‘ന്യൂട്രോൺ ദുബായിലുണ്ട്, ഇലക്ട്രോണും പ്രോട്ടോണും കൊല്ലത്തും’

HIGHLIGHTS
  • കെ.അർജുനൻ ആചാരിയുടെ മക്കളുടേതാണ് വ്യത്യസ്തവും കൗതുകകരവുമായ ഈ പേരുകൾ
  • ആറ്റം പോലെ മക്കൾ മൂവരും കൂടിച്ചേർന്നു നിൽക്കട്ടെ എന്ന് ആഗ്രഹിച്ചു
unique-names-and-its-background-story
ന്യൂട്രോൺ
SHARE

തലക്കെട്ട് കണ്ടു ഞെട്ടേണ്ട. നാം സ്‌കൂളിൽ പഠിച്ച പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും അല്ല. മേയ് എട്ടിന് അന്തരിച്ച കൊല്ലം പെരിനാട് റയിൽവേ സ്റ്റേഷന് സമീപമുള്ള പനയം മതിനൂർ വീട്ടിൽ കെ.അർജുനൻ ആചാരിയുടെ മക്കളുടേതാണ് വ്യത്യസ്തവും കൗതുകകരവുമായ ഈ പേരുകൾ. അർജുനൻ ആചാരിയുടെ ചരമവാർത്തയ്‌ക്കൊപ്പം ഉണ്ടായിരുന്ന മക്കളുടെ പേരുകൾ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

unique-names-and-its-background-story
അഡ്വ. ഇലക്ട്രോൺ

ശാസ്ത്രവിഷയങ്ങളിൽ തൽപരനായ അർജുനനാചാരി ഏറെക്കാലം ഗ്രഫ്  (ജനറൽ റിസർവ് എജിനീയറിങ് ഫോഴ്‌സ്) ജീവനക്കാരനായിരുന്നു. ബോർഡർ റോഡ് ഓർഗനൈസേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന കാലത്ത് 10 വർഷത്തോളം ലിബിയയിലും സേവനം അനുഷ്ഠിച്ചു. 1993 ൽ  സർവീസിൽനിന്നു വിരമിച്ചു നാട്ടിലെത്തിയ അർജുനൻ ആചാരി കൃഷിയിലും ആദ്ധ്യാത്മിക കാര്യങ്ങളിലും വ്യാപൃതനായി. 

obituary-news-k-arjuna-achari

ആറ്റം (അണു) പോലെ മക്കൾ മൂവരും കൂടിച്ചേർന്നു നിൽക്കട്ടെ എന്ന ആഗ്രഹമാണ് അച്ഛനെ ഇത്തരത്തിൽ പേരിടാൻ പ്രേരിപ്പിച്ചതെന്ന് കൊല്ലം കോടതിയിലെ അഭിഭാഷകനായ മൂത്ത മകൻ അഡ്വ. ഇലക്ട്രോൺ പറഞ്ഞു. രണ്ടാമത്തെ മകൻ പ്രോട്ടോൺ വീടിനോടു ചേർന്ന് ഒരു കട നടത്തി അമ്മ വിജയമ്മാളിനൊപ്പം കുടുംബ വീട്ടിൽ താമസിക്കുന്നു.

കോവിഡ് കാലമായതിനാൽ ദുബായിലെ എയ്‌റോലിങ്ക് ബിൽഡിങ് കോൺട്രാക്റ്റിങ്ങിൽ ഉദ്യോഗസ്ഥനായ ഇളയ മകൻ ന്യൂട്രോണിന് പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പഠനകാലത്ത് പേരിലെ ഈ കൗതുകം കാരണം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് ന്യൂട്രോൺ പറഞ്ഞു. ദുബായിൽ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ് ന്യൂട്രോണിന്രെ ഭാര്യ വിദ്യ. മൂത്ത മകൻ 10–ാം ക്ലാസുകാരൻ അമർനാഥിന്റെ പേരിന് കൗതുകം ഇല്ലെങ്കിലും ഒരു വയസ്സുകാരി മകളുടെ യുഗ എന്ന പേര് വ്യത്യസ്തം.

alpha-beta-gama
ആൽഫ, ബീറ്റ, ഗാമ

സുഹൃത്തായ ന്യൂട്രോണിന്റെയും സഹോദരങ്ങളുടെയും വ്യത്യസ്തമായ പേരുകളോട് ആരാധന മൂത്താണ് ദുബായിൽ ഇന്റെർടെക് സിസ്റ്റത്തിൽ ഉദ്യോഗസ്ഥനായ കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി ബൈജുവും ഭാര്യ മേരിയും മക്കൾക്ക് ആൽഫ, ബീറ്റ, ഗാമ എന്നീ പേരുകൾ നൽകിയത്.  

bhagyan-g-olikkara
ഭാഗ്യൻ

കേരള  കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ കോട്ടയം തോട്ടയ്ക്കാട്  ജി. ഓലിക്കരയുടെ മകൻ ഭാഗ്യന്റെ പേരും വ്യത്യസ്തമാണ്. പെരുമൺ തീവണ്ടി ദുരന്തത്തിൽനിന്നും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ട ഭാഗ്യൻ കഴിഞ്ഞ മാസമാണ് മരിച്ചത്. സുഹൃത്തായ അദ്ദേഹത്തോട്  പേരിലെ വ്യത്യസ്തതയെക്കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ സഹോദരങ്ങളുടെ പേരും മക്കളുടെ പേരും അതിലും വ്യത്യസ്തമാണെന്നു പറഞ്ഞ് തനി കോട്ടയം സ്റ്റൈലിൽ പൊട്ടിച്ചിരിച്ചു. സഹോദരങ്ങളുടെ പേര് യഥാക്രമം സ്നേഹൻ, കുലീന, പ്രിയൻ എന്നും മക്കളുടെ പേര് ധ്രുവൻ, മനസ്വിനി എന്നുമാണ്. 

obituary-bhagyan-g-olikkara

കഴിഞ്ഞ സെപ്റ്റംബറിൽ പത്രത്തിൽ കണ്ടൊരു ചരമവാർത്തയിലും വ്യത്യസ്തരായ ചില പേരുകാരെ കണ്ടു. ബോംബൈയിൽ ബ്രിട്ടീഷ് റോയൽ നേവിയിൽ സേവനം ചെയ്ത കോട്ടയം കുമ്മനം കിണറ്റുമ്മൂട്ടിൽ പരേതനായ സി. കെ ജോർജിന്റെ ഭാര്യ ശോശാമ്മയുടെ ചരമവാർത്തയിലാണ് മക്കളുടെ വ്യത്യസ്‌ത പേരുകൾ കണ്ടത്. ആ പേരുകൾ ഇപ്രകാരമായിരുന്നു ടാറ്റാമ്മ, ബിർളാമ്മ, ഡാൽമിയ. നാലാമത്തെയാൾക്ക് കോട്ടയത്ത് പ്രസംഗിക്കാൻ വന്ന അമേരിക്കൻ സുവിശേഷകൻ ഡോ. ബില്ലി ഗ്രഹാമിന്റെ ഓർമയിൽ ബില്ലി എന്നും പേര് നൽകി. 42–ാം വയസ്സിൽ ജോർജ് മരിക്കുമ്പോൾ ശോശാമ്മ ഗർഭിണിയാണ്. പിന്നീട് പ്രസവിച്ച ആ കുഞ്ഞിന് സൂസമ്മ എന്നും പേരിട്ടു. 

obituary-sosamma
ശോശാമ്മ

ടാറ്റയും ബിർളയും പെൺകുട്ടികൾ ആയതിനാൽ നാട്ടുകാരും ബന്ധുക്കളും ടാറ്റാമ്മ, ബിർളാമ്മ എന്നാണു വിളിച്ചത്. മകൻ ഡാൽമിയയെ ഇമ്യാച്ചൻ എന്നും. ടാറ്റാമ്മയും ബിർളാമ്മയും സുഖമില്ലാത്ത ഭർത്താവും ഇപ്പോൾ ഡാൽമിയയുടെ ഒപ്പം കുമ്മനത്താണു താമസം. ‘‘ഞങ്ങൾ ഒത്തൊരുമയോടെ ഒരു കുടുംബമായി കഴിയുന്നു. പ്രളയം വന്നിട്ടും ആരും വീടു വിട്ടു പോയില്ല’’–  ഡാൽമിയ പറയുന്നു. ഡാൽമിയയുടെ ഭാര്യ മറിയാമ്മ മരിച്ചു. ഏക മകൻ ഡാർവിൻ ഡാൽമിയ ഹൈദരാബാദിൽ എൻജിനീയറായി സേവനമനുഷ്ഠിക്കുന്നു.

tatamma-dalmia-birlamma
ടാറ്റാമ്മ, ഡാൽമിയ, ബിർളാമ്മ

കഴിഞ്ഞ ദിവസത്തെ പത്രത്തിലും ചില വ്യത്യസ്‌തമായ പേരുകൾ കണ്ടു. കോവിഡ്  ചികിത്സയിലിരിക്കെ മരിച്ച പ്രശസ്‌ത മാധ്യമ പ്രവർത്തകൻ അമോലക് റാം വിഗ് (എ.ആർ വിഗ്).  സുപ്രീം കോടതി അഭിഭാഷകനും ഉത്തർപ്രദേശ് മുൻ അഡീഷനൽ അഡ്വക്കേറ്റ് ജനറലുമായ രോഹിത് മാമ്മൻ അലക്‌സിന്റെ നിര്യാണവാർത്തയിൽ കണ്ട മക്കളുടെ പേരുകൾ മാന്യ, മാനവ് എന്നായിരുന്നു.

omal
ഓമൽ

സുഹൃത്തും ദുബായ് മുനിസിപ്പാലിറ്റിയിലെ മീഡിയ വിഭാഗം തലവനുമായ എഴുത്തുകാരൻ ഇസ്മായിൽ മേലടിയും ഡോ. റാബിയും മൂത്ത മകനിട്ടത് ‘ഓമൽ’ എന്ന തനി മലയാളം പേര്. ഒഎൻവിയുടെ ‘കൃഷ്ണപക്ഷത്തിലെ പാട്ട്’ എന്ന കവിതയിലെ ‘ഓമൽകിടാങ്ങൾ തൻ അമ്മമാരെ’ എന്ന വരികൾ കേട്ടുകൊണ്ടിരുന്നപ്പോഴാണ് ഈ പേരിടാനുള്ള ആശയം തോന്നിയതെന്ന് മേലടി പറയുന്നു. വടക്കൻപാട്ടിലൂടെ നാം ആരോമൽ ചേകവരെക്കുറിച്ചു കേട്ട് ആരോമൽ എന്ന പേര് പലർക്കും നൽകിയെങ്കിലും ഓമൽ എന്ന പേര് വളരെ കുറവ് തന്നെ. മറ്റൊരു സുഹൃത്തും ദുബായിലെ സാംസ്‌കാരിക വേദികളിലെ സ്ഥിരം അവതാരകനുമായ മച്ചിങ്ങൽ രാധാകൃഷ്ണൻ മൂത്ത മകൾക്കിട്ട പേര് നക്ഷത്ര. ഈ പേര് പലയിടത്തും നാം കേട്ടിട്ടുണ്ടാകും. നക്ഷത്ര ജനിച്ച് ഒൻപതു വർഷം കഴിഞ്ഞാണു രാധാകൃഷ്ണന് ഒരു മകൻ ജനിക്കുന്നത്, യഥാർഥ്. ആ പേരും അധികം ആർക്കും കേട്ടിട്ടില്ല. ഒരു മകൾ , ഒരു മകൻ എന്നിവർ കൂടെ ചേർന്ന് നാല് അംഗങ്ങൾ ആയപ്പോഴാണ് യഥാർഥത്തിൽ ഒരു കൊച്ചു കുടുംബം രൂപീകൃതമായ സന്തോഷം തോന്നിയതെന്നും യഥാർത്ഥ് എന്ന പേരിനു പ്രചോദനം ആയതെന്നുമാണു രാധാകൃഷ്ണന്റെയും ഭാര്യ സ്വപ്നയുടെയും ഭാഷ്യം.

yadharath
യഥാർത്ഥ്

ഒറീസ റായ്ഗടാ ജെ.കെ പേപ്പർമില്ലിൽ സിവിൽ എൻജിനീയർ ആയിരുന്ന കുമ്പനാട് നെല്ലിമല ചെളെളത്ത് പരേതരായ വി.ടി കുരുവിളയും അധ്യാപികയായിരുന്ന ജോയിയമ്മയും മക്കൾക്കിട്ട പേരും കൗതുകം നിറഞ്ഞതാണ്. മൂത്ത മകന് പ്രഭാതം എന്നർത്ഥം വരുന്ന ഡോൺ എന്നിട്ടപ്പോൾ രണ്ടാമത്തെ മകനു മദ്ധ്യാഹ്നം എന്നതിന്റെ ഇംഗ്ലീഷ് വാക്കായ നൂൺ നൽകി. എന്റെ സുഹൃത്തായ നൂൺ ദീർഘകാലം അബുദാബിയിലായിരുന്നു. ഇപ്പോൾ മൂത്ത ജ്യേഷ്‌ഠൻ ഡോണിനൊപ്പം ഷിക്കാഗോയിൽ കഴിയുന്നു. ഭാര്യ മൂന്നാമതും ഗർഭിണിയായപ്പോൾ അതൊരു പെൺകുട്ടിയാണെങ്കിൽ ഈവനിങ് (സന്ധ്യ), ഈവ് എന്നു പേരിടാൻ കുരുവിള ആഗ്രഹിച്ചിരുന്നു, എന്നാൽ ജോയിയമ്മ ആൺകുട്ടിയെ പ്രസവിച്ചതുകൊണ്ട് ഇംഗ്ലീഷ് വിട്ട് ഹിന്ദിയെ കൂട്ടുപിടിച്ച് ശാം (സന്ധ്യ) എന്നാണു പേരു നൽകിയത്. കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ശാം പത്തനംതിട്ട കോടതിയിൽ  അഭിഭാഷകനാണ്.

noon-dawn-sham
നൂൺ, ഡോൺ, ശാം

സുഹൃത്തും എഴുത്തുകാരനും ദുബായ് സീമെൻസിൽ ഉദ്യോഗസ്ഥനുമായ അനൂപ് കുമ്പനാട് മുൻപ് പങ്കുവച്ച ചില വ്യത്യസ്തരായ പേരുകാരെ പരിചയപ്പെടാം. പത്തനംതിട്ട ആക്സിസ് ബാങ്കിൽ അനൂപിനൊപ്പം ജോലി ചെയ്ത സുഹൃത്തിന്റെ പേര് ദേസ്കാർടെസ് എന്നാണ്. ഗണിതാധ്യാപകനായ അച്ഛൻ ഫ്രഞ്ച് ഗണിതശാസ്‌ത്രജ്ഞനായ റെനേ ദേസ്കാർടെസ്സിനോടുള്ള  (Rene Descartes) ആരാധന മൂത്ത് ഇട്ട പേര്. ദേസ്കാർടെസ്സിന്റെ  അനിയന്റെ പേര് കേൾക്കണോ ഡീ ക്വൻസി (De Quincey)!!

അനൂപിന്റെ ചെങ്ങന്നൂരിലെ സുഹൃത്തിന്റെ പേര് പഡോസി (ഹിന്ദിയിൽ അയൽക്കാരൻ). പഡോസിയുടെ അനിയന്റെ പേര് പ്രേംസി!. തൻറെ ജന്മനാട്ടിൽ ഒരു അച്ചായന് ഒൻപത് പെൺമക്കൾ. അവസാനം  ഒരു മകനുണ്ടായി, പത്താമതുണ്ടായ ആ മകന് നൽകിയ പേരാണ് റ്റെൻസണ്‍ (Ten Son). അനൂപ് കായംകുളം എം.എസ്.എം കോളജിൽ പഠിക്കുമ്പോൾ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ  മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ പേര് സുനിൽ ഗാവസ്‌കർ. സ്ഥാനാർത്ഥി തമാശ പറയുകയാണെന്ന് കരുതി ആരും അദ്ദേഹത്തെ അത്ര ഗൗനിച്ചില്ല. അവസാനം സ്ഥാനാർത്ഥി ഡ്രൈവിങ് ലൈസൻസ് തെളിവായി ഹാജരാക്കി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുനിൽ ഗാവസ്‌കർ ‘ക്ലീൻ ബൗൾഡ്’. അനൂപിൻറെ സുഹൃത്തിന്റെ സഹോദരിക്ക് ഒരു വിവാഹാലോചന. ചെറുക്കന് നല്ല സ്വഭാവം, നല്ല ജോലി. പക്ഷേ, പേര് ബ്രൂസ് ലീ. ബ്രൂസ് ലീയെ കെട്ടാൻ പറ്റില്ല എന്ന് പെണ്ണ് കട്ടായം പറഞ്ഞു. കല്യാണം മാറിപ്പോയി.

സംഗീതാധ്യാപകരായ ദമ്പതികൾ മക്കൾക്ക് ശ്രുതി, ലയ, സംഗീത എന്നൊക്കെ പേര് നൽകിയ കഥ നമ്മൾ വായിച്ചിട്ടുണ്ട്. ഷാർജയിലുള്ള സുഹൃത്തും എഴുത്തുകാരനുമായ റാന്നി സ്വദേശി ഷിബു മുള്ളംകാട്ടിൽ തന്റെ ഗണിതാധ്യാപകനായ ഐയ്ക്കാട്ടുമണ്ണിൽ കോര സാർ ഗണിതത്തോടുള്ള ഇഷ്ടം കൊണ്ട് മക്കൾക്കിട്ട പേര് ബിന്ദുവെന്നും രേഖയെന്നും ആണെന്നു പറഞ്ഞു. മകന് പക്ഷേ, ഗണിതത്തെ വിട്ട് ബിച്ചുവെന്നു പേരിട്ട കഥയും ഓർത്തു. തന്റെ സുഹൃത്തായ റിട്ടയേർഡ് അധ്യാപകൻ കൈപ്പുഴ രാജൻ മകനിട്ട പേരും വ്യത്യസ്തം. അമേരിക്കൻ മിഷനറിയായ ടി. എൽ. ഓസ്ബോണിനോടുള്ള ആദരസൂചകമായി ഓസ്ബോൺ എന്നാണത്. റാന്നി പറക്കുളത്തു വലിയ കാലായിൽ വി.എസ്. ഫിലിപ്പ് - മറിയാമ്മ ദമ്പതികളുടെ രണ്ടു മക്കളുടെ പേര് ആപ്പിൾ എന്നാണ്, ആപ്പിൾ സാം, ആപ്പിൾ ടോം. ഇവരുടെ സഹോദരിയുടെ പേര് ഹാപ്പി. മറ്റൊരു സഹോദരൻ നോബിൾ. ആപ്പിൾ സാം ഇക്കഴിഞ്ഞ മാർച്ചിൽ അന്തരിച്ചു.

obituary-apple-sam-philip

ലാലു പ്രസാദ് യാദവ് 'മിസ' നിയമപ്രകാരം ജയിലിൽ കിടക്കേണ്ടി വന്ന ഓർമ്മയിൽ അക്കാലത്തുണ്ടായ മകൾക്ക് മിസാ ഭാരതി എന്ന് പേരിട്ടിരുന്നത് ഓർക്കുന്നല്ലോ. അതുപോലെ എത്രയോ കൗതുകകരമായ പേരുകൾ. ഈ കുറിപ്പ് എഴുതുമ്പോൾ മൂത്തമകൾ ഹന്ന എന്നോടു പറഞ്ഞത് അവളുടെ മഹാരാഷ്ട്രക്കാരി സഹപാഠിയുടെ പേര് ഭൂമിയെന്നും അനുജത്തിയുടെ പേര് സ്തുതി എന്നും ആണെന്നാണ്. ഡയസ്‌നോൺ, പ്രെഷ്യസ്‌, ഇനിഷ്യൽ, സ്വീൻജൽ എന്നു വേണ്ട ഊഞ്ഞാൽ എന്നു വരെ പേരുള്ളവരെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. 

പേരുകളിലെ കൗതുകങ്ങളെക്കുറിച്ച്, അത് വ്യക്തികളുടെ പേരോ, വീട്ടുപേരോ, നാട്ടുപേരോ പുസ്തകപ്പേരോ ആകട്ടെ, അതിനെക്കുറിച്ച് ഏറ്റവും കൂടുതൽ കഥകൾ പറഞ്ഞിട്ടുള്ളത് പ്രമുഖ പത്രപ്രവർത്തകനും കോളമിസ്റ്റുമായ മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ആയിരിക്കും. അദ്ദേഹം എഴുതുന്ന മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ട് പംക്തിയിൽ  നാം അനേകം വ്യത്യസ്‌ത പേരുകളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടല്ലോ. 

ഒരു പേരിലെന്തിരിക്കുന്നു എന്നു വില്യം ഷേക്സ്പിയർ കുറിക്കുമ്പോൾ ഒരിക്കലും കരുതിക്കാണില്ല ഇങ്ങനെ വ്യത്യസ്തമായ പേരുകൾക്ക് പല കഥകളും ഉണ്ടാകുമെന്ന്. കൗതുകകരവും വ്യത്യസ്തവുമായ അനേകം പേരുകൾ വായനക്കാരായ നിങ്ങൾക്ക് അറിയാമെങ്കിൽ ഇതിൽ കമന്റായി ചേർക്കുമെല്ലോ, ആ പേരുകാരെക്കുറിച്ചൊരു ചെറു കുറിപ്പും. പേരുപ്രേമക്കാർക്ക് പ്രചോദനമായി മാറിയെങ്കിലോ അല്ലേ!.

English Summary : Interesting stories behind unique names

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA