ബന്ധം അവസാനിപ്പിക്കാൻ ആലോചനയുണ്ടോ ? സ്വയം ചോദിക്കാം, വിലയിരുത്താം ഇക്കാര്യങ്ങൾ

HIGHLIGHTS
  • ഒട്ടും ആരോഗ്യകരമല്ലാത്ത ബന്ധം തുടരുന്നത് ദോഷകരമാണ്
questions-to-ask-before-ending-your-relationship
Image Credits : Photographee.eu / Shutterstock.com
SHARE

പങ്കാളികൾ പിരിയുന്നത് തെറ്റായ കാര്യമല്ല. ഇതിനെ ഒരു ആരോഗ്യകരമായ പ്രവണതയായാണ് മാറിയ കാലം അടയാളപ്പെടുത്തുന്നത്. അതേസമയം വളരെ നിസാരമായ ചില പ്രശ്നങ്ങള്‍ ബന്ധം പിരിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്. ലളിതമായ പരിഹരിക്കാനുള്ള സാധ്യത ഉപയോഗിക്കാതെയാണ് പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നു. 

ഒട്ടും ആരോഗ്യകരമല്ലാത്ത ബന്ധം തുടരുന്നത് ദോഷകരമാണ്. അതുപോലെ തന്നെ നിസാര പ്രശ്നങ്ങളുടെ പേരിൽ പിരയുന്നതും നല്ലതല്ല. ഒരുപക്ഷേ ഭാവിയിൽ വേദന സമ്മാനിക്കാൻ ഇത് കാരണമായേക്കാം. അതുകൊണ്ട് നന്നായി ആലോചിച്ചു വേണം പിരിയുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ. ഇതിനായി ചില ചോദ്യങ്ങൾ സ്വയം ചോദിക്കാം. മികച്ച തീരുമാനമെടുക്കാൻ അത് സഹായിച്ചേക്കും.

തീരുമാനം പെട്ടെന്നുണ്ടായതാണോ‌ ?

ഘട്ടം ഘട്ടമായി നിങ്ങള്‍ക്ക് പങ്കാളിയോടു തോന്നുന്ന അകല്‍ച്ച സ്വാഭാവികമായി കരുതാം. അതേസമയം ഇത്തരമൊരു ചിന്തയോ അകല്‍ച്ചയോ പെട്ടെന്നാണു ഉടലെടുക്കുന്നതെങ്കില്‍ ബന്ധം പിരിയും മുന്‍പ് ചില കാര്യങ്ങൾ വിലയിരുത്തുക. പങ്കാളിയുമായുള്ള ബന്ധത്തേക്കാൾ ബാഹ്യ ഘടകങ്ങളായിരിക്കാം ഈ തീരുമാനത്തിനു നിങ്ങളെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിനു മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോൾ നിങ്ങൾക്കു പങ്കാളിയോട് അകൽച്ച തോന്നുന്നു. ജോലി സ്ഥലത്തോ മറ്റോ ഉണ്ടായ ഒരു ദുരനുഭവമായിരിക്കാം ഇതിനു കാരണം. വീട്ടിലെത്തുമ്പോള്‍ അവിടെയും സംഘർഷഭരിതമായ സാഹചര്യം ഉണ്ടെങ്കിൽ പങ്കാളിയോട് അതൃപ്തി തോന്നാം.

ഇത്തരം സഹാചര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും മുന്‍പ് തന്‍റെ ജീവിതത്തില്‍ എന്താണു സംഭവിക്കുന്നത് എന്നു വിശദമായി വിലയിരുത്തുക. ദാമ്പത്യത്തിലും അല്ലാതെയും നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാം. ഇതിനായി അടുത്ത സുഹൃത്തിന്‍റെ സഹായവും തേടാം. ഇതിനുശേഷം ബന്ധം പിരിഞ്ഞേ തീരൂ എന്നു തോന്നുകയാണെങ്കിൽ മാത്രം മുന്നോട്ടു പോവുക. 

മറ്റൊരാളോടുള്ള അടുപ്പമാണോ പ്രശ്നം ?

മറ്റൊരാളോടുള്ള അടുപ്പമാണു നിങ്ങളെ ദാമ്പത്യത്തിൽ നിന്നോ പ്രണയത്തിൽ നിന്നോ അകലാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ അക്കാര്യം വിശദമായി പരിശോധിക്കുക. കാരണം മറ്റൊരാളോടു നിങ്ങള്‍ക്കു ആകര്‍ഷണം തോന്നുന്നു എന്നതിന്‍റെ അര്‍ത്ഥം നിലവിലെ ബന്ധം അവസാനിച്ചു എന്നല്ല. മിക്കവാറും നിങ്ങളുടെ പങ്കാളിയില്‍ നിന്നു ലഭിക്കാത്ത എന്തെങ്കിലും മറ്റൊരാളില്‍ നിന്ന ലഭിക്കുമ്പോഴാണ് ഇത്തരം ആകര്‍ഷണം അനുഭവപ്പെടുക. നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ട് എന്നാണ് ഇതിന്റെ അർഥം. അതുകൊണ്ടു തന്നെ പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഇതു വിജയിച്ചാല്‍ നിലവിലെ ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനാവും.

പങ്കാളിയില്‍ നിന്നുള്ള പീഡനം

സ്വന്തം പങ്കാളിയില്‍ നിന്നു ശീരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റു വാങ്ങി ജീവിക്കുന്നവരുണ്ട്. ഇത്തരം ബന്ധങ്ങളില്‍ കടിച്ചു തൂങ്ങുന്നതിൽ അർഥമില്ല. ഇത് നിങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളി വിടും. എത്രയും പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിക്കുന്നതാണ് ഉത്തമം. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളെ കൂടുതൽ നിയന്ത്രിക്കാനായിരിക്കും ഇത്തരക്കാർ ശ്രമിക്കുക. അതിനാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടു കൂടി മാത്രം പ്രശ്നങ്ങൾ പരിഹരിക്കാനും ബന്ധങ്ങള്‍ അവസാനിപ്പിക്കാനും ശ്രമിക്കുക.

ബന്ധത്തിന്റെ ഭാവി എങ്ങനെയാകും ?

രണ്ടു പേര്‍ അടുത്ത് ഇടപെഴുകുമ്പോൾ മാത്രമേ പരസ്പരം മനസ്സിലാക്കാനാകൂ. ഒന്നിച്ചു ജീവിക്കുമ്പോഴാണു കൂടുതൽ അറിയാനാകും‌. ബന്ധം തുടരണമോ എന്ന് ഒരുമിച്ചു ജീവിച്ച് തുടങ്ങിയശേഷവും തീരുമാനമെടുക്കുന്നതിൽ തെറ്റില്ല.

സ്വാഭാവികമായും പങ്കാളിയുടെ തീരുമാനങ്ങളായിരിക്കും സംഘർഷങ്ങൾക്കു കാരണം. ആളുകള്‍ ഒരുപാടൊന്നും മാറാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഒരാളുമായുള്ള ബന്ധത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ അവരുടെ നിലപാടുകളും തീരുമാനങ്ങളും മനസ്സിലാക്കി ഭാവി എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തണം. 

നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാവി ജീവിതവും അവരുടെ സങ്കല്‍പങ്ങളും ചേര്‍ന്നു പോകുന്നുണ്ടോ എന്നു പരിശോധിക്കുക. അത് പത്തു വര്‍ഷത്തിനു ശേഷമുള്ളതായാൾ പോലും. ഉദാഹരണത്തിനു കുട്ടികള്‍ വേണോ, അല്ലെങ്കിൽ എത്ര കുട്ടികൾ വേണം. ഈ തീരുമാനങ്ങളെല്ലാം രണ്ടു പേര്‍ ഒന്നിച്ചെടുക്കേണ്ടവയാണ്. ഇത്തരം കാര്യങ്ങളില്‍ ഒരേ മനസ്സില്ല, വീട്ടുവീഴ്ചയ്ക്കു തയാറല്ല എന്നാണെങ്കിൽ ബന്ധം അവസാനിപ്പിക്കുന്നതാണ് ഉത്തമം.

ഒരിക്കല്‍ മനോഹരമായിരുന്നോ ബന്ധം ? 

ഒരിക്കല്‍ സുന്ദരമായിരുന്ന ബന്ധം പിന്നീട് തലവേദനയായി മാറി നിങ്ങളെ അലട്ടുകയാണോ?. മിക്ക  ബന്ധങ്ങളിലും ഇതു സ്വാഭാവികമാണ്. ഒരിക്കല്‍ മനോഹരമായിരുന്നു എന്ന തോന്നലുണ്ടെങ്കിൽ ഈ ബന്ധത്തിലുണ്ടായ മാറ്റങ്ങളെ പരിശോധിക്കുക . ഇതിലൂടെ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ കണ്ടെത്തുക. പങ്കാളിയുമായി സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കുക. ഇതിനു പങ്കാളി സഹകരിക്കാതിരിക്കുകയോ പരിഹാരം കണ്ടെത്താനാവാതെയോ വന്നാൽ മാത്രം ബന്ധം അവസാനിപ്പിക്കുക.

English Summary : Questions to ask yourself before ending a relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA