റീതൂസ് ആക്കിയത് ടിക്ടോക്; നഴ്സ് റാപ്പ് തരംഗം തീർത്തു; കോമഡി പറയാൻ മാത്രമല്ല സീരിയസാവാനും മീനുവിനറിയാം

HIGHLIGHTS
  • ഇപ്പോൾ എനിക്ക് ആ പേര് ഒരുപാടിഷ്ടമാണ്
  • ആദ്യമായി ട്രെൻഡിങ്ങിൽ വന്ന വിഡിയോ പ്ലസ്ടു ടൂർ ആണ്
youtube-video-creator-meenu-francis-on-passion-and-life
SHARE

‘എന്താ കോമഡി പറയുന്ന പെൺകുട്ടികളെ ആളുകൾക്കിഷ്ടമല്ലേ?’ ചോദ്യം മീനു ഫ്രാൻസിസിനെക്കുറിച്ചാണെങ്കിൽ മലയാളികൾ ചങ്കെടുത്തു കാട്ടിത്തരും. ലോക്ഡൗണും കൊറോണയുമൊക്കെയായി ആകെ ഡാർക്ക് അടിച്ചിരിക്കുന്ന സമയത്ത് സ്വതസിദ്ധമായ നർമംകൊണ്ട് ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന വിഷയങ്ങൾ അവതരിപ്പിച്ചാണ് മീനു വെർച്വൽ ലോകത്ത് താരമായത്. മീനു ഫ്രാൻസിസ് എന്ന പേരു കേട്ടിട്ട് ആളെ അത്ര പരിചയമില്ലല്ലോ എന്ന് മുഖം ചുളിക്കാൻ വരട്ടെ. ‘റിയാലിറ്റി റീൽസ്’ എന്ന യുട്യൂബ് വിഡിയോകളിലൂടെ മനം കവർന്ന റീതൂസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പുത്തൻ വിഡിയോകൾ യുട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചതിനെക്കുറിച്ചും നഴ്സിങ് കരിയറിനെക്കുറിച്ചും വിഡിയോ ക്രിയേഷൻ എന്ന പാഷനെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് മീനു ഫ്രാൻസിസ് എന്ന റീതൂസ്. 

meenu-francis-2

∙ മീനു ഫ്രാൻസിസ് എങ്ങനെ വെർച്വൽ ലോകത്ത് റീതൂസ് ആയി?

എന്റെ മാമോദീസ പേര് റീത്ത എന്നാണ്. ടിക്ടോക്കിൽ ആദ്യം വിഡിയോ ചെയ്തു തുടങ്ങിയ സമയത്ത് മീനു എന്നും റീത്ത എന്നുമുള്ള പേരിലൊന്നും ഐഡി ഉണ്ടാക്കാൻ സാധിച്ചില്ല. അങ്ങനെയാണ് റീത്ത എന്ന പേര് റീതൂസ് ആക്കിയത്. പ്രത്യേകിച്ച് കണക്കുകൂട്ടലോടെയൊന്നുമായിരുന്നില്ല അങ്ങനെ ചെയ്തത്. ടിക്ടോക് ഒന്നു ട്രൈ ചെയ്തു നോക്കുക എന്ന ഉദ്ദേശ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. പിന്നെ എന്റെ ടിക്ടോക് ഹാൻഡിൽ അതായി. സമൂഹമാധ്യമങ്ങളിലുൾപ്പടെ ഞാൻ ഉപയോഗിച്ചിരുന്നത് റീത്ത ഫ്രാൻസിസ് എന്ന പേരായിരുന്നു.

ആളുകൾ റീതു അല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ എനിക്കൊരു ഓമനത്തമൊക്കെ തോന്നാറുണ്ട്. സ്കൂൾ സമയത്തെ ടീച്ചർമാർക്കും കുട്ടികൾക്കും പിന്നെ ബന്ധുക്കൾക്കും മാത്രമേ എന്റെ ശരിക്കുള്ള പേര് മീനു എന്നാണെന്ന് അറിയൂ. പക്ഷേ ഇപ്പോൾ നാട്ടിലുള്ള ചിലയാളുകളും ചില സുഹൃത്തുക്കള്‍ പോലും റീതു എന്നാണ് വിളിക്കുന്നത്. മനപ്പൂർവം പേരുമാറ്റിയതല്ലെങ്കിൽക്കൂടി ഇപ്പോൾ എനിക്ക് ആ പേര് ഒരുപാടിഷ്ടമാണ്.

meenu-francis-1

∙ റിയൽ ലൈഫ് കോമഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണല്ലോ കണ്ടന്റ് ക്രിയേഷൻ. സിറ്റ്വേഷൻ കോമഡിയാണോ വിജയ രഹസ്യം?

എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്നതോ ഞാൻ അനുഭവിച്ചിട്ടുള്ളതോ ആയ സംഭവങ്ങളെ അടിസ്ഥാനമാക്കി വിഡിയോ ചെയ്യാനാണ് തുടക്കം മുതൽ ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോഴാണ് ഒഴുക്കോടെ ഡയലോഗുകൾ പറയാനും കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും സാധിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ടീച്ചേഴ്സ്, പാരന്റ്സ്, സ്കൂൾ പോലെയുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള വിഡിയോകള്‍ കൂടുതലായി വരുന്നത് അത്തരം വിഷയങ്ങൾ എപ്പോഴും നമ്മുടെ ഓർമയിൽ തങ്ങിനിൽക്കുന്നതുകൊണ്ടു കൂടിയാണ്. ജീവിതവുമായി ചേർന്നു നിൽക്കുന്ന കണ്ടന്റുകൾ എടുത്താൽ വളരെയെളുപ്പം അത് ചെയ്യാൻ കഴിയാറുണ്ട്. കാണുന്നവർക്കും വളരെപ്പെട്ടെന്ന് അത് റിലേറ്റ് ചെയ്യാൻ കഴിയും. 

വിഷയം എന്താണെന്നു ഞാൻ നേരത്തേ തീരുമാനിക്കും. ഉദാഹരണത്തിന് പരീക്ഷാ പേപ്പർ വിതരണം ആണെങ്കിൽ ഞാൻ നേരത്തേ തന്നെ തീം സെറ്റ് ചെയ്യും. അതിൽ ടീച്ചർ വേണം, പലതരം കുട്ടികൾ വരണം. ഏതു സ്വഭാവത്തിലുള്ള കുട്ടികളാണ് എന്ന കാര്യത്തെക്കുറിച്ചൊക്കെ നമുക്കൊരു ധാരണയുണ്ടാകുമല്ലോ. അങ്ങനെ ആദ്യം ടീച്ചറിന്റെ ഭാഗം അഭിനയിച്ച് തീർത്ത ശേഷം പലതരം കുട്ടികളുടെ രംഗങ്ങൾ ചിത്രീകരിക്കും. സ്പൊണ്ടേനിയസ് ഡയലോഗ് വച്ച് ഷൂട്ട് ചെയ്യുന്നതുകൊണ്ടാണ് എനിക്ക് സ്പോട്ടിൽ ഹ്യൂമർ ചെയ്യാൻ കഴിയുന്നത്. സ്ക്രിപ്റ്റ് ചെയ്താൽ അങ്ങനെയൊരു സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നു തോന്നാറുണ്ട്. ഇതുവരെ സ്ക്രിപ്റ്റ് ഒരുക്കി ഞാൻ വിഡിയോ ചെയ്തിട്ടില്ല. ഒരു തവണ ശ്രമം നടത്തിയെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചില്ല. 

meenu-francis-4

∙ അണിയറയിലും ക്യാമറക്കു മുന്നിലും ഒരേപോലെയുള്ള അധ്വാനമുണ്ടല്ലോ. എഡിറ്റിങ് പഠിച്ചിട്ടുണ്ടോ?

എ‍ഡിറ്റിങ് കാര്യമായി പഠിച്ചിട്ടില്ല. ലോക്ഡൗൺ തുടങ്ങിയ സമയത്ത് ടിക്ടോക് ചെയ്തുകൊണ്ടിരുന്നപ്പോൾ കണ്ടന്റ് ഒരു മിനിറ്റ് വിഡിയോയായി ഒതുക്കാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ ടിക്ടോക് വിഡിയോ ചെയ്യുന്നത് നിർത്തി. അതിനുശേഷം അഞ്ചാറു ദിവസം കഴിഞ്ഞാണ് ടിക്ടോക് നിരോധനം. ലോങ് വിഡിയോ എങ്ങനെയുണ്ടാകുമെന്നറിയാനുള്ള കൗതുകത്തിലാണ് യുട്യൂബിൽ വിഡിയോ ചെയ്തു തുടങ്ങിയത്. അങ്ങനെയാണ് 10–ാം ക്ലാസുകാർക്കു സ്കൂൾ തുറക്കുന്ന ദിവസം വിഷയമാക്കി ‘ഒരു ക്ലാസ് ടീച്ചർ അപാരത’ എന്ന വിഡിയോ  ചെയ്തത്. ടിക്ടോക്കിൽ ഒരു മിനിറ്റുള്ള വിഡിയോ ആയിരുന്നു. ഞാനത് വികസിപ്പിച്ച് അഞ്ചാറു മിനിറ്റിന്റെ വിഡിയോ ആക്കി യുട്യൂബിലിട്ടു. അതാണ് യുട്യൂബിലെ എന്റെ ആദ്യത്തെ കണ്ടന്റ് വിഡിയോ. അതുവരെ റിയൽടൈം ടോക്ക് പോലെയുള്ള വ്ലോഗ് വിഡിയോസ് ആയിരുന്നു ചെയ്തിരുന്നത്. 

വലിയൊരു സംഭവമാകണമെന്നു വിചാരിച്ച് യുട്യൂബ് വിഡിയോ ചെയ്തു തുടങ്ങിയതല്ല. ഫോൺ മേശപ്പുറത്തു ചാരിവച്ചാണ് ആദ്യ യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്തത്. ഇപ്പോഴും വിഡിയോയെടുക്കുന്നത് ഫോണിൽത്തന്നെയാണ്. അനിയത്തി ക്യാമറ ചെയ്യാൻ സഹായിക്കാറുണ്ട്. യുട്യൂബ് വിഡിയോയ്ക്കുവേണ്ടിയാണ് എഡിറ്റിങ് പഠിച്ചു തുടങ്ങിയത്. ടിക്ടോക് ചെയ്തിരുന്നതുകൊണ്ട് കുറച്ചു കാര്യങ്ങളൊക്കെ അറിയാമായിരുന്നു. ഇൻഷോർട്ട് എന്ന ആപ്ലിക്കേഷനിലാണ് എഡിറ്റിങ് ചെയ്യുന്നത്. ആപ് യൂസ് ചെയ്യാനറിയാം എന്നല്ലാതെ എഡിറ്റിങ്ങിനെക്കുറിച്ച് കാര്യമായി വേറെയൊന്നും പഠിച്ചിട്ടില്ല. ഈ ആപ്പിൽത്തന്നെയാണ് എല്ലാം എഡിറ്റ് ചെയ്യാറുള്ളത്.

meenu-francis-6

∙ ചെയ്ത വിഡിയോകളിലേറെയും ട്രെൻഡിങ് ആണല്ലോ?. സിനിമയിൽനിന്ന് ഓഫർ വന്നു തുടങ്ങിയോ?

അടുത്തകാലത്താണ് ട്രെൻഡിങ്ങിൽ എന്റെ വിഡിയോസ് വന്നു തുടങ്ങിയത്. ആദ്യമായി ട്രെൻഡിങ്ങിൽ വന്ന വിഡിയോ പ്ലസ്ടു ടൂർ ആണ്. അത് ട്രെൻഡിങ് വൺ ആയിരുന്നു. അതിന് രണ്ട് മില്യണോടടുത്ത് വ്യൂസും ഉണ്ടായിരുന്നു. അതിനുശേഷം ബസ്‌സ്റ്റോപ്പിൽ ഒറ്റയ്ക്കായാൽ, ഇതിനാണോ ചെരുപ്പു കടയിൽ പോയത് എന്നീ വിഡിയോകളും ട്രെൻഡിങ്ങിൽ വന്നിട്ടുണ്ട്. സ്കൂളിൽ പരീക്ഷാ പേപ്പർ വിതരണം എന്ന വിഡിയോ ഏറെനാൾ ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നു. ഈ അടുത്തു ചെയ്ത വിഡിയോ ആയ ‘അമ്മയെല്ലാം കണ്ടുപിടിച്ചു’ എന്നതാണ് ഏറ്റവും ഒടുവിൽ ട്രെൻഡിങ്ങിൽ വന്നത്.

സിനിമയിൽനിന്ന് ഇതുവരെ ഓഫറുകൾ വന്നിട്ടില്ല. ടിക്ടോക് ചെയ്തിരുന്ന സമയത്ത് ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചിലർ ചോദിച്ചിരുന്നു. 

meenu-francis-3

∙ നഴ്സിങ് കരിയറിനെ ഏറെ സ്നേഹിക്കുന്ന മീനു കൂടുതല്‍ പ്രാധാന്യം നൽകുന്നത് കരിയറാണോ പാഷനാണോ?

കരിയർ പോലെ തന്നെ ഏറെയിഷ്ടമാണ് എന്റെ പാഷനും. നഴ്സിങ് ഞാനൊരുപാട് ആഗ്രഹിച്ച് ഇഷ്ടപ്പെട്ടെടുത്ത പ്രഫഷനാണ്. കരിയർ എത്രത്തോളം പ്രധാനമാണോ അത്രത്തോളം എന്റെ പാഷനായ വിഡിയോ ക്രിയേഷനെയും ഞാൻ സ്നേഹിക്കുന്നുണ്ട്. യുട്യൂബിൽ വിഡിയോ ചെയ്തു തുടങ്ങുന്നതിനു മുൻപേ ഞാൻ നഴ്സ് ആയതാണ്. അതുകൊണ്ടു തന്നെ കരിയറിനെയും പാഷനെയും താരതമ്യം ചെയ്ത് ഏതെങ്കിലുമൊന്നിന് മുൻതൂക്കം നൽകാൻ എനിക്ക് കഴിയില്ല. ജീവിതത്തിൽ ഈ രണ്ടിഷ്ടങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടു പോകണം എന്നാണെന്റെ ആഗ്രഹം. എന്റെ ജീവിതമാണ് നഴ്സിങ്. ആ ജീവിതത്തിന് കൂടുതൽ കളർ നൽകുന്ന ഒരിഷ്ടമാണ് വിഡിയോ ക്രിയേഷൻ. രണ്ടും പാഷനായതുകൊണ്ട് ഒന്നിനെ മാറ്റിനിർത്തി മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാനെനിക്ക് കഴിയില്ല.

∙ നഴ്സിങ് പഠന സമയത്തെ മറക്കാനാകാത്ത അനുഭവങ്ങൾ

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മേഖലയായിരുന്നു സൈക്യാട്രി. അതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ പോസ്റ്റിങ്ങുകളൊക്കെ ഒരുപാട് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചിരുന്നു. സൈക്യാട്രിക് പേഷ്യൻസുമായുള്ള ഗെയിം സെഷൻസ്, അവരുമായി അഭിമുഖം നടത്താൻ ലഭിച്ച അവസരങ്ങൾ എന്നിവയൊക്കെ നഴ്സിങ് പഠനകാലത്തെ ഏറെ പ്രിയപ്പെട്ട ഓർമകളാണ്. സുഹൃത്തുക്കൾ, ഹോസ്റ്റൽ ലൈഫ് എല്ലാം നല്ല ഓർമകളാണ്. നഴ്സിങ് പഠനകാലത്താണ് നഴ്സസ് റാപ് എഴുതിയത്. നഴ്സിങ് റാപ് മിക്ക നഴ്സിങ് ഗ്രൂപ്പുകളിലും പേജുകളിലുമൊക്കെ നന്നായി ഷെയർ ചെയ്യപ്പെട്ടു. അതിനുശേഷം വന്ന ലോക നഴ്സ് ദിനത്തിൽ വിഷ്വൽ മീഡിയയിൽ ഒക്കെ ഗെസ്റ്റായി വന്ന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. നഴ്സസ് റാപ് എന്നെ ഒരുപാട് ആളുകൾ തിരിച്ചറിയാൻ കാരണമായി.

നഴ്സിങ് മേഖലയെപ്പറ്റി ഒരുപാടു പേർ താഴ്ത്തിക്കെട്ടി പറയുന്നത് കേട്ടിട്ടുണ്ട്. ഞാനും അനിയത്തിയും എന്തുകൊണ്ട് നഴ്സിങ് എടുത്തു എന്നുള്ള ചോദ്യങ്ങൾ കേട്ട് ബുദ്ധിമുട്ടായിത്തുടങ്ങിയ സമയത്താണ് ഞാൻ നഴ്സസ് റാപ് എഴുതുന്നത്. നഴ്സിങ് എന്ന പ്രഫഷന്റെ ഡിഗ്‌നിറ്റി ഒരുപാട് പേർക്ക് മനസ്സിലാക്കിക്കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ഈ നഴ്സസ് റാപ് ഒരുപാടുപേരിലേക്കെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാൻ ആഗ്രഹച്ചതിലപ്പുറം റീച്ച് ആ ഒരു മിനിറ്റ് വിഡിയോയ്ക്ക് കിട്ടി. ഞാൻ തന്നെയാണ് വരികളെഴുതിയത്. നല്ല സ്പീഡിലാണ് അത് പാടിയിരിക്കുന്നതൊക്കെ. ആ നഴ്സസ് റാപ്പിലൂടെയാണ് ഞാനുമൊരു നഴ്സ് ആണെന്ന് ഒരുപാടു പേർ അറിഞ്ഞത്.

∙ എന്തൊക്കെയാണ് ഹോബികൾ? 

ക്രാഫ്റ്റ്, ബോട്ടിൽപെയിന്റിങ് അങ്ങനെ ഒരുപാട് ഹോബികൾ ഉണ്ടായിരുന്നു. അതൊക്കെ ചെയ്യാൻ വളരെയിഷ്ടമായിരുന്നു. കുറച്ചൊക്കെ വരയ്ക്കുമായിരുന്നു. പെയിന്റിങ് ഒക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വിഡിയോ തയാറാക്കാൻ വേണ്ടിയാണ്. ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമൊക്കെ ഒരുപാടു സമയം വേണം. അതുകൊണ്ട് മറ്റുകാര്യങ്ങളൊന്നും അധികം ചെയ്യാറില്ല. കുക്കിങ്, വായന ഇവയോടൊക്കെ ഇഷ്ടമുണ്ട്. നല്ല സിനിമകൾ സിലക്ട് ചെയ്ത് കാണാറുണ്ട്. ഇംഗ്ലിഷ്, തമിഴ്, മലയാളം സിനിമകളാണ് കൂടുതൽ കാണാറുള്ളത്.

∙ ക്രിസ്മസ് ഓർമകൾ?

ക്രിസ്മസ് എനിക്കൊരുപാടിഷ്ടമുള്ള ഒരു ഫീലിങ് ആണ്. ക്രിസ്മസിനെ വെറുമൊരു ആഘോഷം എന്ന നിലയിൽ പറയാൻ എനിക്ക് സാധിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടാത്ത ഒരു വികാരമാണ് ക്രിസ്മസ്. ക്രിസ്മസ് കേക്ക്, പുൽക്കൂട് ഒക്കെ എനിക്കൊരുപാടിഷ്ടമാണ്. ഞാൻ വീട്ടിലുള്ള സമയമാണെങ്കിൽ എന്റെ നേതൃത്വത്തിലാണ് വീട്ടിൽ പുൽക്കൂടുണ്ടാക്കുന്നത്. പ്ലം കേക്കിനോട് എനിക്കെന്തോ അത്ര പ്രിയമില്ല. മാർബിൾ കേക്കാണ് എനിക്കേറെയിഷ്ടം. മിക്കവാറും ക്രിസ്മസ് ആഘോഷം അമ്മ വീട്ടിലും ബന്ധുവീടുകളിലുമൊക്കെയാകും. ക്രിസ്മസ് സ്പെഷൽ റെസിപ്പികളായ പിടി–കോഴി, അപ്പം– കോഴിക്കറി എല്ലാം ഏറെയിഷ്ടമാണ്.

meenu-francis-5

∙ കുടുംബം?

പപ്പ, അമ്മ, അനിയത്തി അങ്ങനെ ഞങ്ങൾ നാലുപേരടങ്ങുന്നതാണ് കുടുംബം. പപ്പയും അമ്മയും അധ്യാപകരാണ്. പപ്പ പോളിടെക്നിക് വിഭാഗത്തിലാണ്. അമ്മ ഹൈസ്കൂൾ അധ്യാപികയാണ്. അനിയത്തി മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയാണ്.

English Summary : Youtuber Meenu Francis Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA