ADVERTISEMENT

ഒരുപാട് പ്രതീക്ഷകളോടെയാണ് ആളുകൾ ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ രണ്ടു സാഹചര്യങ്ങളിൽ ജീവിച്ചിരുന്നവർ ഒന്നിക്കുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ‌പരസ്പരം തിരിച്ചറിഞ്ഞും തിരുത്തിയും വേണം ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകാൻ. ഇതിനു സാധിച്ചാൽ ജീവിതം ഹൃദ്യമാകും. ഏതൊരു ദാമ്പത്യവും ശക്തമായി മുന്നോട്ടു പോകാൻ തീർച്ചയായും ഒഴിവാക്കേണ്ട നാല് കാര്യങ്ങൾ ഇതാ.

പഴയ പ്രണയം മറക്കാം

മുൻകാലങ്ങളിൽ നിങ്ങൾക്കു പ്രണയവും പ്രണയ തകർച്ചയുമൊക്കെ ഉണ്ടായിട്ടുണ്ടാകും. എന്നാൽ വിവാഹശേഷം പങ്കാളിയോട് അതേക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല. മുന്‍ കാമുകനോ കാമുകിക്കോ നിങ്ങളുടെ ദാമ്പത്യത്തിൽ ഒന്നും ചെയ്യാനില്ല. മുന്‍ പ്രണയം മൂടിവയ്ക്കണം എന്നല്ല ഇതിനർഥം. ചില അനാരോഗ്യകരമായ പ്രവണതകളിലേക്ക് ഈ ചർച്ചകൾ എത്താൻ സാധ്യതയുണ്ട്. അതൊഴിവാക്കാനാണിത്.

ചിലർ വഴക്കിടുമ്പോൾ പങ്കാളിയുടെ മുന്‍ബന്ധം വിഷയമാക്കും. മറ്റു ചിലർ താൻ പ്രണയിച്ചിരുന്ന വ്യക്തിയുമായി പങ്കാളിയെ താരതമ്യം ചെയ്യും. ഇതു രണ്ടും അപകടകരമാണ്. അതിനാൽ മുൻ പ്രണയത്തെക്കുറിച്ചുള്ള അനാവശ്യമായ ചര്‍ച്ചകളും ആഴത്തിലുള്ള തുറന്നു പറച്ചിലുകളും ഒഴിവാക്കി ദാമ്പത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

അമിത പ്രതീക്ഷ ഭാരമാകരുത്

പങ്കാളിയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ധാരാളം പ്രതീക്ഷകൾ ഓരോരുത്തർക്കും കാണും. എന്നാൽ ചിലർ താൻ പ്രതീക്ഷിച്ചതിൽനിന്ന് അണുവിട തെറ്റാതെ പങ്കാളി പെരുമാറണമെന്നും ജീവിക്കണമെന്നും ശഠിക്കും. അത്യധികം അനാരോഗ്യകരമായ പ്രവണതയാണിത്. നന്മകൾ മാത്രമല്ല, കുറ്റങ്ങളും കുറവുകളുമൊക്കെ എല്ലാ വ്യക്തികളിലും ഉണ്ടാകും. പല ജീവിത സാഹചര്യത്തിൽ നിന്നുള്ളവരായതുകൊണ്ട് പെരുമാറ്റവും സംസാരവും കാഴ്ചപ്പാടുകളുമൊക്കെ വ്യത്യസ്തവുമായിരിക്കും. അതെല്ലാം താളത്തിലാകാൻ സമയം എടുക്കും. അല്ലാതെ പ്രതീക്ഷകൾ ഭാരമായി ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കരുത് 

ഉടമസ്ഥതാ മനോഭാവം വേണ്ട

കലിപ്പന്മാരും കാന്താരിമാരുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കാലമാണിത്. ദേഷ്യപ്പെടുന്നതും പങ്കാളിയുടെ മൊബൈൽ പരിശോധിക്കുന്നതും സമൂഹമാധ്യമങ്ങളിൽ സമയം ചെലവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുമൊക്കെ അമിതമായ സ്നേഹവും കലിപ്പന്റെയും കാന്താരിയുടെയും ഭാഷയിൽ പറഞ്ഞാൽ പൊസസീവ്നസും ഒക്കെയാണ്. സത്യത്തിൽ ഇതൊരു തരം ഉടമസ്ഥതാ മനോഭാവം ആണ്.

നിങ്ങൾ പറയുന്നതു മാത്രം അനുസരിച്ച്, സ്വകാര്യതയിലേക്ക് കടന്നു കയറുമ്പോൾ നിശബ്ദത പാലിച്ച്, നിങ്ങളുടേതു മാത്രമാണെന്ന് ഇടയ്ക്കിടെ പറയുന്ന പങ്കാളിയെ സ്ക്രീനിൽ കാണുമ്പോൾ രസം തോന്നും. എന്നാൽ യഥാർഥ ജീവിതത്തിൽ കഠിനമായ അവസ്ഥയാണ് ഇത് സൃഷ്ടിക്കുക. ടോക്സിക് പാർട്നർ എന്നാണ് ഇത്തരക്കാരെ വിശേഷിപ്പിക്കുന്നത്. സംശയ രോഗമൊക്കെ ഇതിന്റെ ഭാഗമാണ്.  

നിങ്ങൾ മാത്രമല്ല, മാതാപിതാക്കളും മക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ ഉൾപ്പെടുന്നതാണു പങ്കാളിയുടെ ജീവിതം എന്നു മനസ്സിലാക്കണം. എന്റേതു മാത്രം എന്ന ധാരണയും അതിന്റെ ഭാഗമായുള്ള പ്രവൃത്തികളും ഒഴിവാക്കി ദാമ്പത്യം മുന്നോട്ടു നയിക്കാം. 

കള്ളങ്ങൾക്കു ഗുഡ്ബൈ

നുണകള്‍ ഒഴിവാക്കാനായാൽ ദാമ്പത്യത്തിലെ ഒരുപാട് പ്രശ്നങ്ങൾക്കു‌ പരിഹാരമായി. തന്നെ മനസ്സിലാക്കുന്ന ആളാണു പങ്കാളിയെന്ന് ഉറപ്പുള്ളവർക്കു നുണ പറയേണ്ടി വരില്ല. കള്ളം പറഞ്ഞതു കണ്ടു പിടിച്ചാൽ ദാമ്പത്യത്തിലെ വിശ്വാസ്യത നഷ്ടമാകും. പങ്കാളിക്ക് സുരക്ഷിത ബോധ്യത്തോടെ കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം ഒരുക്കാൻ ശ്രമിക്കണം. കള്ളം പറഞ്ഞും തർക്കിച്ചും പിടിച്ചു നിർത്തുന്ന ജീവിതം വേദനയും അരക്ഷിതാവസ്ഥയുമാകും ബാക്കിയാക്കുക. 

Englihs Summary : Relationship Mistakes to Avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com