മിനിമലിസം പിന്തുടരാം, ജീവിതം സന്തോഷകരമാക്കാം

HIGHLIGHTS
  • ആവശ്യത്തെയും അനാവശ്യത്തെയും കൃത്യമായി മനസ്സിലാക്കുക
  • ലളിതമായ ജീവിതരീതിയാണ് മനസമാധാനം നൽകുക
follow-minimalistic-life-style-to-get-more-comfort-in-your-life
Image Credits : goodluz / Shutterstock.com
SHARE

ലോകത്ത് വളരെ വേഗം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ് മിനിമലിസം. പേരു സൂചിപ്പിക്കുന്നത് പോലെ ലളിതമായ ജീവിത രീതിയാണിത്. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തിരക്കുപിടിക്കുന്ന, ആഡംബരത്തിനു പിന്നാലെ പായുന്ന, അതിനായി എന്തും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ദിശാമാറ്റമായി ഇതിനെ വിലയിരുത്താം. നമുക്ക് ആവശ്യമുള്ള വസ്തുക്കളെ മാത്രം ചേർത്തുനിർത്തുന്നതാണ് മിനിമലിസത്തിന്റെ രീതി. മിതത്വത്തിലൂടെ സംതൃപ്തി കണ്ടെത്തുന്ന ഈ രീതി കൂടുതല്‍ ‍സന്തോഷവും സമാധാനവും അനുഭവിക്കാൻ പ്രാപ്താരാക്കും എന്നാണ് വക്താക്കൾ വാദിക്കുന്നത്. ജീവിതം മിനിമലിസ്റ്റിക് ആക്കുമ്പോഴുള്ള ഗുണങ്ങൾ ഇതാ.

∙ ആവശ്യം അറിയാം

ആവശ്യത്തെയും അനാവശ്യത്തെയും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. നമ്മുടെ റൂമിൽനിന്നു തന്നെ അത് തുടങ്ങാം. സാധനങ്ങൾ കുത്തിനിറച്ച അലമാര, ഡ്രോയർ, മേശ എന്നിവ നിങ്ങളുടെ സ്ഥലം മാത്രമല്ല സമാധാനത്തെയും ഇല്ലാതാക്കുന്നുണ്ട്. അടുക്കും ചിട്ടയോടും കൂടി വസ്തുക്കളെ ക്രമീകരിച്ചാൽ അവിടെ എത്ര ആവശ്യമില്ലാത്ത സാധനങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാകും. അത് ഒഴിവാക്കുകയാണ് മിനിമലിസത്തിലേക്കുള്ള ആദ്യ പടി.

∙ കൂടുതൽ സ്വാതന്ത്ര്യം

ചുറ്റും വസ്തുക്കൾ കൂടുന്നതിലൂടെ ഒരിക്കലും സന്തോഷം കിട്ടില്ല. എന്നാൽ അതു നമ്മെ കൂടൂതൽ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിയിടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഭൗതികമായ ഭ്രമങ്ങളിൽ തളയ്ക്കപ്പെട്ടാൽ ആ വസ്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടാകും. ഇതെല്ലാം സ്വാതന്ത്ര്യത്തെ പരമിതപ്പെടുത്തുകയാണ് ചെയ്യുക. 

∙ സമയവും ആരോഗ്യവും

ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കാത്ത, ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്നാണ് സമയം. അതുപോലെ നമ്മുടെ ആരോഗ്യത്തിനും പ്രധാന്യം ഏറെയാണ്. എന്നാൽ ആരോഗ്യവും സമയവും പാഴാക്കി കളയുന്ന ജീവിതശൈലിയാണ് പലരും പിന്തുടരുന്നത്. അനാരോഗ്യകരമായ ആഹാരം, സ്മാർട്ട് ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും അമിത ഉപയോഗം, ലഹരിയോടുള്ള ആസക്തി, വ്യായാമത്തിന്റെ കുറവ് എന്നിങ്ങനെ പലതും ഇതിനു കാരണമാകുന്നു. ഇതെല്ലാം ഒഴിവാക്കൻ മിനിമലിസത്തിലൂടെ സാധിക്കുന്നു. ഇത് ആരോഗ്യവും സമയവും നിങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. 

∙ ഭ്രമം ഒഴിവാക്കാം

നമ്മുടെ കയ്യിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വസ്തുക്കളുണ്ട്. എങ്ങനെയാണ് നമ്മുടെ കയ്യിൽ നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ വരുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇപ്പോഴെങ്കിലും ചിന്തിച്ച് തുടങ്ങണം. ഒരു വസ്തു ആവശ്യമുണ്ടോ, ഉപകാരപ്പെടുമോ എന്നതിനൊന്നും പ്രാധാന്യം നൽകാതെ ‘കണ്ടു, ഇഷ്ടപ്പെട്ടു, വാങ്ങി’ എന്ന രീതി പിന്തുടരുന്ന നിരവധിപേരുണ്ട്. ഒരു ഭ്രമം മാത്രമാണ് അതു വാങ്ങാനുള്ള പ്രേരണ. വാങ്ങി കഴിഞ്ഞാൽ ഭ്രമം നഷ്ടപ്പെടുന്നു. പിന്നീട് ആ ഭ്രമം മറ്റൊരു വസ്തുവിനോട് ആകുന്നു. അതങ്ങനെ തുടരുന്നു. ഇത് ശീലം ഒഴിവാക്കിയാൽ പണം മാത്രമല്ല ജീവിതവും സേവ് ചെയ്യാം.

∙ മനസമാധാനം

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മനസമാധാനം. ആഡംബര ജീവിതത്തേക്കാൾ ലളിതമായ ജീവിതരീതിയാണ് മനസമാധാനം നൽകുക. ആശങ്കകൾ, ചിന്തകൾ, കടം വാങ്ങലുകൾ, ലോണുകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആഡംബര ജീവിതം ബാക്കിയാക്കും. ഇതെല്ലാം ചേർന്ന് മനസമാധാനം നശിപ്പിക്കും. മറ്റുള്ളവരെ കാണിക്കാനല്ല, നമുക്കു വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. മിനിമലിസം അതാണ് മുന്നോട്ടുവെയ്ക്കുന്നത്.

∙ കൂടുതൽ സന്തോഷം

സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും മിനിമലിസം പ്രയോഗിക്കണം. കാരണം അനാവശ്യമായ സ്വപ്നങ്ങൾ നമുക്കുണ്ടായിരിക്കും. ഇത് ഒഴിവാക്കുമ്പോൾ യഥാർഥ സ്വപ്നങ്ങൾക്കും കൂടുതൽ വ്യക്തത കൈവരും. അത് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കൂടുതല്‍ കാര്യക്ഷമത നൽകും. 

∙ ഭീതി ഇല്ലാതാക്കുന്നു

ബുദ്ധ സന്യാസിമാരുടെ ജീവിതരീതി വളരെ പ്രസിദ്ധമാണ്. അതിനു കാരണം എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയമില്ലാതെയാണ് അവരുടെ ജീവിതം എന്നതാണ്. ഭയം ഇല്ലാതാകുമ്പോൾ ‌ജീവിതം സന്തോഷകരമാകും. അതുപോലെ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നൽകുക വഴി അനാവശ്യമായ മത്സരങ്ങളിൽനിന്ന് മാറിനിൽക്കാനും ഇതിലൂടെ പരാജയഭീതി ഒഴിവാക്കാനും സാധിക്കുന്നു. 

∙ കൂടുതൽ ആത്മവിശ്വാസം

സിംപിളാകുമ്പോൾ ജീവിതം കൂടുതല്‍ പവർഫുൾ ആകുന്നു എന്നതാണ് മിനിമലിസത്തിലെ കാഴ്ചപ്പാട്. ഇത്തരം ജീവിതരീതി പ്രാപ്തമാകുമ്പോൾ വ്യക്തിത്വ വികാസവും സ്വയം പര്യാപ്തതയും നേടിയെടുക്കാനാകും. ഇത് ഒരു വ്യക്തിക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

English Summary : Life - Advantages of minimalism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA