ആറു വർഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അവതാരകയായെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ എലീന പടിക്കൽ. ജനുവരി 20ന് ആണ് എലീനയുടെ വിവാഹനിശ്ചയം. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വർഷം തന്നെ വിവാഹവും ഉണ്ടാകും. വിവാഹനിശ്ചയ ഒരുക്കങ്ങളുടെ തിരക്കുകൾക്കിടയിൽ എലീന മനോരമ ഓൺലൈനോട് സംസാരിക്കുന്നു
എവിടെവെച്ചാണ് വിവാഹനിശ്ചയം ? ഒരുക്കങ്ങൾ പൂർത്തിയായോ ?
തിരുവനന്തപുരത്തുവെച്ചാണ് ചടങ്ങ് നടത്തുന്നത്. ഒരുക്കങ്ങൾ നടക്കുന്നു. ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിച്ചിരിക്കുകയാണ്. കസിൻസും ഫ്രണ്ട്സുമൊക്കെയായി വാട്സാപ്പ് ഗ്രൂപ്പിലൂടെ വലിയ ചർച്ചയൊക്കെ നടക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ചർച്ച മാത്രമേ ഉള്ളൂ. എല്ലാം അവസാന നിമിഷമായിരിക്കും റെഡിയാകുക. അങ്ങനെ തിരക്കുപിടിച്ച് ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയല്ലേ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തേണ്ടതിനാലാണ് നിശ്ചയം തിരുവനന്തപുരത്തേക്ക് മാറ്റിയത്. അല്ലെങ്കിൽ എന്റെ നാടായ കോട്ടയത്തായിരുന്നേനെ ചടങ്ങ്. എന്റെയും രോഹിത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിന്റെ ഭാഗമാകുക.
എന്റെ സ്റ്റൈലിസ്റ്റ് ആയ നിഥിൻ സുരേഷും ഡിസൈനറായ സമീറ ഷൈജുവും (താനൂസ് ബുട്ടീക് കൊല്ലം) ചേർന്നാണ് വസ്ത്രം ഒരുക്കുന്നത്. സത്യത്തിൽ ഞാൻ വസ്ത്രം കണ്ടിട്ടില്ല. അതിന്റെ പാറ്റേണും അറിയില്ല. അവർ ഒരു സിഗ്നേച്ചർ ഡ്രസ് ചെയ്തു തരാം എന്നാണു പറഞ്ഞത്. എനിക്ക് ചേരും എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. എനിക്കു വേണ്ടി എന്നെക്കാളും നന്നായി ഡ്രസ്സ് തിരഞ്ഞെടുക്കാൻ അവർക്ക് അറിയാം.
സിംപിൾ ആക്കാനാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എന്നാലും ജീവിതത്തിലെ ഒരു സ്പെഷൽ ഡേ ആയതുകൊണ്ട് ഡ്രസ്സും സ്പെഷല്‍ ആകണം എന്നാണ് അവരുടെ പക്ഷം. ഞാൻ അതെല്ലാം അവർക്ക് വിട്ടുകൊടുത്തു. 16-ാം തീയതി ഡ്രസ്സ് കിട്ടും. അതുവരെ എനിക്കും അതൊരു സർപ്രൈസ് തന്നെ ആണ്.

6 വർഷത്തെ പ്രണയം വിവാഹത്തിലെത്തുന്നു. എന്തു തോന്നുന്നു ?
2013 ന്റെ അവസാനത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ശരിക്കും അപരിചിതരായ രണ്ടു പേർ. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് രോഹിത്. തികച്ചും യാദൃച്ഛികമായ കണ്ടുമുട്ടൽ. ഒരു ഹായ് പറയുന്നു. പരിചയപ്പെടുന്നു. അവിടെ നിന്നിപ്പോൾ കാര്യങ്ങൾ വിവാഹത്തിൽ എത്തിനിൽക്കുന്നു. രോഹിത് പ്രൊപ്പോസ് ചെയ്തപ്പോൾ ആദ്യമൊക്കെ ‘നോ’ ആയിരുന്നു എന്റെ മറുപടി. സമ്മതമല്ലെന്ന് കുറേ തവണ പറഞ്ഞിട്ടുണ്ട്. പിന്നെ നമുക്ക് ശ്രമിച്ചു നോക്കാം എന്ന രീതിയിൽ ‘യെസ്’ പറഞ്ഞു. പതിയെ വീട്ടുകാരെ അറിയിട്ടു. അവര്‍ സമ്മതിച്ചില്ല.
എന്നാൽ പിന്നെ നമുക്ക് പഠിക്കാം. കരിയർ ശ്രദ്ധിക്കാം. അവർ സമ്മതിക്കുന്നതുവരെ കാത്തിരിക്കാം. ഒളിച്ചോടില്ല, വേറെ വിവാഹം കഴിക്കില്ല, ഏതു സാഹചര്യത്തിലായാലും ഒന്നിച്ചു നിൽക്കും. ഇതായിരുന്നു ഞങ്ങളുടെ തീരുമാനം. ബിഗ് ബോസിൽ ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഞങ്ങളുടെ ബന്ധവും തീരുമാനവും വളരെ ശക്തമാണെന്ന് വീട്ടുകാർ മനസ്സിലാക്കിയത്. അങ്ങനെ അവർ വിവാഹത്തിന് സമ്മതിച്ചു. രോഹിത് കോഴിക്കോട് സ്വദേശിയാണ്. ബിടെക് പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു.
വിവാഹ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ?
ശരിക്കും മുട്ടൻ കോമഡിയാണ് കാര്യങ്ങൾ. ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. ഞങ്ങൾ രണ്ടാളും ഒറ്റ മക്കളാണ്. അധികം പ്രായവും ആയിട്ടില്ല. കളിച്ചും ചിരിച്ചും നടക്കുന്ന ആൾക്കാരും. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആവശ്യത്തിന് പക്വതയുണ്ടോ എന്നതാണ് വീട്ടുകാരുടെ സംശയം. ഇതാണ് ആശങ്കയ്ക്ക് കാരണവും. ഞങ്ങളുടെ വീട്ടുകാർ കണ്ടുമുട്ടുമ്പോഴുള്ള ചർച്ചയും ഇതു തന്നെ.

കല്യാണം കഴിഞ്ഞാൽ വേഗം വീട് മാറണം, ഒറ്റയ്ക്ക് താമസിക്കണം എന്നൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്നു വർഷം നന്നായി എൻജോയ് ചെയ്തു നടക്കാനാണ് ആഗ്രഹം. ഞങ്ങൾ യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ കുറച്ച് സ്ഥലങ്ങളിൽ പോകണം എന്നുണ്ട്. എന്തായാലും ഇപ്പൊ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കും. അല്ലാതെ കല്യാണം കഴിഞ്ഞു എന്നാൽപ്പിന്നെ ഇങ്ങനെയാകാം, അങ്ങനെയാകാം എന്നൊന്നും തീരുമാനിച്ചിട്ടില്ല.
ടെലിവിഷൻ മേഖലയിൽ തുടരുമോ ?
തീർച്ചയായും. കല്യാണം കഴിഞ്ഞെന്നു കരുതി മീഡിയ വിടുന്ന സംഭവമേ ഇല്ല. താൽപര്യമുണ്ടെങ്കിൽ ബിസിനസ്സിന്റെ ഭാഗമായിക്കോളാൻ രോഹിത് പറഞ്ഞിട്ടുണ്ട്. ഇനി അതല്ല പഠിക്കാനാണ് പോകുന്നതെങ്കിലും മീഡിയയിൽ നിന്നു മാറിനിൽക്കില്ല. അവതാരകയായാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. സിനിമയും സീരിയലും ചെയ്യുന്ന കാര്യത്തിൽ മാത്രമേ എനിക്ക് സംശയം തോന്നിയിട്ടുള്ളൂ. അനുയോജ്യമായവ വന്നാൽ അതും ചെയ്യും. എന്നാൽ മീഡിയയും ആങ്കറിങ്ങും വിട്ട് ഒരിടത്തും പോകില്ല. ഞാൻ ആഗ്രഹിക്കാതെ എന്നെ തേടി വന്നതും എന്റെ ജീവിതത്തിന്റെ ഭാഗമായതുമാണ് ഇത്. അതങ്ങനെ ഒഴിവാക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
2021ലെ പ്രതീക്ഷകളും തീരുമാനങ്ങളും ?
ജീവിതത്തിൽ ഒരാളെ ഒപ്പം കൂട്ടുക എന്നത് വലിയൊരു തീരുമാനമല്ലേ. ഇതിലും വലിയ എന്തു തീരുമാനം എടുക്കാനാണ്. പിന്നെ 2020 മനുഷ്യർക്ക് വലിയ പാഠങ്ങളല്ലേ സമ്മാനിച്ചത്. എന്തൊക്കെ തീരുമാനം എടുത്താലും അതൊക്കെ ഇല്ലാതാകാൻ ഒരു വൈറസ് മതി. അതുകൊണ്ടുതന്നെ എല്ലാവരെയും പോലെ ഈ വർഷം നല്ല രീതിയിൽ മുന്നോട്ടു പോകണേ എന്ന ആഗ്രഹമേയുള്ളൂ.
English Summary : Anchor Alina Padikkal exclusive interview