അച്ഛന്റെയും അമ്മയുടെയും കപ്പിൾ ഷൂട്ട് നടത്തി മകൻ ; 57-ാം വിവാഹവാർഷിക സമ്മാനം; ഹൃദ്യം

HIGHLIGHTS
  • അച്ചാച്ചനും അമ്മയും കൂലിപ്പണിക്കാരായിരുന്നു
  • നല്ല പ്രായത്തിൽ അവർക്കിതിനൊന്നും സാധിച്ചില്ല
son-gave-a-special-gift-to-parents-on-their-wedding-anniversary
SHARE

ഒരിക്കൽ അച്ഛനെയും അമ്മയെയും ഒരുക്കണമെന്ന് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതലേ ജോ ആഗ്രഹിച്ചിരുന്നു. അവരുടെ 57–ാം വിവാഹവാർഷികത്തിൽ ആ ആഗ്രഹം ജോ സഫലമാക്കി. അച്ഛന്റെയും അമ്മയുടെയും കപ്പിൾ ഫോട്ടോഷൂട്ടും നടത്തി. ആ ചിത്രങ്ങൾ ആണ് ജോ അവർക്ക് സമ്മാനമായി നൽകിയത്. 78 കാരനായ കുഞ്ഞ്കുഞ്ഞ് ചേട്ടനും 74 കാരി അന്നാമ്മ ചേട്ടത്തിയും നിറചിരിയോടെ നിൽക്കുന്ന ആ ചിത്രങ്ങൾ സോഷ്യല്‍ ലോകത്തിന്റെ സ്നേഹം നേടിയെടുത്തു. ഹൃദ്യമായ ആ ചിത്രങ്ങൾ പിറന്നതിനെക്കുറിച്ച് ജോ പറയുന്നു.

‘‘അച്ചാച്ചനും അമ്മയ്ക്കും മേക്കപ് ചെയ്യണമെന്ന് ഈ പ്രഫഷൻ തിരഞ്ഞെടുത്ത സമയത്തേ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഇത്രകാലം അതു നടന്നില്ല. വെഡ്ഡിങ് വർക്കിന് പോകുമ്പോൾ വധുവിന്റെ അച്ഛനും അമ്മയ്ക്കും ടച്ച്അപ് ചെയ്യുന്ന സമയത്ത് എനിക്ക് അച്ചാച്ചന്റെയും അമ്മയുടെയും കാര്യം ഓര്‍മ വരും. നീണ്ടു പോകുന്ന ആഗ്രഹം ഓർമയിൽ നിറയും. എന്തായാലും അവരുടെ ഈ വിവാഹവാർഷികത്തിന് ആ ആഗ്രഹം സഫലമാക്കാൻ തീരുമാനിച്ചു. നല്ല ഡ്രസ്സ് അണിഞ്ഞ്, അത്യാവശ്യം മേക്കപ്പ് ചെയ്ത് ഒരു ചെറിയ ഫോട്ടോഷൂട്ട്. അവർക്കും എനിക്കും എന്നെന്നും ഓർമിക്കാൻ കുറച്ചു നല്ല ചിത്രങ്ങൾ. 

അച്ചാച്ചനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. വിവാഹദിനത്തിലോ, നല്ല പ്രായത്തിലോ ഒന്നും അണിഞ്ഞൊരുങ്ങാനോ ഫോട്ടോ എടുക്കാനോ അവർക്ക് സാധിച്ചിട്ടില്ല. ജീവിക്കാൻ തന്നെ കഷ്ടപ്പെട്ട ആ സമയത്ത് അതൊന്നും വലിയ കാര്യമല്ലല്ലോ. പക്ഷേ ഇന്നവർക്കത് ചെയ്തു കൊടുക്കാൻ എനിക്ക് സാധിക്കും. മറ്റുള്ളവർക്ക് ഇതൊരു നിസ്സാര കാര്യമായി തോന്നാമെങ്കിലും അവരുടെ ജീവിതത്തിൽ ഇതൊരിക്കലും മറക്കാനാവാത്ത കാര്യമായിരിക്കും.

എന്റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ അരുൺ ദേവ് ആണ് അവർക്കായി വസ്ത്രം ഒരുക്കിയത്. ഡ്രസ് നൽകിയപ്പോൾ അതാണ് സമ്മാനമെന്ന് അവർ ആദ്യം കരുതി. ഡ്രസ്സ് അണിയിച്ച് ഞാൻ അവരെ ചെറുതായി ഒരുക്കി. അതിനുപിന്നാലെ എന്റെ സുഹൃത്തും ഫൊട്ടോഗ്രഫറുമായ നിഖിൽ വന്നു. കാര്യം അറിഞ്ഞപ്പോൾ ഇരുവർക്കും ചെറിയ പരിഭ്രമമൊക്കെ ഉണ്ടായിരുന്നു. എങ്കിലും അത് പതിയെ മാറി. വളരെ സിംപിളും ലൈവുമായി അവരുടെ കുറച്ച് ചിത്രങ്ങൾ വേണമെന്നാണ് നിഖിലിനോട് പറഞ്ഞത്. അങ്ങനെയാണ് ആ മനോഹര ചിത്രങ്ങൾ പിറന്നത്.’’

English Summary : Elderly couple photoshoot goes viral ; a gift from their son

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA