പ്രൗഢസൗന്ദര്യം എന്ന വാക്കായിരുന്ന ഒരാൾ

HIGHLIGHTS
  • ആസ്വാദകർ അത്രയേറെ സ്നേഹിച്ച ആദരിച്ച ശിരസ്സിലേറ്റിയ പ്രതിഭയായിരുന്നു
in-the-memory-of-kathakali-maestro-mathoor-govindankutty
മാത്തൂർ ഗോവിന്ദൻ കുട്ടി
SHARE

അഞ്ചു വയസ്സിനു മേലെ, പത്തു വയസ്സിനു താഴെ. മാത്തൂർ ആശാന്റെ വേഷം എന്നെ അരങ്ങിലെ മിനുക്കു വേഷങ്ങളുടെ സാന്നിധ്യത്തിലേക്കു കൺ തുറപ്പിച്ചപ്പോൾ ആ പ്രായത്തിൽ എവിടെയോ ആയിരുന്നു ഞാൻ.

അരങ്ങുണർത്തുന്ന ഒരു കലാശം പോലുമില്ലാത്ത മിനുക്കു വേഷങ്ങളെ അതേവരെ ഞങ്ങൾ കുട്ടികളാരും കണക്കിൽ എടുത്തതുതന്നെയില്ല. ദമയന്തിയായും മറ്റും കുടമാളൂർ ആശാന്റെ വേഷപ്പകർച്ചയെപ്പറ്റിയുള്ള മുതിർന്നവരുടെ വിലയിരുത്തൽ കേൾക്കുമ്പോൾപോലും നളനായി രംഗത്തു വന്ന കലാമണ്ഡലം എന്ന കലാമണ്ഡലം കൃഷ്ണൻ നായരിൽ മാത്രമായിരുന്നു എന്റെയെങ്കിലും ശ്രദ്ധ.

കഥകളി നോട്ടിസുകളിൽ കലാമണ്ഡലം കൃഷ്ണൻ നായരുടെ പച്ച, രാമൻകുട്ടി ആശാന്റെ കത്തിയോ വെള്ളത്താടിയോ അതുമല്ലെങ്കിൽ നെല്ലിയോടിന്റെ ചുവപ്പുതാടി, ഏറ്റവും പ്രിയങ്കരനായ മാങ്കുളത്തിന്റെ കൃഷ്ണൻ ഇതൊക്കെ മാത്രം പരതിയിരുന്ന കാലം. 

alamandalam krishnannair
കലാമണ്ഡലം കൃഷ്ണൻ നായർ

‘ഉഷാ ചിത്രലേഖ’– ആ കളിക്കു മുന്നിൽ ഇരുപ്പുറപ്പിച്ചതും മാങ്കുളത്തിന്റെ കൃഷ്ണമുടി കാണാൻ കൊതിച്ചു തന്നെ. ‘‘കുടമാളൂർ ആശാന്റെ ചിത്രലേഖ !! അസലാവും.’’ മുതിർന്നവർ അമ്പലപ്പറമ്പിൽ പായ തട്ടി വിരിച്ചു. മേളപ്പദം മുതൽക്കേ അരങ്ങിനു മുന്നിൽ കുത്തിപ്പിടിച്ചിരിക്കുന്ന കൂട്ടരായിരുന്നു ഞങ്ങൾ. 

ബാണയുദ്ധം കഥകളിയിലെ അഞ്ചാം രംഗമാണ് ഉഷ ചിത്രലേഖ. തോടയപ്പുറപ്പാട് മുതൽ കൃഷ്ണവേഷം അരങ്ങിലെത്തും. ഒന്നാം രംഗം തന്നെ കൃഷ്ണന്റെ ആട്ടമാണ്. അടുത്ത രംഗത്തിൽ ബാണാസുരന്റെ പ്രതാപം. അതുകഴിഞ്ഞാൽ ഞങ്ങൾ കുട്ടിപ്പടയ്ക്ക് അമ്പലപ്പറമ്പിലെ ചായക്കടയിൽനിന്നു കട്ടൻകാപ്പിയും പപ്പടവടയും കിട്ടുന്ന നേരം. അങ്ങനെ പപ്പടവടയുമായി മടങ്ങി എത്തുന്ന നേരത്താണ് ആ വിസ്മയം കണ്ണിൽ പതിച്ചത്.  

അതേവരെ കണ്ട മിനുക്കു വേഷങ്ങളെ എല്ലാം നിഷ്പ്രഭമാക്കികൊണ്ട് ഒരു സൗന്ദര്യഭംഗി വേദിയിൽ തിളങ്ങി വിളങ്ങുന്നു. 

ഇന്ന് ആ കാഴ്ചയെ അഭൗമമായ പ്രൗഢസൗന്ദര്യം എന്ന ദുർബല പരിഭാഷയിൽ മനസ്സ് ഓർമിച്ചെടുക്കുന്നു; ‘അതാരാ?’ എന്ന ആരായാലിനു കിട്ടിയ ‘മാത്തൂർ’ എന്ന മറുപടിയും

അന്ന് മാത്തൂർ ഗോവിന്ദൻ കുട്ടി എന്ന യുവാവിന് ഒന്നേ ഉണ്ടായിരുന്നുള്ളൂ ആമുഖം– കുടമാളൂർ കരുണാകരൻ നായർ ആശാന്റെ മകളുടെ ഭർത്താവ്. അവിടെനിന്ന്, മാത്തൂർ എന്ന ഒറ്റപ്പദം തന്നെ കഥകളി ആചാര്യൻ എന്നിടത്തേക്കുള്ള പ്രയാണത്തിലെ ഏറ്റവും മികച്ച കൈമുതലിന്റെ തിളക്കവും ആദ്യ കാഴ്ചയുടെ ഓർമയിൽ ഒപ്പമുണ്ട്. പിൽക്കാലത്ത് മാത്തൂർ ആശാന്റെ പ്രത്യേകതകളിൽ ഒന്നായി ആസ്വാദകലോകം വാഴ്ത്തിയ മനോധർമ ആട്ടത്തിലെ ലാളിത്യം. 

മിനുക്കു വേഷങ്ങളുടെ മനോധർമ ആട്ടം മനസ്സിലാകണമെങ്കിൽ  ഓരോ അക്ഷരവും പെറുക്കി വാക്കുകൾ മെനയും പോലെ കഥകളി മുദ്രകളുടെ സങ്കലനം വിടർത്തുന്ന അർഥഭംഗി വായിക്കാനുള്ള ജ്ഞാനമുണ്ടാവണം. 

എന്നാൽ കഷ്ടിച്ച് ‘പതാക’, ‘മുദ്രാഖ്യം’ എന്നിങ്ങനെ ‘കടകാമുഖം’ വരെയുള്ള മുദ്രകളെ വായ്താരിക്കനുസരിച്ച് വിരലിൽ ഉറപ്പിക്കാൻ പഠിക്കുന്ന പ്രായത്തിൽ അത് എത്ര ദുഷ്കരമായിരുന്നു എന്നോ !

പക്ഷേ മിനുക്കുമുഖത്തിലെ വികാരാഖ്യാനത്തിലൂടെ മാത്തൂർ എന്ന ദിവ്യരൂപം ഉഷയെന്ന പെൺകിടാവിന്റെ സ്വപ്നദർശനം ചിത്രലേഖ എന്ന ‘നിപുണയാം  തോഴി’ വരച്ചു കൊടുത്ത ചിത്രങ്ങളിൽ നിന്നും ഒടുവിൽ ശ്രീകൃഷ്ണന്റെ ചിത്രം കണ്ട് ഒരേ സമയം പ്രതീക്ഷയും അതേസമയം ഇതല്ല എന്ന നിരാശയും നിറഞ്ഞ നിമിഷം.

mathoor-1
മാത്തൂർ ഗോവിന്ദൻ കുട്ടി

അതായിരുന്നു മാത്തൂർ എന്ന ഇഷ്ടം മനസ്സിൽ സ്വന്തം പീഠത്തിലേക്ക് ഇരുപ്പുറപ്പിച്ച ആദ്യ അനുഭവം. 

പിന്നെ എത്രയോ വേഷങ്ങൾ !!എത്രയോ അനുഭവ നിമിഷങ്ങൾ.

കോട്ടക്കൽ ശിവരാമൻ എന്ന അതുല്യ അഭിനയ പ്രതിഭ സ്ത്രീവേഷങ്ങളിലെ ആട്ട സാധ്യതയെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തിയ പിൽക്കാല ദിനങ്ങൾക്കു പോലും മാത്തൂർ ആശാന്റെ പ്രൗഢസുന്ദരിയോടുള്ള ആസ്വാദകരുടെ  ഇഷ്ടത്തെ മായ്ക്കാൻ കഴിഞ്ഞില്ല. 

വേഷപ്പകർച്ചകളുടെ ഭാഗമായി പിൽക്കാലത്ത് ആശാൻ ബ്രാഹ്മണ വേഷങ്ങൾ കെട്ടിത്തുടങ്ങിയപ്പോഴാണ് ആ അവതരണ ചതുരതയ്ക്ക് ഹാസ്യവും അതിമനോഹരമായി വഴങ്ങുമെന്നു കണ്ടറിഞ്ഞത്.

അതിൽ ഏറ്റവും മികച്ചതിൽ ഒന്ന് ബാലിവിജയത്തിലെ നാരദൻ. മൂവുലകങ്ങളും നിറഞ്ഞ ഖ്യാതി എന്ന പെരുമയുടെ അഹങ്കാരത്തിൽ ഉറച്ചിരിക്കുന്ന രാവണനെ കുഴപ്പത്തിൽ ചാടിക്കാൻ ഉറപ്പിച്ചുള്ള നാരദരുടെ കൗശല യുക്തികൾ,

‘രാവണ, കേള്‍ക്ക നീ സാമ്പ്രതം ലോക-

രാവണ ! മാമകഭാഷിതം’ 

എന്ന തുടക്കത്തിലെ  കപട വിനയം. പിന്നെ 

‘വീരൻ മഹാരണശൂരൻ ഭവാനതി-

ധീരനുദാരൻ ഗഭീരൻ മഹാരഥൻ.’

പുകഴ്ത്തലിൽ രാവണൻ വീണു എന്ന് കാണുമ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ  

‘മത്തനാം ബാലിക്കുമാത്രം ഭവാനോടു

മത്സരമുണ്ടതു നിസ്സാരമെത്രയും’

എന്ന ഒരു ചെറിയ വർത്തമാനം. ആ കൗശലം ഏറ്റു  എന്ന് കാണുമ്പോൾ

‘പുല്ലും ദശാസ്യനും തുല്യമെനിക്കെന്നു

ചൊല്ലുമവന്‍ തടവില്ല ശിവ ശിവ !’

എന്ന  ബ്രഹ്മാസ്ത്രം. 

mathoor-govindan-kutty
മാത്തൂർ ഗോവിന്ദൻ കുട്ടി

ഭാവാഭിനയത്തിന്റെ തിരകൾ  അനുസ്യൂതം മാറിവന്നുവന്ന് കാണിയെ ആഹ്ളാദത്തിന്റെ കലാശപ്പെരുക്കത്തിലേക്ക് എത്ര അനായാസമായാണ് ആശാൻ  ഒപ്പം കൂട്ടിയിരുന്നത് !

നേരിട്ടു കാണുമ്പോൾ  മറ്റു പല ആചാര്യന്മാരെയും പോലെതന്നെ മാത്തൂർ ആശാനും തന്റെ എല്ലാ പാടവത്തെയും ഗുരുപരമ്പരയ്ക്കു മുന്നിലും  ഈശ്വരാനുഗ്രഹത്തിനു മുന്നിലും സമർപ്പിച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. 

ദമയന്തിയുടെ ദൂതനായ സുദേവ ബ്രാഹ്മണൻ നളന്റെ മുന്നിൽ നടത്തുന്ന ആട്ടം, സന്താന നഷ്ടത്തിൽ ഉള്ളുരുകുമ്പോഴും സന്താന ഗോപാലത്തിലെ ബ്രാഹ്മണന്റെ ചതുരത... അങ്ങനെ വിവരിക്കാൻ എത്രയെത്ര ചിത്രങ്ങൾ.

ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽനിന്നു കുടമാളൂർ അമ്പാടി വീട്ടിലേക്ക് ഗോവിന്ദൻ കുട്ടി എന്ന യുവാവ് എത്തിച്ചേർന്നത് വിവാഹത്തിലൂടെയാണ്; കഥകളി ആചാര്യനും അക്കാലത്ത് സ്ത്രീവേഷങ്ങളിലെ പ്രഥമഗണനീയനുമായ കുടമാളൂർ കരുണാകരൻ നായർ എന്ന മഹാപ്രതിഭയുടെ പുത്രി രാജേശ്വരിയുടെ ഭർത്താവായി. 

പിന്നീട് കേന്ദ്ര, സംസ്ഥാന അക്കാദമി അവാർഡുകൾ ഉൾപ്പെടെ പുരസ്‌കാരങ്ങളുടെ നീണ്ട നിര മാത്തൂർ ഗോവിന്ദൻ കുട്ടി എന്ന കലാകാരനിലേക്കെത്തിയതിനു പിന്നിൽ സ്വന്തം പ്രതിഭയുടെയും ആകാരഭംഗിയുടെയും കഠിനമായ ശിക്ഷണ അഭ്യസനത്തിന്റെയും കൃത്യമായ രസക്കൂട്ടുണ്ട്.

ആദ്യകാഴ്ചയിൽ കണ്ട ആ അഭൗമ ഭംഗിയുടെ ഒരു പുനർകാഴ്ച പിന്നീടൊരിക്കൽ കണ്ടു. ‌

ഡോ. ഗോപാലകൃഷ്ണൻ നായർ രചിച കുമാരനല്ലൂരമ്മ എന്ന കഥകളിയുടെ അരങ്ങേറ്റം. കുമാരനല്ലൂർ ദേവിയായിത്തീരുന്ന മധുര മീനാക്ഷീ ദേവിയുടെ പൂജാരിയായ ബ്രാഹ്മണന്റെ വേഷത്തിലാണ് മാത്തൂർ ആശാൻ. തിരശ്ശീലയ്ക്കപ്പുറം ദേവിയുടെ വരവറിയിച്ച് ശംഖനാദം  മുഴങ്ങി. മെല്ലെ തിരശ്ശീല താഴുമ്പോൾ ... അവിശ്വസനീയം! പതിറ്റാണ്ടുകൾക്കു മുൻപ് പനച്ചിക്കാട്ട് അമ്പലത്തിന്റെ അരങ്ങിൽ കണ്ട പ്രൗഢസുന്ദരി വർധിച്ച തേജസ്സോടെ അതാ ദേവീരൂപത്തിൽ. 

കുടമാളൂർ മുരളി കൃഷ്ണൻ.  മാത്തൂർ ആശാന്റെ പുത്രൻ. ദേവി അവതരിച്ചു നിൽക്കുന്ന പ്രഭാഭംഗിയോടെ!

അരങ്ങിനു പിന്നിൽ ആഹ്ലാദത്തിന്റെ നിറകണ്ണോടെ ആശാനെ കണ്ടു പറഞ്ഞു “കുട്ടിക്കു കണ്ണു പെടാതിരിക്കട്ടെ. എങ്കിലും എന്തൊരു വേഷച്ചേർച്ച !! എന്തൊരു ദേവീഭാവം!’’

kudamaloor-murali-krishnan
കുടമാളൂർ മുരളി കൃഷ്ണൻ

മറുപടി നൽകാതെ ആശാൻ കൈകൾ ആകാശത്തേക്കുയർത്തി ഏതൊക്കെയോ ഗുരുപരമ്പരയ്ക്കു നന്ദി പറഞ്ഞു. പ്രാർഥനയിൽ ഒരു നിമിഷം മുഴുകി. പിന്നെ തുറന്ന കണ്ണുകളിൽ നേർത്ത നനവുണ്ടായിരുന്നില്ലേ !! അഭിനയപടുവിനു പോലും മറയ്ക്കാൻ കഴിയാത്ത ഏതൊക്കെയോ നിർവൃതിയുടെ ?

അവസാന കാഴ്ചയും അതേ വേഷത്തിലായിരുന്നു. കുമാരനല്ലൂർ അമ്പലത്തിൽ ഡോ. ഗോപാലകൃഷ്ണന് ആദരാഞ്ജലിയായി അരങ്ങേറിയ കുമാരനല്ലൂരമ്മ കളിയിൽ മധുര നമ്പൂതിരിയുടെ വേഷത്തിൽ. 

ആ കഥകളി എഴുതിയ ആളുടെ സ്മരണയിൽ ഒരിക്കൽ ആശാൻ പറഞ്ഞു. ‘‘അരങ്ങിനെ അത്രമേൽ സ്നേഹിച്ച ആളായിരുന്നു. പുണ്യമതി.’’

ഇന്നിപ്പോൾ മാത്തൂർ ആശാൻ ഓർമയാകുമ്പോൾ അതേ വാക്കുകൾ തന്നെ അഞ്ജലിയായി ഉതിരുന്നു 

“അരങ്ങുകളെ അത്രമേൽ സ്നേഹിച്ച ഒരാളായിരുന്നു. പുണ്യമതി”

ഒപ്പം ഇത്രയും കൂടി: ആസ്വാദകർ അത്രയേറെ സ്നേഹിച്ച ആദരിച്ച ശിരസ്സിലേറ്റിയ പ്രതിഭയായിരുന്നു.

പുണ്യജന്മം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA