ADVERTISEMENT

ഹൃദ്യമായ തുടക്കം, പതിയെ താളം തെറ്റി വേദനയുടെ പടവുകളിലൂടെ സഞ്ചാരം.... നിരവധി ദാമ്പത്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോകുന്നുണ്ട്. അത്യധികം സങ്കീർണമാണ് ബന്ധങ്ങൾ. ദാമ്പത്യത്തിൽ സങ്കീർണതയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്. അല്‍പം ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും പരിഹരിക്കാനും ഒരുപരിധിവരെ സാധിക്കും. എന്നാൽ ചില ദാമ്പത്യബന്ധങ്ങൾ ഉടനടി അവസാനിപ്പിച്ച് പുറത്തു കടക്കേണ്ടതുണ്ട്. 

അനാരോഗ്യകരമായ ഒരു ദാമ്പത്യജീവിതമാണോ നിങ്ങള്‍ നയിക്കുന്നതെന്നു തിരിച്ചറിയാന്‍ ഒരു പക്ഷേ താഴെ പറയുന്ന ലക്ഷണങ്ങള്‍ സഹായിച്ചേക്കാം.

∙ സംശയം 

സംശയം ദാമ്പത്യ ജീവിതത്തിലെ അപകടകരമായ പ്രവണത ആണ്. പങ്കാളിയുടെ സ്വതന്ത്ര്യത്തെയും അഭിമാനത്തെയും ഹനിക്കുന്ന തരത്തിൽ ഇതു വളരാറുണ്ട്.

പങ്കാളി എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആരോടൊക്കെ സംസാരിക്കുന്നു... എന്നിങ്ങനെ ഓരോ കാര്യങ്ങളും എല്ലായ്പ്പോഴും അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. എന്തു ചെയ്യാനും തന്നോട് അനുവാദം ചോദിക്കണമെന്ന് നിർബന്ധം പിടിക്കുക. ഇത്തരം പെരുമാറ്റം പങ്കാളിയില്‍ നിന്നുണ്ടാകുന്നത് മറ്റേയാളെ പ്രതിസന്ധിയിലാക്കും.

∙ കുറ്റപ്പെടുത്തൽ

ചെറിയ കാര്യങ്ങൾക്ക് പോലും പങ്കാളിയെ കുറ്റപ്പെടുത്തുന്ന പ്രവണത ദാമ്പത്യത്തിന്റെ അടിത്തറ തകർക്കും. സ്ഥിരമായി കുറ്റപ്പെടുത്തലുകൾക്ക് വിധേയരാകാൻ ആരും ആഗ്രഹിക്കുന്നില്ല. തെറ്റുകൾ ചൂണ്ടി കാണിക്കാനുള്ള മാർഗം കുറ്റപ്പെടുത്തൽ അല്ല. നല്ലകാര്യങ്ങള്‍ക്ക് അഭിനന്ദിക്കുകയും തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കുകയുമാണ് വേണ്ടത്. എന്നാൽ ചിലർ മറ്റുള്ളവരോടുള്ള ദേഷ്യം തീർക്കാൻ പോലും പങ്കാളിയെ കുറ്റപ്പെടുത്തും. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റപ്പെടുത്തി ഒരുതരം ഒളിച്ചോട്ടം. ദാമ്പത്യം വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി ഈ പ്രവണതയിൽനിന്നും മനസ്സിലാക്കാം.  

∙ വിവാഹേതര ബന്ധങ്ങള്‍

ആരോഗ്യകരമായ വിവാഹ ജീവിതത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകില്ല. വിവാഹേതര ബന്ധങ്ങൾ തകർക്കുന്നത് പങ്കാളിയുടെ വിശ്വാസത്തേയാണ്. ഏതൊരു ബന്ധത്തിന്റെയും നിലനിൽപ്പിന് ആധാരം പരസ്പര വിശ്വാസമാണ്. നിങ്ങളെ വിശ്വസിക്കുന്ന പങ്കാളിയെ വഞ്ചിക്കാൻ തയാറായാൽ അതിന് അർഥം ബന്ധത്തിൽ സംതൃപ്തയില്ല എന്നാണ്. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അതിന് പരിഹാരമാകില്ല.

∙ പരിഹാസം

പങ്കാളിയെ പരസ്യമായി പരിഹസിക്കാൻ ചിലർ അതിയായ താല്‍പര്യം പ്രകടിപ്പിക്കുന്നത് കാണാം. അവരെ പരിഹസിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കില്ല. പങ്കാളിയെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കി മറ്റുള്ളവരുടെ മുമ്പിൽ ആളാകാനാവും ശ്രമം.  ഇതെല്ലാം പങ്കാളിക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതേസമയം തിരിച്ചുള്ള കളിയാക്കൽ സഹിക്കാൻ പോലും ഇവർക്ക് സാധിച്ചെന്നു വരില്ല. 

∙ ശാരീരിക പീഡനങ്ങള്‍ 

ശാരീരിക ഉപദ്രവങ്ങള്‍, വധിക്കുമെന്ന് ഉൾപ്പടെയുള്ള ഭീഷണികള്‍ പങ്കാളിക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രീതികളാണ്. സ്നേഹത്തിലൂടെയും കരുതലിലൂടെയും പങ്കാളിയുടെ ബഹുമാനം നേടിയെടുക്കാൻ കഴിവില്ലാത്തവരാണ് ഈ മാർഗങ്ങൾ സ്വീകരിക്കുക. ഇത്തരം ബന്ധത്തില്‍നിന്നും എത്രയും വേഗം പിന്‍വാങ്ങുന്നതാണ് ഉചിതം.

English Summary : 5 signs of a unhealthy relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com