പിന്തുടരാം സുസ്ഥിര ജീവിതശൈലി

HIGHLIGHTS
  • പ്രകൃതി വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ച് ജീവിക്കുന്ന രീതി
  • നമുക്ക് ചുറ്റുമുള്ള വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കാം
develop-a-sustainable-lifestyle
Image Credits : Igisheva Maria / Shutterstock.com
SHARE

ഈ പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുകളുള്ള ഏക ഗ്രഹം നമ്മുടെ ഭൂമിയാണ്. എന്നാൽ മനുഷ്യരുടെ പ്രവൃത്തികൾ ഈ തുടിപ്പുകളെ ഇല്ലാതാക്കുന്നില്ലേ?

ഭൂമി സംരക്ഷിക്കേണ്ടതും ഇനി വരാനിരിക്കുന്ന തലമുറകൾക്ക് കേടുപാടുകൾ കൂടാതെ കൈമാറേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മനുഷ്യന്റെ പല പ്രവൃത്തികളും പ്രത്യക്ഷമായും പരോക്ഷമായും ഭൂമിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. നമ്മുടെ പ്രവൃത്തികളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അതു ഭൂമിയെ സംരക്ഷണത്തിന് സഹായകരമാകും.

ഭൂമിയിലെ പ്രകൃതി വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ച് ജീവിക്കുന്നതാണു സുസ്ഥിര ജീവിതശൈലിയുടെ സവിശേഷത. ഭൂമിയ്ക്ക് മനുഷ്യർ മാത്രമല്ല അവകാശികൾ എന്ന ചിന്ത ആധാരമാക്കി, നമുക്ക് ചുറ്റുമുള്ള വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുന്ന ഈ ജീവിതരീതിക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ജീവിതത്തിൽ മിതത്വം പാലിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി നമുക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇതാ.

∙ വസ്ത്രം വാങ്ങുമ്പോൾ

ഭൂമിയിലെ മലീനികരണത്തിൽ വലിയൊരു പങ്കു വഹിക്കുന്ന വ്യവസായമാണ് ടെക്സറ്റൈൽ ഇന്റസ്ട്രി. ഒരുപാട് ജല ഉപയോഗവും കാർബൺ പുറംതള്ളലും വസ്ത്ര നിർമാണത്തിൽ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അനാവശ്യമായി വസ്ത്രം വാങ്ങുന്നത് ഒഴിവാക്കാം. മാത്രമല്ല കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

∙ പഴയവസ്തുക്കൾ 

നാം ഉപയോഗിക്കാത്ത പല വസ്തുക്കളും വീട്ടിൽ ഉണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പല വിധം ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ നീളും ആ പട്ടിക. കാലാന്തരത്തിൽ ഉപയോഗശൂന്യവും മാലിന്യവുമായി മാറും. അതിനാൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കാതെ ആവശ്യക്കാർക്ക് കൈമാറാം.

∙ ഊർജ സംരക്ഷണം

ഊർജ ഉപഭോഗം കുറയ്ക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറം തള്ളൽ വളരെയേറെ കുറയ്ക്കാൻ സാധിക്കും. വളരെ എളുുപ്പം നടപ്പിലാക്കാവുന്ന കാര്യങ്ങളുമാണിത്. വീട്ടിൽ അനാവശ്യമായി പ്രവർത്തിക്കുന്ന ബൾബ് ഓഫാക്കുന്നതു മുതൽ നമുക്ക് ചെയ്യാനാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഊർജത്തിന്റെ സംരക്ഷണം എന്നാൽ പ്രകൃതി സ്രോതസ്സുകളുടെ സംരക്ഷണം കൂടിയാണ്.

∙ പുനരുപയോഗ സാധ്യത 

ഒറ്റതവണ മാത്രം ഉപയോഗിച്ച് കളയുന്ന വസ്തുക്കൾ പ്രത്യേകിച്ച് പ്ലാസ്റ്റിക്‌ കൊണ്ടു നിർമിച്ചവ മാലിന്യമായി മാറി ചുറ്റിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു കാണാം. ഭൂമിയും ജലാശയങ്ങളും നശിപ്പിച്ച് അവിടെയുള്ള ജൈവവൈവിധ്യത്തെ നാശത്തിലേക്ക് തള്ളി വിടാൻ ഇതു കാരണമാകുന്നു. പുനരുപയോഗത്തിന് സാധ്യതയുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ഒരു കവർ കയ്യിൽ കരുതുന്നതും പുറത്തേക്ക് പോകുമ്പോൾ ഒരു കുപ്പിയിൽ വെള്ളം നിറച്ചു കൊണ്ടു പോകുന്നതുമൊക്കെ ഇക്കൂട്ടത്തിൽ പെടും.

∙ ഡിജിറ്റൽ ജീവിതം

പേപ്പർ ഉൽപാദിപ്പിക്കാനായി ധാരാളം മരങ്ങൾ വെട്ടുന്നുണ്ടെന്നത് അറിവുള്ള കാര്യമാണല്ലോ. ഉപയോഗശേഷമുള്ള പേപ്പറുകൾ മാലിന്യമായും ഭൂമിയെ ബുദ്ധിമുട്ടിക്കുന്നു. പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറുക എന്നതാണു ഇതിനു പരിഹാരം. അതിനുള്ള എല്ലാ സാധ്യതകളും സാങ്കേതിക വിദ്യ മുന്നോട്ടു വയ്ക്കുന്നുണ്ട്.

∙ ജല സംരക്ഷണം

ഒരു ദിവസം എത്ര മാത്രം വെള്ളം നാം പാഴാക്കി കളയുന്നുണ്ടെന്നു മനസ്സിലാക്കാൻ വെറുതെ ഒന്നു ശ്രദ്ധിച്ചാൽ മതി. ഇതൊഴിവാക്കാന‍ും അൽപം ശ്രദ്ധ മതി. അതിലൂടെ വലിയ മാറ്റങ്ങൾ വരുത്താം. 

∙ ഫെയർട്രേഡ് പ്രൊഡക്ട്സ്

പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ സുസ്ഥിര മാതൃകയിൽ ഉത്പാദനം നടത്തുന്ന ഉൽപ്പന്നങ്ങൾക്കാണു ഫെയർ ട്രേഡ് മാർക്ക് ലഭിക്കുക. ഇത്തരം ഉൽപന്നങ്ങൾ കുടുതലായി വാങ്ങുന്നതും ഫെയർട്രേഡ് പ്രൊഡക്ട്സിനെ പ്രോത്സാഹിപ്പിക്കുന്നതും മികച്ച മാതൃകയാണ്.

∙ വാഹന ഉപയോഗം

തൊട്ടടുത്ത സ്ഥലത്തേക്ക് പോലും വാഹനങ്ങളിൽ പോകുന്നത് ഇന്നു ജീവിതരീതിയുടെ ഭാഗമായിരിക്കുന്നു. ഇത്തരം കുടുതലായുള്ള വാഹന ഉപയോഗം പലതരത്തിൽ പ്രകൃതിയെ നാശത്തിലേക്ക് നയിക്കുന്നു. അനാവശ്യമായ വാഹന ഉപയോഗം ഒഴിവാക്കിയും പൊതുഗതാഗതം കൂടുതലായി ഉപയോഗിച്ചും നമുക്ക് ഭൂമിക്ക് കരുത്തേകാം.

∙ ഭക്ഷണം പാഴാക്കാതിരിക്കുക

ദിവസേന ലോകത്ത് പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യമായ ഭക്ഷണം മാത്രം പാകം ചെയ്യുകയും പാഴാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. ഭക്ഷണം പാഴാകുമ്പോൾ നഷ്ടമാകുന്ന ഭൂമിയുടെ സ്രോതസ്സ് ആണെന്നും മതിയായ ഭക്ഷണം ലഭിക്കാതെ നിരവധിപ്പേർ ഈ ലോകത്തുണ്ടെന്നും ഓർക്കണം.

English Summary : Tips To Live a More Sustainable Lifestyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA