ADVERTISEMENT

‘ഒരുപാട് ആഗ്രഹിച്ചാൽ നടക്കും, നമ്മൾ പ്രതീക്ഷിക്കുക പോലും ചെയ്യാത്ത വഴിയിലൂടെ അതു നമ്മെ തേടി വരും’– അഭിനയ ലോകത്തേക്കുള്ള യാത്രയെക്കുറിച്ച് ചോദിച്ചാൽ ബിജേഷ് അവണൂരിന് പറയാനുള്ളത് ഇതാണ്. സാന്ത്വനം സീരിയലിലെ സേതുവിനെ തിരിച്ചറിഞ്ഞ് പ്രേക്ഷകർ ഓടിയെത്തുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമൊക്കെ സ്വപ്നമാണോ എന്നു ബിജേഷ് ഇപ്പോഴും സംശയിക്കാറുണ്ട്. ബാർബറായി ജോലി ചെയ്തിരുന്ന, അഭിനയിക്കാനുള്ള ആഗ്രഹം ടിക്ടോക്കിലൂടെ സാധ്യമാക്കിയിരുന്ന ബിജേഷിനെ തേടി ‘സേതു’ എത്തിയത് അത്രയും അപ്രതീക്ഷിതമായിട്ടായിരുന്നു. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിൽനിന്നും കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ചേക്കേറിയ ആ കഥ ബിജേഷ് മനോരമ ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു. 

‘‘തൃശൂർ ജില്ലയിലെ അവണൂർ ആണ് എന്റെ നാട്. 32 വീടുകളുള്ള ചെറിയൊരു ഗ്രാമം. ഒരു കലാഗ്രാമം എന്നു തന്നെ വിശേഷിപ്പിക്കാം. എല്ലാ വീട്ടിലും ഒന്നോ രണ്ടോ കലാകാരന്മാർ ഉണ്ട്. ആ ചുറ്റുപാടിലാണ് ഞാൻ വളർന്നത്. ചിത്രരചനയും അഭിനയവുമായിരുന്നു എനിക്കിഷ്ടം. കലോത്സവത്തിൽ സംസ്ഥാന തലത്തിൽ മികച്ച നടനായിട്ടുണ്ട്. ചിത്രരചനയിലും സംസ്ഥാന തലം വരെ പോയി. എന്റെ അമ്മയും പാപ്പൻ ഘോഷും അയൽവാസിയായ ബൈജു ചേട്ടനും ആയിരുന്നു പിന്തുണ നൽകിയത്.

ജിയുപിഎച്ച്എസ് വരടിയം, അവണൂർ ശാന്ത എച്ച്എസ്എസ് എന്നീ സ്കൂളുകളിലായിരുന്നു പ്ലസ്ടു വരെ പഠിച്ചത്. ഫൈൻ ആർട്സ് കോളജിലേക്ക് നാലാം റാങ്കോടെ സെലക്‌ഷൻ കിട്ടിയെങ്കിലും വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ അവിടെ ചേരാനായില്ല. തുടർന്ന് കേരളവർമയിൽ ഡിഗ്രിക്ക് ചേർന്നു. ഇതോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഗൾഫിലേക്ക് പോകാന്‍ അവസരം വന്നു. അങ്ങനെ പഠനം അവസാനിപ്പിച്ച് ഗൾഫിലേക്ക്. എന്നാൽ അവിടെയും വിധി വില്ലനായി. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു. അഞ്ചു വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തി. ഇവിടെ ഒരു ബാർബർ ഷോപ്പിൽ ജോലിക്ക് കയറി. ഒപ്പം ഒരു സ്കൂളിൽ ചിത്രരചന അധ്യാപകനായും പ്രവൃത്തിച്ചു. 

bijesh-avnoor-1

അങ്ങനെ ജീവിതം മുന്നോട്ടു പോയി. എന്നെങ്കിലും നടനാകും എന്നു ഞാൻ അപ്പോഴും വിശ്വസിച്ചിരുന്നു. പക്ഷേ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അഭിനയിക്കാൻ അവസരം തേടി നടക്കാനാകുമായിരുന്നില്ല. ടിക്ടോക്കിനെ എന്റെ ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാനുള്ള വേദിയായി കണ്ടു. എനിക്ക് ഏറെ പ്രിയപ്പെട്ട നടന്‍ മുരളി ചേട്ടനാണ്. അദ്ദേഹവും മറ്റു മഹാ നടന്മാരും അനശ്വരമാക്കിയ വേഷങ്ങൾ ടിക്ടോക്കിൽ ചെയ്ത് ഞാൻ ആശ്വാസം കണ്ടെത്തി. വിഡിയോകൾക്ക് നല്ല റീച്ച് കിട്ടുമ്പോൾ സന്തോഷിക്കും.

സാന്ത്വനത്തിലേക്ക്

എന്റെ ടിക്ടോക് വിഡിയോകൾ ആരോ വഴി രഞ്ജിത്തേട്ടൻ കണ്ടു. സാന്ത്വനത്തിലേക്ക് ആളുകളെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. സീരിയലിലെ ചിപ്പി ചേച്ചിയുടെ കഥാപാത്രത്തിന്റെ സഹോദരനായ സേതുവിന് ഞാൻ അനുയോജ്യനാണെന്ന് സാറിന് തോന്നി. അങ്ങനെ എന്നെക്കുറിച്ച് അന്വേഷിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യ സാറിനോട് പറഞ്ഞു. പക്ഷേ മുൻപ് ഒരിക്കലും സീരിയലിന്റെ ഭാഗമായിട്ടില്ലാത്ത എന്നെക്കുറിച്ച് പല പ്രൊഡക്‌ഷൻ കണ്‍ട്രോളർമാരുടെ ചോദിച്ചെങ്കിലും ആർക്കും ഒന്നുമറിയില്ലായിരുന്നു. പിന്നെ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി അതിലുള്ള ഒരു നമ്പറിലേക്കാണു വിളിച്ചത്. അന്ന് കോൾ വരുമ്പോൾ ഞാനൊരു യാത്രയിലാണ്. രഞ്ജിത്ത് സാറിന്റെ പുതിയ സീരിയലിലേക്ക് എന്ന പരിഗണിക്കുന്നതായും ഒരു ഇൻഡ്രേ വിഡിയോ അയച്ചു തരാനും പറഞ്ഞു. ആ വഴിവക്കിൽനിന്നാണു വിഡിയോ ചെയ്ത് അയച്ചുകൊടുത്തത്. അപ്പോഴും എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

bijesh-avnoor-3

തുടക്കം മികച്ചൊരു ടീമിനൊപ്പം ആയി എന്നത് എന്റെ ഭാഗ്യമാണ്. വളരെ പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കാണ് എന്നപ്പോലൊരു പുതുമുഖത്തിനെ രഞ്ജിത് സർ പരിഗണിച്ചത്. സംവിധായകൻ ആദിത്യൻ സാർ ഒരു അദ്ഭുത മനുഷ്യനാണ്. ശൂന്യതയിൽനിന്നും സീനുകൾ സൃഷ്ടിക്കുന്ന ആള്‍. പറയുന്നതു പോലെ അഭിയിച്ചു കൊടുക്കുക മാത്രം നമ്മൾ ചെയ്താൽ മതി. 

ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ചിപ്പി ചേച്ചിയുടെ സഹോദരനായി അഭിനയിക്കാൻ സാധിക്കുന്നു. സീരിയലിലെ ബാലേട്ടനെപ്പോലെ തന്നെയാണു രാജീവേട്ടൻ. അദ്ദേഹത്തിന്റെ കരുതലും പിന്തുണയും എനിക്ക് വളരെയധികം കരുത്തേകുന്നുണ്ട്. സജിൻ, ഗിരീഷ്, അച്ചു, ഗോപിക, രക്ഷ അങ്ങനെ എല്ലാവരും സഹോദരങ്ങളാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ.

