ADVERTISEMENT

സന്തോഷം എന്ന വികാരമാണ് പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വപ്നം കണ്ടാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാൽ അങ്ങനെ കാത്തിരിക്കുകയല്ല, സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ ചിന്തകളിലും ചില ശീലങ്ങളിലും കൊച്ചുകൊച്ചു മാറ്റങ്ങൾ വരുത്തിയാൽ ഒരുപരിധി വരെ ജീവിതം സന്തോഷപ്രദമാക്കാമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. അതിനായുള്ള ചില നിർദേശങ്ങൾ ഇതാ.

∙ ഓർമകളേ... ഓടിവരൂ...

ജീവതത്തിൽ സന്തോഷവും ദുഃഖവും മാറിമാറി വന്നുകൊണ്ടിരിക്കും. എന്നാൽ വിഷമിപ്പിക്കുന്ന ഓർമകളെ മാത്രം നമ്മൾ എന്നും കൂടെ നിർത്തും. നമ്മളെ സന്തോഷിപ്പിച്ച നിമിഷങ്ങളെ ഓർക്കാനും മനസ്സിൽ സൂക്ഷിക്കാനും പലരും തയാറാവാറില്ല. ഈ ശീലം ഒന്നു മാറ്റി നോക്കൂ. നല്ല ഓർമകളെ എന്നും കൂടെ നിർത്തൂ. നിങ്ങളെ സന്തോഷിപ്പിച്ച നിമിഷങ്ങൾ ഓർത്തോത്ത് ചിരിക്കൂ. വിഷമം വരുമ്പോൾ സന്തോഷമുള്ള ഓർമകളിലേക്ക് ചേക്കാറാൻ ശ്രമിക്കൂക. ജീവിതം സന്തോഷമുഖരിതമായി മാറും.

∙ തെറ്റു ചെയ്യാത്തവരായി ആരുമില്ല

തെറ്റ് ചെയ്യുക എന്നത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്. തെറ്റു ചെയ്യുമ്പോഴേ ശരിയിലേക്ക് നീങ്ങാനുള്ള പ്രചോദനം ലഭിക്കൂ. കുട്ടികളെ കണ്ടിട്ടില്ലേ. പലതവണ തെറ്റിച്ചിട്ടാണ് അവർ ശരിയിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ സംഭവിച്ചു പോയ തെറ്റുകള്‍ ഓർത്ത് ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല. എവിടെയാണ് തെറ്റിയതെന്നു കണ്ടെത്തി തിരുത്താം. ശരിയിലേക്കു മാറാം. തെറ്റുകൾ ശരിയിലേക്കുള്ള ചവിട്ടുപടികൾ മാത്രമായി കാണുക. ചെയ്ത തെറ്റുകൾ പിന്നീട് ആവർത്തിക്കാതിരിക്കുക. അല്ലാതെ ഓർത്തോത്ത് കരയരുത്.

∙ സമയം നൽകൂ..

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നു പറയുന്നതുപോലെ ജീവിതത്തിൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അൽപം വൈകിയാണെങ്കിലും നടക്കേണ്ട കാര്യങ്ങൾ നടന്നിരിക്കും. ഒന്നിനും തിരക്കുപിടിക്കേണ്ട കാര്യമില്ല. എന്തു ചെയ്യുന്നതിനു മുൻപും ഒരു പത്തു വട്ടം ആലോചിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസം എപ്പോഴും ഉള്ളിൽ കൊണ്ടു നടക്കുക. എല്ലാം നിങ്ങൾക്ക് എതിരായി സംഭവിക്കുന്നു എന്നു തോന്നിയാലും അൽപം കാത്തിരിക്കുക. മഴ മാറി വെയിൽ ഉദിക്കുന്നതുപോലെ വിഷമങ്ങൾ മാറി സന്തോഷത്തിന്റെ സൂര്യൻ നിങ്ങളുടെ ആകാശത്തിൽ ഉദിക്കും.

∙ ചില ദിവസങ്ങൾ അങ്ങനെ...

ചില ദിവസങ്ങൾ മോശമായിരിക്കും, അതിനർഥം ജീവിതം തന്നെ അങ്ങനെയായിരിക്കണമെന്നില്ല. നല്ല ദിവസങ്ങളിലൂടെയും ചീത്ത ദിവസങ്ങളിലൂടെയും എല്ലാവരും കടന്നുപോകും. അത് പ്രകൃതി നിയമമാണ്. ജീവിതത്തിൽ ഇവ രണ്ടും മാറി മാറി വന്നുകൊണ്ടിരിക്കും. ചീത്ത സംഭവങ്ങൾ ഒന്നിന്റെയും അവസാനമല്ലെന്ന തിരിച്ചറിവ് എപ്പോഴും മനസ്സി‍ൽ സൂക്ഷിക്കുക. മോശം ദിവസത്തിന്റെ പേരിൽ ജീവിതത്തെ വെറുക്കാതിരിക്കുക. നല്ല നേരം വരും..

∙ മുന്നോട്ട്.. മുന്നോട്ട്... മുന്നോട്ട്..

ജീവിതം എന്താണു നമുക്ക് കരുതിവച്ചിരിക്കുന്നതെന്നു ആർക്കും പ്രവചിക്കാൻ സാധിക്കില്ല. ജീവിതം വച്ചുനീട്ടുന്ന ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ശക്തിയും മനഃസാന്നിധ്യവും സ്വയം ആർജിക്കുക. എന്തു സംഭവിച്ചാലും മുന്നോട്ട് ജീവിക്കാൻ ദൃഢനിശ്ചയമെടുക്കുക. തളർത്താനും തള്ളിപ്പറയാനും പലരും ശ്രമിച്ചേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത് നമ്മൾ ആണെന്ന ഉറച്ച ബോധ്യവുമായി മുന്നോട്ടുതന്നെ നീങ്ങുക. തെറ്റും ശരിയും ആപേക്ഷികമാണെന്ന തിരിച്ചറിവുണ്ടായിരിക്കും. എന്തുവന്നാലും മുന്നോട്ട്.....

English Summary : 10 Simple Ways to Find Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com