ADVERTISEMENT

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം, അതിനായുള്ള കഠിനാധ്വാനം, പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് ഒടുവില്‍ സ്വപ്‌ന സാക്ഷാത്‌കാരം. സിനിമാ-സീരിയല്‍ താരം ഗിരീഷ്‌ നമ്പ്യാരുടെ അഭിനയ ജീവിതം ഇങ്ങനെയായിരുന്നു. പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ്‌ സീരിയലുകളിലൂടെ ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു ഈ നടന്‍. ഇപ്പോള്‍ അഭിനയിക്കുന്ന സാന്ത്വനം സീരിയലിലെ ഹരികൃഷ്‌ണന്‍ എന്ന കഥാപാത്രത്തെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഗിരീഷ്. പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ.... 

മുംബൈയില്‍നിന്നു മലയാളത്തിലേക്ക്

കുടുംബവീട്‌ കണ്ണൂര്‍ തലശ്ശേരിയിലാണ്‌. അച്ഛന്‍ ജോലി ചെയ്‌തിരുന്നത്‌ മുംബൈയില്‍ ആയിരുന്നതിനാല്‍ ബാല്യം അവിടെയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തലശ്ശേരിയിലേക്ക് വരുന്നത്. പിന്നെ 10–ാം ക്ലാസ് വരെ അവിടെയായിരുന്നു പഠനം. അക്കാലത്ത് സ്‌കൂൾ കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. നാടകങ്ങളില്‍ അഭിനയിക്കാനും അവസരം ലഭിച്ചു. അങ്ങനെയാണ് അഭിനയം അഭിനിവേശമായി മാറുന്നത്. അഭിനയമോഹം അങ്ങനെ കൂടെക്കൂടി‌. 10–ാം ക്ലാസിനുശേഷം മുംബൈയിലേക്കു തിരിച്ചുപോയി. ബാക്കിയുള്ള പഠനം അവിടെയായിരുന്നു.

girish-nambiar-2

എന്‍ജിനീയർ അഭിനയിക്കാൻ

എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കഴിഞ്ഞശേഷം ഇതുമായി ബന്ധപ്പെട്ട്‌ വിവിധ കോഴ്‌സുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട്‌ രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്‌തു. എന്‍ജിനീയറിങ്‌ പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നതു തന്നെ പിന്നീട്‌ അഭിനയത്തിലേക്കു വരണം എന്ന ആഗ്രഹത്തോടെയായിരുന്നു. ആ സമയത്താണ്‌ ഒരു ചാനലിൽ സ്‌ക്രീന്‍ ടെസ്റ്റ്‌ എന്ന പരിപാടി ആരംഭിക്കുന്നത്. അതിലേക്ക്‌ ഫോട്ടോസ്‌ അയക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ ആയിരുന്നു പരിപാടിയുടെ ജഡ്‌ജ്‌. അതോടെ ഈ രംഗത്തു സജീവമാകുന്നതിനായി ജോലി ഉപേക്ഷിച്ച്‌ നാട്ടില്‍ തിരിച്ചെത്തി. പിന്നീട്‌ സ്വപ്‌നത്തിനു പിന്നാലെയുള്ള ഓട്ടമായിരുന്നു.

അവതാരകനായി തുടക്കം

മുന്‍നിര ചാനലുകളില്‍ അവതാരകനായും വിജെ ആയുമായിരുന്നു തുടക്കം. ഒട്ടേറെ താരങ്ങളെ വിവിധ ചാനലുകള്‍ക്കായി ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരവും ലഭിച്ചു. പിന്നീട്‌ സിനിമയില്‍ അവസരങ്ങള്‍ തേടി. കിങ്‌ ആന്‍ഡ്‌ കമ്മിഷനര്‍ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്‌തു. നല്ല സിനിമകള്‍ക്കുവേണ്ടിയുള്ള അന്വേഷണം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. ആ സമയത്താണ്‌ ഭാഗ്യലക്ഷ്‌മി എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്‌. ആ സീരിയലിലെ അഭിനയത്തിനു നല്ല പ്രതികരണമാണ് ലഭിച്ചത്. അതിനുശേഷം മഴവില്‍ മനോരമ ഒരുക്കിയ ദത്തുപുത്രി എന്ന സീരിയലില്‍ കലക്ടറുടെ വേഷം ചെയ്തു. സ്വാസികയായിരുന്നു പെയര്‍. ആ സീരിയലും ശ്രദ്ധിക്കപ്പെട്ടു. 

girish-nambiar-3

ശിവകാമി, ജാഗ്രത, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളില്‍ വേഷമിട്ടു. പിന്നീടു വന്ന മഴവില്‍ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയലില്‍ നായക കഥാപാത്രം ചെയ്യാനും അവസരം ലഭിച്ചു. രണ്ട് തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൈന എന്ന സീരിയലിൽ കലക്ടർ വേഷമായിരുന്നു. കല്യാണപ്പരിശ് എന്ന സീരിയിലിൽ വില്ലൻ വേഷവും പ്രേക്ഷകശ്രദ്ധ നേടി.

എം.എ.നിഷാദ്‌ സംവിധാനം ചെയ്‌ത നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കാനും സാധിച്ചു. അഭിനയത്തോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ പുതിയ അനുഭവമായിരുന്നു.

കുടുംബം എന്റെ പിന്തുണ

സിനിമാ മേഖലയില്‍ തുടരാനുള്ള വലിയ പ്രചോദനം കുടുംബം തന്നെയാണ്‌. ഭാര്യ പാര്‍വതിയും ഏകമകള്‍ ഗൗരിയും എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്‌. വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിരുന്നു. 

English Summary : Actor Girish Nambiar exclusive interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com