എന്നെ പ്രണയിക്കാനും മനസ്സിലാക്കാനും ആരെങ്കിലും ഒരാൾ കാത്തിരിക്കുന്നുണ്ടാകും : സൂരജ് തേലക്കാട്

HIGHLIGHTS
  • നമ്മളെ തിരച്ചു സ്നേഹിക്കണമെന്നു വാശിപിടിക്കാനാവില്ലല്ലോ
  • നമ്മൾ മരിക്കുവോളം പ്രണയം എന്ന വികാരം ഒപ്പമുണ്ടാകും
actor-sooraj-thelakkadu-valentines-day-special-interview-on-love-and-life
SHARE

‘പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അതൊന്നും തിരിച്ചു കിട്ടിയില്ല. അതിലെനിക്ക് വിഷമമില്ല. എന്നെ പ്രണയിക്കാൻ, എന്നെ മനസ്സിലാക്കാൻ ആരെങ്കിലും ഒരാൾ കാത്തിരിക്കുന്നുണ്ടാകും’– മലയാളികളുടെ പ്രിയതാരം സൂരജ് തേലക്കാട് പ്രണയത്തെക്കുറിച്ചുള്ള ഓർമകളിലേക്ക് ആഴ്ന്നിറങ്ങിയത് ഇങ്ങനെയാണ്. ചിരിപ്പിച്ചും കുറുമ്പു കാട്ടിയും പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സൂരജ് ഏറെ ചെയ്തിട്ടുള്ളതെങ്കിലും പ്രണയത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ ഏറെ പക്വതയുണ്ട്. തന്റെ പ്രണയ ഓർമകൾ സൂരജ് മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുന്നു.

‘‘പ്രണയിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. എനിക്ക് ഉയരം കുറവാണെന്നു കരുതി ഉള്ളിലെ പ്രണയത്തിന് യാതൊരു കുറവുമില്ല. ഒരു 26 കാരന് എത്ര പ്രണയം ഉണ്ടാകുമോ അതുപോലെ തന്നെയാണ് എനിക്കുള്ളിലെയും പ്രണയം. പ്രണയം തോന്നിയപ്പോഴെല്ലാം അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇതുവരെ പോസിറ്റീവ് ആയ മറുപടി ഒന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് യാതൊരു വിഷമവുമില്ല. നമ്മൾ സ്നേഹിക്കുന്നവരെല്ലാം നമ്മളെ തിരച്ചു സ്നേഹിക്കണമെന്നു വാശിപിടിക്കാനാവില്ലല്ലോ. പ്രണയം കണ്ടെത്താൻ ഇനിയും ഒരുപാട് സമയം മുമ്പിലുണ്ട് എന്നാണു വിശ്വാസം.

sooraj-thelakkad-2

എനിക്ക് തോന്നിയ പ്രണയങ്ങളെക്കാൾ ഓർമയിൽ നിൽക്കുന്നത് എന്റെ കൂട്ടുകാരുടെ പ്രണയമാണ്. അവരുടെയെല്ലാം പ്രധാനപ്പെട്ട ദൂതനായിരുന്നു ഞാൻ. സന്ദേശങ്ങൾ കൈമാറുക, പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കുക അങ്ങനെയൊക്കെ. അതെല്ലാം നല്ല രസമാണ്. കൂട്ടുകാർക്കു വേണ്ടി അതൊക്കെ ചെയ്യുമ്പോൾ നമ്മളൊരു ത്രിൽ അനുഭവിക്കും. അതൊക്കെ കഴിഞ്ഞു പ്രേമിക്കുന്ന പെൺകുട്ടിയുടെ പേരു പറഞ്ഞ് അവരെ കളിയാക്കുന്നതും ഒരു രസം തന്നെ. അങ്ങനെ ദൂതനായി ഞാൻ സഹായിച്ച പലരും പ്രേമിച്ച ആളെ കെട്ടി സുഖമായി ജീവിക്കുന്നു. 

ജീവിതം സെറ്റ് ആകും മുമ്പ് വിവാഹിതരാകേണ്ടി വന്നവരും ഒരുപാടുണ്ട്. അവരിൽ പലരും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനും സാക്ഷി ആയിട്ടുണ്ട്. അതുകൊണ്ടിപ്പോൾ സെറ്റിൽ ആകുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. എന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്. പിന്നെ വിവാഹം കഴിഞ്ഞായാലും പ്രണയിക്കാമല്ലോ. നമ്മൾ മരിക്കുവോളം പ്രണയം എന്ന വികാരം ഒപ്പമുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

sooraj-thelakkad-3

സിംഗിളായി ഇരിക്കുന്നവരോട്, അതിൽ വിഷമിക്കുന്നവരോട് നമുക്കും സമയം വരും, കാത്തിരിക്കൂ എന്നേ പറയാനുള്ളൂ. ഞാനും കാത്തിരിക്കുകയാണ്. പ്രണയിക്കുന്നവർ പ്രണയിച്ചു കൊണ്ടേയിരിക്കുക. കാരണം പ്രണയിക്കാനാകുന്നത് ഒരു ഭാഗ്യമാണ്.’’

English Summary : Actor Sooraj Thelakkadu Valentine's day special Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA