ADVERTISEMENT

രാഷ്ട്രീയ പ്രവർത്തകരുടെ അനുഭവങ്ങൾ പൊതുജനത്തിന് എന്നും കൗതുകമാണ്. വിദ്യാർഥിരാഷ്ട്രീയത്തിലുടെ വളർന്ന് പ്രമുഖ നേതാക്കളായവരുടെ ജീവിത അനുഭവങ്ങൾ പുസ്തകങ്ങളായി വായനക്കാരുടെ കൈകളിൽ എത്തിയപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിദ്യാർഥി രാഷ്ട്രീയകാലത്തെക്കുറിച്ച്  കോൺഗ്രസ് നേതാവ് മോഹൻ ഡി. ബാബു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്  ശ്രദ്ധേയമാകുന്നു. 

മോഹൻ ഡി. ബാബുവിന്റെ കുറിപ്പ്

രമേശ് ചെന്നിത്തലയുടെ സീക്കോ വാച്ച്.... വിദ്യാർഥി രാഷ്ട്രീയ കാലത്ത് വാച്ച്, മോതിരം, മാല, തുടങ്ങിയവ പണയം വയ്ക്കുന്നത് പതിവാണ് കെഎസ്‌യു പ്രസിഡന്റ്‌ ആയിരുന്നപ്പോൾ 80 കളിൽ രമേശ് ചെന്നിത്തല ജീപ്പ്ജാഥ നടത്തി. ഞാൻ അന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ആണ്. ജീപ്പും മൈക്കും വൈക്കത്തു നിന്ന് ആയിരുന്നു. തിരുവനന്തപുരത്തു സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ വൈക്കത്തുനിന്നു പോയ ഞങ്ങൾ ജീപ്പിൽ തിരിച്ചു പോരാം എന്നുകരുതി. എന്നാൽ കാശില്ലാത്തതുകൊണ്ട് മൈക്ക്– ജീപ്പുകാരോട് നാളെ രാവിലെ പോകാം എന്ന് പറഞ്ഞു.. ഞങ്ങളും അവിടെ എംഎൽഎ ക്വാർട്ടേഴ്‌സിൽ തങ്ങി രാവിലെ കെപിസിസി ഓഫിസിൽ എത്തി. ജീപ്പ്, മൈക്ക് പാർട്ടികളും റെഡി.. ആരും ഒന്നും കഴിച്ചിട്ടില്ല. എന്റെ കൈയിൽ ഉണ്ടായിരുന്ന കാശ് വാങ്ങി മൈക്ക്–ജീപ്പ് കാർക്ക് കൊടുത്തു രാവിലത്തെ ഭക്ഷണത്തിന്, ഞങ്ങൾ വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം എന്ന് പറഞ്ഞു ജി. കാർത്തികേയനും രമേശ് ചെന്നിത്തലയും പണം സംഘടിപ്പിക്കാൻ പോയി..12 മണി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കൈയിൽ ഒന്നും ഇല്ലാത്തതിനാൽ വിശന്നു പൊരിഞ്ഞു നിൽക്കുകയായിരുന്നു ഞങ്ങൾ.. കൈയിൽകിട്ടിയെ കാശ് വീതിച്ചു നൽകിയപ്പോൾ തികഞ്ഞില്ല  മൈക്കുകാരൻ വൈക്കം ജോളി സൗണ്ട്സ് ജോണിന് രമേശ് ചെന്നിത്തല കൈയിൽ കിടന്ന സീക്കോ ഓട്ടോ വാച്ച് ഊരി നൽകി. കാശ് തരുമ്പോൾ തിരിച്ചു നൽകിയാൽ മതിയെന്ന് പറഞ്ഞു. ആ വാച്ച് ഇപ്പോഴും ജോണിന്റെ കൈയിൽ ഉണ്ട്. അതിനു ശേഷം പാളയത്തെ ഓല മേഞ്ഞ ബീന കഫെയിൽനിന്നു തട്ട് ദോശയും സാമ്പാർവെള്ളവും എല്ലാവർക്കും വാങ്ങി തന്നു. സപ്ലയെർ വീണ്ടും ദോശയുമായി വന്നു. ഞാൻ വേണ്ടെന്നു പറഞ്ഞപ്പോൾ ജോസഫ് വാഴക്കൻ എന്നോടു പറഞ്ഞു: മോഹൻ ഡി ശരിക്കു കഴിച്ചോ, ഇനി ഉച്ചക്ക് ഊണൊന്നും കിട്ടില്ല രാത്രിയിൽ കിട്ടിയെങ്കിൽ ആയി.... അന്നത്തെ കെഎസ്‌യു പ്രവർത്തകരുടെ അവസ്ഥ ഇതായിരുന്നു.

congress-leader-mohan-d-babu
മോഹൻ ഡി. ബാബു

English Summary : Congress Leader Mohan D Babu Social Media Post about Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com