ADVERTISEMENT

കമനീ, രത്ന കനകങ്ങളുടെ

ഘടനയീ ഘടന നിങ്ങളുടെ

വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്ക–

നുമയ്ക്കു ഹരൻ നളനോർക്കിൽ നിനക്കും....

നലമൊത്ത, നവഗുണ പരിമളനായ നളനെന്ന രാജാവ് ദമയന്തിക്ക് എത്ര അനുയോജ്യനായിരിക്കുമെന്നു ഹംസത്തെക്കൊണ്ടു നളചരിതത്തിൽ ഉണ്ണായി വാരിയർ പറയിക്കുന്നതാണിത്. അത്ര ഉദാത്തമായ ആ നളദമയന്തീ സങ്കൽപത്തിന് അരങ്ങിൽ കലാമണ്ഡലം ഗോപിയും മാർഗി വിജയകുമാറും ജീവൻ നൽകുമ്പോൾ ആട്ടക്കഥാകാരന്റ വരികൾ അന്വർഥമാകുന്നു. (കോട്ടയ്ക്കൽ ശിവരാമന്റെ ദമയന്തിക്കാണ് ആ വിശേഷണത്തിനു പ്രഥമ പരിഗണന എന്നു മറക്കുന്നില്ല.)

കാലത്തിനു ചുളിവു വീഴ്ത്താനാകാത്ത മുഖകാന്തിയാണു കലാമണ്ഡലം ഗോപിയുടെ പച്ചവേഷത്തിന്. കലാമണ്ഡലത്തിൽ ചേരാനെത്തിയ കാലം. ആ ബാലന്റെ മുഖം കണ്ടയുടനെ ‘ഇവനെ എടുത്തോളൂ’ എന്നു മഹാകവി വള്ളത്തോൾ പറഞ്ഞതായാണു കഥ. ഭാവങ്ങൾ മത്സരിച്ചെത്തുന്ന മുഖവും കണ്ണുകളും ഇന്നും അതേ രസഭാവങ്ങൾ പ്രകാശിപ്പിക്കുന്നു. നളനൊത്തൊരു നായികയായി അരങ്ങിൽ ആദ്യകാലത്തു കോട്ടയ്ക്കൽ ശിവരാമനായിരുന്നെങ്കിൽ, അദ്ദേഹം പിൻമാറിയ ശേഷം ആ സ്ഥാനത്ത് ഏറെത്തിളങ്ങിയത് മാർഗി വിജയകുമാറാണ്. കഥകളിയിലെ നിത്യഹരിത നായകന്റെ പ്രിയപ്പെട്ട നായികയാകാൻ ലഭിച്ച അവസരത്തെക്കുറിച്ചും അദ്ദേഹമൊത്തുള്ള അഭിനയം നൽകുന്ന സംതൃപ്തിയെക്കുറിച്ചുമെല്ലാം ഗോപിയാശാന്റെ ശതാഭിഷേക വേളയിൽ മാർഗി വിജയകുമാർ ‘മനോരമ’യോടു സംസാരിക്കുന്നു.

അവസരമല്ല, സൗഭാഗ്യം

ഗോപിയാശാനുമായി ഒട്ടേറെ വേഷങ്ങൾ കെട്ടാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. അവസരം എന്നല്ല, സൗഭാഗ്യം എന്നാണു പറയേണ്ടത്. നായികാ പ്രധാനമായ വേഷങ്ങളും അപ്രധാന വേഷങ്ങളും കൂടാതെ സന്താനഗോപാലത്തിൽ ആശാന്റെ അർജുനനൊപ്പം ബ്രാഹ്മണൻ– അതു നിസ്സാര കാര്യമല്ല– അതുപോലെ കുചേലവൃത്തത്തിൽ അദ്ദേഹത്തിന്റെ ശ്രീകൃഷ്ണനൊപ്പം കുചേലൻ, നളചരിതം മൂന്നാം ദിവസത്തിൽ സുദേവൻ ഇങ്ങനെ പല വേഷങ്ങളും. എന്നെ ഇതിനു പ്രാപ്തനാക്കിയത് എന്റെ അഭിവന്ദ്യ ഗുരുനാഥന്മാരുടെ അനുഗ്രഹമാണ്.

ഗോപിയാശാനോടൊപ്പമുള്ള അരങ്ങനുഭവം വളരെ വലുതാണ്. നളചരിതം രണ്ടാം ദിവസം. ആശാന്റെ നളൻ, എന്റെ ദമയന്തി. ദേവയാനീ സ്വയംവരത്തിൽ ആശാന്റെ കചനോടൊപ്പം എന്റെ ദേവയാനി, രുഗ്മാംഗദചരിതത്തിൽ രുഗ്മാംഗദനൊപ്പം മോഹിനി, കർണശപഥത്തിൽ കുന്തിയായി ഞാനും കർണനായി ആശാനും..... ഇങ്ങനെ ഒട്ടേറെ വേഷങ്ങൾ . ഇതിൽ പല അരങ്ങുകളിൽ നിന്നും ഉന്നതമായ സന്തോഷവും സംതൃപ്തിയും അനുഭൂതിയും ലഭിച്ചിട്ടുണ്ട് എന്നതു വസ്തുതയാണ്. ഈ അരങ്ങുകൾ കണ്ടിട്ടുള്ള ഒട്ടേറെ സഹൃദയർ വാക്കുകളിലൂടെ ഇതു രേഖപ്പെടുത്തിയിട്ടുമുണ്ട്.

സാമ്യമകന്ന അഭിനയമികവ്

ആശാന്റെ രംഗാവതരണത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. കഥകളിയെന്ന കലയ്ക്കപ്പുറം, നളചരിതമായാലും രുദഗ്മാംഗദ ചരിതമായാലും കർണശപഥമായാലും ദേവയാനീ സ്വയംവരമായാലും മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അവതരണമാണു ഗോപിയാശാനെ മറ്റു കലാകാരന്മാരിൽ നിന്നു മാറ്റി നിർത്തുന്നത്. നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാരരംഗം. നായകന്റെ ശൃംഗാരഭാവത്തിൽ നായികയായി ചെല്ലുന്ന നമ്മളെക്കൂടി ഉൾപ്പെടുത്തി കൊണ്ടുപോയി നിർവൃതിയിലെത്തിച്ച് പ്രേക്ഷകരെക്കൂടി അതനുഭവിപ്പിക്കും ഗോപിയാശൻ. ഇതുതന്നെയാണു വേർപാട് രംഗത്തിന്റെ കാര്യവും. മനുഷ്യമനസ്സുമായി ബന്ധപ്പെടുത്തിയുള്ള, മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ആശാന്റെ അവതരണം തന്നെയാണു ജനമനസ്സുകളെ ആർദ്രമാക്കുന്നത്. കൂട്ടുവേഷക്കാരനും പ്രേക്ഷകനും അദ്ദേഹം ഉണ്ടാക്കുന്ന അനുഭവം അതിവിശേഷമാണ്.

 

നവഗുണ പരിമളൻ

വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ആശാനോടൊപ്പം വേഷം ചെയ്യുമ്പോൾ ലഭിക്കുക. മറ്റ് ഏതൊരു കലാകാരനിൽ നിന്നും ലഭിക്കാത്ത ഊർജം. കലാമണ്ഡലം ഗോപി എന്ന വ്യക്തിയുടെ മഹത്വമാണത്. വലിയൊരു പർവതം കയറിക്കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന സംതൃപ്തിയുണ്ടല്ലോ, ആശാനോടൊപ്പം വേഷം ചെയ്തു കഴിയുമ്പോൾ നമുക്കു ലഭിക്കുക അത്തരമൊരു സംതൃപ്തിയാണ്.നളനും ദമയന്തിയുമാണു ഞങ്ങൾ ഏറെ ചെയ്തിരിക്കുന്ന കൂട്ടുവേഷം. കഥാപാത്രങ്ങളുടെ ചേർച്ചയിൽ കാണുന്നവരെ പ്രത്യേക അനൂഭൂതി തലത്തിലെത്തിക്കാനുള്ള കഴിവ് ഗോപിയാശാനുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ അനുഭവിപ്പിക്കാനുള്ള കഴിവ്, കൂട്ടുവേഷക്കാർക്ക് ഊർജം പകർന്ന് അവരെക്കൂടി ആ നിലയിലേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള സിദ്ധി...... സ്ത്രീവേഷക്കാരനെന്ന നിലയിൽ ഒരുപാടു കലാകാരന്മാർക്കൊപ്പം കൂട്ടുവേഷക്കാരനായി പോകേണ്ടി വന്നിട്ടുണ്ട്.. പക്ഷേ, ഈയൊരു അനുഭവം മറ്റൊരിടത്തും ലഭിച്ചിട്ടില്ല. നളനും ദമയന്തിയും, കർണനും കുന്തിയും, രുഗ്മാംഗദനും മോഹിനിയും എല്ലാം ഇണങ്ങി നിൽക്കേണ്ടതാണന്ന ബോധ്യത്തിലേക്കു നമ്മെക്കൂടി എത്തിക്കുന്ന സിദ്ധിയാണത്.

 

ഒരു നോട്ടത്തിൽ ഭാവസാഗരം

നളചരിതം രണ്ടാം ദിവസത്തിലെ വേർപാട് രംഗം. ദമയന്തി നളന്റെ മടിയിൽ കിടന്നുറങ്ങുന്നു. ദമയന്തി ഉറക്കമായെന്നു മനസ്സിലാക്കുന്നു... ഒരു നോട്ടത്തിലൂടെയും ചെറിയൊരു മുഖചലനത്തിലൂടെയുമായിരിക്കും ഇതെല്ലാം പ്രകടിപ്പിക്കുക. നളന്റെ മടിയിൽ തല ചായ്ച്ച് ദമയന്തി ഉറങ്ങും മുൻപു നളന്റെ മുഖത്തേക്കു നോക്കുമ്പോൾ ‘ഇല്ല, ഞാൻ നിന്നെ ഉപേക്ഷിച്ചു പോകില്ല’ എന്ന് ഒരു മുദ്രയും കാണിക്കാതെ മുഖഭാവത്താൽ, ഒരു നോട്ടത്താൽ അനുഭവിപ്പിക്കുന്നു അദ്ദേഹം. നളചരത്തിൽ മാത്രമല്ല എല്ലാ കഥകളിലും ഇത്തരം രംഗങ്ങളുണ്ട്.

 

ശിവരാമനാശാനെന്ന സൗന്ദര്യധാമം

1985 – 1990 കാലഘട്ടം മുതൽ ഗോപി ആശാനോടൊപ്പം കൂട്ടുവേഷങ്ങൾ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനു മുൻപും ഒരുമിച്ചു വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നായികാപ്രാധാന്യമുള്ള വേഷങ്ങൾ ഈ കാലഘട്ടത്തിലാണു തുടങ്ങുന്നത്. അതുവരെ കലാമണ്ഡലം ഗോപിയും കോട്ടയ്ക്കൽ ശിവരാമനും ചേർന്നുള്ള വേഷങ്ങൾ കഥകളി ആസ്വാദകരെ വർണനാതീതമായ ആനന്ദത്തിൽ കൊണ്ടെത്തിച്ച കാലഘട്ടമായിരുന്നു. പിന്നീട്, പ്രായമേറിയപ്പോൾ നളചരിതം രണ്ടാം ദിവസത്തിലെ ദമയന്തി പോലുള്ള വേഷങ്ങൾ താനിനി ചെയ്യില്ലെന്നു ശിവരാമനാശാൻ തീരുമാനിച്ചു. ഇതോടെയാണു മറ്റുള്ളവരിലേക്ക് ആ വേഷങ്ങൾ എത്തുന്നത്. അതിൽ കൂടുതൽ ഭാഗ്യവാൻ ഞാനായി എന്നുമാത്രം. ആശാനൊപ്പം ഏറ്റവും കൂടുതൽ ചെയ്തിരിക്കുന്ന വേഷവും ദമയന്തി തന്നെ. അതിലേറെയും രണ്ടാം ദിവസവും. രണ്ടാം ദിവത്തിൽ ‘കുവലയ വിലോചനേ’ എന്ന ശൃംഗാരപദം വരുന്ന ആദ്യരംഗം അഭിനയിക്കുന്നത്, അല്ല അനുഭവിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം എടുത്താണ്. കൂടെ അഭിനയിക്കുന്നവർക്കു തന്നെ വല്ലാത്തൊരു സംതൃപ്തി തരുന്ന രംഗമാണത്.

 

ഗോപിയാശാന്റെ നായികാപദം

കോട്ടയ്ക്കൽ ശിവരാമനാശാൻ അഴിച്ചു വച്ച ദമയന്തിയുടെ വേഷം എന്നെ സംബന്ധിച്ചു വെല്ലുവിളിയായിരുന്നു. ഗോപിയാശാൻ– ശിവരാമനാശാൻ കൂട്ടുവേഷങ്ങൾ ധാരാളം കണ്ടിട്ടുണ്ടായിരുന്നു. ആ വേഷത്തിലേക്കു ഞാൻ വരുമ്പോൾ ആശാന്റെ പ്രിയത്തിനനുസരിച്ച് അതു ചെയ്യാനും നല്ല അഭിപ്രായം കേൾപ്പിക്കാനുമുള്ള അവസരം ഞാനൊരു വെല്ലുവിളിയായി സ്വീകരിച്ചു.ശിവരാമനാശാന്റെ പ്രായവും ഗോപിയാശാന്റെ പ്രായവും ഏതാണ്ട് ഒത്തുപോകുമായിരുന്നു. ശിവരാമനാശാൻ ഇടപെടുന്ന പോലെ എനിക്ക് ഗോപിയാശാനോട് ഇടപെടാനാകില്ല. അദ്ദേഹം എന്റെ ഗുരുസ്ഥാനീയനാണ്. എങ്കിലും അങ്ങനെയൊരു അവസരം കൈവന്നതാണു സൗഭാഗ്യം. ശിവരാമനാശാൻ പ്രധാന സ്ത്രീവേഷങ്ങൾ മേലിൽ ചെയ്യില്ല എന്നൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ എനിക്ക് അവസരം തുറക്കുമായിരുന്നില്ല. എന്നെക്കാൾ സീനിയറായ സ്ത്രീവേഷക്കാർ ധാരാളം പേർ അന്നുണ്ടായിരുന്നു. എന്നിട്ടും വളരെ ജൂനിയറായ എനിക്ക് അവരെക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചു.

 

നന്നാക്കാൻ ഉപദേശം

ആശാന്റെ കൂടെ വേഷം ചെയ്യുമ്പോൾ എവിടെയൊക്കെയാണു പോരായ്മകൾ, ഇന്ന തരത്തിൽ വേണം എന്നൊക്കെയുള്ള ഉപദേശങ്ങൾ ധാരാളം. ആ രംഗത്ത് ഇന്ന മുദ്രയല്ല വേണ്ടത്, അവിടെ അങ്ങനെ ചെയ്താൽ പോരാ എന്നിങ്ങനെ നിർദേശങ്ങളും ഉപദേശങ്ങളും തരും. എല്ലാം അതുപോലെ സ്വീകരിച്ച് അനുസരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായി ആദ്യവട്ടം വേഷം കെട്ടുമ്പോൾ പരിഭ്രമമായിരുന്നു. ബ്രാഹ്മണനാണ് അർജുനനെക്കാൾ പ്രാധാന്യം. ബ്രാഹ്മണൻ കെട്ടാൻ സംഘാടകർ പറഞ്ഞു. ആശാന്റെ കൂടെ ബ്രാഹ്മണനാകാൻ ധൈര്യമില്ല എന്ന് അവരോടു പറഞ്ഞു. എന്നാൽ, പിന്നീട് ആശാൻ വിളിച്ചു. എന്താ ബ്രാഹ്മണൻ കെട്ടിയാൽ എന്നായി ചോദ്യം. ധൈര്യമില്ലാത്തതിനാലെന്നു തുറന്നു പറഞ്ഞു. കെട്ടി നോക്കൂ എന്നായി ആശാൻ. പിന്നീട് മൂന്നു വട്ടം അത്തരം വേദിയുണ്ടായി. നന്നായി എന്നു മനസ്സറിഞ്ഞ് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

നല്ലതു നല്ലതിനോടേ ചേരേണം

രംഗത്തു വരുന്ന രണ്ടു കഥാപാത്രങ്ങളുടെ ചേർച്ച പോലെ തന്നെയാകണം ആ വേഷങ്ങൾ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ മനപ്പൊരുത്തവും. ഭാഗ്യവശാൽ ഞങ്ങൾക്കിടയിൽ അത്തരം ഒരു കെമിസ്ട്രി പ്രവർത്തിക്കുന്നുണ്ട്. വ്യക്തികൾ തമ്മിലുള്ള ഇണക്കം കഥാപാത്രങ്ങൾക്കിടയിലും പ്രവർത്തിക്കും. ഇണക്കമില്ലാത്ത രണ്ടു വേഷക്കാരാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നതെങ്കിൽ അരങ്ങിൽ ആ ഇണക്കക്കുറവു പ്രകടമായേക്കാം.ആശാൻ പ്രായം കൊണ്ടും പഴക്കം കൊണ്ടും പാണ്ഡിത്യം കൊണ്ടും എന്നെക്കാൾ എത്രയോ മുകളിലാണ്. ആശാനോടൊപ്പം ഇങ്ങനെ ഇണക്കത്തോടെ ചെയ്യാനാകുന്നത് ഏറ്റവും വലിയ സുകൃതമാണ്.

അരങ്ങിനു പുറത്തും സ്നേഹസമ്പന്നൻ

അരങ്ങിനു പുറത്തും വളരെ സ്നേഹസമ്പന്നനാണു ഗോപിയാശാൻ. വീട്ടിൽച്ചെന്നാൽ വലിയ സ്നേഹമാണ്. വലിയ അതിഥി സൽക്കാരപ്രിയനാണ്. അദ്ദേഹത്തിന്റെ പത്നിയും ഇക്കാര്യത്തിൽ പിന്നിലല്ല.എന്നാൽ, ചെറിയ കാര്യങ്ങൾ മതി ആശാനു ദേഷ്യം വരാൻ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. വലിയൊരു സുഹൃദ് വലയമുണ്ട് അദ്ദേഹത്തിന്. കഥകളിയുടെ നെടുംതൂൺ എന്നു തന്നെ വിശേഷിപ്പിക്കണം അദ്ദേഹത്തെ.കഥകളി ലോകത്തെ മഹാദ്ഭുതമാണു ഗോപിയാശാൻ. ഈ ശതാഭിഷേകം മഹോത്സവം ആകേണ്ടതാണ്. എന്നാൽ, ലോകത്തിന്റെ ഇന്നത്തെ പ്രതികൂല സാഹചര്യത്തിൽ ഒന്നിനും സാധിക്കുന്നില്ല. മഹാമാരിക്കാലം മാറി പെട്ടെന്നു തന്നെ ആശാനോടൊപ്പം കൂട്ടുവേഷങ്ങൾ ചെയ്യാനാകട്ടെ എന്നാണെന്റെ പ്രാർഥന. പ്രത്യേകിച്ചു രണ്ടാം ദിവസത്തിന്റെയൊക്കെ ഓർമകൾ ഒരിക്കലും മനസ്സിൽ നിന്നു മായുന്നവയല്ല. തങ്കലിപികളിൽ എഴുതിപ്പതിച്ച മാതിരി. അത്തരം അനന്തവും അസുലഭവുമായ ആനന്ദവേളകൾ വീണ്ടും വരട്ടെ എന്നാണ് പ്രാർഥന.

English Summary: Margi Vijayakumar's birthday wishes to Kalamandalam Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com