പ്രേക്ഷകരുടെ സ്നേഹം

സീരിയലിൽ ഒരുപാട് സീനുകളിൽ വന്നു പോകുന്ന കഥാപാത്രമല്ല സേതു. എന്നിട്ടും എനിക്ക് പ്രേക്ഷകരിൽനിന്നും ലഭിക്കുന്ന പ്രതികരണം വളരെ വലുതാണ്. എത്രയോ പേർ തിരിച്ചറിയുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ആദ്യമായി ചെയ്യുന്ന കഥാപാത്രത്തിനാണ് ഇത്രയേറെ സ്നേഹം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആരൊക്കെയോ ഫാൻ പേജുകൾ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ എനിക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. 

bijesh-avnoor

സ്വപ്നങ്ങൾ

സിനിമ എനിക്ക് വല്ലാത്തൊരു വികാരമാണ്. അവിടെ എത്തിച്ചേരുക എന്നതാണ് ഏതൊരു അഭിനയമോഹിയെയും പോലെ എന്റെ ലക്ഷ്യം. എന്റെ കഴിവിന് അനുസരിച്ചുള്ള മികച്ച കഥാപാത്രങ്ങള്‍ ചെയ്യണം. ഒരു അഭിനേതാവിന് ലഭിക്കുന്ന സ്നേഹം എത്രായണെന്ന് ഇപ്പോൾ ഞാനറിഞ്ഞു. ആ സ്നേഹത്തിന് കോട്ടം തട്ടാതെ മുന്നോട്ടു പോകണം. 

ഞാനിന്ന് എന്താണോ, അതിന് കാരണം എന്റെ നാടും നാട്ടുകാരുമാണ്. നടനായ ജയൻ അവണൂർ, ജയപ്രകാശ്, ഗിരീഷേട്ടൻ, ജെൻസൺ ആലപ്പാട്ട് എന്നിവരാണ് എന്നിലെ നടനെ വളർത്തിയത്. ചെറുപ്പത്തിൽ വരയ്ക്കാൻ ചായമില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നു സഹായമായത് നാട്ടിലുള്ള സഖാക്കന്മാരാണ്. ചായവും ആവശ്യമുള്ള വസ്തുക്കളും വാങ്ങിച്ചു തന്നു പ്രോത്സാഹിപ്പിച്ചു. അവർ നാട്ടിൽ നിരവധി കലാമത്സരങ്ങളും നടത്തിയിരുന്നു. അങ്ങനെ എത്രയോ പേരുടെ പിന്തുണയിലാണു ഞാനൊരു കലാകാരനായത്. അതുപോലെ കലയെ സ്നേഹിക്കുന്ന കുട്ടികളെ എനിക്കും പ്രോത്സാഹിപ്പിക്കണം. 

എന്റെ കയ്യിൽ രണ്ടു ലക്ഷം രൂപയ്ക്കു മേലെ വിലവരുന്ന സിനിമ സിഡികളുടെ കലക്‌ഷൻ ഉണ്ട്. വിവിധ ഭാഷകളിലെ പഴയതും പുതിയതുമായ മികച്ച സിനിമകളാണതിൽ. എനിക്ക് സാധിക്കുകയാണെങ്കിൽ നാട്ടിലൊരു കൊച്ചു തിയറ്റർ തുടങ്ങണമെന്നും സൗജന്യമായി നാട്ടുകാരെ മികച്ച സിനിമകൾ കാണിക്കണമെന്നുമുണ്ട്. ഇതൊക്കെയാണ് ആഗ്രഹങ്ങൾ.

bijesh-avnoor-15

കുടുംബം

അച്ഛൻ ചിതംബരൻ. അദ്ദേഹം ബാർബർ ആയിരുന്നു. അമ്മ രചന ഹെൽത്തിലാണ് വർക് ചെയ്യുന്നത്. അനിയത്തി പ്രബിന വിവാഹിതയാണ്. ഭർത്താവിന്റെ പേര് മനോജ്. അവർക്ക് രണ്ടു മക്കളുണ്ട്. മാനവെന്നും മൗന എന്നുമാണ് പേര്.

English Summary : Actor Bijesh Avanoor Lifestory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com