സ്മാർട് പ്രഫസർ @ 90

HIGHLIGHTS
  • തലമുറകൾക്കു വെളിച്ചം പകർന്ന ഗുരു ഇന്ന് നവതിയുടെ നിറവിൽ
  • 1990 മുതൽ 1998 വരെ സിഎസ്ഐ സഭ സിനഡ് ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചു
prominent-academician-and-csi-synod-former-general-secretary-prof-george-koshy-turns-ninety
പ്രഫ.ജോർജ് കോശി കോട്ടയം സിഎംഎസ് കോളജ് ക്യാംപസിൽ. ചിത്രം : മനോരമ
SHARE

കോട്ടയം ∙ ഏഴു പതിറ്റാണ്ടു കാലത്തെ ഉജ്വലമായ അധ്യാപക പാരമ്പര്യമുള്ള പ്രഫ. ജോർജ് കോശിക്ക് ഇപ്പോഴും വിദ്യാർഥിയുടെ മനസ്സാണ്. പാഠഭാഗങ്ങൾക്കായി മണിക്കൂറുകൾ ഗൃഹപാഠം ചെയ്ത് അറിവിന്റെ മൂർച്ച കൂട്ടുന്ന തിരക്കിലാണ് അദ്ദേഹം. തലമുറകൾക്കു വെളിച്ചം പകർന്ന ഗുരു ഇന്ന് നവതിയുടെ നിറവിൽ.

ആഗ്രഹിച്ചത് അഭിഭാഷക ജോലി

അഞ്ചാം വയസ്സിൽ പിതാവ് കെ.വി.കോശിയെ നഷ്ടപ്പെട്ട മക്കളാണ് ജോർജ് കോശിയും സഹോദരൻ നൈനാൻ കോശിയും (വിദ്യാഭ്യാസ പണ്ഡിതൻ, സഭകളുടെ ലോക കൗൺസിൽ മുൻ രാജ്യാന്തര ഡയറക്ടർ ). മാതാവ് മറിയം കോശിയുടെ സംരക്ഷണത്തിലാണ് ഇരുവരും തിരുവല്ലയ്ക്കു സമീപമുള്ള മുണ്ടിയപ്പള്ളിയിലെ വീട്ടിൽ വളർന്നത്. ഇന്റർമീഡിയറ്റിനു കോട്ടയം സിഎംഎസ് കോളജിൽ എത്തിയപ്പോഴും ബിഎ ലിറ്ററേച്ചർ എടുത്ത് ചങ്ങനാശേരി എസ്ബി കോളജിൽ ചേർന്നപ്പോഴും അഭിഭാഷകനാവുക എന്നതായിരുന്നു ജോർജ് കോശിയുടെ ആഗ്രഹം.

ജീവിതം മാറ്റിമറിച്ച ഒന്നാം റാങ്ക്

ഒന്നാം റാങ്കുമായാണു ബിഎ പൂർത്തിയാക്കിയത്. ആ സമയം സി.എ. ഷെപ്പേഡ് ആയിരുന്നു വകുപ്പ് മേധാവി. റാങ്ക് ജേതാവിനെ പുറത്തു വിടാൻ താൽപര്യമില്ലാതിരുന്ന ഷെപ്പേഡ്,  ജോർജ് കോശിയോട് എസ്ബി കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. 20–ാം വയസ്സിൽ ആദ്യം അധ്യാപകനാകുമ്പോൾ ക്ലാസിലെ പല വിദ്യാർഥികളും തന്നെക്കാൾ പ്രായക്കൂടുതലുള്ളവരായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. രണ്ടു വർഷത്തിനു ശേഷം സഹോദരൻ നൈനാൻ കോശിയും ഇതേ വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് ജോർജ് കോശി തിരുവല്ല മാർത്തോമ്മാ കോളജിലേക്കു മാറി. ഒരു വർഷത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎ വിദ്യാർഥിയായി ചേർന്നു.

