ADVERTISEMENT

തൊഴിൽ എടുക്കുക എന്നത് ജീവിതത്തിലെ അനിവാര്യതയാണ്. എന്നാൽ തൊഴിലിനെ ജീവിതമാക്കി മാറ്റുന്ന ചിലരുണ്ട്. തൊഴിലിടത്തിലെ ഭാരവുമായി ആകും ആവർ വീട്ടിലേക്ക് എത്തുക. തൊഴിലിലെ പ്രശ്നങ്ങൾ, ചെയ്തു തീർക്കാനുള്ള ജോലികൾ, അതിനെക്കുറിച്ചുള്ള ആശങ്കകൾ, അതിന്റെ ഭാഗമായുള്ള ഫോൺ കോളുകൾ എന്നിങ്ങനെ പോകുന്നു ബാക്കിയുള്ള സമയം.  

കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനും മറ്റു വിനോദങ്ങളില്‍ ഏർപ്പെടാനുമുള്ള സമയമാണ് ജോലി കഴിഞ്ഞ് ബാക്കി ലഭിക്കുന്നത്. ഭാര്യയും മക്കളും മാതാപിതാക്കളുമൊക്കെയുള്ള സ്ഥലത്ത്, അവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കേണ്ട സമയത്ത് ഓഫിസിലെ ചിന്തകളിൽ മുഴുകുന്നതും ജോലിയുടെ ബാക്കി ചെയ്തിരിക്കുന്നതുമെല്ലാം അനാരോഗ്യകരമായ പ്രവണതയാണ്. ഇതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അവ പലവിധത്തിൽ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. അതും നിങ്ങൾ പോലും അറിയാതെ.

∙ ബന്ധങ്ങളുടെ ദൃഢത

ബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുന്നു എന്നതാണ് ആദ്യത്തെ പ്രശ്നം. ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളുടെ പങ്കാളിയെ ആയിരിക്കുകയും ചെയ്യും. ജോലി ഭാരം കൊണ്ട് വലയുന്ന, അസ്വസ്ഥനായ ഒരാളുടെ പുറകിൽ ആശയക്കുഴപ്പത്തിലാണ്ടു പോകുന്ന ഒരു പങ്കാളി ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു പരിധി കഴിഞ്ഞാൽ നിങ്ങളെ എങ്ങനെ സമാധാനിപ്പിക്കണമെന്നോ, എന്തു ചെയ്യണമെന്നോ അവർക്ക് മനസ്സിലാകാതെ വരും. ജോലിയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോൾ പങ്കാളിക്ക് പറയാനുള്ളത് കേൾക്കാനോ അവർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താനോ സാധിക്കാതെ വരും. ഇത് സ്വാഭാവികമായും ബന്ധത്തിൽ അതൃപ്തിയുണ്ടാക്കും.

∙ രസകരമായ നിമിഷങ്ങൾ 

നിശ്ചിത സമയത്തിലുമധികം ജോലി ചെയ്ത് മറ്റൊന്നിനും സാധിക്കാത്ത അവസ്ഥയിലാകും വീട്ടിൽ തിരിച്ചെത്തുക. മറ്റുള്ളവരെ നോക്കി ചിരിക്കാൻ പോലും ഊര്‍ജം ബാക്കിയില്ലാത്ത അവസ്ഥ. മനസ്സിനോ ശരീരത്തിനോ ആവശ്യമായ ഊർജം ഉണ്ടാവുകയില്ല. മക്കൾക്കൊപ്പം ഒന്നു കളിക്കാനോ, കുടുംബത്തിനൊപ്പം സിനിമയ്ക്കു പോകാനോ, അടുക്കളയിൽ പങ്കാളിയെ സഹായിക്കാനോ സാധിക്കില്ല. എങ്ങനെയെങ്കിലും ഒന്നു കിടന്നാല്‍ മതിയെന്നാകും ചിന്ത. അല്ലെങ്കിൽ ജോലിക്കാര്യം ആലോചിച്ച് എവിടെയെങ്കിലും ഇരിക്കും. ഇതുകൊണ്ട് നഷ്ടമാകുന്നത് ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ്. 

∙ വ്യക്തിത്വം ഇല്ല

എപ്പോഴും ചിന്തകളുടെ ലോകത്ത് വിരാചിക്കുന്ന, ദുഖിതനായി ഇരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തിൽ പ്രതിഫലിക്കും. സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങും. അനാകർഷകമായ വ്യക്തിത്വം രൂപപ്പെടും. നിങ്ങള്‍ പ്രിയപ്പെട്ടവർക്ക് മനസ്സിലാക്കാനാവാത്ത ഒരാളായി മാറുന്നതോടെ ജീവിതം യാന്ത്രികമായി തീരും

∙ ആശയവിനിമയമില്ല

ജോലിഭാരം മറ്റുള്ളവരോട് സംസാരിക്കാനുള്ള താൽപര്യം ഇല്ലാതാക്കും. ഓഫിസിലെ ടെൻഷൻ എന്നു പറഞ്ഞ് സംസാരിക്കാനുള്ള അവസരങ്ങളിൽ ഒഴിഞ്ഞു കളയും. ഇതെല്ലാം മാനസികമായ സംഘർഷം വർധിപ്പിക്കാനേ ഉപകരിക്കൂ.

∙ ജോലിയല്ല ജീവിതം

ബന്ധങ്ങൾ, വ്യായമം, വിനോദം, യാത്രകൾ....എന്നിങ്ങനെ എത്രയോ സംഗതികളുടെ കൂടിച്ചേരലാണ് ജീവിതം. അതിലെ ഒരു ഭാഗം മാത്രമാണ് ജോലി. അതിനു പകരം ജീവിതം എന്നു പറയുന്നത് ഓഫിസിൽ മാത്രം അടച്ചിടേണ്ട, ഒതുക്കി തീർക്കേണ്ട ഒന്നല്ല എന്ന ബോധ്യത്തോടു കൂടി മുന്നോട്ടു പോകണം. എല്ലാം ആസ്വദിക്കാനാവുന്ന, സാമൂഹിക ഇടപെടലുകളുള്ള ഒന്നായിരിക്കണം ജീവിതമെന്ന് തിരിച്ചറിയണം.

English Summary : Importance of work-life balance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com