നഷ്ടപ്പെട്ട പാസ്‌പോർട്ട് തിരികെ എത്തിച്ച മാലാഖ; ഇന്നും എവിടെയോ മറഞ്ഞിരിക്കുന്നു !

HIGHLIGHTS
  • ഇത്തരം നന്മമരങ്ങളെക്കുറിച്ച് കൊച്ചി പ്ലസിന് എഴുതുക. വിലാസം : kochiplus@mm.co.in
nanmamaram-column-mercy-muvattupuzha
Photo Credit : Santhosh Varghese / Shutterstock.com
SHARE

കുറച്ചു കാലം മുൻപു നടന്ന ഒരു വിദേശയാത്രയുമായി ബന്ധപ്പെട്ട ചില രേഖകൾ ശരിയാക്കാൻ കലക്ടറേറ്റിലെത്തിയതാണു ഞാൻ. മഴ പെയ്‌തു നനഞ്ഞ പടി കയറുമ്പോൾ അറിയാതെ തെന്നിപ്പോയി. ഞാൻ താഴെ വീണു. കൈയിലുള്ള പ്ലാസ്റ്റിക് കവർ തെറിച്ചു പോയി. അതിലെ രേഖകൾ ചിതറി വീണു. അവിടെയുണ്ടായിരുന്ന ചിലർ- അവർ ജീവനക്കാരാണോ സന്ദർശകരാണോ എന്നറിയില്ല - ഓടിയെത്തി എല്ലാം വാരിയെടുത്തു തന്നു. അവയുമായി വീണ്ടും നിർദിഷ്ട ഓഫിസിലെത്തിയപ്പോഴാണ് അറിയുന്നത് വീഴ്‌ചയ്‌ക്കിടയിൽ എന്റെ പാസ്പോർട്ട് എവിടെയോ തെറിച്ചു പോയെന്ന്. വിദേശയാത്ര സംബന്ധമായ എന്തിനും അത്യാവശ്യമായ പാസ്പോർട്ട്  ഇല്ലാതെ ഒന്നും നടക്കില്ല. വീണ്ടും തിരിച്ചെത്തി വീണിടത്തും ചുറ്റുവട്ടത്തുമെല്ലാം പരതിയെങ്കിലും കിട്ടിയില്ല. 

വന്ന കാര്യം നടക്കാതെ, വളരെ നിരാശയോടെ വീട്ടിലേക്കു മടങ്ങുമ്പോൾ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു.വീട്ടിലെ ദുരിതാവസ്ഥയിൽ വിദേശത്ത് ഒരു നഴ്‌സിങ് ജോലി കിട്ടിയപ്പോഴുണ്ടായ സന്തോഷമെല്ലാം ഇല്ലാതായി. ജീവിതം വീണ്ടും ഇരുട്ടിലായി. 

മൂന്നു ദിവസം കഴിഞ്ഞപ്പോഴാണു നിരാശയുടെ ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ ഒരു കൈത്തിരി വന്നത്. തപാലിൽ എന്റെ വിലാസത്തിൽ ഒരു കവർ. പൊട്ടിച്ചു നോക്കിയപ്പോൾ പാസ്പോർട്ട്. ഒപ്പം ഒരു കുറിപ്പും. കലക്ടറേറ്റിൽ ഒരു ഓട്ടം വന്നു മടങ്ങവേ വഴിയുടെ ഒരു മൂലയിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു കിടന്ന പാസ്പോർട്ടാണിത്. വിലാസം അതിൽ ഉണ്ടായിരുന്നതിനാൽ തപാലിൽ അയയ്ക്കുന്നു. 

അയയ്ക്കുന്നത് ആരെന്നോ എവിെടയുള്ള ആളെന്നോ ഒരു വിവരവും അതിലില്ലായിരുന്നു. ഓട്ടം വന്ന കാര്യം പറഞ്ഞതിനാൽ ഓട്ടോഡ്രൈവറാവുമെന്നു കരുതാം. പാസ്‌പോർട്ടുമായി പോയി രേഖകളെല്ലാം ശരിയാക്കി വിദേശത്തു ജോലിക്കു ചേർന്ന് കാലം കുറെയായെങ്കിലും ഇന്നും ഓരോ സന്ധ്യക്കും പ്രാർഥനയ്ക്കായി മെഴുതിരി തെളിക്കുമ്പോൾ, മറഞ്ഞിരിക്കുന്ന ആ മാലാഖയുടെ മുഖം കൂടി ആ വെളിച്ചത്തിൽ തെളിയണേ എന്ന് ആശിക്കാറുണ്ട്; വെറുതെയെങ്കിലും.

(നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഇത്തരം നന്മമരങ്ങളെക്കുറിച്ച് കൊച്ചി പ്ലസിന് എഴുതുക. വിലാസം : kochiplus@mm.co.in)

English Summary : Nanmamaram Column - Mercy Muvattupuzha Memoir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA