ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടർക്കഥ, കാരണം നിങ്ങളാകാം

HIGHLIGHTS
  • ബന്ധത്തില്‍ വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്
signs-of-a-toxic-partner
Image Credits : Roman Samborskyi / Shutterstock.com
SHARE

വിഷലിപ്തമായ ബന്ധങ്ങള്‍ (ടോക്‌സിക് റിലേഷന്‍ഷിപ്പ്) തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടത് നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനത്തിനും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഒരു ബന്ധത്തിലെ വിഷലിപ്തമായ ഘടകം നാം തന്നെയാണെങ്കിലോ ? പ്രശ്നങ്ങൾക്കു കാരണം പങ്കാളിയാണെന്ന് പഴിക്കുമെങ്കിലും ചിലപ്പോൾ അതിനു കാരണം നാം തന്നെയായിരിക്കും. നിങ്ങളൊരു ടോക്സിക് പാർട്നർ ആണോ എന്നു പരിശോധിക്കാം.

പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്താറുണ്ടോ

നിങ്ങള്‍ പങ്കാളിയെ പരിഹസിക്കുമ്പോഴും കളിയാക്കുമ്പോഴും കൂടുതല്‍ മോശം കാര്യങ്ങളാണ് അവരുടെ മനസ്സിലേക്ക് ചെല്ലുന്നത്. ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ മുന്നില്‍ വച്ച് അവരെ താഴ്ത്തിക്കെട്ടി സംസാരിക്കാറുണ്ടോ ?. നിങ്ങളുടെ പങ്കാളിക്ക് എന്തൊക്കെ കുറവുണ്ടായാലും അത് പൊതുവേദിയില്‍ പറയുന്നതും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. പങ്കാളിയെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതെയെങ്കിലും ഇരിക്കുക. കുറ്റങ്ങളോടും കുറവുകളോടും കൂടി തന്നെ പങ്കാളിയെ അംഗീകരിക്കുന്നിടത്താണ് ബന്ധങ്ങളുടെ വിജയം.

പെട്ടെന്ന് ദേഷ്യം വരാറുണ്ടോ

ദമ്പതികൾ എന്ന നിലയില്‍ നിങ്ങളുണ്ടാക്കിയ വഴക്കുകള്‍ ഓർമിക്കൂ. എങ്ങനെയായിരുന്നു അവയെ നേരിട്ടത്. വാദപ്രതിവാദങ്ങളില്‍ പങ്കാളി പെട്ടെന്ന് നിങ്ങളെ വിജയിക്കാന്‍ അനുവദിക്കുന്നതു പോലെ തോന്നാറുണ്ടോ. ഉണ്ടെങ്കില്‍ അത് നിങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല, നിങ്ങള്‍ ഒരിക്കലും അവരെ മനസ്സിലാക്കില്ല എന്ന തോന്നൽ മനസ്സിൽ രൂപപ്പെട്ടതു കൊണ്ടാണ്. 

ഒരു ബന്ധത്തില്‍ വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. വിയോജിപ്പുണ്ടാകുമ്പോള്‍ രണ്ട് പേര്‍ക്കും അവരുടെ ഭാഗം പറയാന്‍ സാധിക്കണം. വിയോജിപ്പുണ്ടാകുമ്പോള്‍ വാദിച്ച് ജയിക്കാനല്ല, പരസ്പര സമ്മതമുള്ള ഒത്തുതീര്‍പ്പിലെത്താനാണ് ശ്രമിക്കേണ്ടത്. 

കുറ്റബോധമുണ്ടാക്കല്‍

എന്തെങ്കിലും ചെയ്തതിന്റെ പേരിലോ ചെയ്യാതിരുന്നതിന്റെ പേരിലോ പങ്കാളിയിൽ കുറ്റബോധം തോന്നിപ്പിക്കാൻ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? വളരെ അനാരോഗ്യകരവും അപകടകരവുമായ പ്രവണതയാണിത്. പലപ്പോഴും പങ്കാളിയുടെ നിയന്ത്രണത്തില്‍ പോലുമില്ലാത്ത സംഗതിക്കായിരിക്കും നിങ്ങള്‍ കുറ്റബോധം തോന്നിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് പങ്കാളിയെ നിയന്ത്രിക്കാനും അവരുടെ മേല്‍ ആധിപത്യം നേടുന്നതിനുമുള്ള നിങ്ങളുടെ കുടിലതന്ത്രമാണ്. അവര്‍ക്ക് കുറ്റബോധമുണ്ടാക്കി നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അടവ്. 

പഴയകാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നതും ഇതിന്റെ മറ്റൊരു വശമാണ്. അഞ്ച് വര്‍ഷം മുന്‍പ് ചെയ്ത ഒരു പിഴവിനെ കുറിച്ച് അവര്‍ക്ക് ഇനിയൊന്നും ചെയ്യാനില്ല എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാലും അവരില്‍ കുറ്റബോധം ജനിപ്പിച്ച് കാര്യം സാധിക്കാനായി നിങ്ങള്‍ അത് പൊടിതട്ടിയെടുക്കും. ഇതെല്ലാം പതിയെ ബന്ധത്തെ ഇല്ലാതാക്കാനോ ഉപകരിക്കൂ. 

അമിത പ്രതികരണം

നിങ്ങളൊരു തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി അമിതമായി പ്രതികരിച്ച് വലിയ കോലാഹലം ഉണ്ടാക്കാറുണ്ടോ ? നിങ്ങളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അവ ആദ്യം സമ്മതിക്കുക. നിങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ നിങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് തിരിച്ചറിയുക. 

അമിതമായ ആശ്രയം

ജീവിതത്തിന്റെ ചില കുറവുകള്‍ നടത്തി അവ പൂരിപ്പിക്കുന്നവരാണ് ജീവിത പങ്കാളി. അല്ലാതെ നിങ്ങളുടെ ജീവിത്തിന്റെ കേന്ദ്രം അവരല്ല. അവരോട് സഹായങ്ങള്‍ ചോദിക്കുന്നതിലും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിലും തെറ്റില്ല. പക്ഷേ, അവരില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാകില്ല എന്ന പ്രതീതി സൃഷ്ടിക്കരുത്. 

നിങ്ങളുടെ ജീവിതത്തില്‍ ഇടപെടീക്കാതിരിക്കുക

ആരോഗ്യകരമായ രീതിയില്‍ പങ്കാളിക്ക് ജീവിതത്തില്‍ മുന്‍ഗണന നല്‍കുക. തീരെ പരിഗണിക്കാതിരുന്നാല്‍ തന്നെ ആവശ്യമില്ല എന്ന തോന്നലുണ്ടാകും. എന്നു വച്ച് പങ്കാളിയുടെ എല്ലാ കാര്യത്തിലും ഇടപെടാനും അവരെ നിയന്ത്രിക്കാനും ശ്രമിക്കുന്ന രീതി പാടില്ല. ഭൂമിയിൽ എല്ലാ മനുഷ്യർക്കും സ്വകാര്യതയുണ്ടെന്ന് മനസ്സിലാക്കണം. ഇതിനർഥം ഒന്നും അന്വേഷിക്കരുതെന്നോ, പങ്കാളി ചോദിച്ചാൽ മറുപടി കൊടുക്കരുത് എന്നോ അല്ല. 

പങ്കാളി ദൂരെയാണെങ്കിലും എന്നും വിളിക്കുകയോ സന്ദേശങ്ങളയക്കുകയോ ചെയ്ത് അവരുടെ ആ ദിനത്തെ കുറിച്ച് അന്വേഷിക്കുക. ഇടയ്‌ക്കെങ്കിലും ഒരുമിച്ച് സമയം ചെലവിടുക. 

അങ്ങോട്ട് നല്‍കാതെ എല്ലാം കവര്‍ന്നെടുക്കുക

അട്ടകളെ പോലെ എല്ലാ ഊറ്റിക്കുടിച്ച് ജീവിക്കുന്നതാകരുത് ജീവിതപങ്കാളികള്‍. പങ്കാളിയുടെ ജീവിതത്തില്‍ എന്ത് മൂല്യമാണ് നിങ്ങള്‍ ചേര്‍ക്കുന്നതെന്ന് ചിന്തിക്കണം. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ആവശ്യമായ സാധനങ്ങള്‍ വാങ്ങിത്തരാനും മാത്രമുള്ളയാള്‍ അല്ല പങ്കാളിയെന്ന് തിരിച്ചറിയണം. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ.് 

ഉടമസ്ഥ ഭാവം

കുടുംബ ബന്ധങ്ങളില്‍ അസൂയക്ക് സ്ഥാനമില്ല. ഭാര്യമാര്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അസ്വസ്ഥരാകുന്ന ഭര്‍ത്താക്കന്മാരും ഭര്‍ത്താക്കന്മാര്‍ മറ്റ് സ്ത്രീകളോട് സംസാരിക്കുന്നത് കാണുമ്പോള്‍ അസൂയ പൂണ്ട് നോക്കുന്ന ഭാര്യമാരും സന്തോഷകരമായ കുടുംബജീവിതത്തിന് സംഭാവനകള്‍ നല്‍കില്ല. അമിതമായ ഉടമസ്ഥഭാവം ഭാര്യയ്ക്കും ഭര്‍ത്താവിനും നല്ലതല്ല. 

അഭിനയിക്കാറുണ്ടോ

പങ്കാളിയെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിലൊരു കുഴപ്പമുണ്ട്. ബന്ധങ്ങള്‍ അഭിനയിച്ച് തകര്‍ക്കാനുള്ള സിനിമകളല്ല. ഒന്നുകില്‍ ആത്മാര്‍ത്ഥമായി അതിനായി ശ്രമങ്ങള്‍ നടത്തുക, അല്ലെങ്കില്‍ പിരിഞ്ഞ് അവനവന്റെ വഴിക്ക് പോവുക. 

English Summary : What are the signs of a toxic partner ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA