ADVERTISEMENT

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും. എല്ലാ തിരക്കുകളും അവസാനിച്ച്, ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി സന്തോഷിക്കാമെന്നു കരുതിയിൽ ഒരിക്കലും അതിനായെന്നു വരില്ല. ഒരുപാട് പണമോ, സുഖസൗകര്യങ്ങളോ, പ്രശസ്തിയോ ഒന്നുമല്ല സന്തോഷം. അതൊരു കാഴ്ചപ്പാടാണ്. . ഒന്നുമില്ലായ്മയിൽ പോലും മനസ്സ് തുറന്നു ചിരിക്കാൻ സാധ്യമാക്കുന്ന ആന്തരികമായ അനുഭവമാണ് അത്. അങ്ങനെ സന്തോഷം കണ്ടെത്താൻ 10 വഴികൾ ഇതാ. 

∙ സന്തോഷിക്കുന്നവർക്കൊപ്പം ജീവിക്കാം

എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന ആളുകളാണ് ഒപ്പമെങ്കിൽ അത് നമുക്ക് തരുന്ന ഊർജം വേറെ തന്നെയായിരിക്കും. അവരുടെ ചിരിക്കുന്ന മുഖങ്ങൾക്ക് സങ്കടങ്ങളെ ഇല്ലാതാക്കാനും ആളുകളിൽ സന്തോഷം നിറയ്ക്കാനും കഴിവുണ്ട്. അതുകൊണ്ടു അങ്ങനെയുള്ളവർക്കൊപ്പം കൂട്ടുകൂടാൻ ശ്രമിക്കുക. അത് ജീവിതത്തെ സന്തോഷകരമാക്കുമെന്ന് തീർച്ച. 

∙ മൂല്യങ്ങൾ ചേർത്തു പിടിക്കാം

ജീവിതത്തിന്റെ ഏതു ഘട്ടത്തിലും നാം മുറുകെ പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്. ഇത്തരം മൂല്യങ്ങൾ നാം പിന്തുടരുമ്പോഴും ചേർത്തുപിടിക്കുമ്പോഴുമാണ് നമുക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. അതുകൊണ്ട് അവയുമായി മുന്നോട്ടു പോകാൻ മടിക്കേണ്ടതില്ല.

∙ നല്ലത് മാത്രം സ്വീകരിക്കുക

നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ഉള്ളുതുറന്ന് സ്വീകരിക്കുകയും ഇഷ്ടമില്ലാത്തവയെ അകറ്റി നിർത്തുകയും ചെയ്യുമ്പോൾ കിട്ടുന്ന പോസിറ്റീവിറ്റി വിലമതിക്കാനാവത്തതാണ്. അവ ചെയ്യാൻ മടിക്കേണ്ടതില്ല. നല്ലത് സ്വീകരിച്ച് മുന്നോട്ടു പോകാം. തെറ്റുകൾ സംഭവിച്ചാൽ തിരുത്താന്‍ മടിക്കേണ്ടതില്ല. 

∙ നല്ലത് ചിന്തിക്കുക

നന്മയുള്ള ചിന്തകളാണ് നല്ല പ്രവൃത്തികളിലേക്ക് നയിക്കുക. നല്ല പ്രവൃത്തികൾ സന്തോഷത്തിലേക്കും. സ്വപ്‌നം കാണുമ്പോൾ പോലും അതിരുകൾ വെക്കാതിരിക്കുക. വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ആത്മാർത്ഥമായി പരിശ്രമിക്കുക. അതെല്ലാം നിങ്ങളെ സന്തുഷ്ടരാക്കും. 

∙ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക

ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് ജീവിതം ദുഷ്ക്കരമാക്കും. ഇഷ്ടപ്പെട്ട കാര്യങ്ങൾ, അവ എത്ര ചെറുതാണെങ്കിലും ചെയ്യുക. അവ നിങ്ങളുടെ ജീവിതം ആഹ്ലാദം കൊണ്ടു നിറയ്ക്കും. 

∙ ജീവിതത്തിന്റെ ലക്ഷ്യം

നമ്മുടെ ജീവിതങ്ങൾക്കെല്ലാം ഓരോ ലക്ഷ്യങ്ങളുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം നമുക്ക് ചുറ്റുമുള്ള സമൂഹത്തിന് വേണ്ടിയും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തെ കുറച്ചുകൂടി അർത്ഥവത്താക്കും. ഇത്തരം പ്രവൃത്തികൾ തരുന്ന സന്തോഷം മറ്റൊന്നിനും തരാൻ സാധിക്കില്ല.

∙ ഹൃദയം പറയുന്നത് കേൾക്കുക

സാഹചര്യങ്ങൾ കാരണം ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ പലരും നിർബന്ധതരാകാറുണ്ട്. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് ഇഷ്ടപ്പെട്ട ജീവിതം ജീവിക്കുമ്പോഴാണ് സന്തോഷമുണ്ടാവുക. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ സ്വയം കേൾക്കാൻ തുടങ്ങുമ്പോളാണ് ഓരോ മനുഷ്യനും സന്തോഷത്തിന്റെ വഴിയിൽ എത്തിച്ചേരുന്നത്.

∙ സ്വയം പ്രാപ്തരാകുക

നമ്മുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റം പറയുക എളുപ്പമാണ്. എന്നാൽ നാം നേരിട്ട തിരിച്ചടികൾ നമ്മുടെ തീരുമാനത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കിയാലേ ജീവിതം മുന്നോട്ട് പോകൂ. നമ്മുക്കുണ്ടായ തെറ്റുകൾ തിരുത്തി വിജയത്തിലേക്ക്  മുന്നേറാം.

∙ മാറ്റങ്ങളെ സ്വാഗതം ചെയ്യുക

നമ്മളും നമുക്ക് ചുറ്റുമുള്ളതും മാറ്റത്തിന് വിധേയമാകും എന്ന സത്യം തിരിച്ചറിയുകയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യണം. ഒന്ന് ശരിയായില്ലെങ്കിൽ മറ്റൊന്നിലേക്ക് മാറുക. ഈ അനുഭവങ്ങളെ വഴിവിളക്കുകളാക്കി മുന്നോട്ട് കുതിക്കുക.

∙ നിമിഷങ്ങളെ ആസ്വദിക്കുക

നമ്മെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ, അവർക്കൊപ്പം ചെലവഴിച്ച സമയം എന്നിവ ഒരിക്കലും മറക്കാൻ സാധിക്കാത്തവയാണ്. അവരോടൊപ്പം ചെലവഴിച്ച ചെറുതെന്ന് കരുതുന്ന ഓരോ നിമിഷങ്ങളും പിന്നീട് വിലയേറിയതാകും. കഴിഞ്ഞു പോയ വേദനകളെ കുറിച്ച് ആലോചിച്ചിരുന്നിന്ന് എന്താണു പ്രയോജനം ? ഇപ്പോഴുള്ള ഓരോ നിമിഷങ്ങളും പരമാവധി ആസ്വദിച്ചു ജീവിതത്തെ ആഘോഷമാക്കുക, സന്തോഷിക്കുക.

English Summary : 10 Simple Ways to Find Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com