ADVERTISEMENT

കോവിഡിന്റെ ആരോഗ്യപ്രശ്നങ്ങൾ പോലെതന്നെ സങ്കീർണമാണ് അത് വഴിവയ്ക്കുന്ന മാനസികപ്രശ്നങ്ങൾ. കോവിഡ് ബാധിച്ചു മരിച്ചു, മരണാനന്തര ചടങ്ങുകള്‍ നിഷേധിക്കപ്പെട്ട്, ഏതോ ഒരു ശ്മശാനത്തില്‍ അനാഥനെ പോലെ അന്ത്യചടങ്ങുകള്‍ക്ക് വിധേയരാകേണ്ടി വരുന്നവരുടെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷം, നിസ്സഹായത, അത് വാക്കുകള്‍ക്കപ്പുറത്താണ്. അത്തരം പ്രതിസന്ധിഘട്ടങ്ങളിലും പ്രകാശം പരത്തി ചില മനുഷ്യരുണ്ടാകും. ഇത് അത്തരമൊരു അനുഭവമാണ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംജിദ്, ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവർത്തിക്കുന്ന സമയത്താണ് കോവിഡ് കാലമെത്തുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ചാര്‍ജ്ജുള്ളതിനാല്‍ ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുമായും അവരുടെ ബന്ധുക്കളുമായുമൊക്കെ ആശയവിനിമയം നടത്തേണ്ടത് ഷംജിദിന്റെ ഉത്തരവാദിത്തമായിരുന്നു.

രോഗബാധിതരായി ആശുപത്രിയിൽ ഒറ്റപ്പെടുന്നവരുടെയും അകലെ നിസഹായരായി ഇരിക്കുന്ന വീട്ടുകാരുടെയും വിനിമയകേന്ദ്രമായി ഷംജിദ് പ്രവർത്തിച്ചു. ആ സമയത്താണ് കോവിഡ് ബാധിതനായ കണ്ണൂര്‍ സ്വദേശി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകളും കോവിഡ് പോസിറ്റീവായി ചികിത്സയിൽ. ഏക മകൻ അമേരിക്കയിൽ. അടുത്ത ബന്ധുക്കള്‍ പലരെയും സമീപിച്ചെങ്കിലും ആര്‍ക്കും എത്താന്‍ സാധിക്കില്ല. മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ലാത്ത അവസ്ഥ. ഒടുവിൽ ഇതരമതസ്ഥനാണെങ്കിലും മകന്റെ സ്ഥാനത്ത് നിന്ന് ഷംജിദ് കർമങ്ങൾ നിർവഹിച്ചു. ചിതാഭസ്മം ഏറ്റുവാങ്ങി.'വല്ലാത്തൊരു അനുഭവമായിരുന്നു അത്. എല്ലാവരുമുണ്ടായിരുന്നിട്ടും ഏകനായി ചിതയിലേക്കെടുക്കാന്‍ കാത്തിരിക്കുന്ന ആ അച്ഛന്‍. ആകെയുള്ളത് ഒരു ഹെല്‍ത്ത് ഇൻസ്‌പെക്ടറും പിന്നെ ഞാനും. ചിതാഭസ്മം ഏറ്റുവാങ്ങേണ്ട കോളത്തില്‍ എന്റെ പേരാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എഴുതിച്ചേര്‍ത്തത്. ഒരുപക്ഷെ അതൊരു നിയോഗമായിരിക്കാം. അരികിലെത്താന്‍ സാധിക്കാത്ത, ആ പിതാവിന്റെ പുത്രനാണെന്ന് സ്വയം സങ്കല്‍പ്പിച്ച് ഞാൻ കർമങ്ങൾ ചെയ്തു. ചിതാഭസ്മം ചുവന്ന പട്ടില്‍ പൊതിഞ്ഞ മണ്‍പാത്രത്തില്‍ ഏറ്റുവാങ്ങുമ്പോൾ എന്റെ കാഴ്ചകള്‍ മങ്ങി, കണ്ണ് നിറഞ്ഞിരുന്നു. കോവിഡ് ചികിത്സയിലിരിക്കുന്ന മകളുടെ കയ്യിലേക്ക് ചിതാഭസ്മം കൈമാറുമ്പോഴും എന്റെ ഉള്ളം പിടച്ചിരുന്നു. പിന്നീടുള്ള എത്രയോ രാത്രികളില്‍ എന്റെ സ്വപ്‌നങ്ങളില്‍ ആ പിതാവ് വന്നിരിക്കുന്നു. ഇപ്പോഴും ആ കുടുംബവുമായി സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നു'. ഷംജിദ് പറയുന്നു.14 വർഷമായി ആതുരസേവന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു ഷംജിദ്. ഉപ്പ, ഉമ്മ, ഭാര്യ, രണ്ടു കുട്ടികൾ എന്നിവരടങ്ങിയതാണ് കുടുംബം.

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഷംജിദ്.

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Shamjith 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com