അഭിനയം തുടങ്ങിയത് പയ്യനായി, വാശി സംവിധായികയാക്കി, തേടി വന്ന പൈങ്കിളി: ശ്രുതി രജനീകാന്ത് സംസാരിക്കുന്നു

HIGHLIGHTS
  • അമ്പലപ്പുഴക്കാരിയായതുകൊണ്ടു തന്നെ ഉണ്ണിക്കണ്ണന്റെ ഭക്തയാണ് ഞാനും
  • ഉണ്ണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത് നടൻ അഗസ്റ്റിനങ്കിളാണ്
actress-shruthi-rajanikanth-life-and-style-statement-exclusive-interview
SHARE

ആയിരം കണ്ണുമായ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു പൈങ്കിളിയുണ്ട്. ഓമനത്തമുള്ള പേരുള്ള കഥാപാത്രമായി വന്ന് മനസ്സുകവർന്ന കക്ഷി പക്ഷേ ജീവിതത്തിൽ വെറും പൈങ്കിളിയല്ല. കരിയറിൽ കൃത്യമായ ലക്ഷ്യങ്ങളുള്ള, ഉപരിപഠനത്തെയും ജീവിതത്തെയും ഗൗരവമായി കാണുന്ന ശ്രുതി രജനികാന്ത് എന്ന പൈങ്കിളി അഭിനയ ജീവിതത്തെക്കുറിച്ചും സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.

∙ ഉണ്ണിക്കുട്ടന്റെ ചേച്ചിയാകാനെത്തി, അരങ്ങേറ്റം കുറിച്ചത് ആൺകുട്ടിയായി 

എന്റെ ഒരു വലിയച്ഛൻ പ്രൊഡക്‌ഷൻ മേഖലയിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ എന്ന സിറ്റുവേഷൻ കോമഡി പരമ്പരയുടെ ഷൂട്ടിങ് കാണാൻ പോയതാണ്. അവിടെ ചെന്നപ്പോൾ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. പക്ഷേ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രം ചെയ്യാനെത്തിയ കുട്ടിക്കു സഭാകമ്പം കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. അപ്പോൾ യാദൃച്ഛികമായി ആ വേഷം എനിക്ക് ലഭിച്ചു. മുടിയൊക്കെ വെട്ടി ആൺകുട്ടിയായി അതിൽ അഭിനയിപ്പിക്കുകയായിരുന്നു. ഉണ്ണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത് നടൻ അഗസ്റ്റിനങ്കിളാണ്. അദ്ദേഹമാണ് എന്നെ മാനസപുത്രി എന്ന സീരിയലിലേക്ക് സജസ്റ്റ് ചെയ്തത്. ആ പരമ്പരയിൽ സംഗീത മോഹന്റെ മകനായി അഭിനയിക്കാനുള്ള ഒരു കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അവർ. അങ്ങനെ ആ പരമ്പരയിലും ആൺകുട്ടിയായി അഭിനയിച്ചു. തുടർന്ന് ശങ്കർ വാളത്തുങ്കൽ അങ്കിൾ സംവിധാനം ചെയ്ത പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് എട്ടുസുന്ദരികളും ഞാനും, സുന്ദരി സുന്ദരി, കൽക്കട്ട ഹോസ്പിറ്റൽ എന്നീ പരമ്പരകളും ചെയ്തു.

Shruthi-Rajanikanth-6

ആ സമയത്ത് മൂന്നു സിനിമകളിലും ഞാൻ അഭിനയിച്ച സീരിയലുകളിലും ചൈൽഡ് ഡബ്ബിങ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ട്. ‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ ദിലീപിന്റെ മകളായി അഭിനയിച്ച കുട്ടിക്കും ‘മധുചന്ദ്രലേഖ’യിൽ ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിക്കും ഒക്കെ വേണ്ടി ഡബ് ചെയ്തു. പിന്നെ നീണ്ട ഇടവേളയെടുത്തു. പ്ലസ്ടു പഠനം കഴിഞ്ഞ് ആൽബത്തിലൊക്കെ അഭിനയിച്ചു. ആ സമയത്ത് കുറേ ഓഡിഷനുകളിലും പങ്കെടുത്തിരുന്നു. ആറുവർഷമായി അഭിനയരംഗത്തേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലായിരുന്നു.

∙ എന്നെത്തേടി വന്നതാണ് പൈങ്കിളി 

ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം എന്നെത്തേടി വരുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഞാൻ പങ്കുവച്ച ചിത്രങ്ങൾ കണ്ടിട്ടാണ് അതിന്റെ അണിയറ പ്രവർത്തകർ എന്നെ ബന്ധപ്പെടുന്നതും ആ കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നതും. 

∙ ആ വാശി സംവിധായികയാക്കി

ഞാൻ നാലു ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യത്തെ ഹ്രസ്വചിത്രം ചെയ്തപ്പോൾ എനിക്കതിലൊരു അഭിരുചിയുണ്ടെന്നൊന്നും അറിയില്ലായിരുന്നു. ‘പക’ എന്നായിരുന്നു അതിന്റെ പേര്. അതൊരു പൂർണ്ണ പരാജയമായിരുന്നു. കണ്ണൂരിൽ ഒരു ഫിലിംഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പിറ്റേദിവസം അവിടെയൊരു ഹ്രസ്വചിത്ര മൽസരം നടക്കുന്നുണ്ടെന്നറിഞ്ഞ് പെട്ടന്നൊരു ഹ്രസ്വചിത്രം ഒരുക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ സ്ക്രിപ്റ്റ് റൈറ്റിങ്, കാസ്റ്റിങ്, ഷൂട്ടിങ് എല്ലാം തീർത്ത് മൽസരത്തിനുവേണ്ടി സബ്മിറ്റ് ചെയ്തു. ജേണലിസം പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ ക്യാമറയൊന്നും കിട്ടാൻ ബുദ്ധിമുട്ടില്ലായിരുന്നു. ആ ഹ്രസ്വചിത്രം അവിടെ പ്രദർശിപ്പിക്കുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയതായതുകൊണ്ട് അത് സ്ക്രീൻ ചെയ്തപ്പോൾ ആ വർക്കിൽ എനിക്കൊട്ടും സംതൃപ്തി തോന്നിയില്ല. കണ്ടവരെല്ലാം ഏകദേശം ഒരേ മട്ടിലുള്ള അഭിപ്രായങ്ങളാണ് പറഞ്ഞത്. എവിടെയോ ഒരു എലമെന്റുണ്ട്. പക്ഷേ എന്തോ ഒന്ന് മിസ് ചെയ്യുന്നു എന്നാണത്. അന്നതൊരു തമാശ മാത്രമായിരുന്നു ഒരു സിനിമാറ്റിക് റിഥത്തിലേക്ക് അന്നത് വന്നിരുന്നില്ല. 

Shruthi-Rajanikanth-2

പിന്നെ ഹ്രസ്വചിത്ര സംവിധാനത്തെ ഗൗരവത്തോടെ സമീപിക്കണമെന്ന വാശിതോന്നി. ആ വാശിയിൽ നിന്നാണ് ‘വാരിയെല്ല്’ എന്ന ഹ്രസ്വചിത്രത്തിന്റെ പിറവി. സ്ക്രിപ്റ്റ് എഴുതിയ ശേഷം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. അവർക്ക് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. അങ്ങനെ കണ്ണൂരിൽ പോയി സീറോ ബജറ്റിൽ ആ ഹ്രസ്വചിത്രമൊരുക്കി. അതേ ഫിലിംഫെസ്റ്റിവലിൽ അടുത്ത വർഷം ആ ഹ്രസ്വചിത്രം സബ്മിറ്റ് ചെയ്യുകയും അതിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. അത് ഒരുപാട് സ്ഥലത്ത് സ്ക്രീൻ ചെയ്യുകയും കുറേ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. ആ ഹ്രസ്വചിത്രം കണ്ട സുഹൃത്തുക്കളും അധ്യാപകരും പുറത്തുനിന്നുള്ളവരുമെല്ലാം അതിലൊരു സിനിമാറ്റിക് എലമെന്റുണ്ടെന്നു പറഞ്ഞ് അഭിനന്ദിച്ചിരുന്നു. പിന്നീട് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘തെളി’ എന്ന ഹ്രസ്വചിത്രം ചെയ്യുന്നത്. അതിനും നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. 

തമിഴ്നാട്ടിലെ ഒരു അവാർഡ് ഫെസ്റ്റിനുവേണ്ടിയാണ് ‘നെഗിളിനോയ്’ എന്ന തമിഴ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണമെന്ന നിലയിലാണ് അത് ചെയ്തത്. അതിന് യുട്യൂബ് റിലീസ് ഒന്നും ഉണ്ടായിരുന്നില്ല. അതിനും അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ അടുത്ത പ്രോജക്ടിന്റെ പ്ലാനിങ്ങിലാണ്. സ്ക്രിപ്റ്റ് വർക്കുകൾ പുരോഗമിക്കുന്നുണ്ട്. മുൻപും തമിഴ് അറിയാമായിരുന്നെങ്കിലും കോയമ്പത്തൂരിലെ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നതുകൊണ്ട് തമിഴ്ഭാഷ നന്നായി വഴങ്ങുമായിരുന്നു. അതുകൊണ്ട് തമിഴ്ഷോർട്ട്ഫിലിം ചെയ്തപ്പോൾ സ്ക്രിപ്റ്റ് ചെയ്യാനൊന്നും വലിയ ബുദ്ധിമുട്ടനുഭവിച്ചില്ല. പിന്നെ ചില വാക്കുകളുടെ കാര്യത്തിലൊക്കെ സംശയം വരുമ്പോൾ അവിടെയുള്ള സുഹൃത്തുക്കളും നന്നായി സഹായിച്ചു.

∙ കൃഷ്ണനാണ് എല്ലാം

അമ്പലപ്പുഴക്കാരിയായതുകൊണ്ടു തന്നെ ഉണ്ണിക്കണ്ണന്റെ ഭക്തയാണ് ഞാനും. എന്തെങ്കിലുമുണ്ടെങ്കിൽ ആദ്യം ‘എന്റെ കൃഷ്ണാ’ എന്നാണ് നാവിൽ വരിക. കുട്ടിക്കാലം മുതൽ  കണ്ണനുമായും അമ്പലപ്പുഴ അമ്പലവുമായും നല്ല അടുപ്പമുണ്ട്. എന്റെ വീടിന് തൊട്ടടുത്ത് ധർമ്മശാസ്താവിന്റെ അമ്പലമുണ്ട്. ഒരു മതിലിനപ്പുറമാണ് അമ്പലം. അതുകൊണ്ടു തന്നെ അവിടെയും പോകാറുണ്ട്. ഹൃദയത്തോട് ഏറെ ചേർന്നു നിൽക്കുന്ന ദൈവം കൃഷ്ണനാണ്. ഞാൻ കുറച്ചു റിലീജിയസ് ആണ്. അമ്പലത്തിലും പള്ളിയിലുമെല്ലാം പോകാറുണ്ട്. ഒന്നിനോടും അന്ധമായ വിശ്വാസമില്ല. പക്ഷേ ദേവാലയങ്ങളിൽ നിന്ന് കിട്ടുന്ന പോസിറ്റീവ് എനർജി എനിക്ക് അത്രമാത്രം പ്രധാനമാണ്.

Shruthi-Rajanikanth-3

∙ മോഡലിങ്

പ്രഫഷനലായി മോഡലിങ്ങിനെ സമീപിക്കുന്നത് ബിരുദാനന്തര ബിരുദം കഴിഞ്ഞാണെങ്കിലും കുട്ടിക്കാലം മുതൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കാനിഷ്ടമായിരുന്നു. അച്ഛൻ കുറേനാൾ വിഡിയോഗ്രഫറായി ജോലിചെയ്തിരുന്നു. ചെറിയച്ഛൻ ഫൊട്ടോഗ്രഫറായിരുന്നു. അപ്പോൾ ഫോട്ടോസ് എടുക്കുന്നതൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. യാത്രകളിലൊക്കെ ഒരുപാട് ചിത്രങ്ങൾ എടുത്തിരുന്നു. ഡിഗ്രി പഠനകാലത്ത് സുഹൃത്തുക്കളുടെയൊക്കെ മോഡൽ ഞാനായിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോൾ എന്റെ സുഹൃത്ത് ഋതുവേട്ടനാണ് മോഡലിങ് രീതിയിൽ ആദ്യം ഫോട്ടോയെടുത്തു തുടങ്ങിയത്. ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൊക്കെ പ്രൊഫൈൽ പിക്ചർ ആക്കുമായിരുന്നു. അതിനു ശേഷം  ഫാഷൻ ഫൊട്ടോഗ്രഫറായ ജിതിൻ എന്ന സുഹൃത്ത് മോഡലിങ്ങിനു വേണ്ടി ചിത്രങ്ങളെടുത്തിരുന്നു. ആ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമായിരുന്നെങ്കിലും ഞാനതിലൊന്നും സജീവമായിരുന്നില്ല. പിജി കഴിഞ്ഞശേഷമാണ് ഒരു പ്രഫഷൻ എന്ന നിലയിൽ മോഡലിങ്ങിനെ ഗൗരവമായി സമീപിച്ചു തുടങ്ങിയത്.

∙ പാഷനൊപ്പം കരിയറും

അഭിനയം പാഷനാണ്. പക്ഷേ ജേണലിസം എനിക്കൊരുപാടിഷ്ടമുള്ള മേഖലയാണ്. അഭിനയത്തിനൊപ്പം ഒരു കരിയറും മുന്നോട്ടു കൊണ്ടുപോകണമെന്നുണ്ട്. ജേണലിസവും ഏവിയേഷനും പഠിച്ചിട്ടുണ്ട്. ജേണലിസത്തിന്റെ ടച്ച് വിട്ടു പോകാതാരിക്കാൻ പാർട്ട് ടൈം കണ്ടന്റ് റൈറ്റിങ്ങിനുള്ള അവസരങ്ങൾക്കായി ശ്രമിക്കുന്നുണ്ട്. ഏവിയേഷനുമായുള്ള ടച്ച് പൂർണ്ണമായും വിട്ടുപോയതുകൊണ്ട് കരിയറായി ഏവിയേഷൻ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ തന്നെ ഉപരിപഠനവും മുന്നോട്ടുകൊണ്ടുപോകണം. പിഎച്ച്ഡി ചെയ്യാനും ആഗ്രഹമുണ്ട്. അതിനുശേഷമായിരിക്കും ജേണലിസവുമായി ബന്ധപ്പെട്ട ജോലിക്കായി ശ്രമിക്കുക. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം മേഖലയിൽ പാർട്ട് ടൈം ജോലി കിട്ടിയാൽ പാഷനും കരിയറും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകും. 

∙ അധ്യാപനം എന്ന ഇഷ്ടം

അധ്യാപനം എനിക്കേറെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. അഭിനയം എന്ന ജോലിക്കിടയ്ക്ക് അധ്യാപനം തിരഞ്ഞെടുത്താൽ അതിനോട് പൂർണ്ണമായും നീതി പുലർത്താനാവില്ലല്ലോ. കുട്ടികളോട് ആത്മാർഥത ഉണ്ടാവുക എന്നതാണല്ലോ പ്രധാനം. മോഡലിങ്, അഭിനയം ഇതിനൊപ്പം അധ്യാപനം കൊണ്ടുപോകാൻ പറ്റില്ല. കാരണം 100 ശതമാനം ആത്മാർഥതയും അർപ്പണബോധവും വേണ്ട ജോലിയാണത്. എപ്പോഴങ്കിലും അഭിനയമെന്ന പാഷനിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കണമെന്ന് തോന്നിയാൽ അപ്പോൾ അധ്യാപനം തീർച്ചയായും തിരഞ്ഞെടുക്കും. അധ്യാപികയാകണമെന്ന് ഞാൻ സ്വയമെടുത്ത തീരുമാനമല്ല. ക്ലാസിലൊക്കെ സെമിനാറെടുക്കുമ്പോഴും പരീക്ഷയ്ക്കു മുൻപുള്ള കമ്പെയിൻ സ്റ്റഡിയുടെ ഭാഗമായി സഹപഠികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കുമ്പോഴുമൊക്കെ അവർക്കത് നന്നായി മനസ്സിലാകുമായിരുന്നു. അവരാണ് പറഞ്ഞത് നിനക്ക് പഠിപ്പിക്കാനുള്ള കഴിവുണ്ടെന്ന്. സ്കൂൾ ടൈമിലൊക്കെ ഞാൻ പഠിപ്പിസ്റ്റ് ആയിരുന്നില്ല. ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. കോളജ് ടൈമിൽ എബൗവ് ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. എനിക്കിഷ്ടമുള്ള വിഷയങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ ഏറെയിഷ്ടമായിരുന്നു. അങ്ങനെയാണ് അധ്യാപനമേഖലയോട് താൽപര്യം തോന്നിത്തുടങ്ങിയത്.

Shruthi-Rajanikanth-1

∙ ഓവർ ഗ്ലാമറസ് കോസ്റ്റ്യൂംസ് അണിയാറില്ല

ഓവർ ഗ്ലാമറസ് കോസ്റ്റ്യൂംസിൽ ഞാൻ ഒട്ടും കംഫർട്ടബിളല്ല. വൈഡ്നെക്ക്, നേവൽ എക്സ്പോസ് ചെയ്യുന്ന തരത്തിലുള്ള കോസ്റ്റ്യൂംസ് ഇതൊന്നും അണിയുന്നതിനോട് എനിക്ക് തീരെ താൽപര്യമില്ല. ഫ്യൂഷൻ ടൈപ് കോസ്റ്റ്യൂംസ് അണിയാനൊക്കെ ഇഷ്ടമാണ്. ഫോട്ടോഷൂട്ടിനു മുൻപ് ഡിസൈനേഴ്സുമായി കോസ്റ്റ്യൂംസിനെക്കുറിച്ച് സംസാരിച്ച് ഒരു ധാരണയിലെത്തിയാൽ അതുറപ്പിക്കുന്നതിനു മുൻപ് ഡിസൈനേഴ്സ് പാറ്റേൺ അയയ്ക്കും. ഇണങ്ങുമെന്നുറപ്പുള്ള കോസ്റ്റ്യൂംസ് ഞാൻ ഓക്കെ പറഞ്ഞാൽ അതുമായി മുന്നോട്ടു പോകും. എന്തെങ്കിലും പോരായ്മകൾ ഉള്ളതായി പറഞ്ഞാൽ എനിക്കിണങ്ങുന്ന വിധത്തിലുള്ള മാറ്റങ്ങൾ വരുത്തി തരുന്നവരുമുണ്ട്. എനിക്ക് എല്ലാ രീതിയിലുള്ള കോസ്റ്റ്യൂംസും കാണാനും അത് മറ്റുള്ളവർ അണിഞ്ഞുകാണാനുമിഷ്ടമാണ്. വെസ്റ്റേണും ട്രഡീഷനലും ഒരുപോലെയിഷ്ടമാണ്. ഒക്കേഷണലി യൂസ് ചെയ്യാറുണ്ട്. 

∙ ഫോളോ ചെയ്യാറുണ്ട്

ഡിസൈനർമാരെക്കാൾ ഫൊട്ടോഗ്രഫേഴ്സ്, മോഡൽസ് ഇവരെയൊക്കെയാണ് ഞാൻ സമൂഹമാധ്യമങ്ങളിൽ കൂടുതലായി ഫോളോ ചെയ്യുന്നത്. ചില ഫോട്ടോസ് കാണുമ്പോൾ ആ ഫ്രെയിമിനോട് ഇഷ്ടം തോന്നും. ഞാൻ മോഡലിങ് വർക്ക് ചെയ്ത എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. എല്ലാവരും നല്ല ടാലന്റുള്ളവരാണ്. അവർ ഒന്നും നിർബന്ധിച്ച് ചെയ്യിക്കാറില്ല. അവരുടെ മനസ്സിലുള്ള ആശയങ്ങൾ പറയുകയും നിർദേശം നൽകുകയും ചെയ്യും നമ്മുടെ അഭിപ്രായങ്ങളും കൂടി മാനിച്ചാണ് ഷൂട്ട് ചെയ്യുക. അതുകൊണ്ടുതന്നെ അവരുടെയൊപ്പം വർക്ക് ചെയ്യാൻ നല്ല കംഫർട്ടബിളാണ്.

∙ എന്റെ സമയം ആയിട്ടില്ല

ബിഗ്സ്ക്രീനിനു പറ്റുമെന്നു തോന്നുന്ന ഒരു സ്ക്രിപ്റ്റുമായി ഒരു പ്രൊഡക്‌ഷൻ ഹൗസിനെ സമീപിച്ചിരുന്നു. അവർ ചില തിരുത്തലുകളും നിർദേശിച്ചിരുന്നു. പക്ഷേ ഞാനായി മുൻകൈയെടുത്ത് അത് മുന്നോട്ടുകൊണ്ടുപോവുകയോ ഫോളോഅപ് ചെയ്യുകയോ ഒന്നും ചെയ്തില്ല. എന്റെ സമയം ആയി എന്ന് തോന്നുന്ന ഒരു കാലത്ത് തീർച്ചയായും ബിഗ്സ്ക്രീനുവേണ്ടി സ്ക്രിപ്റ്റ് എഴുതുകയോ സംവിധാനം ചെയ്യുകയോ  ചെയ്യും.

Shruthi-Rajanikanth-4

∙ കലയെ സ്നേഹിക്കുന്ന കുടുംബം

ജോലിയുടെ തുടക്കത്തിൽ അച്ഛൻ വിഡിയോഗ്രാഫറായി വർക്ക് ചെയ്തിരുന്നു. പിന്നെ വിദേശത്തുപോയി വർക്ക് ചെയ്തു. ഇപ്പോൾ കേരളവിഷൻ കേബിൾ ഓപ്പറേറ്ററാണ്. അമ്മ ബ്യൂട്ടീഷനാണ്. ഇപ്പോൾ എന്റെകൂടെ ഷൂട്ടിനു വരുന്നതുകൊണ്ട് നാട്ടിലുള്ള സമയത്താണ് ബ്രൈഡൽ വർക്കിനൊക്കെ പോകുന്നത്. അനിയൻ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയാണ്. അവന് സംഗീത മേഖലയോടും സാങ്കേതിക മേഖലയോടുമൊക്കെയാണ് താൽപര്യം. വീട്ടിലെല്ലാവരും കലയെ ഏറെ സ്നേഹിക്കുന്നവരാണ്. 

∙ ഡബ്ബിങ് എക്സ്പീരിയൻസ്

പ്രസാദ് നൂറനാട്  സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിയിൽ ഡബ് ചെയ്തിരുന്നു. ആർട്ട് ഫിലിം വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരുന്നു അത്. പിന്നെ ‘കുഞ്ഞെൽദോ’ എന്ന ചിത്രത്തിൽ ഒരു ചെറിയ രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ശബ്ദം നൽകിയതും ഞാൻ തന്നെയാണ്. സാധാരണയായി ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ഞാൻ തന്നെയാണ് ഡബ് ചെയ്യുന്നത്. എന്റെ ഹസ്കി ടൈപ് വോയിസ് ആയതുകൊണ്ട് അതിണങ്ങാത്ത കഥാപാത്രങ്ങൾ വരുമ്പോൾ സംവിധായകരുടെയും മറ്റും നിർദേശമനുസരിച്ച് വേറെ ആളുകൾ ഡബ് ചെയ്യാറുണ്ട്.

Shruthi-Rajanikanth-family

∙ സിറ്റുവേഷണൽ കോമഡി

ഞാൻ പൊതുവെ എപ്പോഴും തമാശപറയുന്ന ആളൊന്നുമല്ല. കുട്ടിക്കാലത്ത് അഭിനയിച്ച ‘എട്ടു സുന്ദരികളും ഞാനും’ പോലെയുള്ള പരമ്പരകളൊക്കെ ഹാസ്യാധിഷ്ഠിതമായിരുന്നു. അതിൽ നിന്നൊക്കെ കിട്ടിയ അനുഭവങ്ങളിലൂടെ ലഭിച്ച ഒരു ഫ്ലക്സിബിളിറ്റിയുണ്ട്. അത് സിറ്റുവേഷണൽ കോമഡി ചെയ്യാൻ സഹായകമാകുന്നുണ്ടെന്നാണ് വിശ്വാസം. ഇപ്പോൾ ചെയ്യുന്ന പരമ്പരയ്ക്ക് കൃത്യമായ സ്ക്രിപ്റ്റ് ഉണ്ടല്ലോ. അതനുസരിച്ചു ചെയ്യുന്നു എന്നുമാത്രം. അഭിനയം സ്വാഭാവികമായി വരുന്നതാണ്. അല്ലാതെ സിറ്റുവേഷണൽ കോമഡി ചെയ്യാൻ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല. ചില ഘട്ടത്തിൽ നമുക്ക് ഇനിയും ഇംപ്രൂവ് ചെയ്യണമെന്ന് തോന്നുമല്ലോ. അത്തരം അവസരങ്ങളിൽ മറ്റു ഭാഷകളിലെ പ്രത്യേകിച്ച് ഇംഗ്ലീഷ് സിറ്റ്കോംസ് പരമ്പരകൾ റഫൻസ് എന്ന നിലയിൽ കാണാറുണ്ട്. അവരുടെ ശൈലിയും മാനറിസങ്ങളുമൊക്കെ മനസ്സിലാക്കാൻ അതു സഹായിക്കാറുണ്ട്.

∙ സിനിമ

സിനിമ ചെയ്യാൻ തന്നെയാണ് താൽപര്യം. നല്ല സ്ക്രിപ്റ്റ് വരുകയാണെങ്കിൽ തീർച്ചയായും പടങ്ങൾ കമ്മിറ്റ് ചെയ്യും.

English Summary : Actress Shruti Rajanikanth exclusive interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA