ADVERTISEMENT

പല മുൻധാരണകളെയും പാടെ മാറ്റിമറിച്ചുകൊണ്ടാണ് ഈ ലോക്ഡൗൺ കാലം കടന്നുപോകുന്നത്. കോവിഡ്–19 പടർത്തുന്ന അരക്ഷിതാവസ്ഥ ദമ്പതികളെയും വളരെയധികം ബാധിക്കുന്നുണ്ട്. ലോക്ഡൗണിൽ തുടർച്ചയായി, ഒരുപാട് സമയം ഒന്നിച്ചുണ്ടാകുന്നത് പലർക്കും അത്ര സുഖകരമായ അനുഭവമല്ല നൽകുന്നത്. പരസ്പരം സഹകരിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള വഴി ചില ദമ്പതികൾ കണ്ടെത്തിയപ്പോൾ, ഭൂരിഭാഗവും ഇപ്പോഴും ഇതിനായുള്ള പരിശ്രമത്തിലാണ്. സമയാധിക്യം മൂലം കടന്നുവരുന്ന ആശങ്കപ്പെടുത്തുന്നതും അനാവശ്യവുമായ ചിന്തകളും ബന്ധങ്ങളെ മോശമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതും അത് പരിഹരിക്കാൻ ശ്രമിക്കേണ്ടതും ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാൻ അത്യാവശ്യമാണ്.

ഈ ലോക്‌ഡൗൺ കാലത്ത് നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചതോ അതിനിടയുള്ളതോ ആയ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. 

∙ സ്വകാര്യത

പങ്കാളിക്കൊപ്പം അടച്ചിട്ട ചുറ്റപാടിൽ ദീർഘനേരം ജീവിക്കേണ്ടി വരുന്നത് നിങ്ങളുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ട്. പങ്കാളിയുടെ വ്യക്തിത്വവും സ്വഭാവ രീതികളും ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുന്നു. 

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പങ്കാളിയുടെ സ്വകാര്യത മാനിക്കെണ്ടതും അവർക്ക് ആവശ്യമായ ഇടം നല്‍കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണെന്നു തിരിച്ചറിയുക. ജോലിയിലായാലും ജീവിതത്തിലായാലും അവർക്ക് അവരുടേതായ ഇടം നൽകുക. 

∙ സാമ്പത്തിക പ്രതിസന്ധി

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ബന്ധങ്ങളെ ബാധിക്കുന്നുണ്ട്. ചെലവുകള്‍ക്ക് അനുസൃതമായ വരുമാനമില്ലാതെ വരുന്നത് ഗൃഹാന്തരീക്ഷത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ചുമതലകള്‍ ഏറ്റെടുക്കാനും സാഹചര്യത്തിനനുസരിച്ച് പെരുമാറാനും പങ്കാളികള്‍ തയ്യാറാകണം. ഒന്നിച്ചു നിന്നാൽ ഈ സാഹചര്യം മറികടക്കാനാകും എന്ന ചിന്ത വളർത്തിയെടുക്കാം.

∙ മടുപ്പ്

എല്ലാ സമയത്തും ഒരുമിച്ചുണ്ടാവുക എന്നത് പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ മടുപ്പുണ്ടാക്കാന്‍ കാരണമാവും. ഒരുമിച്ച് ചെയ്യാനാവുന്ന, രണ്ടുപേര്‍ക്കും താത്പര്യമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഇവിടെ പ്രായോഗികമായ പരിഹാരം. ഒന്നിച്ചൊരു ഡിന്നര്‍ സെറ്റ് ചെയ്യുക, ഇഷ്ടപ്പെട്ട സിനിമകൾ കാണുക എന്നിവ സഹായകരമായേക്കാം. 

∙ വീട്ടിലെ ജോലിഭാരം

വീട്ടിലെ ജോലികള്‍ മുഴുവന്‍ ഒരാള്‍ക്ക്് ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ പരസ്പരം പരിഭവങ്ങളുണ്ടാവുക സ്വാഭാവികമാണ്. വര്‍ക്ക് ഫ്രം ഹോം ആവുമ്പോള്‍ ഓഫിസിലെ ജോലിയും ഒപ്പം അടുക്കളയിലും പണിയെടുക്കേണ്ട സാഹചര്യം ഉണ്ടാവാം. രണ്ടും ചെയ്യേണ്ടി വരുന്ന പങ്കാളി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് സ്വാഭാവികം. വീട്ടിലെ ജോലികള്‍ തുല്യപങ്കാളിത്തത്തോടെ ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാം. 

∙ മനസ്സ് തുറന്ന് സംസാരിക്കാം

ഒന്നിച്ചുണ്ടെങ്കിലും മനസ്സു തുറന്നുള്ള സംസാരം കുറയുന്നു എന്നൊരു പ്രശ്നം ദമ്പതികൾ നേരിടുന്നുണ്ട്. വര്‍ക് ഫ്രം ഹോമിന്റെ സമ്മർദം, വീട്ടിലെ ജോലി, മക്കളുടെ പഠനം, സമൂഹമാധ്യമങ്ങളിൽ അമിതമായി സമയം ചെലവിടുന്നത് എന്നിങ്ങനെ പലതും ഇതിനു കാരണമായേക്കാം. എന്തു തന്നെ ആയാലും ഈ പ്രശ്നം ബന്ധത്തെ സങ്കീർണമാക്കും. അതുകൊണ്ട് എല്ലാ ദിവസവും മനസ്സ് തുറന്നു സംസാരിക്കാനായി കുറച്ചു സമയം കണ്ടെത്തുക.

English Summary : Relationship Problems Couples Are Facing During Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com