തിരിച്ചെത്തുമ്പോൾ കാണാമെന്നായിരുന്നു നന്ദു ചേട്ടന്റെ അവസാന മെസേജ് : അച്ചു സുഗന്ധ്

HIGHLIGHTS
  • ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും സഹിക്കുമ്പോഴും ആ മുഖത്ത് ചിരിയായിരുന്നു
  • ഇത്രയേറെ പോസിറ്റീവ് ആയി പ്രശ്നങ്ങളെ നേരിടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല
actor-achu-sugandh-about-influence-of-nandu-mahadeva-in-his-life
SHARE

ജീവിതത്തിൽ വേദനയിലൂടെ കടന്നുപോയ സമയത്ത് ആശ്വാസമായ, ശുഭപ്രതീക്ഷകളോടെ മുന്നോട്ടു കൊണ്ടുപോകാൻ പ്രോത്സാഹിപ്പിച്ച, ‘അനിയൻകുട്ടാ’ എന്ന വിളി കൊണ്ട് സ്നേഹം പകർന്നു നൽകിയ ഒരാൾ.... സീരിയൽ താരം അച്ചു സുഗന്ധിന്റെ ഒാർമകളിൽ നന്ദു മഹാദേവ ഇങ്ങനെയെല്ലാമാണ്. നന്ദു പകര്‍ന്നു നൽകിയ ആത്മവിശ്വാസം അനുഭവിച്ചവരിൽ ഒരാളാണ് അച്ചുവും. എത്ര ശ്രമിച്ചാലും മരണത്തിന് നന്ദുവിന് കീഴടക്കാനാവില്ലെന്ന് അച്ചു വിശ്വസിച്ചിരുന്നു. പക്ഷേ അതു തെറ്റിച്ച് നന്ദു യാത്രയായി എന്നത് ഇപ്പോഴും അച്ചുവിന് ഉൾകൊള്ളാനായിട്ടില്ല. നന്ദു മഹാദേവയെക്കുറിച്ചുള്ള ഓർമകൾ അച്ചു മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

‘‘ഒരു സുഹൃത്ത് കാണിച്ചു തന്നെ പോസ്റ്റിലൂടെയാണ് ഞാൻ നന്ദു ചേട്ടനെക്കുറിച്ച് ആദ്യമായി അറിയുന്നത്. ‘ഇവിടെ ഭരതന്നൂർ ഉള്ളൊരു പയ്യനാണ്. കാൻസർ ആണ്. പുള്ളീടെ അനിയൻ നിന്റെ കൂടി പഠിച്ചിട്ടുണ്ടല്ലോ’ എന്നും പറഞ്ഞു. എന്നിട്ട് നന്ദു ചേട്ടൻ എഴുതിയ ഒരു പോസ്റ്റ് വായിക്കാൻ തന്നു. നന്ദു ചേട്ടന്റെ അനിയൻ അനന്തു എന്റെ കൂടെ പഠിച്ചിട്ടുണ്ടെങ്കിലും നന്ദു ചേട്ടനെ എനിക്ക് അറിയില്ലായിരുന്നു. കാൻസർ രോഗവും നന്ദു േചട്ടന്റെ പോരാട്ടവുമൊക്കെ അങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ വായിച്ചാണ് അറിയുന്നത്. ആ സമയത്തൊന്നും നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. 

പിന്നീട് ഞാൻ വാനമ്പാടി സീരിയലിൽ അസിസ്റ്റന്റ് ഡയറ്കടറായി പ്രവർത്തിക്കുന്ന സമയം. അഭിനയമോഹവുമായാണ് എത്തിയതെങ്കിലും അതിനുള്ള അവസരം ലഭിക്കാതെ വിഷമിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ നന്ദു ചേട്ടന്റെ ഒരു വിഡിയോ കണ്ടു. വളരെ പോസിറ്റീവ് ആയി സംസാരിക്കുന്ന, കേൾക്കുന്നവർക്ക് ഊർജവും ആശ്വാസവും നൽകുന്ന വാക്കുകൾ. ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും സഹിക്കുമ്പോഴും ആ മുഖത്ത് ചിരിയായിരുന്നു, വാക്കുകളിൽ തോൽക്കില്ലെന്ന വാശിയും. അങ്ങനെ ഒക്കെ നോക്കുമ്പോൾ എന്റെ ബുദ്ധിമുട്ടുകൾക്കും നിരാശയ്ക്കും അർഥമില്ലെന്നു തോന്നിപ്പോയി.

അങ്ങനെ എന്റെ ഒരു സുഹൃത്തിൽനിന്നും നമ്പർ വാങ്ങി ഞാൻ നന്ദു ചേട്ടനെ വിളിച്ചു. പേര് അച്ചു എന്നാണെന്നും സഹോദരന്റെ കൂടെ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു പരിചയപ്പെടുത്തി. ആ സമയത്ത് വാനമ്പാടിയിൽ പാപ്പിക്കുഞ്ഞ് എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതു പറഞ്ഞപ്പോൾ എന്നെ മനസ്സിലായെന്നും അനന്തു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. നന്ദു ചേട്ടന്റെ പോസ്റ്റുകളും വിഡിയോയുമൊക്കെ കാണാറുണ്ടെന്നും തളർന്നു നിന്ന സമയത്ത് അതു പ്രചോദനമായതിനെക്കുറിച്ചും ഞാൻ പറഞ്ഞു. നന്ദു ചേട്ടൻ നന്നെ കൂടുതൽ പ്രചോദിപ്പിക്കാൻ ശ്രമിച്ചു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. ഞാനന്ന് യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിലേയ്ക്കായി നന്ദു ചേട്ടന്റെ അഭിമുഖം ചെയ്യാൻ താൽപര്യമണ്ടെന്നും അതിനായി ഒരു ദിവസം വീട്ടിലേക്ക് വരാമെന്നും പറഞ്ഞാണ് ഫോൺ വച്ചത്.

അങ്ങനെ ഒരു ദിവസം ഞാനും എന്റെ സുഹൃത്ത് വിഷ്ണുവും കൂടി നന്ദു ചേട്ടന്റെ വീട്ടിലെത്തി. അന്നൊരു ദിവസം മാത്രമാണ് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നത്. പക്ഷേ ഒരിക്കലും മറക്കാനാവാത്ത ഒന്നായത് മാറി. കാരണം ഇത്രയേറെ പോസിറ്റീവ് ആയി പ്രശ്നങ്ങളെ നേരിടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ‘നമുക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ കിട്ടും. പക്ഷേ കിട്ടുന്ന ഓരോ അവസരവും അവസാനത്തേത് ആണെന്നു കണക്കാക്കി ആഞ്ഞൊരു ഗോളടിക്കണം. അതൊരു ഒന്നൊന്നര ഗോൾ ആയിരിക്കണം’ എന്നാണ് നന്ദു ചേട്ടൻ എന്നോടു പറഞ്ഞത്. വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിെലല്ലാം ആ ആത്മവിശ്വാസം പ്രകടമാണ്. ടിക്ടോക് ചെയ്തും ഡാൻസ് കളിച്ചും പാട്ടു പാടിയുമൊക്കെയാണ് ആ ദിവസം ഞങ്ങൾ ആഘോഷമാക്കിയത്. ഭക്ഷണം കഴിച്ചെന്നും വിശക്കുന്നില്ലെന്നുമൊക്കെ പറഞ്ഞെങ്കിലും നന്ദു ചേട്ടനും സ്നേഹനിധിയായ ആ അമ്മയും ഞങ്ങളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു. അങ്ങനെ ചെറുതും മനോഹരവുമായ ഓർമകൾ. 

പിന്നീട് ഒരിക്കലും നന്ദു ചേട്ടനെ കാണാൻ പറ്റിയിട്ടില്ല. ചികിത്സയ്ക്കു വേണ്ടി പുള്ളി കോഴിക്കോട്ടേക്ക് താമസം മാറ്റി. പിന്നെ ഫോണിലൂടെ മാത്രമായിരുന്നു ബന്ധപ്പെടൽ. തുടർന്ന് കോവിഡിന്റെ പ്രശ്നങ്ങളും ലോക്ഡൗണും ഷൂട്ടിന്റ തിരക്കുമൊക്കെയായി ഒരിടത്തും പോകാൻ പറ്റാതായി. എനിക്ക് സാന്ത്വനം സീരിയലിൽ നല്ല കഥാപാത്രം ചെയ്യാൻ അവസരം കിട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുമ്പോൾ കാണാമെന്നുമായിരുന്നു അവസാനമായി നന്ദു ചേട്ടൻ മെസേജ് അയച്ചത്. പക്ഷേ അങ്ങനെ കാണാൻ നിൽക്കാതെ നന്ദു ചേട്ടൻ പോയി. എത്രയോ പേരുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും നിറച്ചാണ് ആൾ യാത്രയാകുന്നത്. അനിയൻകുട്ടൻ എന്നു വിളിച്ചു മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളൂ. ഉറക്കത്തിലാണ് പുള്ളി മരിച്ചതെന്നാണു കേട്ടത്. അതെ, അങ്ങനെ മാത്രമേ സാധിക്കൂ, ഉണർന്നിരിക്കുന്ന നന്ദു ചേട്ടനെ കീഴടക്കാൻ മരണത്തിന് ഒരിക്കലും കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. നന്ദു ചേട്ടൻ മരിച്ചിട്ടില്ലെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും ഞാൻ വിശ്വസിക്കുന്നു. അതുവരെ ആ ചിരിക്കുന്ന മുഖം എന്റെ മനസ്സിലുണ്ടാകും’’.

English Summary : Actor Achu Sugandh about Nandu Mahadeva

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA