ADVERTISEMENT

ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും. സന്തോഷിക്കാൻ എന്ന ഉത്തരം അതിൽ തീര്‍ച്ചയായും ഉണ്ടാകും. കാരണം സന്തോഷത്തോടു കൂടി ജീവിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരില്ല. എന്നാൽ എത്രയൊക്കെ ആഗ്രഹിച്ചിട്ടും സന്തോഷം അനുഭവിക്കാൻ സാധിക്കാത്ത നിരവധി ആളുകളുണ്ട്. 

നമ്മളേക്കാൾ സാമ്പത്തിക ബുദ്ധിമുട്ടും പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്നവർ സന്തോഷത്തോടെ ഇരിക്കുന്നതു കാണാം. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് അതു സാധിക്കാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ ?

നമ്മുടെ ഇപ്പോഴില്ലാത്ത, നമുക്ക് കിട്ടാത്ത എന്തോ ഒന്നാണ് സന്തോഷം എന്ന ചിന്തയാണ് പലർക്കുമുള്ളത്. അതുകൊണ്ടു തന്നെയാണ് ചുറ്റും എല്ലാമുണ്ടായിട്ടും പുഞ്ചിരിക്കാൻ പോലും സാധിക്കാത്തത്. വലിയ സ്വപ്നങ്ങള്‍ പൂവണിയുമ്പോൾ മാത്രം തോന്നേണ്ടതല്ല സന്തോഷം, ചെറിയ കാര്യങ്ങളിൽനിന്നു പോലും അത് കണ്ടെത്താനാകണം. നമ്മുടെ ഉള്ളിലെ സന്തോഷത്തെ കണ്ടെത്താൻ ഇതാ ചില കുഞ്ഞു വഴികൾ.

∙ നല്ല ഭക്ഷണം

നാമെന്താണോ കഴിക്കുന്നത് അതാണ് നമ്മൾ എന്നൊരു പഴമൊഴിയുണ്ട്. നമ്മുടെ ഭക്ഷണം മനസ്സിനെയും ആരോഗ്യത്തേയും കാര്യമായ രീതിയിൽതന്നെ  സ്വാധീനിക്കുന്നുണ്ട്. അതായത് നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന് മാത്രമല്ല സന്തോഷത്തിനും കാരണമാണ്. അതുകൊണ്ട് ആരോഗ്യകരവും സ്വാദിഷ്ടവുമായ ഇഷ്ട ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കൂ.  

∙ വ്യായാമം

നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമം കൂടിച്ചേരുമ്പോൾ അമ്പരപ്പിക്കുന്ന മാറ്റം ജീവിതത്തിൽ പ്രകടമാകും. വ്യായാമം ഇല്ലാത്ത ജീവിതം ആരോഗ്യം ക്ഷയിപ്പിക്കും. അതു മാനസികമായി തളർത്തുകയും സന്തോഷം ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വ്യായാമം ചെയ്യാം. 

∙ നമുക്ക് വേണ്ടി കുറച്ചു സമയം

നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നമ്മളെകുറിച്ചു ചിന്തിക്കാൻ, സ്വയം സംസാരിക്കാൻ, നമുക്ക് ഇഷ്ടമുള്ളത് ആസ്വദിക്കാൻ സമയം കണ്ടെത്തുന്നുണ്ടോ എന്നതാണ് അത്. ഇഷ്ടപ്പെട്ട സ്ഥലത്തേക്കൊരു യാത്ര, പ്രിയപ്പെട്ടവരോടൊപ്പം  സമയം ചെലവഴിക്കൽ, ഒന്നു മഴ നയാൻ.... അങ്ങനെ നമുക്ക് ഇഷ്ടപ്പെട്ട കാര്യത്തിനുവേണ്ടി സമയം കണ്ടെത്തുമ്പോൾ സന്തോഷവും തേടി വരും.

∙ സോഷ്യൽ മീഡിയയ്ക്ക് ബ്രേക്ക്

ഒഴിവ് സമയം കിട്ടിയാൽ കൈ മൊബൈലിലേക്ക് നീളുന്നത് ഇന്നൊരു സ്വാഭാവികമായ ശീലമാണ്. സമൂഹമാധ്യമങ്ങളിൽ കയറിയാൽ പിന്നെ പെട്ടെന്നൊന്നും തിരിച്ചിറങ്ങലും ഉണ്ടാകില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ, വാർത്തകൾ, വീഡിയോകൾ എന്നിവ പലതരത്തിൽ നമ്മെ സ്വാധീനിക്കുന്നു. നല്ല സമയത്തെ മോശമാക്കി മാറ്റാൻ, നമ്മെ വികാരവിക്ഷോഭങ്ങളിലേക്ക് നയിക്കാന്‍ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് മതിയാകും. സന്തോഷകരമായി ചെലവഴിക്കാനാകുന്ന എത്രയോ മണിക്കൂറുകളെ വിഴുങ്ങുന്ന ഈ ശീലത്തിന് ഒരു ബ്രേക്ക് ഇടുന്നതു വളരെ നല്ലതാണ്. അതല്ലെങ്കിൽ ഉപയോഗം നിയന്ത്രിക്കാൻ സാധ്യമായ കാര്യങ്ങള്‍ ചെയ്യാം. അങ്ങനെ ലാഭിക്കുന്ന സമയം നമ്മുടെ സന്തോഷത്തിനുവേണ്ടി ഉപയോഗപ്പെടുത്താം. 

∙ സിനിമ കാണാം

ജോലിയെടുക്കാൻ മാത്രമല്ല ജീവിതം. വിനോദം എന്നത് ജീവിതത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ്. നല്ല സിനിമകൾ വിനോദത്തോടൊപ്പം നല്ല സന്ദേശവും പ്രചോദനവും പകർന്നു നൽകുന്നു. ഫീൽഗുഡ് സിനിമകളോ മോട്ടിവേഷണൽ സിനിമകളോ കാണാൻ സാധിച്ചാൽ നല്ലത്.

∙ യാത്ര പോകാം

വേദനകൾ അലിയിച്ചു കളയാനും സന്തോഷം കണ്ടെത്താനും യാത്രകള്‍ മികച്ചതാണ്. മാനസികമായി തളർന്നിരിക്കുന്ന സമയത്ത് ഒരു പുത്തൻ ഉന്മേഷം നൽകാൻ യാത്രകൾ സഹായിക്കും. പുതിയ മനുഷ്യർ, കാഴ്ചകൾ, രുചികൾ ഇതെല്ലാം നമ്മെ സന്തോഷിപ്പിക്കും. വലിയ യാത്രകൾ തന്നെ വേണമെന്നില്ല. നമ്മുടെ വീടിനടുത്തുള്ള ബീച്ചിലേയ്ക്കോ പുഴയോരത്തേയ്ക്കോ പാർക്കിലേക്കോ പോകാം. ഇതെല്ലാം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

∙ നല്ല ചിത്രങ്ങളെടുക്കാം

ജീവിതത്തിലെ മികച്ച ദിവസങ്ങൾ ക്യാമറയിൽ പകർത്തുന്നത് നല്ലതാണ്. കാരണം അവ പിന്നീട് കാണുമ്പോൾ സന്തോഷം തോന്നും. തളർന്നിരിക്കുമ്പോൾ ആ പഴയ ഓർമകളിലൂടെ യാത്ര പോകാം. സന്തോഷം അനുഭവപ്പെടുമെന്നു തീര്‍ച്ച. അതുകൊണ്ട് സന്തോഷകരമായ നിമിഷങ്ങളെ ക്യമാറയിൽ പകർത്താൻ മടിക്കണ്ട.

∙ മുറിച്ചുമാറ്റാം

ചില കാര്യങ്ങൾ എത്ര നല്ലതാണെന്നു പറഞ്ഞാലും അവ നമുക്ക് നൽകുന്നത് ദുഃഖം ആയിരിക്കും. അതു ചിലപ്പോൾ ബന്ധങ്ങളായിരിക്കാം. ദുഃഖം മാത്രം നൽകുന്ന, നമ്മളിൽ നെഗറ്റീവിറ്റി സൃഷ്ടിക്കുന്ന ബന്ധങ്ങളെ മുറിച്ചുമാറ്റാം. അത് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നു തീർച്ചയാണ്.

English Summary : Ways to find Happiness Within Yourself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com