ഈ വാലന്റൈൻസ് ഡേ സ്പെഷൽ, ഉണ്ണിയേട്ടന്റെ സമ്മാനം ‘ചിട്ടി ബേബി’; വിശേഷങ്ങളുമായി മൃദുല വിജയ്

HIGHLIGHTS
  • ഈ വാലെന്റൈൻസ് ഡേ എനിക്ക് സ്പെഷൽ ആണ്
  • ഞങ്ങൾ രണ്ടാളും നന്നായി സ്നേഹം പ്രകടിപ്പിക്കുന്നവരാണ്
actress-mridhula-vijai-valentines-day-special-interview
SHARE

എല്ലാ വർഷവും മറ്റേതൊരു ദിവസവും പോലെ കടന്നു പോയിരുന്ന പ്രണയദിനം ഇത്തവണ നടി മൃദുല വിജയ്ക്ക് സ്പെഷലാണ്. നടൻ യുവ കൃഷ്ണ എന്ന ഉണ്ണിയേട്ടനുമായി മൃദുലയുടെ വിവാഹം നിശ്ചയിച്ചു. സർപ്രൈസുകളും സമ്മാനങ്ങളുമൊക്കയായി പ്രണയാർദ്രമായ നാളുകളിലൂടെയാണ് ഇരുവരും കടന്നു പോകുന്നത്. വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി വലിയൊരു ടെഡി ബെയറിനെ ആണ് യുവ തന്റെ പ്രിയതമയ്ക്ക് സമ്മാനിച്ചത്. മൃദുല കൂടുതല്‍ പ്രണയവിശേഷങ്ങൾ മനോരമ ഓൺലൈൻ വായനക്കാരോട് പങ്കുവെയ്ക്കുന്നു. 

ഈ വാലന്റൈൻസ് ഡേ സ്പെഷൽ ആണല്ലോ ? 

അതെ. ഈ വാലെന്റൈൻസ് ഡേ എനിക്ക് വളരെ സ്പെഷൽ ആണ്. ഉണ്ണിയേട്ടനെ അടുത്തറിഞ്ഞതിനുശേഷമുള്ള വാലെന്റൈൻസ് ഡേ ആണിത്. ഇതുവരെ വാലന്റൈൻസ് ഡേയ്ക്ക് പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. പ്രണയിക്കുന്നവർക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ദിവസമൊന്നും വേണ്ടല്ലോ. എല്ലാം പ്രണയദിനങ്ങൾ തന്നെയല്ലേ. പക്ഷേ ഇത്തവണത്തെ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. വിവാഹം ഉറപ്പിച്ചു. ഉണ്ണിയേട്ടനുമായി ഗാഢപ്രണയത്തിലാണ്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സുഖം തോന്നുന്നു. 

Mridhula-vijai-yuva-krishna-4

വാലന്റൈൻസ് ഡേ ആഘോഷം എങ്ങനെയാണ് ?

ആഘോഷിക്കണം എന്നൊക്കെ ഉണ്ട്. പക്ഷേ അതിനു പറ്റിയ സാഹചര്യമല്ല ഇപ്പോൾ. ഞാൻ ഷൂട്ട് സംബന്ധമായി കൊച്ചിയിലും ഉണ്ണിയേട്ടൻ തിരുവനന്തപുരത്തുമാണ്. ഞാൻ പുറപ്പെടുന്നതിനു മുന്നേ ഉണ്ണിയേട്ടൻ ഗിഫ്റ്റ് കൊണ്ടുവന്ന് തന്നിരുന്നു. ഞാനും അദ്ദേഹത്തിന് ഗിഫ്റ്റ് കൈമാറി. 

എനിക്ക് ടെഡി ബെയറിനെ ഒരുപാട് ഇഷ്ടമാണ്. അത് ഞാൻ ഒരിക്കൽ ഏട്ടനോട് പറഞ്ഞിട്ടുണ്ട്. നിനക്കൊരു ടെഡിയെ വാങ്ങിത്തരുമെന്ന് അന്നു പറഞ്ഞിരുന്നു. എന്നാൽ വലിയൊരു ടെഡിയെ സർപ്രൈസ് ആയിട്ടാണ് വീട്ടിൽ കൊണ്ടു‌വന്നു തന്നത്. 

വലുത് എന്നു പറഞ്ഞാൽ എന്റെത്രയും പൊക്കമുള്ള ഒരു ടെഡി ആണത്. എനിക്ക് സർപ്രൈസും വളരെയധികം സന്തോഷവുമായി. ഞങ്ങൾ അതിനു ചിട്ടി ബേബി എന്നു പേരിട്ടു. ഇപ്പോ എന്നും ചിട്ടി ബേബിയെ അടുത്തുവെച്ചാണ് കിടന്നുറങ്ങുന്നത്. അങ്ങനെ എല്ലാം കൊണ്ടും സ്പെഷൽ ആയ ഒരു പ്രണയദിനം ആണിത്. അടുത്തില്ല എന്നേ ഉള്ളൂ. കൂടെ ഉണ്ടെന്ന തോന്നൽ എപ്പോഴും ഉണ്ട്.

Mridhula-vijai-yuva-krishna-3

നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക് ?

അത് അങ്ങനെ പറയാൻ പറ്റില്ല. ഞങ്ങൾ രണ്ടാളും നന്നായി സ്നേഹം പ്രകടിപ്പിക്കുന്നവരാണ്. ചില സമയത്ത് ഉണ്ണിയേട്ടൻ ഒരുപാട് റൊമാന്റിക് ആകാറുണ്ട്. എന്തെങ്കിലും കാര്യം ആലോചിച്ച് മൂഡ് ഓഫ് ആണെങ്കിൽ പിന്നെ സ്നേഹം പ്രകടിപ്പിക്കൽ ഒന്നുമില്ല. ആള്‍ ഫുൾ ആലോചനയിൽ ആയിരിക്കും. ഞാനാണ് കൂടുതൽ റൊമാന്റിക് എന്നാകും ചിലപ്പോൾ ഉണ്ണിയേട്ടൻ പറയുക.   

പിണങ്ങിയാൽ ആരാണ് ആദ്യം പിണക്കം തീർക്കുക ? 

അത് ഏട്ടൻ തന്നെയാണ്. ഞാനാണ് എപ്പോഴും അടിയുണ്ടാക്കാറുള്ളത്. ഏട്ടൻ ഇതുവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഞാൻ ദേഷ്യപ്പെട്ടാലും എന്നോട് സൗമ്യമായി സംസാരിക്കും. എന്നെ കൂൾ ആക്കും. ആള്‍ എപ്പോഴും വളരെ കൂൾ ആണ്. 

യുവ സർപ്രൈസ് തരുന്നതിൽ മിടുക്കനാണല്ലേ ?

അതെ, എപ്പോഴും എന്തെങ്കിലും സർപ്രൈസ് നൽകി എന്നെ ഞെട്ടിപ്പിച്ചുകൊണ്ടേയിരിക്കും. മിക്കവാറും ഗിഫ്റ്റുകൾ ആയിരിക്കും. എന്റെ ടേസ്റ്റ് ഉണ്ണിയേട്ടന് നന്നായി അറിയാം. ഓൺലൈൻ ആയി എന്തെങ്കിലുമൊക്കെ വെറൈറ്റി സാധനങ്ങൾ വാങ്ങിവെയ്ക്കും.

Mridhula-vijai-yuva-krishna-2

യുവയിലെ ഏറ്റവും ആകർഷിച്ച സ്വഭാവം ?

ഏട്ടൻ എപ്പോഴും കൂൾ ആണ്. വളരെ സൗമ്യന്‍. നമുക്ക് എന്ത് വിഷമം ഉണ്ടെങ്കിലും ആളോടു പറയാം. അതിനെല്ലാം പ്രാക്ടിക്കലായി ഒരു പരിഹാരം ഏട്ടന്റെ കയ്യിലുണ്ടാകും. വളരെയധികം ചിന്തിച്ചാണ് ഓരോ തീരുമാനവും എടുക്കുക. ആളിന്റെ അടുത്തെത്തുമ്പോൾ നമ്മളും കൂൾ ആകും. ഇതൊക്കെയാണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യങ്ങൾ.

യുവ ഒരു മജീഷ്യൻ ആണല്ലോ ?

അതെ. മജീഷ്യനും മെന്റലിസ്റ്റും ഒക്കെയാണ് ഉണ്ണിയേട്ടൻ. എപ്പോഴും ഓരോ ട്രിക്കുകൾ കാണിച്ച് എന്നെ അതിശയിപ്പിക്കും. ഏട്ടൻ ചെയ്യുന്നതെല്ലാം ഞാനും മനസ്സിലാക്കണം എന്ന നിർബന്ധം പുള്ളിക്കുണ്ട്. അതുകൊണ്ടുതന്നെ എനിക്കും ചില ട്രിക്കുകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്.

Mridhula-vijai-yuva-krishna-5

ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ?

അങ്ങനെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. രണ്ടുപേർക്കും യാത്ര ചെയ്യാൻ വളരെ  ഇഷ്ടമാണ്. അതുകൊണ്ട് ഒരുപാട് യാത്ര ചെയ്യണം എന്നുണ്ട്. ഒഴിവ് കിട്ടുമ്പോഴൊക്കെ യാത്ര ചെയ്യണം. ഇഷ്ടമുള്ള ആളോടൊപ്പം യാത്ര ചെയ്യാൻ ഒരു പ്രത്യേക സ്ഥലമോ പ്ലാനോ ഒന്നും വേണ്ടല്ലോ. ഒരുമിച്ച് എവിടെയുണ്ടോ അതാണ് ഏറ്റവും ഫേവറിറ്റ് സ്ഥലം. 

വിവാഹം എന്നാണ് ?

വിവാഹ തീയതി  തീരുമാനിച്ചിട്ടില്ല. ആറുമാസത്തിനുള്ളിൽ ഉണ്ടാകും.

English Summary : Actress Mridhula Vijai Valentines day special Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA