ADVERTISEMENT

2007 ഏപ്രിൽ 21, തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീരാജിന് ഒരിക്കലും മറക്കാനാവുന്ന ദിവസമല്ല അത്. ആറു നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ജീവിതത്തിനും മരണത്തിനും ഇടയിലേക്ക് അയാൾ വീണത് അന്നാണ്. സാധാരണമായ ജീവിതം അസാധാരണമായ ദുരിതങ്ങളിലേക്ക് പതിച്ച ദിവസം. ആ വീഴ്ചയിൽനിന്ന് ശ്രീരാജ് മടങ്ങിവരുമെന്ന് ആരും കരുതിയില്ല. പക്ഷേ അയാൾ മരണത്തെ അതിജീവിച്ചു. എന്നാൽ അരയ്ക്ക് താഴോട്ട് ചലനം നഷ്ടമായി. സഹിച്ച വേദനയ്ക്കോ, അനുഭവിച്ച നിരാശയ്ക്കോ കണക്കില്ല. മാതാപിതാക്കളെ പൊന്നു പോലെ നോക്കണം എന്ന ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ, ആ വീഴ്ചയോടു കൂടി പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്ന അവസ്ഥയിലേക്ക് എത്തി. ചക്രക്കസേരയിലേക്ക് ചുരുങ്ങിയ ദിവസങ്ങളിൽ ഇനി ജീവിച്ചിരുന്നിട്ട് എന്തിന് എന്ന് പോലും ചിന്തിച്ചു.

എന്നാൽ അയാൾ പതിയെ തന്റെ ജീവിതം തിരികെപ്പിടിച്ചു. പലതും ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടും പരിശ്രമം നിർത്തിയില്ല. ശരീരം തളർന്നു പോകുമ്പോഴും മനസ്സിന് കരുത്ത് നൽകി പോരാട്ടം തുടർന്നു. ഒടുവിൽ കുടകൾ ശ്രീരാജിന്റെ ജീവിതത്തിന് തണലേകി. പോത്തൻകോടുള്ള സുരേന്ദ്രൻ എന്നയാളാണ് ശ്രീരാജിന് കുട നിർമാണം പഠിപ്പിച്ചത്. പതിയെ കുട നിർമാണത്തിൽ ശ്രീരാജ് വൈദഗ്ധ്യം നേടി. ഇന്ന് ഏത് തരം കുടകളും ഇന്ന് ശ്രീരാജ് അനായാസം നിർമിക്കും. ശ്രീസ് അബ്രല്ലാസ് എന്ന ആ കുഞ്ഞൻ ബ്രാന്‍ഡിനെ നാട്ടുകാർ നെഞ്ചോടു ചേർത്തുപ്പിടിച്ചു. ശ്രീരാജിന് ഓടിക്കാൻ പാകത്തിൽ സ്കൂട്ടർ ക്രമപ്പെടുത്തി. അതിലായി അയാളുടെ യാത്ര. അങ്ങനെ ജീവിതം തുന്നിപ്പിടിപ്പിച്ച് മുന്നോട്ട് പോകുന്നതിനിടയിൽ പല രൂപത്തില്‍ വേദനകൾ വന്നും പോയുമിരുന്നു. അച്ഛന്റെ വിയോഗം മാനസികമായി തളർത്തി. ശാരീക അസ്വസ്ഥതകൾ ഇടയ്ക്കിടെ വേട്ടയാടി. എന്നിട്ടും ശ്രീരാജ് തോറ്റു കൊടുത്തില്ല.

ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുള്ള മുന്നേറ്റത്തിനിടയിലാണ് കോവിഡ് പുതിയ വെല്ലുവിളി ഉയർത്തി എത്തിയത്. എല്ലാ മേഖലയിലും ഉണ്ടായ തളർച്ച ശ്രീരാജിനെയും ബാധിച്ചു. സ്കൂളുകൾ തുറക്കാത്തതും വിപണി ഉണരാത്തതും കുട വിൽപന കുറയാൻ കാരണമായി. മറ്റു ജോലികൾ ചെയ്യാൻ സാധിക്കാത്തതും ശ്രീരാജിനെ പ്രതിസന്ധിയിലാക്കി. ‘‘ഒരുപാട് സ്വപ്നങ്ങൾ ഒന്നുമില്ല. ആരുടെ മുന്നിലും കൈനീട്ടാതെ സ്വയം അധ്വാനിച്ച് ജീവിക്കണം. അമ്മയെ നന്നായി നോക്കണം. പിന്നെയുള്ള ആഗ്രഹം ഒരു ഓട്ടോറിക്ഷ വാങ്ങണമെന്നതാണ്. ഇപ്പോൾ സ്കൂട്ടറിലാണ് യാത്ര. പെട്ടെന്ന് മഴ പെയ്താൽ നനയുക അല്ലാതെ വേറെ മാർഗമില്ല. എവിടെയെങ്കിലും നിർത്തി മാറി നിൽക്കാനൊന്നും പറ്റില്ലല്ലോ. ഓട്ടോറിക്ഷ ആകുമ്പോൾ നനയാതെ പോകാം. കോവിഡ് പ്രതിസന്ധി ആ സ്വപ്നം ദൂരേയ്ക്ക് മാറ്റി നിർത്തിയിരിക്കുകയാണ്. എല്ലാം ശരിയാകുമെന്നാണ് വിശ്വാസം’’– ശ്രീരാജ് തന്റെ കുഞ്ഞൻ സ്വപ്നങ്ങളെക്കുറിച്ച് മനസ്സ് തുറന്നു.

sreeraj-2

ജീവിതത്തിൽ തളർന്നു പോകുന്നവരോട് പോരാടൂ എന്നുമാത്രമാണ് ശ്രീരാജിന് പറയാനുള്ളത്. ദുഃഖിച്ചിരുന്നതു കൊണ്ട് ഒന്നും മാറില്ലെന്നും പരസ്പരം താങ്ങും തണലുമായി എല്ലാവരെയും ഉൾകൊണ്ടുമാകണം സമൂഹം മുന്നോട്ടു പോകേണ്ടതെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ ചെറുപ്പക്കാരൻ പറയുന്നു. 

ശ്രീരാജ് : 9947412255

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com