ADVERTISEMENT

കുടുംബജീവിതത്തിനും ജോലിക്കുമിടയിൽ കൃത്യമായ അതിർവരമ്പുകൾ തീർക്കുകയാണ് വർക്ക് ഫ്രം ഹോം കാലത്തെ ഒരു പ്രധാന ടാസ്ക്. മുൻപ്, ഓഫിസ് സമയം ജോലിക്കും വീട്ടിലുള്ള സമയം വീട്ടുകാര്യങ്ങൾക്കുമായി കൃത്യമായി നീക്കിവച്ചിരുന്ന പലരും വീട്ടിലിരുന്നുള്ള ജോലി തുടങ്ങിയതോടെ അവ ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത്, ഇത്തരം ഒരു അതിർവരമ്പ് നിശ്ചയിക്കാത്തതിനാലാണ്.

ജോലിസ്ഥലവും വീടും ഒന്നായതിനാൽ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാമെന്ന ചിന്ത, വീട്ടുകാര്യങ്ങളെയാണു പ്രതികൂലമായി ബാധിക്കുക. വീട്ടിൽ തന്നെയുണ്ടെങ്കിലും മക്കളോടൊപ്പമോ മാതാപിതാക്കളോടൊപ്പമോ സമയം ചിലവിടനാല്ലാത്തവരായി നാം തീരുന്നു. അതിനാൽ, കുടുംബത്തോടൊപ്പം ചിലവഴിക്കാനും വീട്ടുകാര്യങ്ങൾ ചെയ്യാനുമായി നിശ്ചിത സമയം ഒരുക്കേണ്ടതിന് പ്രാധാന്യമേറന്നു. എന്നും കൃത്യസമയത്തു തന്നെ ജോലി പൂർത്തീകരിക്കാനും കുടുംബകാര്യങ്ങൾക്കിടയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട ഫോൺവിളികളോ പ്രശ്നങ്ങളോ കൊണ്ടുവരാതിരിക്കാനും ശ്രമിക്കാം. അതുപോലെ തന്നെ ജോലിക്കിടയിൽ വീട്ടുകാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കാം. അത്തരം ‘മൾട്ടിടാസ്ക്’ ശ്രമങ്ങൾ ജോലിയിലെ കാര്യക്ഷമതയെ ബാധിക്കാം.

വീണ്ടും ചില ‘ജോലി’കാര്യങ്ങൾ

∙ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഇടത്തിനു ജോലിയിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ വലിയ പങ്കാണുള്ളത്. അതിനാൽ, ചെറിയൊരു ഓഫിസ് മാതൃക വീട്ടിലും ഒരുക്കാം. നേരെ നോക്കിയാൽ കംപ്യൂട്ടർ സ്ക്രീൻ കാണാവുന്ന ഉയരത്തിലുള്ള മേശയും നിവർന്നിരിക്കാൻ സാധിക്കുന്ന കസേരയും ഉപയോഗിക്കാം.

∙ ജോലിക്കായി ഒരുക്കിയ മേശയിൽ തന്നെ ജോലി സമയത്തു ആവശ്യമായ കംപ്യൂട്ടർ, ഹെഡ്സെറ്റ്, നോട്ട്പാഡ്, പേന എന്നിവ സ്ഥിരമായി വയ്ക്കാം. ഭക്ഷണം എടുത്തുവയ്ക്കാനും ഇസ്തിരിയിടനുമെല്ലാം ഈ മേശ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

∙ ജോലി ചെയ്യാൻ ഇരിക്കുന്ന മുറിയിൽ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യത മാത്രമല്ല വെളിച്ചവും വായുസഞ്ചാരവുമുണ്ടെന്നും ഉറപ്പുവരുത്തണം.

∙ അലസമായും നന്നായി വസ്ത്രധാരണം ചെയ്യാതെയും ജോലിക്കിരിക്കുന്നത് ഒഴിവാക്കാണം.

∙ പ്രാതലും ഉച്ചയൂണും സമയംതെറ്റി കഴിച്ചോ ഒഴിവാക്കിയോ ജോലി ചെയ്യുന്നത് വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ. വെള്ളം കുടിക്കുന്നതു കുറയാതെയും ശ്രദ്ധിക്കണം.

∙ ജോലിയുമായി ബന്ധപ്പെട്ട് ദിവസേന പൂർത്തീകരിക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് അന്നന്നു തയാറാക്കാം. ദിവസേനയുള്ള ടാസ്കുകൾ പൂർത്തീകരിച്ചു മുന്നേറുന്നത് ജോലി കൂടുതൽ ആസ്വാദ്യകരവും എളുപ്പവുമാക്കും.

∙ വളരെ ശാന്തമായി ഒച്ചയോ ബഹളമോ ഇല്ലാതെ ജോലി ചെയ്യുന്നതിനാൽ, ഇടവേളകളെടുക്കുമ്പോൾ വീട്ടിലുള്ളവരുമായി സംസാരിക്കാനോ പാട്ടുകളോ മറ്റോ കേൾക്കാനോ ശ്രമിക്കാം.

∙ ജോലിക്കിടെ എന്തെങ്കിലും തടസ്സങ്ങൾ നേരിട്ടാൽ, ടീം അംഗങ്ങളെയോ സീനിയേഴ്സിനെയോ അവ കൃത്യമായി അറിയിക്കണം. ഓഫിസിലെ പോലെ നേരിട്ട് പറയുന്നതിന് അവസരമില്ലാത്തതിനാൽ പരസ്പരം ആശയവിനിമയം കുറഞ്ഞുപോകാതെ ശ്രദ്ധിക്കണം.

∙ ജോലിക്കിടെ നമ്മുടെ ശ്രദ്ധ തെറ്റിക്കാൻ ഇടയുള്ള കാര്യങ്ങളെന്തെന്ന്് ആദ്യമേ തിരിച്ചറിഞ്ഞ്, അവ ഒഴിവാക്കാൻ പ്രത്യേക കരുതലെടുക്കാം. കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നുള്ള ജോലിക്കിടയിലെ വിശ്രമസമയം മൊബൈൽ ഫോൺ സ്ക്രീനിൽ നോക്കിയിരുന്നു ചെലവഴിക്കുന്നവരാണു ഭൂരിഭാഗം. ഇത്തരം ചെറിയ ‘ബ്രേക്ക് ടൈം’ ആണെങ്കിലും, അപ്പോൾ ഓൺലൈൻ ഗെയിം കളിക്കുന്നതും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് ഉചിതം.

∙ കംപ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുനട്ടിരുന്നു തന്നെയുള്ള ജോലിയായതിനാൽ, കാഴ്ച മങ്ങലും നടുവേദനയുമടക്കം വിവിധ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണെന്നു മറക്കാതിരിക്കാം. അതിനാൽ, ഇടയ്ക്കിടയ്ക്ക് സ്ക്രീനിൽ നിന്നു കണ്ണെടുക്കുകയും പച്ചപ്പ് നിറഞ്ഞ പരിസരങ്ങളിലേക്ക് നോക്കുകയും ചെയ്യാം. ബ്ലൂ ലൈറ്റ് ഫിൽറ്റർ കണ്ണടകൾ ഉപയോഗിക്കുന്നതും നല്ലതാണ്. കൃത്യമായ ഇടവേളകളിൽ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാനും മുറിയിൽ തന്നെയെങ്കിലും ചെറിയ ദൂരം നടക്കാനും സ്ട്രെച്ചസുകൾ ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്.

English Summary : How do you separate work and personal life while working from home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com