരുന്ന ഡ്വെയിനിനോട് പുതുതായി വന്ന ഒരു ടീച്ചർ കയർത്തു. ‘എന്റെ പണി കഴിഞ്ഞാൽ ഞാൻ പൊക്കോളാം’ ഡ്വെയിൻ സ്വരം കടുപ്പിച്ചു. ഡ്വെയിനിന്റെ നെഞ്ചോളം മാത്രം പൊക്കമുണ്ടായിരുന്ന ടീച്ചർ, അമ്പരപ്പോടെ സ്ഥലം വിട്ടു. പക്ഷേ വീട്ടിലെത്തിയപ്പോൾ ടീച്ചറോട് കയർത്തതിനെക്കുറിച്ചോർത്ത് ഡ്വെയിനിന് കുറ്റബോധം തോന്നി. പിറ്റേന്ന് ആ ടീച്ചറെ അന്വേഷിച്ച്  കണ്ടെത്തി മാപ്പും പറഞ്ഞു. പുതുതായി വന്ന റഗ്ബി പരിശീലകനായിരുന്നു അദ്ദേഹം. ഡ്വെയിനിന്റെ ശരീരപ്രകൃതവും സ്വഭാവവും ഇഷ്ടപ്പെട്ട അയാൾ അവനെ ടീമിലേക്ക് ക്ഷണിച്ചു. അങ്ങനെ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും റഗ്ബി!

the-rock-6
Image Credits : Featureflash Photo Agency / Shutterstock.com

വീണ്ടും യു ടേൺ

അങ്ങനെ പഠനവും റഗ്ബിയുമായി ഒരുവിധം ജീവിതം ട്രാക്കിലായ സമയത്തായിരുന്നു കാനഡയിലെ എൻ‌എഫ്എൽ (നാഷനൽ ഫുട്ബോൾ ലീഗ്) ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. അങ്ങനെ കാനഡയിൽ എത്തി. പ്രഫഷനൽ റഗ്ബിയിൽ വരവറിയിക്കാനുള്ള അവസരമായി ഡ്വെയിൻ അതിനെ കണ്ടു. എന്നാൽ തുടർച്ചയായുള്ള പരുക്കുകളും ഫോമില്ലായ്മയും ടീമിനു പുറത്തേക്കുള്ള വഴി തുറന്നു. റഗ്ബിയിൽ പിടിച്ചു നിൽക്കാൻ പല വഴികളിലൂടെ ശ്രമിച്ചെങ്കിലും എല്ലാം പരാജയമായി . കയ്യിൽ ആകെയുണ്ടായിരുന്ന 7 ഡോളറുമായി അയാൾ കനേഡിയൻ തെരുവുകളിലൂടെ നടന്നു. കണ്ണുനീർ പൊഴിച്ചു. ജീവിതത്തിലെ ഏറ്റവും മോശം സമയം എന്നാണ് ഡ്വെയിൻ ജോൺസൺ ആ ദിവസങ്ങളെ വിശേഷിപ്പിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവെനെപ്പോലെ, ഇനിയൊരു തിരിച്ചുവരവ് ജീവിതത്തിൽ ഉണ്ടാകില്ലെന്ന ചിന്ത അയാളെ വേട്ടയാടി. 

തിരികെ റസ്‌ലിങ്ങിലേക്ക്

റഗ്ബി തന്റെ വഴിയല്ല എന്ന തിരിച്ചറിവ് ഡ്വെയിനിനെ തന്റെ റസ്‌ലിങ്ങിലേക്കു മടങ്ങാൻ നിർബന്ധിച്ചു. ഈ ആവശ്യവുമായി അച്ഛനെ സമീപിച്ചപ്പോൾ ഇത് നിന്റെ ജീവിതം തന്നെ നശിപ്പിക്കുമെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. എന്നാൽ പിന്മാറാൻ അവൻ‌ തയാറായില്ല. തന്റെ അമ്മാവനിൽനിന്നു കടം വാങ്ങിയ റസ‌്‌ലിങ് ഡ്രസും ബൂട്ടുമായി 1996 ൽ ഡബ്ല്യുഡബ്ല്യുഇയിലെ ആദ്യ മത്സരത്തിന് റിങ്ങിലിറങ്ങി. റോക്കി മൈവിയ എന്നായിരുന്നു റിങ്ങിലെ പേര്. സ്വന്തമായി റസ്ലിങ് വസ്ത്രം പോലുമില്ലാതെ വന്ന ആൾ പിന്നീട് ഡബ്ല്യുഡബ്ല്യുഇ ഭരിക്കുന്നതിന് ലോകം സാക്ഷിയായി. അയാൾ റോക്ക് ആയി. ആരാധകരുടെ പ്രിയതാരമായി. റസ്‌ലിങ് കരിയറിൽ 17 ലോക ചാംപ്യൻഷിപ്പുകളാണ് റോക്ക് വാരിക്കൂട്ടിയത്.

the-rock-1

സിനിമാമോഹം

റിങ്ങിൽ പ്രശസ്തിയിൽനിന്നു പ്രശസ്തിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് 2001ൽ മമ്മി റിട്ടേൺസ് എന്ന ചിത്രത്തിലൂടെ റോക്ക് ഹോളിവുഡിൽ അറങ്ങേറ്റം കുറിക്കുന്നത്. പടത്തിലെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ എത്തിയ ‘സ്കോർപിയൻ കിങ്’ മികച്ച വിജയം നേടിയതോടെ അഭിനയത്തിൽ ഒരു കൈനോക്കാൻ തന്നെ റോക്ക് തീരുമാനിച്ചു. അതോടെ റസ്‌ലിങ് വിട്ട് സിനിമയിൽത്തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വീണ്ടും തിരിച്ചടി

ആദ്യ ചിത്രങ്ങളിൽ ലഭിച്ച വിജയം ആവർത്തിക്കാൻ റോക്കിന് സാധിച്ചില്ല. ബോക്സ് ഓഫിസിലെ തുടർപരാജയങ്ങൾ ഭാഗ്യം കെട്ട നടൻ എന്ന ലേബിൽ റോക്കിന് ചാർത്തിക്കൊടുത്തു. പടങ്ങൾ ലഭിക്കാതെയായി. അതോടെ വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്താൻ റോക്ക് നിർബന്ധിതനായി. സിനിമയിലെ പരാജയം പക്ഷേ, റിങ്ങിൽ ആവർത്തിച്ചില്ല. തന്റെ നഷ്ടപ്പെട്ട സ്റ്റാർഡം പതിയെ തിരിച്ചെടുത്ത റോക്ക് ‘7 ബക്സ്’ എന്ന സ്വന്തം പ്രൊഡക്‌ഷൻ കമ്പനിയുമായി ഹോളിവുഡിലേക്ക് തിരിച്ചെത്തി. 

7 ബക്സ്

തന്റെ പതിനെട്ടാം വയസ്സിൽ എൻഎഫ്എല്ലിൽ നിന്നു പുറത്തായി കനേഡിയൻ തെരുവിൽ ഒരു പരാജിതനെപ്പോലെ നിന്നു കരഞ്ഞപ്പോൾ 7 ‍ഡോളറാണ് (7 ബക്സ്) ഡ്വൈനിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്. ആ ഓർമയ്ക്കായാണ് തന്റെ പ്രൊഡക്‌ഷൻ കമ്പനിക്കും മറ്റ് എല്ലാ ബിസിനസ് ഉദ്യമങ്ങൾക്കും 7 ബക്സ് എന്ന പേരു നൽകാൻ അദ്ദേഹം തീരുമാനിച്ചത്. 

the-rock-4

വീണ്ടും ഹോളിവുഡിൽ

2013 ൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിലെ പ്രകടനം റോക്കിനെ വീണ്ടും പ്രിയങ്കരനാക്കി. സിനിമകൾ വീണ്ടും കുന്നുകൂടി. 2013 ലും 2015 ലും ലോകത്ത് ഏറ്റവുമധികം ശമ്പളം പറ്റിയ നടനായി റോക്ക് മാറി. സൂപ്പർതാര പട്ടികയിൽ ഡ്വെയിൻ ജോൺസൺ എന്ന പേര് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു.

2019 ൽ, തന്റെ 47 ാം വയസ്സിൽ റസ്‌ലിങ്ങിൽനിന്ന് ഔദ്യോഗികമായി വിരമിക്കുന്നതായി റോക്ക് പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി 2019ൽ ടൈം മാസിക ഡ്വെയിനിനെ തിരഞ്ഞെടുത്തു. ഫോബ്സ് മാസികയുടെ, 2020 ൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ െസലിബ്രിറ്റികളുടെ പട്ടികയിൽ 10–ാം സ്ഥാനത്ത് ജോൺസൺ ഉണ്ട്. ഇന്ന് സിനിമകളുടെ തിരക്കിനിടയിലും തന്റെ ജീവിതകഥ മറ്റുള്ളവർക്കു പ്രചോദനമാകാനായി ടോക് ഷോകളിലും മറ്റും സജീവമായ റോക്കിന് തന്റെ ആരാധകരോട് ഒന്നേ പറയാനുള്ളൂ, ‘കഴിവുകൾക്ക് പരിമിതിയില്ല. ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യത്തിന് ആത്മാർഥമായി പരിശ്രമിക്കുക. ഇന്നല്ലെങ്കിൽ നാളെ നിങ്ങളതിൽ വിജയിക്കും’!

English Summary : Hollywood actor Dwayne Johnson life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com