ADVERTISEMENT

‘‘നമ്മൾ ചെയ്യുന്നതെന്തോ, അത് ആത്മാർഥമായി ചെയ്യുക. ഫലം ലഭിച്ചിരിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്’’– തുരുമ്പ് സുമേഷ് ആയി മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന റാഫിയുടെ വാക്കുകളാണിത്. ജീവിതം ഇനിയെങ്ങോട്ട് എന്നു സംശയിച്ചു നില്‍ക്കുമ്പോഴാണ് ചക്കപ്പഴം പരമ്പരയുടെ ഓഡിഷനു റാഫിക്കു ക്ഷണം ലഭിക്കുന്നത്. അങ്ങനെ തുരുമ്പ് സുമേഷായി മിനിസ്ക്രീനിലേക്ക്. അതു ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റായി. അക്കഥ റാഫി മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

‘‘ഞാൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. പഠനശേഷം എറണാകുളത്തെ ഒരു ട്രാവൽസിലും റിസോർട്ടിലുമൊക്കെയായി പലതരം ജോലികൾ ചെയ്തു. എങ്കിലും ഒന്നും ശരിയായില്ല. പിന്നീട് നാട്ടിൽത്തന്നെ മേസ്തിരി പണിയും മറ്റ് അല്ലറചില്ലറ പണികളുമായി മുന്നോട്ടു പോയി. അപ്പോഴൊക്കെ ജീവിതം എന്താകും എന്ന ആശങ്കയായിരുന്നു. ഗൾഫിൽ പോകാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ടിക്ടോക്കിൽ വിഡിയോ ചെയ്യാൻ തുടങ്ങിയത്. കൂട്ടുകാരുടെ നിർബന്ധമാണു പ്രചോദനമായത്. അങ്ങനെ ഞങ്ങൾ ചെയ്ത പല വിഡിയോകളും ശ്രദ്ധ നേടി.

rafi-3

∙ തേടിയെത്തിയ ഭാഗ്യം

ടിക്ടോക് വിഡിയോകൾ കണ്ടാണ് എന്നെ ചക്കപ്പഴത്തിന്റെ ഓഡിഷന് വിളിക്കുന്നത്. അസോഷ്യേറ്റ് ഡയറക്ടർ രാജേഷേട്ടൻ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാണു നമ്പർ വാങ്ങിയതും വിളിച്ചതും. സുഹൃത്തുക്കൾക്കൊപ്പം വിഡിയോ ചെയ്യും എന്നല്ലാതെ കലാപരമായി ഞാൻ മുൻപ് ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് നടനാവുക എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ജീവിതത്തിൽ രക്ഷപ്പെടാൻ പിടിവള്ളി തേടുന്ന സമയം ആയിരുന്നതിനാൽ രണ്ടും കൽപിച്ച് ഓഡിഷനു പങ്കെടുത്തു. അങ്ങനെ ഞാൻ തുരുമ്പ് സുമേഷ് ആയി. ജോലിക്കു പോകാന്‍ മടിയുള്ള, കുത്തിത്തിരിപ്പുമായി നടക്കുന്ന ഒരാളാണ് സുമേഷ്. ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ പേടിയുണ്ടായിരുന്നു. സഹപ്രവർത്തകർ എല്ലാവരും പിന്തുണ നൽകി. അങ്ങനെ പതിയെ എല്ലാം റെഡിയായി.

rafi-4

∙ അഭിനയം, സ്വപ്നങ്ങൾ

രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന കണിമംഗലം കോവിലകം എന്ന വെബ്സീരീസിലും അഭിനയിച്ചു. ടിക്ടോക് വിഡിയോ കണ്ടാണ് അതിലേക്കും വിളിച്ചത്. വെബ്സീരിസും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. അഭിനയമേഖലയിൽ തുടരണമെന്നും സിനിമയിലുൾപ്പടെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ സാധിക്കണം എന്നാണു പ്രാർഥന.

rafi-6

∙ പ്രേക്ഷകരോട്

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നെ തിരിച്ചറിഞ്ഞ് പരിചയപ്പെടാൻ എത്തുന്നവരുണ്ട്. അഭിനന്ദിക്കാനും സ്നേഹം പങ്കുവയ്ക്കാനും അനുഗ്രഹിക്കാനും വരുന്നവരുണ്ട്. അങ്ങനെ സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മൾ ചെയ്യുന്നതെന്തോ, അത് ആത്മാർഥമായി ചെയ്യുക. ഫലം ലഭിച്ചിരിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഞാൻ ടിക്ടോക് ചെയ്തത്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പോലും കഷ്ടപ്പെട്ട്, മനസ്സിരുത്തിയാണ് എല്ലാം ചെയ്തത്. അതിന്റെ ഫലമാണ് ലഭിച്ചതെന്നു വിശ്വസിക്കുന്നു.

rafi-2

∙ കുടുംബം എന്ന കരുത്ത്

വാപ്പ മുഹമ്മദ് ഹുസൈൻ, ഉമ്മ റജീന ബീവി, അനിയൻ മുഹമ്മദ് റിയാസ്, അനിയത്തി ഫാത്തിമ എന്നിവർ ഉൾപ്പെടുന്നതാണു കുടുംബം. അവർ എന്റെ പരിപാടികൾ എല്ലാം കാണും, അഭിപ്രായം പറയും, പ്രോത്സാഹിപ്പിക്കും. ടിവിയില്‍ എന്നെ കാണുമ്പോൾ വാപ്പയ്ക്കും ഉമ്മയ്ക്കും അഭിമാനമാണ്. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. കുടുംബവും കൂട്ടുകാരുമാണ് മുന്നോട്ടു പോകാൻ എനിക്ക് കരുത്തേകുന്നത്.

English Summary : Serial actor Rafi on his career and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com