പാപ്പി അമ്മയുടെ ആഗ്രഹം സഫലമാക്കാൻ ബോബി ചെമ്മണ്ണൂർ ; ഫോട്ടോഷൂട്ട് ജീവിതം മാറ്റിമറിച്ചതിങ്ങനെ

HIGHLIGHTS
  • 98–ാം വയസ്സിലും സ്വയം അധ്വാനിച്ചാണ് പാപ്പി അമ്മ ജീവിക്കുന്നത്.
  • ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കിടക്കണമെന്നാണ് ആഗ്രഹം
bobby-chemmanur-build-house-for-pappy-amma
ബോബി ചെമ്മണ്ണൂരിനും മഹാദേവൻ തമ്പിക്കുമൊപ്പം പാപ്പി അമ്മ (ഇടത്), ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി മഹാദേവൻ തമ്പി പകർത്തിയ ചിത്രം (ഇടത്)
SHARE

താൻ ചെയ്ത ഫോട്ടോഷൂട്ട് ഒരു ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലാണ് ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പി. പാപ്പി അമ്മ എന്ന 98 കാരിയെ മോഡലാക്കി മഹാദേവൻ തമ്പി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ഭാഗമായി ചിത്രീകരിച്ച വിഡിയോയിൽ ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങണമെന്ന ആഗ്രഹം പാപ്പി അമ്മ വെളിപ്പെടുത്തുന്നുണ്ട്. ഈ വിഡിയോ കണ്ട് വ്യവസായി ബോബി ചെമ്മണ്ണൂർ സഹായ വാഗ്ദാനവുമായി എത്തി. പാപ്പി അമ്മയ്ക്ക് വീടുവെച്ചു നൽകുമെന്ന് ബോബി അറിയിച്ചു. ഇതെല്ലാം ഒരു അദ്ഭുതം പോലെയാണ് മഹാദേവൻ തമ്പിക്ക് തോന്നുന്നത്. ആ അമ്മയുടെ ജീവിതത്തിൽ പ്രകാശം നിറയാൻ കാരണമായതിന്റെ സന്തോഷം മഹാദേവൻ തമ്പി മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

papyy-amma-bobby-chemmanur-3

‘‘എനിക്കിപ്പോഴും അദ്ഭുതമാണ് തോന്നുന്നത്. ഞാനൊരു നിസ്സാരക്കാരനായ ഫൊട്ടോഗ്രഫറാണ്. ആ എന്നിലൂടെ പാപ്പി അമ്മയുടെ ജീവിതം മാറിമറിയുകയാണ്. ഷൂട്ടിന് ഒരു ലൊക്കേഷൻ തേടിപ്പോയപ്പോഴാണ് വൈക്കത്തുവെച്ച് പാപ്പി അമ്മയെ കണ്ടത്. 98–ാം വയസ്സിലും സ്വയം അധ്വാനിച്ചാണ് പാപ്പി അമ്മ ജീവിക്കുന്നത്. അമ്മയെ കണ്ടപ്പോൾ ഒരു ഫോട്ടോഷൂട്ട് ചെയ്യാൻ തോന്നി. പിറ്റേന്ന് അവിടെയെത്തി. ഒരു ദിവസത്തെ അമ്മയുടെ ജീവിതം ഫോട്ടോസ്റ്റോറി ആക്കി. ഓല കൊണ്ടു മറച്ച ഒരു കൂരയിലാണ് അമ്മ താമസിക്കുന്നത്. അമ്മയുടെ ആഗ്രഹം എന്തെന്നു ചോദിച്ചപ്പോൾ ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കിടക്കണമെന്നാണു പറഞ്ഞത്. അമ്മയുടെ ആ ആഗ്രഹം നടത്താൻ എന്നെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതെല്ലാം ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്ത് എന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചു. 

papyy-amma-bobby-chemmanur-5

ചില ശ്രമങ്ങളുടെ ഫലമായി ഈ വിഡിയോ ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധയിൽപ്പെടുത്താനായി. പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. അദ്ദേഹം വിളിച്ചു. പാപ്പി അമ്മയ്ക്ക് വീട് പണിതു കൊടുക്കുമെന്ന് ഉറപ്പു നൽകി. തൊട്ടടുത്ത ദിവസം തന്നെ വൈക്കത്തെത്തി പാപ്പി അമ്മയെ കാണാമെന്നും പറഞ്ഞു. അതു പോലെ തന്നെ അദ്ദേഹം വന്നു. സ്ഥലം നോക്കാനും പ്ലാൻ തയാറാക്കാനുമായി ഒരു എൻജിനീയറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാപ്പി അമ്മയ്ക്കൊപ്പം പാട്ടു പാടിയും ഡാൻസ് കളിച്ചും ഭക്ഷണം കഴിച്ചുമൊക്കെയാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്. 

വീടിന്റെ പ്ലാൻ തയാറായി കഴിഞ്ഞു. പാപ്പി അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരിക്കലും സാധിക്കില്ലെന്നു കരുതിയ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ അമ്മയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞു. ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. നേരിട്ടെത്തി വളരെ പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും അവർക്ക് ആശ്വാസമേകാനും അദ്ദേഹത്തിനറിയാം. 

ഇതിനെല്ലാം കാരണമായതിൽ സന്തോഷമുണ്ട്. ഇങ്ങനെയൊരു വലിയ നന്മയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഞാൻ. എനിക്കൊപ്പം പ്രവർത്തിച്ചവരോടും സഹായിച്ചവരോടും നന്ദിയുണ്ട്.’’

English Summary : Boby Chemmanur to build a house for Pappy Amma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA