ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. അനുഷ്കയുടെ പ്രസവത്തോടനുബന്ധിച്ച്, ഇപ്പോൾ ഓസ്ട്രേലിയയിലുള്ള കോലി ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യയിലേക്ക് തിരിക്കും. തങ്ങളുടെ പ്രണയാർദ്രമായ ദാമ്പത്യത്തിലെ പുതിയ അതിഥിയെ സ്വീകരിക്കാൻ താൻ ഒപ്പമുണ്ടാകണമെന്നാണ് കോലിയുടെ തീരുമാനം. ഇങ്ങനെ പരസ്പരം പ്രചോദിപ്പിച്ചും പിന്തുണച്ചുമുള്ള മനോഹരമായ ദാമ്പത്യമാണ് കോലി–അനുഷ്ക ദമ്പതികളുടേത്. ഇവരുടെ ദാമ്പത്യത്തിൽനിന്നു പഠിക്കാവുന്ന ചില കാര്യങ്ങളിതാ.
സ്വകാര്യത
ജീവിതത്തിൽ സ്വകാര്യത നിലനിർത്താനുള്ള അനുഷ്കയുടെയും കോലിയുടെയും കഴിവ് ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന കാര്യം വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുറംലോകം അറിയുന്നത്. അതുപോലെ വിവാഹശേഷവും ഇരുവരും നിശബ്ദത തുടർന്നു. ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾക്കപ്പറും എത്ര ശ്രമിച്ചിട്ടും പാപ്പരാസികൾക്ക് ഒന്നും കിട്ടിയില്ല. വിവാദങ്ങൾ സൃഷ്ടിക്കപ്പെടുമ്പോഴും അനുഷ്കയും കോലിയും പ്രതികരിക്കാറില്ല. കഥകൾക്കും ഉപകഥകൾക്കും കുപ്രചരണങ്ങള്‍ക്കും ഇടകൊടുക്കാതെ തങ്ങളുടെ ജീവിതം തങ്ങളുടേതാണ് എന്ന വ്യക്തമായ സന്ദേശം ഇവര്‍ നിശബ്ദതയിലൂടെ നൽകുന്നു.
സമയം കണ്ടെത്താം
ഒരു ക്രിക്കറ്റർ എന്ന നിലയിൽ മത്സരങ്ങൾ കൂടാതെ പരിശീലനവും വർക്കൗട്ടും ചേർന്ന തിരക്കുപിടിച്ച ജീവിതമാണ് വിരാടിന്റേത്. ഷൂട്ടിങ്ങും അതിന്റെ ഭാഗമായുള്ള യാത്രകളുമായി അനുഷ്കയും തിരക്കിൽ. ഇതിനിടയിലും ഒന്നിച്ച് ചെലവിടാൻ ഇരുവരും സമയം കണ്ടെത്തുന്നു. പരസ്പം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തുമാണ് ഈ സമയം കണ്ടെത്തല്‍.
ചിയർ ഫോർ പാർട്നർ
കോലിക്ക് വേണ്ടി കയ്യടിക്കാനും വിജയങ്ങളിൽ ആര്‍പ്പുവിളിക്കാനും ആരെക്കാളും മുമ്പിൽ അനുഷ്കയുണ്ട്. ടെലിവിഷനിലൂടെ ആ കാഴ്ച പലപ്പോഴായി ലോകം കണ്ടിട്ടുമുണ്ട്. അതുപോലെ അനുഷ്കയുടെ സിനിമകളുടെ പ്രീമയർ ഷോയുടെ ഭാഗമാകാൻ കോലിയും എത്തും. പരസ്പരം പ്രചോദിപ്പിച്ചും പിന്തുണച്ചുമാണ് ഇവരുടെ ദാമ്പത്യം മുന്നേറുന്നത്.
തമാശ, ചിരി, സന്തോഷം
തമാശകൾ പറഞ്ഞും ചിരിച്ചും സന്തോഷിച്ചും ജീവിതത്തെ ഊർജസ്വലമാക്കി നിർത്താനുള്ള ദമ്പതികളുടെ കഴിവ് പലപ്പോഴും അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. ഒരു ചാറ്റ്ഷോയിൽ രസകരമായ ഒരു ക്വിസ് നടത്തിയപ്പോഴാണ് ഇവരും തമാശ പറഞ്ഞും ട്രോളിയുമൊക്കെ സന്തോഷം പങ്കുവച്ചത്. ദാമ്പത്യവും ഇങ്ങനെയാക്കെ തന്നെയാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
സ്വാധീനം
നല്ലൊരു മനുഷ്യനാകാൻ അനുഷ്കയുടെ സ്വാധീനം തന്നെ സഹായിച്ചിട്ടുണ്ടെന്ന് കോലി ഒരു മാസികയുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. പരസ്പരം സ്നേഹിച്ചു കൊണ്ട് കാലങ്ങളോളം ജീവിക്കാൻ അനുഷ്ക പഠിപ്പിച്ചതായും കോലി പറഞ്ഞു. മലിനീകരണം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിൽ കോലി അഭിപ്രായം പറയാനും പ്രവർത്തനങ്ങളുടെ ഭാഗമാകാനും തുടങ്ങിയത് അനുഷ്കയുടെ സ്വാധീനം കൊണ്ടായിരുന്നു.