സിഎംഎസ് എന്ന മേൽവിലാസം

കോട്ടയം സിഎംഎസ് കോളജിൽ 1956ൽ അധ്യാപകനായി എത്തിയ ജോർജ് കോശിയുടെ തുടർന്നുള്ള മേൽവിലാസവും ഇതു തന്നെയായി മാറി. ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് മേധാവി മുതൽ വൈസ് പ്രിൻസിപ്പൽ വരെയുള്ള പദവികൾ വഹിച്ചു. 1961 – 63 കാലഘട്ടത്തിൽ സ്കോളർഷിപ് ലഭിച്ച് യുകെയിലെ‍ നോട്ടിങ്ങാം സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്നു. 1982 മുതൽ 85 വരെ നൈജീരിയയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ അധ്യാപകനായി. 1991ൽ വിരമിച്ചെങ്കിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സിൽ ക്ലാസെടുക്കാൻ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇപ്പോഴും കോളജിൽ എത്തുന്നുണ്ട്.

സഭയിലും പദവികൾ

1990 മുതൽ 1998 വരെ സിഎസ്ഐ സഭ സിനഡ് ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചു. ഇന്റർനാഷനൽ കൗൺസിൽ ഓഫ് ആംഗ്ലിക്കൻ ചർച്ചസ് വൈസ് ചെയർമാൻ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - സെൻട്രൽ കമ്മിറ്റി അംഗം, എജ്യുക്കേഷൻ കമ്മിഷൻ അംഗം എന്നിവയ്ക്കു പുറമേ കൗൺസിൽ ഫോർ വേൾഡ് മിഷൻ ലണ്ടൻ, വേൾഡ് മെതോഡിസ്റ്റ് കൗൺസിൽ, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ഇവാഞ്ചലിക്കൽ മിഷൻ ഇൻ സൗത്ത് വെസ്റ്റ് ജർമനി തുടങ്ങിയ സംഘടനകളിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. വൈസ്മെൻ ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് റീജന്റെ റീജനൽ ഡയറക്ടർ, കോട്ടയം വൈസ്മെൻ ക്ലബ് സ്ഥാപക പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. പ്രസിദ്ധമായ ലാമ്പത്ത് കോൺഫറൻസ് ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര കോൺഫറൻസുകളിലും പങ്കെടുത്തിട്ടുണ്ട്.

ശിഷ്യരിൽ പ്രമുഖർ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സുരേഷ് കുറുപ്പ് എംഎൽഎ, ബിഷപ് തോമസ് സാമുവൽ, തോമസ് മാർ തിമോത്തിയോസ്, കുസാറ്റ് മുൻ വിസി ബാബു ജോസഫ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവർ ശിഷ്യന്മാരാണ്. ഫാ.ഡോ.ടി.ജെ.ജോഷ്വ സഹപാഠിയായിരുന്നു.

കോട്ടയം പുത്തനങ്ങാടി കാലാപ്പറമ്പിൽ വീട്ടിലാണ് ജോർജ് കോശിയുടെ താമസം. ഭാര്യ ഡോ. മോളി ജോർജ് ജീവിച്ചിരിപ്പില്ല. മക്കളായ ജീനയും നീനയും യുഎസിലും ടീന കാനഡയിലുമാണ്. സാധിക്കുന്ന അത്രയും കാലം സിഎംഎസിലെത്തി കുട്ടികളെ പഠിപ്പിക്കണം എന്നാണ് ഈ അധ്യാപകന്റെ ആഗ്രഹം.

നവതി ആഘോഷ പരിപാടി മാറ്റി

കോട്ടയം ∙ സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ ഇന്നു നടത്താനിരുന്ന പ്രഫ. ജോർജ് കോശിയുടെ  നവതി ആഘോഷ പരിപാടികോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയതായി ആഘോഷ കമ്മിറ്റി കൺവീനർ കെ.സുരേഷ് കുറുപ്പ് അറിയിച്ചു.

English Summary : Prominent academician and CSI synod former general secretary Prof George Koshy turns 90

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA