വിവാഹ ജീവിതം ആരംഭിക്കും മുമ്പ് ചോദിക്കേണ്ട 5 കാര്യങ്ങൾ

HIGHLIGHTS
  • സ്വപ്നങ്ങളും ലക്ഷ്യങ്ങളും എല്ലാവർക്കുമുണ്ട്
  • വിവാഹത്തിനു മുന്‍പേ ഇക്കാര്യങ്ങൾ പങ്കുവയ്ക്കണം
questions-should-be-asked-before-marriage
English Summary : fizkes / Shutterstock.com
SHARE

മാതാപിതാക്കള്‍ നിശ്ചയിക്കുന്നതിന് അനുസരിച്ച് മാത്രം വിവാഹം നടന്നിരുന്ന കാലം മാറി. സ്വന്തം വിവാഹത്തെക്കുറിച്ച് അഭിപ്രായവും നിലപാടുകളും ഉള്ളവരാണ് പുതുതലമുറ. അവർക്ക് അതു തുറന്നു പറയാനും മടിയില്ല. 

ദാമ്പത്യജീവിതത്തില്‍ ഒരാളുടെ സന്തോഷത്തിനു വേണ്ടി മറ്റേയാൾ എല്ലാം സഹിച്ചു ജീവിക്കുന്ന രീതിയും മാറുകയാണ്. സ്വന്തം ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാവർക്കുമുണ്ട്. ജീവിതത്തെയും ദാമ്പത്യത്തെയും കുറിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയശേഷമല്ല ഇതൊന്നും പരസ്പരം അറിയേണ്ടത്. വിവാഹത്തിനു മുന്‍പേ ഇക്കാര്യങ്ങൾ പങ്കുവയ്ക്കണം. ദാമ്പത്യ ജീവിതത്തിനു വേണ്ടി ഒരുങ്ങാനും ജീവിതം രൂപപ്പെടുത്താനും ഇതു സഹായിക്കും. വിവാഹത്തിനു മുൻപ് നിർബന്ധമായും ‌ചോദിച്ചു മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതാണ്.

∙ ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങിയാണോ വിവാഹം ?

മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി വിവാഹിതരാകുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. നിങ്ങൾ വിവാഹം കഴിക്കുന്ന വ്യക്തി അത്തരം സമ്മർദം കൊണ്ടല്ല വിവാഹത്തിന് ഒരുങ്ങുന്നതെന്ന് ഉറപ്പുവരുത്തുക. മാനസികമായി സ്വയം തയാറാണെങ്കില്‍ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു മനുഷ്യരാണ് ഒന്നിച്ചു ജീവിക്കേണ്ടത്. പൂർണമായ മനസ്സുണ്ടെങ്കിൽ മാത്രമേ പരസ്പരം മനസ്സിലാക്കി മുന്നേറാൻ സാധിക്കൂ. അല്ലെങ്കിൽ തുടക്കം മുതലേ ജീവിതത്തിൽ കല്ലുകടികൾ ഉണ്ടാകും. ഇതു ജീവിതത്തിന്റെ സ്വസ്ഥത ഇല്ലാതാക്കും.

∙ വിവാഹജിവിതത്തിൽ എന്തെല്ലാം ആഗ്രഹിക്കുന്നു ?

വിവാഹത്തെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ടാകും. ജീവിതം ഇങ്ങനെയാകണം, പങ്കാളിയുടെ പെരുമാറ്റം ഇതുപോലെ ആകണം, ഒന്നിച്ച് ഈ കാര്യങ്ങൾ ചെയ്യണം.... എന്നിങ്ങനെ പലതരം ആഗ്രഹങ്ങൾ. എന്നാൽ ഇതിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ആഗ്രഹങ്ങളായിരിക്കാം ചിലപ്പോൾ മറ്റേയാളുടേത്. തീർത്തും വിരുദ്ധമായ കാഴ്ചപ്പാടുള്ള ആളുകൾ ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരാളുടെ ആഗ്രഹങ്ങൾ മാത്രം നടക്കാതെ വരാനുള്ള സാധ്യതയുണ്ട്. ഇത് ജീവിതം ദുഷ്കരവും അസംതൃപ്തവുമാക്കും. അതിനാൽ ഇക്കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക. 

∙ ജീവിത ലക്ഷ്യങ്ങൾ എന്തെല്ലാമാണ് ?

എല്ലാവർക്കും ജീവിതത്തില്‍ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ജോലിയും ജീവിതവുമായി ബന്ധപ്പെട്ടവ അക്കൂട്ടത്തിലുണ്ടാകും. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ ഉണ്ടാകാം. ഇതെല്ലാം മനസ്സിലാക്കി വേണം വിവാഹജീവിതത്തിലേക്ക് കടക്കാൻ. നിങ്ങളുടെ ജീവിതരീതിയോ, ലക്ഷ്യങ്ങളോ വിവാഹം ചെയ്യുന്ന ആളുടെ ലക്ഷ്യങ്ങൾക്ക് തടസ്സമാകില്ലെന്ന് ഇങ്ങനെ ഉറപ്പാക്കാം. പരസ്പരം പിന്തുണച്ച് മുന്നോട്ടു പോകാന്‍ ഇത് സഹായിക്കും.

∙ കുട്ടികൾ വേണമോ ?

കുട്ടികൾ വേണമോ, അല്ലെങ്കിൽ എത്ര കുട്ടികൾ വേണം ? എത്ര വയസ്സിനുശേഷമായിരിക്കണം കുട്ടികൾ? എന്നീ കാര്യങ്ങളിലും  പുതുതലമുറയ്ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. ഇതില്‍ വ്യത്യസ്ത അഭിപ്രായങ്ങൾ സഹജമാണ്. എന്നാൽ ഒരിക്കലും യോജിക്കാത്തവയാണ് ഇക്കാര്യത്തിലെ തീരുമാനങ്ങളെങ്കില്‍ ദാമ്പത്യം അധികം മുന്നോട്ടു പോകില്ല. അതിനാൽ ഇക്കാര്യം തുറന്നു സംസാരിക്കാൻ തയാറാകണം.

∙ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ

പങ്കാളികൾ രണ്ടു പേരും വിരുദ്ധമായ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുള്ളവരും ഇക്കാര്യത്തില്‍ സമചിത്തതയോടെയുള്ള ചർച്ചകൾക്ക് തയാറല്ലാത്തവരും ആണെങ്കിലും പ്രശ്നങ്ങൾക്ക് സാധ്യത കൂടും. രാഷ്ട്രീയ ചർച്ചകളും നിലപാടുകളും പരസ്പരം പറഞ്ഞ് വഴക്കിടും. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവയ്ക്കുക.

English Summary : Questions should be asked before marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS